johan cruyff – Penya Del Barca Kerala https://staging.penyadelbarcakerala.com World to express and explore the Barca spirit of playing and winning. Fri, 02 Oct 2020 12:30:20 +0000 en-US hourly 1 https://staging.penyadelbarcakerala.com/wp-content/uploads/2023/07/fav-100x100.png johan cruyff – Penya Del Barca Kerala https://staging.penyadelbarcakerala.com 32 32 മാച്ച് റിവ്യൂ – സെൽറ്റ വീഗൊ 0 vs ബാഴ്‌സലോണ 3 https://staging.penyadelbarcakerala.com/match-review-celta-vigo-vs-fc-barcelona/ https://staging.penyadelbarcakerala.com/match-review-celta-vigo-vs-fc-barcelona/#respond Fri, 02 Oct 2020 12:30:20 +0000 https://thejerseycollector.com/test/?p=3714 വീഗോയിലെ മാനം ഇന്നലെ കറുത്തിരുന്നു. ഇരുണ്ട കാർമേഘകൂട്ടങ്ങൾ ഇന്നലെ വൈകുന്നേരം ആരെയോ പ്രതീക്ഷിച്ചുകൊണ്ട് വിഗോയിലെ മാനത്തു വെമ്പി നിന്നിരുന്നു. അവർ കാത്തിരുന്നത്, കറുത്ത വസ്‌ത്രധാരികളായ മറ്റൊരു കൂട്ടരെയായിരുന്നു. കാറ്റലോണിയയിൽ നിന്നെത്തിയ ആ കൂട്ടം, വിഗോയിലെ മണ്ണിൽ സംഹാരതാണ്ഡവമാടുന്ന നിമിഷത്തിനായിരുന്നു അവർ കാത്തിരുന്നത്. ഒടുവിൽ ബലൈഡോസ്‌ സ്റ്റേഡിയത്തിൽ അവർ ഒരുമിച്ചു. സെൽറ്റയുടെ മണ്ണിൽ ബാഴ്‌സ രൗദ്രഭാവം പൂണ്ടപ്പോൾ പ്രകൃതിയും മടിച്ചില്ല, ഇടിമുഴക്കവും കാറ്റുമായും അതും ഇന്നലെ ബലൈഡോസിലെ മണ്ണിലേക്ക് ഇറങ്ങി വന്നു. ഇരുവരും ഒരുമിച്ചപ്പോൾ ബാഴ്‌സ ആരാധകർ കണ്ടത് സമീപകാലത്തു ബാഴ്‌സ നടത്തിയ സമാനതകളില്ലാത്ത മത്സരം. എന്നെന്നും കീറാമുട്ടിയാകുന്ന, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിജയിക്കാൻ കഴിയാതിരുന്ന ബലൈഡോസ്‌ സ്റ്റേഡിയത്തിൽ മികവുറ്റ പ്രകടനത്തോടെ മൂന്ന് ഗോളിന്റെ വിജയം. അതും പകുതി സമയവും പത്തുപേരുമായി ചുരുങ്ങിയിട്ടും. കോമന്റെ കീഴിൽ ഊർജ്ജം വീണ്ടെടുത്ത ഒരു കൂട്ടം അങ്ങനെ തങ്ങളുടെ വരവറിയിക്കുകയാണ്.

ഭയാശങ്കകളോടെ തന്നെയാണ് സെൽറ്റയുമായുള്ള മത്സരത്തെ കണ്ടിരുന്നത്. ചരിത്രം അങ്ങനെ ഭയക്കാൻ പ്രേരിപ്പിച്ചിരുന്നു. എല്ലാ സീസണിലും ഒരു കീറാമുട്ടിയാണ് സെൽറ്റ എവേ മത്സരം. അവസാനം വിജയിച്ചത് ലൂക്കോയുടെ കീഴിൽ അഞ്ച് വർഷങ്ങൾക്ക് മുൻപിൽ. ഇപ്പോൾ പരീക്ഷണഘട്ടത്തിലൂടെ കടന്നു പോകുന്ന ബാഴ്‌സ ബലൈഡോസിൽ കാര്യമായി എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നുമില്ല. കഴിഞ്ഞ മത്സരത്തിന്റെ അതെ ലൈൻ അപ്പ് തന്നെയാണ് കോമൻ നിലനിർത്തിയത്. നിലവിൽ ലഭ്യമായ, വിശ്വാസമുള്ള ലൈൻ അപ്പും അത് തന്നെ ആയിരുന്നു എന്നതിൽ സംശയമില്ല. എങ്കിലും കഴിഞ്ഞ മത്സരത്തിൽ ചിലരുടെ ഭാഗത്തു നിന്നെങ്കിലും തുടർച്ചയായ പിശകുകൾ ഉണ്ടായിരുന്നത് ആശങ്കപ്പെടുത്തിയിരുന്നു. കാരണം ആസപാസും ഡെനിസ് സുവാരസും പോലെയുള്ള മികച്ച കളിക്കാരുള്ള സെൽറ്റ, നമ്മുടെ ഓരോ പിഴവുകളും മുതലാക്കാൻ മിടുക്കരാണ്. പോരാത്തതിന് കനത്ത മഴ കളിയുടെ സ്വാഭാവിക ഒഴുക്കിന് ഒരു തടസ്സവുമാണ്.

പക്ഷെ ഭയാശങ്കകൾ ആസ്ഥാനത്താക്കുന്ന പ്രകടനമാണ് ആദ്യ നിമിഷം മുതൽ കണ്ടത്. കഴിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിങ് ട്രബിൾ കാണാനില്ല. കളിക്ക് ഒരു ഒഴുക്കുണ്ട്. നീക്കങ്ങൾക്ക് ചടുലതയുണ്ട്. ലക്ഷ്യബോധമുണ്ട്. കഴിഞ്ഞ മത്സരത്തിൽ താളമില്ലാതിരുന്ന മധ്യനിര മുന്നിൽ നിന്നും ഭരിക്കുന്നു. പത്തു നിമിഷങ്ങൾക്കകം ആദ്യ ഗോൾ നേടി. ബുക്സ്‌കേറ്റ്സ് മെസ്സിക്ക് നേരെ ബോക്സിലേക്ക് ഉയർത്തിനൽകിയ പന്ത് സെൽറ്റ പ്രതിരോധം തടഞ്ഞു. പന്ത് തിരികെയെത്തിയത് കൊട്ടീഞ്ഞോയുടെ കാൽക്കീഴിലേക്ക്. ഒന്ന് ചിന്തിക്കാൻ പോലും സമയം എടുക്കാതിരുന്ന കൊട്ടീഞ്ഞോ, പന്ത് തിരികെ ഫാറ്റിക്ക് നൽകി. ഒരു ലോകോത്തര ഫസ്റ്റ് ടച്ചിലൂടെ പന്തുമായി ബോക്സിലേക്ക് കടന്ന ഫാറ്റി, എതിർ പ്രതിരോധം എത്തിപ്പിടിക്കുന്നതിന് മുൻപേ തന്നെ പന്ത് വലയിലാക്കി. !!! കഴിഞ്ഞ മത്സരത്തിൽ എവിടെ നിർത്തിയോ, അവിടെ നിന്നും തന്നെ ഫാറ്റി വീണ്ടും ആരംഭിച്ചിരിക്കുന്നു. പതിനെട്ട് വയസ്സാകാൻ ഇനിയും ഒരു മാസം ബാക്കിയുള്ള, കുട്ടിത്തം വിട്ടുമാറാത്ത ഫാറ്റി, പക്ഷെ ഗ്രൗണ്ടിൽ ഒരു അനുഭവസമ്പന്നനായ കളിക്കാരന്റെ പ്രകടനം പുറത്തെടുക്കുന്നു. തുടർന്നും ബാഴ്‌സയുടെ ആധിപത്യമാണ് കളത്തിൽ കണ്ടത്. കൊട്ടീഞ്ഞോയുടെയും ഡി യോങിന്റെയും ബുസ്കെറ്റ്സിന്റെയും നേതൃത്വത്തിൽ അറഞ്ചം പുറഞ്ചം അറ്റാക്ക്. പക്ഷെ വലത്തേ വിങ്ങിൽ മെസ്സിയും ഗ്രീസ്മാനും ഒന്നിച്ചു കളിച്ചപ്പോൾ ഉണ്ടായ ചില കൺഫ്യുഷൻ അറ്റാക്കിനെ അതിന്റെ പാരതമ്യതയിൽ എത്തിച്ചില്ല. ഒരുവേള ഇടത്തെ വിങ്ങിൽ നിന്നും ഡി യോങ് നൽകിയ ഒരു കിടിലൻ ക്രോസ് ഫസ്റ്റ് ടച്ചിലെ പോരായ്മ മൂലം ഗ്രീസ്മാന് മുതലാക്കാനായില്ല. അതിനിടെ സെൽറ്റയും പതുക്കെ മത്സരത്തിലേക്ക് തിരികെ വന്നു തുടങ്ങി. ഒരുവേള അവരുടെ ഒരു നീക്കം തടയാനുള്ള ശ്രമത്തിനിടെ പീക്കേക്ക് ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും ഓഫ്‌സൈഡ് ആനുകൂല്യം രക്ഷിച്ചു. പക്ഷെ ആ ആഹ്ലാദം അധികം നീണ്ട് നിന്നില്ല. ഇടവേളക്ക് പിരിയുന്നതിന് തൊട്ടു മുൻപ് സെൽറ്റയുടെ മറ്റൊരു നീക്കം തടയാനുള്ള ശ്രമത്തിനിടയിൽ ലെങ്ലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. അതുവരെ മത്സരത്തിൽ വലിയ പ്രതീക്ഷയിലായിരുന്നു ബാഴ്‌സ ആരാധകർ നിരാശരായി. ബലൈഡോസിലെ വിജയം സ്വപ്നം കണ്ടിരുന്ന അവർ മറ്റൊരു പരാജയത്തിന്റെ ഭയത്തിലായി. ലെങ്ലേക്ക് പകരം അരാഹൊ കളത്തിലെത്തി . പക്ഷെ അതിനായി ബലികഴിപ്പിക്കേണ്ടി വന്നത് ഗ്രീസ്മാനെ ആയിരുന്നു. പക്ഷെ ഉർവ്വശീശാപം ഉപകാരമാവുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ കണ്ടത്.

ഒരു ഗോൾ ലീഡ് നിലനിർത്താൻ പ്രതിരോധാത്മക കളി പുറത്തെടുക്കുമെന്ന് കരുതിയ നമ്മളോടും സെൽറ്റയോടും “അതങ്ങ് മനസ്സിൽ വെച്ചോണ്ടിരുന്നാൽ മതി” എന്ന് പറയുന്ന പോലെയാണ് ബാഴ്‌സ രണ്ടാം പകുതിയിൽ കളിച്ചത്. ഗ്രീസ്മാനെ പോലെ വലിയ വർക്ക് റേറ്റുള്ള ഒരു കളിക്കാരന്റെ അഭാവം ഒരിക്കലും അറിയാത്ത രീതിയിൽ ബാഴ്‌സ നിറഞ്ഞു കളിച്ചു. ഒരു ഗോളോ ചുവപ്പ് കാർഡോ വഴങ്ങിയാൽ പിന്നെ പരാജിതരെ പോലെ കളിക്കുന്ന ബാഴ്‍സയല്ല, മറിച്ചു ഒരു വാശിയിൽ ഒരുമിച്ചു ഒരു ടീമായി അവർ പൊരുതുന്നു. ഒറ്റക്കെട്ടായി നിന്ന് തങ്ങളുടെ ബോക്‌സിൽ സെൽറ്റയുടെ ശ്രമത്തിന്റെ മുന ഒരുക്കുന്ന അവർ നിമിഷാർദ്ധങ്ങൾക്കൊണ്ട് കൗണ്ടർ അറ്റാക്ക് ആരംഭിക്കുന്നു, പ്രതിരോധത്തിൽ നിന്നും മധ്യനിരയിലേക്കും അവിടെ നിന്ന് ഞൊടിയിടയിൽ മുന്നേറ്റത്തിലും പന്ത് എത്തുന്നു. മെസ്സിയെ മാത്രം ആശ്രയിക്കാതെ തലങ്ങും വിലങ്ങും അവർ ആക്രമണം നടത്തുന്നു. മെസ്സിയാകട്ടെ ഗ്രീസ്മാൻ പോയതോടെ ലഭ്യമായ കൂടുതൽ സ്‌പേസ് ഉപയോഗിച്ച് ഫോമിലേക്കുയർന്നു. നയനാനന്ദകരമായ കാഴ്ച. ഇതേ ടെമ്പോയിൽ തന്നെ ബാഴ്‌സ ലീഡുയർത്തി. അതെ, പത്തുപേരുമായി കളിച്ചു ബാഴ്‌സ ലീഡ് ഉയർത്തി. ഇത്തവണയും സൂത്രധാരൻ കൊട്ടീഞ്ഞോ തന്നെ. കൊട്ടീഞ്ഞോയും മെസ്സിയും പരസ്പരം കൈമാറി വന്ന പന്തിൽ മെസ്സി പൊടുന്നനെ ബോക്സിലേക്ക് കയറി. മൂന്ന് സെൽറ്റ പ്രധിരോധക്കാരെ വെട്ടോയൊഴിഞ്ഞു മുന്നേറിയ മെസ്സി ഒരു ക്രോസിന് ശ്രമിച്ചപ്പോൾ പക്ഷെ എതിർ ഡിഫൻഡറുടെ കാലുകളിൽ സ്പർശിച്ചു സെൽറ്റ വലയിലേക്ക് തന്നെ കയറി. ബലൈഡോസിൽ അപ്പോൾ വീശിയടിച്ചിരുന്നത് കാറ്റും മഴയും മാത്രമായിരുന്നില്ല, ബാഴ്‌സയും കൂടിയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ ബാഴ്‌സ ലീഡ് പിന്നെയും ഉയർത്തേണ്ടതായിരുന്നു. കൊട്ടീഞ്ഞോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും റീബൗണ്ടിൽ ലഭിച്ച പന്ത് മെസ്സി വലയിലാക്കി. പക്ഷെ ഓഫ്‌സൈഡ് വില്ലനായി. തുടർന്ന് ബാഴ്‌സ മാറ്റങ്ങൾ വരുത്തി. കൊട്ടീഞ്ഞോക്ക് പകരം പെഡ്രിയും, ഫാറ്റിക്ക് പകരം ട്രിൻകാവോയും കളത്തിലെത്തി. രണ്ട് ഗോൾ ലീഡ് നിലനിർത്താൻ വേണ്ടി പ്രതിരോധാത്മക സബ്സ്റ്റിട്യൂഷൻ നടത്തുമെന്ന് വിചാരിച്ച നമ്മളെ കോമൻ വീണ്ടും അമ്പരപ്പിച്ചു. പുതുരക്തങ്ങളുടെ ബലത്തിൽ ബാഴ്‌സ വീണ്ടും ആക്രമണം നടത്തിക്കൊണ്ടിരുന്നു. എങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്നു. കളിയുടെ അന്ത്യത്തോടടുക്കാറായപ്പോൾ ബാഴ്‌സ അല്പം പ്രതിരോധത്തിലേക്ക് പിൻവാങ്ങി. സെൽറ്റയെ പോലെ ഒരു ടീമിനോട് ഹൈ ഇന്റൻസിറ്റി, പത്തു പേരുമായി തൊണ്ണൂറു നിമിഷവും നിലനിർത്തുക ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞത് മനസിലാക്കാം. പക്ഷെ ടീം ആയി ഡിഫൻഡ് ചെയ്തത് കൊണ്ട് സെൽറ്റയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ടീമിനായി. പീക്കെയും, റോബർട്ടോയും അരാഹൊയുമൊക്കെ കട്ടക്ക് നിന്നപ്പോൾ സെൽറ്റയുടെ ആക്രമണത്തിന് ലക്ഷ്യം കാണാനായില്ല.. ആവിശ്യഘട്ടങ്ങളിൽ നെറ്റോയുടെ കരങ്ങളും സഹായത്തിനെത്തി. സെൽറ്റയുടെ ആക്രമണത്തിനിടയിലും ബാഴ്‌സ ഒരു കാര്യം മറന്നില്ല. കൗണ്ടർ അറ്റാക്ക്. വലത്തേ വിങ്ങിൽ ട്രിൻകാവോയുടെയും മെസ്സിയുടെയും നേതൃത്വത്തിൽ ലഭ്യമായ അവസരങ്ങളിൽ ബാഴ്‌സ സെൽറ്റ ബോക്‌സിലേക്ക് കുതിച്ചു. ഒടുവിൽ മത്സരം അവസാനിക്കാൻ ഏതാനും നിമിഷം ബാക്കി നിൽക്കെ മൂന്നാം ഗോളും ബാഴ്‌സ നേടി. അത്രയും നേരം ഡിഫൻസിൽ മരിച്ചു പണിയെടുത്തിരുന്ന റോബർട്ടോ തനിക്ക് അർഹമായ ഗോളും നേടിയെടുത്തു. ബാഴ്‌സയുടെ ഒരു ശ്രമം തടഞ്ഞപ്പോൾ റീബൗണ്ട് ലഭിച്ച പന്ത് ഒരു അത്യുഗ്രൻ വോളിയിലൂടെ റോബർട്ടോ വലയിലേക്ക്. സംഭവബഹുലമായ ഒരു മത്സരത്തിന് ഒരു അത്യുഗ്രൻ ക്ലൈമാക്സ്.

ഏറെ സന്തോഷം നൽകിയ ഒരു രാത്രി. എത്ര നാളുകൾക്കു ശേഷമാണ് ഇതുപോലെ ഒരു മത്സരം ദർശിച്ചത് എന്ന് ഓർമ്മ പോലും ഇല്ല. നമ്മളെ ആവേശക്കൊടുമുടിയിൽ എത്തിക്കാൻ തക്ക എല്ലാം ഇന്നലത്തെ മത്സരത്തിൽ ഉണ്ടായിരുന്നു. ആദ്യമായി മനോഭാവം അല്ലെങ്കിൽ വാശി. എന്നും തങ്ങൾക്ക് കീറാമുട്ടിയാകുന്ന ഗ്രൗണ്ടിൽ വിട്ടു കൊടുക്കില്ല എന്ന വാശിയായിരുന്നു ഇന്നലെ കണ്ടത്. ഒരാൾ കുറഞ്ഞപ്പോഴും ആ വാശിക്ക് കുറവൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല, അത് വർധിച്ചത് പോലെയാണ് തോന്നിയത്. മരിച്ചു പണിയെടുക്കുക എന്നൊക്കെ പറയില്ലേ? അത് തന്നെ. ഒരാൾ കുറഞ്ഞിട്ടും എവേ ഗ്രൗണ്ടിൽ സെൽറ്റക്കെതിരെ വീണ്ടും രണ്ട് ഗോളുകൾ നേടുക എന്നത് ചെറിയ കാര്യമല്ല. എന്നിട്ടും അവസാന നിമിഷവും സെൽറ്റ ബോക്സിലേക്ക് വീണ്ടും ഗോളിനായി ഇരച്ചെത്തുന്ന കാഴ്ച് ചെറിയ രോമാഞ്ചമല്ല തരുന്നത്. അടുത്തതായി കളിയുടെ ഇന്റൻസ്റ്റിറ്റി. മത്സരത്തിന്റെ ആദ്യാവസാനം വലിയ ഇന്റൻസിറ്റി കളിയിൽ നിലനിർത്താൻ ടീം ശ്രമിച്ചിരുന്നു. അനാവശ്യമായി പന്ത് ഹോൾഡ് ചെയ്യുന്നില്ല. സമയം നഷ്ടമാക്കുന്നില്ല. പന്ത് ലഭിച്ചാൽ ഞൊടിയിടയിൽ എങ്ങനെ ഒക്കെ അറ്റാക്ക് ചെയ്യാം എന്ന ചിന്താഗതി. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒരു കാര്യമാണ് നമ്മുടെ പ്രെസ്സിങ്ങും ഓഫ് ദി ബോൾ മൂവ്‌മെന്റും. രണ്ടും മികച്ചു് നിന്നു. ഇത്രയും ശക്തമായി കൃത്യതയോടെ പ്രസ് ചെയ്യുന്നത് അടുത്തൊന്നും കണ്ടിട്ടില്ല. എതിരാളികൾക്ക് പന്തിൽ സ്വാധീനം വർധിക്കുന്നത് തടയാൻ ഇങ്ങനെ സാധിക്കുന്നു. ഒപ്പം ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം മെസ്സിയെ അമിതമായി ആശ്രയിക്കുന്നത് കാര്യമായി കുറഞ്ഞിരിക്കുന്നു. സ്വന്തമായി ഒരു നീക്കം വിഭാവനം ചെയ്യാനും, അതിനു ശ്രമിക്കാനും, അത് ലക്ഷ്യത്തിൽ എത്തിക്കാനും ഇപ്പോൾ എല്ലാവരും ശ്രമിക്കുന്നു. തൽഫലമായി മെസ്സിയിൽ ഉണ്ടായിരുന്ന ഓവർലോഡ് കുറയുന്നു, ഒപ്പം എതിരാളികൾക്ക് ഏറെ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു. അത് പോലെ തന്നെ മൂന്ന് ഗോൾ അടിച്ചതിലും ഏറെ സന്തോഷമാണ് ഒരെണ്ണം പോലും അടിപ്പിക്കാതിരുന്നത്. സെൽറ്റ പോലെ ഒരു ടീമിനോട് ഗോൾ വഴങ്ങാതിരുന്നിട്ടുണ്ടെങ്കിൽ അത് അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്.

വ്യക്തിപരമായി പറയുകയാണെങ്കിലും എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നു. എല്ലാവരും അവരവരുടെ റോൾ ഏറെ ഭംഗിയാക്കിയപ്പോൾ കളി ഇങ് പോന്നു. എടുത്തു പറയേണ്ടത് കൊട്ടീഞ്ഞോയുടെയും ഡി യോങിന്റെയും റോബർട്ടോയുടെയും പ്രകടനങ്ങളാണ്. സീസൺ ആരംഭത്തിൽ ടീം ഉണ്ടാകുമോ എന്ന് പോലും സംശയിച്ചിരുന്നു കൊട്ടീഞ്ഞോ, ഇപ്പോൾ ടീമിന്റെ അഭിവാജ്യ ഘടകമായി മാറുന്നു. ഒരു പക്ഷെ തന്റെ ഇഷ്ട പൊസിഷനിൽ തിരികെയെത്തിയത് കൊണ്ടാകാം, അയാൾ തന്റെ റോൾ ഭംഗിയായി നിർവഹിക്കുന്നു. ഡിഫൻസിൽ നിന്നും അറ്റാക്കിലേക്കുള്ള ട്രാൻസിഷൻ, നമ്മുടെ കളിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് കളിയിലും ഏറെ നിർണ്ണായകമായതും അയാൾ നടത്തിയ നീക്കങ്ങളാണ്. കൊട്ടീഞ്ഞോക്ക് ലഭിച്ച മികച്ച ഒരു കൈത്താങ്ങാണ് ഡി യോങ്. തന്റെ മുൻ നാഷണൽ ടീം കോച്ചിന്റെ കീഴിൽ അയാൾ തന്റെ പ്രതാപത്തിലേക്ക് വളരുകയാണ്. ആത്മവിശ്വാസവും പരിചയസമ്പന്നതയും കൂടിചേരുമ്പോൾ വിസ്ഫോടനാത്മകമായ ഒരു മധ്യനിരയാണ് വളർന്നു വരുന്നത്. ഇന്നലെ ഗോൾ വഴങ്ങിയില്ലെങ്കിൽ അതിനെ ക്രെഡിറ്റും നമ്മൾ അവകാശപ്പെട്ടവർക്ക് നൽകണം. നാളുകൾക്ക് ശേഷം റോബർട്ടോയിൽ നിന്നും മറ്റൊരു മാസ്റ്റർ ക്ലാസ് പ്രകടനം. കൃത്യതയാർന്ന പ്രധിരോധവുമായി റോബർട്ടോയും, പീക്കെയും ചേർന്നപ്പോൾ നമുക്ക് ലഭിച്ചത് മറ്റൊരു ക്ലീൻ ഷീറ്റ്.

സന്തോഷങ്ങൾക്കിടയിൽ പാളിച്ചകൾ നമ്മൾ മറക്കുന്നില്ല. ഇപ്പോഴും നമ്മൾ മികവിലേക്കുള്ള പാതയിലാണ്. ഇനിയുമേറെ മുന്നേറാനിരിക്കുന്നു. ചില മേഖലകൾ മെച്ചപ്പെടാനിരിക്കുന്നു. മെസ്സി, ഗ്രീസ്മാൻ, കൊട്ടീഞ്ഞോ എന്നിവർ ഒരുമിച്ചു കളിക്കാൻ ഇനിയും കെമിസ്ട്രി വർക്കാവാൻ ഇരിക്കുന്നു. ഇന്നലെ ആദ്യ പകുതിയിൽ മെസ്സി നിറം മങ്ങിയത് അത് കൊണ്ടാവാം. രണ്ടാം പകുതിൽ ഗ്രീസ്മാൻ പിൻവലിഞ്ഞതോടെ മെസ്സി തന്റെ വിശ്വരൂപത്തിലേക്ക് ഉയരുകയാണുണ്ടായത്. മെസ്സിക്ക് ആവിശ്യമായ സ്‌പേസ് ഗ്രീസ്മാന്റെ സാനിധ്യത്തിൽ ലഭിക്കാതിരുന്നതാകാം ആദ്യ പകുതി മെസ്സി അധികം നിശ്ശബ്ദനാകാൻ കാരണം. പക്ഷെ മൂവ്വരും ലോകോത്തര കളിക്കാരാണ്. ഇവരെ ഒരുമിച്ചു എങ്ങനെ വർക്ക് ഔട്ട് ആക്കാം എന്നതാണ് നമ്മുടെ മുൻപിലുള്ള ചോദ്യ ചിഹ്നം. അത് പോലെ ഇങ്ങനെ തുടർച്ചയായി ഹൈ ഇന്റൻസ് മത്സരം കളിക്കാരുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്പോൾ സീസൺ തുടക്കമായതിനാലും, ഇടവേളകൾ ഉള്ളതിനാലും ഒരു പ്രശ്നമായി തോന്നില്ലെങ്കിലും, സീസൺ അന്ത്യത്തോടടുക്കുമ്പോൾ മത്സരങ്ങളുടെ ബാഹുല്യത്തിൽ കളിക്കാർ ക്ഷീണിതരാകാൻ സാധ്യത ഏറെയുണ്ട്. കൃത്യമായ റൊട്ടേഷൻ വഴി ഈ പ്രശ്നത്തെ മറികടക്കാം എന്ന് കരുതുന്നു.

ഇപ്പോഴും കേവലം രണ്ട് മത്സരങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ, ഇനിയുമേറെ പരീക്ഷണങ്ങൾ ബാക്കിയുണ്ട്. വിലയിരുത്തലിന് സമയമായിട്ടില്ല.സമയമായിട്ടില്ല. വ്യത്യസ്ത എതിരാളികളിൽ നിന്നും വ്യത്യസ്ത പരീക്ഷണങ്ങൾ നേരിടാനുണ്ട്. അവയിൽ വിജയിക്കാനുമുണ്ട്. ഇതുവരെയുള്ള പരീക്ഷണത്തിൽ വിജയിച്ചിട്ടുണ്ട്. ഇനിയുള്ള പരീക്ഷണങ്ങൾക്ക് കാത്തിരിക്കാം. അടുത്ത ദിവസം നമ്മൾ സെവിയ്യയെ നേരിടുന്നു. നീണ്ട ആറ് വർഷങ്ങൾ തന്റെ വീടായിരുന്നു കാമ്പ് ന്യുവിലേക്ക് റാക്കിറ്റിച് തിരികെയെത്തുന്നു. കാത്തിരിക്കാം.

© Penyadel Barca Kerala

]]>
https://staging.penyadelbarcakerala.com/match-review-celta-vigo-vs-fc-barcelona/feed/ 0
മാച്ച് പ്രിവ്യു – എഫ്.സി ബാഴ്സലോണ vs വിയ്യാറിയൽ എഫ്.സി https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-villarreal-fc/ https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-villarreal-fc/#respond Sun, 27 Sep 2020 12:30:28 +0000 https://thejerseycollector.com/test/?p=3703 എല്ലാംകൊണ്ടും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു സീസൺ ആണ് കടന്നു പോയത്. അപ്പോഴും പലരിലും വെളിച്ചം നാളത്തെ മാറ്റത്തിന്റെ പുലരി ആയിരുന്നു, ഇതെങ്കിലും നമുക്ക് നിർണായകമായ ആ മാറ്റത്തിന് ഉറപ്പായും മൂല കാരണവും ചാലകശക്തിയുമായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ്ട പ്രതീതിയായിരുന്നു. പക്ഷേ ഒരോ ദിവസം കഴിയുന്തോറും നിരാശയുടെ ആഴം അവിശ്വസനീയമാം വിധം വർദ്ധിക്കുന്നു എന്നത് ഞെട്ടലുളവാക്കുന്നതാണ്. പറയേണ്ടത് പറയുക തന്നെ വേണം, മറച്ചു പിടിക്കാനാവില്ല. നാം വളരെ മോശപ്പെട്ട ഒരു കാലഘട്ടത്തിൽ കൂടെയാണ് സഞ്ചരിക്കുന്നത് എന്ന ബോധ്യം ഉണ്ടെങ്കിൽ ഇനിയും തിരച്ചടികളിൽ എറേ വേദനിക്കില്ല എന്നതാണ് സത്യം. പ്രതീക്ഷിക്കപ്പെട്ട അനിവാര്യമായ പല മാറ്റങ്ങളും ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, പുതിയ സീസണിൽ ആദ്യ പോരാട്ടത്തിന് വേണ്ടി തയ്യാറെടുക്കുമ്പോളും ശുഭാപ്തിവിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടേറെ പരിമിതികളുണ്ട്.

പല തീരുമാനങ്ങളും കണക്കുകൂട്ടലകളും വളരെ അസ്ഥാനത്ത് അല്ലേ എന്ന് ഏറെക്കുറെ എല്ലാവർക്കും ശങ്ക തോന്നുന്ന വിധമാണ് കാര്യങ്ങൾ കടന്നു പോകുന്നത്.
ടീമിലേക്ക് വരുമ്പോൾ പ്രീ സീസൺ മത്സരങ്ങളിൽ ചില നിമിഷങ്ങൾ പ്രതീക്ഷ തന്നിരുന്നു എങ്കിലും പല തീരുമാനങ്ങളും വളരെ യുക്തിരഹിതവും തിക്തവുമായാണ് അനുഭവപ്പെട്ടത് എന്ന് പറയാതിരിക്കാൻ വയ്യ. പരിക്കേറ്റ ടെർ സ്റ്റെഗന്റെ അഭാവം ടീമിന് വളരെ വലിയ ശൂന്യത തന്നെയാണ് അദ്ദേഹത്തിന് പകരം ഗ്ലൗവ് അണിയുന്ന നെറ്റോക്ക് എത്രത്തോളം അദ്ദേഹത്തിന്റെ വിടവ് നികത്താൻ ആവും എന്നത് അനുസരിച്ചിരിക്കും ടീമിന്റെ ജയപരാജയ വിധിയിലെ ആദ്യകടമ്പ. ഡിഫൻസിൽ യാതൊരു മാറ്റവും ഇല്ല എന്നത് വ്യക്തം. റൊബർട്ടോ-പിക്വെ-ലെങ്ലെ-ആൽബ സഖ്യം തന്നെയാവും കളത്തിലിറങ്ങുക. അറൗഹോക്ക് ഒരവസരത്തിന് സാധ്യതയുണ്ടോ എന്നത് മാത്രമാണ് ആകെയുള്ള ചോദ്യചിഹ്നം, കാത്തിരുന്നു തന്നെ കാണണം. മിഡ്ഫീൽഡിൽ പുതിയതായി വന്ന പ്യാനിച്ചിന് ടീമുമായി ഇണങ്ങിച്ചേരാൻ സമയമായിട്ടില്ല എന്നതിനാൽ ബുസ്ക്വെറ്റ്സും ഡിയോങ്ങും തന്നെയാവും ഡബിൾ പിവോട്ടിൽ കോട്ട കെട്ടുക. പ്രി സീസൺ മത്സര പ്രകാരമാണെങ്കിൽ അതിൽ പിന്നീട് മുന്നേറ്റനിരയിൽ ഉള്ള നാലുപേരിൽ മൂന്നു പേരും മെസ്സി, ഗ്രീസ്മാൻ, കൂട്ടിന്യോ എന്നിവർ ആവും. ഇതിൽ കൂട്ടിന്യോയുടെ പരിതസ്ഥിതി വളരെ കുഴപ്പിക്കുന്നതാണ് എല്ലാ അർത്ഥത്തിലും എല്ലാ അവസരവും ലഭിച്ചിട്ടും പലപ്പോഴും നിരാശ സമ്മാനിച്ചതും ലീഗുമായും ലീഗിന്റെ സാഹചര്യങ്ങളുമായും സഹ കളിക്കാരുമായും ഒരിക്കൽ പോലും ഒത്തിണങ്ങാനും അതിനനുസരിച്ച് അവർക്കും കൂടി ഉതകുന്ന രീതിയിൽ മാറ്റം വരുത്താനും കഴിയാതെ പോയ ഒരാളെ വീണ്ടും തിരിച്ചു ഗതിവിഗതികളിൽ മാറ്റമില്ലാതെ കൂട്ടിച്ചേർക്കാൻ നോക്കുന്നത് വളരെ കുഴപ്പിക്കുന്നതാണ്. പലപ്പോഴും അദ്ദേഹത്തിന് ഒപ്പം കളിക്കുന്ന കളിക്കാരെ മനസ്സിലാക്കാൻ പറ്റാത്തതായി കളിക്കളത്തിൽ കഴിഞ്ഞ ദിവസവും കണ്ടത്, മാറ്റമില്ലാത്ത ഒന്നായിതന്നെ നിൽക്കുന്നു എന്നത് വളരെ സംഭ്രമിപ്പിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും അത് ടീമിന്റെ പ്രധാന താരങ്ങളായ അൻസുവിനെയും മെസ്സിയെയും പല ഒറ്റപ്പെട്ട പൊസിഷനുകളിലേക്ക് തള്ളിവിടന്നത്, വളരെ നിരാശപൂർണമായ കാര്യമാണ്. കളിയുടെ ഗതി മാത്രമല്ല താന് മറ്റുള്ള കളിക്കാരുടെ പ്രകടനത്തിൽ അസ്വാരസ്യം ആദ്യം വരുത്താതിരിക്കാൻ ഉം കൂട്ടിന്യോ വളരേണ്ടിയിരിക്കുന്നു എന്നത് വ്യക്തം. ബാക്കിയുള്ള ഒരു സ്ഥാനത്തിനായി അൻസു, ട്രിങ്കാവോ, ഡെംബെലെ, പെഡ്രി എന്നിവർ മത്സരിക്കും. അൻസുവിനു തന്നെ നറുക്ക് വീഴാനാണ് സാധ്യത. പൂജ്’നെ പോലെ ഒരു സ്പോണ്ടേന്യസ് ടാലന്റിനെ ഉപയോഗിക്കാൻ പറ്റാത്ത വളരെ നിരാശയാർന്ന കാര്യം ആണെന്ന് പറയാതിരിക്കാൻ വയ്യ.

വിയ്യാറിയലിനെ സംബന്ധിച്ച് ബ്രെയ്ക്കിനു ശേഷം അവർക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല എന്നു വിശ്വസിക്കാൻ ഉതകുന്ന തരത്തിലുള്ള തിരിച്ചുവരവാണ് അവർ നടത്തിയത്. ജാവി കല്ലേജയുടെ കീഴിൽ മുൻ സ്പാനിഷ് വെറ്ററൻ റൗൾ ആൽബിയോളിന്റെ ഉരുക്കുക്കോട്ടയുടെ നേതൃത്വത്തിൽ അവർ യൂറോപ്പിലേക്ക് ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തി.
പുതിയ കോച്ചായ എമറടെ കീഴിൽ അവർ ഒത്തിണങ്ങി വരുന്നേ എന്നുള്ളെങ്കിലും
അവരുടെ ടീം അതിബലവത്തായത് തന്നെ ആണ്. മത്സര പരിചയം പോരാട്ടവീര്യവും യുവരക്തവും എല്ലാം കൂടിചേർന്ന ഒരു മികച്ച മിശ്രിതം. യൂറോപ്പിലെയും സ്പെയിനിലെയും തന്നെ ഏറ്റവും മികച്ച ട്രാൻസ്ഫർ സീസൺ കാഴ്ച്ച വെച്ച അവർക്ക് മതി ഇനി കളത്തിൽ കൂടെ കാണിക്കേണ്ട ആർജ്ജവം ഉണ്ട്. റൗൾ ആൽബിയോൾ, പറെഹോ, ചുക്കുവേസേ, അൽക്കാസർ, കൂബോ, എന്നിവർ ലീഗിലെ ആരോടും മല്ലിടാൻ പോന്ന നിരതന്നെ. പ്രത്യേകിച്ചും ഈയൊരു പരിതസ്ഥിതിയിൽ ഇതിൽ ബാഴ്സ വളരെ വളരെ വളരെ ശ്രദ്ധയോടെയും വ്യക്തതയോടെയും കാര്യത്തെ നേരിട്ടില്ലെങ്കിൽ തിക്തമാവും ഫലം എന്നുറപ്പ്.

എന്തായാലും റൊണാൾഡ് കൂമാന് ഒരുപാട് തെളിയിക്കാൻ ഉണ്ട്. അദ്ദേഹം എവിടെ ജയിച്ചില്ലെങ്കിലും, കളത്തിൽ ജയിച്ചേ തീരൂ. അതുതന്നെയാവും അദ്ദേഹത്തിന്റെ നിലനിൽക്കാനുള്ള ആദ്യത്തെ ചവിട്ടുപടിയും. ടീമിനെ പഴയ ഊർജ്ജത്തോടെയും വീര്യത്തോടെയും കൈ പിടിച്ചു തിരിച്ചു കൊണ്ടുവരിക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ അദ്ദേഹം അത് നേടിയെടുത്തേ പറ്റുള്ളൂ. അതിന്റെ ലാഞ്ചനകളെങ്കിലും അദ്ദേഹം കാണിച്ചേ പറ്റുള്ളൂ. നമുക്ക് കാത്തിരിക്കാം !!

വിസ്കാ എൽ ബാർസ !

🏆 ലാ ലിഗ : മാച്ച് ഡേ – 1.
🏟 ക്യാമ്പ് നൗ.
⏰ ഇന്ത്യൻ സമയം: 00.30am.
📺 ലാ-ലിഗ ഒഫീഷ്യൽ പേജ്, FB 🌐.

]]>
https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-villarreal-fc/feed/ 0
Introducing Cruyff’s Dream Team: ഹ്രിസ്റ്റോ സ്റ്റോയിച്കോവ് https://staging.penyadelbarcakerala.com/introducing-cruyffs-dream-team-hristo-stoichkov/ https://staging.penyadelbarcakerala.com/introducing-cruyffs-dream-team-hristo-stoichkov/#respond Tue, 12 May 2020 04:30:31 +0000 https://thejerseycollector.com/test/?p=3442 ഹ്രിസ്റ്റോ സ്റ്റോയിച്കോവ് എന്ന നാമത്തിന് ബൾഗേറിയൻ ഭാഷയിൽ ക്രിസ്തു എന്നർത്ഥമുണ്ട്, പക്ഷെ പലപ്പോഴും ആ ദൈവനാമം വെറുതെ ആയിപോയെന്ന് തോന്നിപ്പിച്ചിട്ടുമുണ്ട്. ഊർജസ്വലമായ, ഉജ്ജ്വലവും ആവിശ്യസനീയമാംവിധം കഴിവുള്ളതുമായ ഹ്രിസ്റ്റോ സ്റ്റോയിച്കോവ് എന്ന നാമം ബൾഗേറിയൻ ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ പേരെന്ന വിശേഷണത്തെ ഒരുകാലത്തും ആരുംതന്നെ മറികടക്കുമെന്ന് തോന്നുന്നില്ല.

“ലോകത്തിൽ രണ്ട് ക്രിസ്തുമാരുണ്ട്, ഒന്ന് ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുന്നു, മറ്റൊന്ന് സ്വർഗ്ഗത്തിലും”, 1994ൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം സ്വീകരിക്കുന്ന വേളയിൽ ഹ്രിസ്റ്റോ പറഞ്ഞ വാക്കുകളാണിവ!
മേല്പറഞ്ഞ വാക്കുകളിൽനിന്ന് വ്യക്തമാണ്, ലോകം കണ്ട ഏറ്റവും മികച്ച ഗോൾ സ്കോറെർമാരിൽ ഒരാളായ ഈ ബൾഗേറിയൻ നായകന്റെ വ്യക്തിത്വം.

സ്റ്റോയിച്കോവിനെ മറ്റുളവരിൽനിന്ന് വ്യത്യസ്തനാക്കുന്ന മൂന്നു ഘടകങ്ങൾ ഉണ്ടായിരുന്നു; ദൈവം നൽകിയ നൈപുണ്യം, ദൈവത്തോളം വലിപ്പമുള്ള അർത്ഥം, പിശാചിനോത്ത സ്വഭാവം!

പതിനാറാം വയസ്സിൽ പ്രാദേശിക ടീമായ ഹെബ്രോസിനൊപ്പം തന്റെ കരിയർ ആരംഭിച്ച സ്റ്റോയിച്കോവ് വളരെ പെട്ടന്ന് തന്നെ ബൾഗേറിയൻ ഫുട്ബാളിലെ തിളക്കമാർന്ന യുവതാരമായി മാറി. അദ്ദേഹത്തിന്റെ സാങ്കേതിക മികവുകൾ മറ്റുള്ളവരിൽനിന്ന് വേറിട്ടു നിന്നു. ഒരു ലെഫ്റ്റ് വിങ്ങർ എന്ന നിലയിൽ തന്റെ വേഗതയും കൃത്യതയും ഉപയോഗിച്ച് എതിരാളികളെ വിറപ്പിച്ചപ്പോൾ, രാജ്യത്തെ വമ്പന്മാരായ സിഎസ്കെഎ സൊഫിയ ഈ യുവപ്രതിഭയ്ക്കായി വന്നതിൽ അതിശയിക്കാനില്ല.
സിഎസ്കെഎയുമായി കരാറൊപ്പിട്ട ഒരു വർഷത്തിനുള്ളിൽ, ഈ പ്രതിഭയ്ക്ക് വന്യമായ മനോഭാവമുണ്ടെന്ന് അവർ മനസിലാക്കാൻ തുടങ്ങി. 1985ൽ ലെവ്സ്കി സ്പർട്ടാക്കിനെതിരെ ബൾഗേറിയൻ കപ്പ്‌ ഫൈനലിൽ ഹ്രിസ്റ്റോ ഉൾപ്പെടയുള്ള താരങ്ങൾ വാക്കേറ്റത്തിനും തുടർന്ന് കയ്യാങ്കളിയിലും ഏർപ്പെട്ടതുമൂലം, അയാളുടെ തനതായ കർക്കശസ്വഭാവം പുറത്തുവന്നു.
സൊഫിയ 2-1 എന്ന സ്‌കോറിൽ ജയിച്ചെങ്കിലും സ്റ്റോയിച്കോവ് അടക്കം 6 കളിക്കാരെ മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അടുത്ത സീസണിൽ ഹ്രിസ്റ്റോ മടങ്ങി വരുമ്പോഴേക്കും സിഎസ്കെഎ സൊഫിയയുടെ പേര് സിഎസ്കെഎ സ്രേഡെറ്റ്സ് എന്നാക്കി മാറ്റിയിരുന്നു. തിരിച്ചുവരവിൽ മിന്നുന്ന ഫോമിലൂടെ, 4-3-3 ഫോർമേഷനിൽ ലെഫ്റ്റ് ഫോർവേഡായി ഗോൾ അടിച്ചു കൂട്ടുകയും ചെയ്തു.

അതെ സമയം, മികച്ച ഒരുപറ്റം യുവ താരങ്ങളുടെ ഉദയമായിരുന്നു ബൾഗേറിയയിൽ. യോർദാൻ ലെച്ച്കോവ്, ഇലിയൻ കിരിയാക്കോവ്, ക്രാസിമിർ ബലാകോവ്, ഗോളടിയന്ത്രം എമിൽ കോസ്റ്റഡിനോവ് തുടങ്ങിയർ അതിൽ പ്രമുഖരായിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ ഒരു പുത്തൻ ശക്തികളുടെ ഉയർന്നുവരവാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ഇവരുടെ പ്രകടനം. സ്റ്റോയിച്കോവിനെ കേന്ദ്രികരിച്ച് സ്രേഡെറ്റ്സ് ആ സീസണിൽ എതിരാളികളെ തീർത്തും നിഷ്പ്രഭമാക്കി മൂന്നാം കിരീടത്തിൽ മുത്തമിട്ടു. തന്റെ കേളിമികവിനോട് നീതി പുലർത്താൻ തുടങ്ങിയ ഹ്രിസ്റ്റോ സീസണിൽ 38 മത്സരങ്ങളിൽനിന്ന് 30 ഗോളുകൾ നേടി യൂറോപ്യൻ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി.

സ്രേഡെറ്റ്സിന്റെ യൂറോപ്യൻ വിന്നേഴ്സ് കപ്പിലേക്കുള്ള പ്രയാണത്തിലാണ് സ്റ്റോയിച്കോവിന്‍റെ മാസ്മരികത ബൾഗേറിയക്ക് പുറത്തുള്ളവർക്ക് മനസിലാവാൻ തുടങ്ങിയത്. സെമിഫൈനലിൽ ക്രൈഫിന്റെ ബാഴ്സയുമായി മുഖാമുഖം വരുന്നത് മുമ്പ് ഗ്രീക്ക് വമ്പന്മാരായ പനാത്തിനിക്കോസ്, റോഡ ജെ സി തുടങ്ങിയവരെ പുറത്താക്കിയിരുന്നു.
ലാ ബ്ലൗഗ്രാന ഇരുപാദങ്ങളിലുമായി ജയിച്ചു ഫൈനലിലേക്ക് മുന്നേറിയെങ്കിലും, മത്സരം വീക്ഷിച്ചവരുടെ മനം കവർന്നത് സ്റ്റോയിച്കോവായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ ക്രൈഫ് ആ മിന്നുംതാരത്തെ അടുത്ത സീസണിൽ തന്നെ തങ്ങളുടെ കൂടാരത്തിലെത്തിച്ചു.

എന്നിരുന്നാലും, സ്റ്റോയിച്കോവിന്‍റെ ഈ കണിശമായ സ്വഭാവത്തെ എങ്ങനെ നിയന്ത്രിക്കുമെന്ന ചോദ്യചിഹ്നം അപ്പോഴേ ഉയർന്നിരുന്നു. ക്യാമ്പ്നൗവിലെ അരങ്ങേറ്റസീസണിൽ തന്നെ ഒരു റഫറിയുടെ തീരുമാനത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും, തുടർന്ന് കാലിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. അതുമൂലം രണ്ടു മാസത്തേക്ക് സസ്‌പെൻഡും ചെയ്യപ്പെട്ടു. മാത്രമല്ല, ഈ അസ്ഥിരനായ ബൾഗേറിയനെ ക്ലബ്ബിലേക്ക് കൊണ്ടുവരാനുള്ള ക്രൈഫിന്റെ തീരുമാനം എല്ലാ തലത്തിലും ചോദ്യംചെയ്യപ്പെട്ടു. സസ്പെന്ഷന് ഉണ്ടായിട്ടും, ആ സീസണിൽ മിഡ്ഫീൽഡിൽനിന്നും 20 ഗോളുകൾ നേടാൻ ഹ്രിസ്റ്റോയ്ക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ കളങ്കം അങ്ങനെ മാഞ്ഞു തുടങ്ങിയിരുന്നു, പക്ഷെ അത് ബാഴ്‌സലോണയുടെ ഒരു ഡയറക്ടറുടെ രക്ഷാകർതൃത്തെ ചോദ്യം ചെയ്യുന്നതുവരെ മാത്രം. അതും ടെലിവിഷനിൽ തത്സമയം!

സ്റ്റോയിച്കോവിന്‍റെ വരവ് ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച കാലഘട്ടത്തിന് പ്രചോദനമായി.അദ്ദേഹം മിഡ്ഫീൽഡിന്റെ ഇടതുവശത്തു നിന്ന് വന്യമായ ആക്രമണങ്ങൾ മെനഞ്ഞതോടെ, ക്രൈഫിന്റെ ബാഴ്സ അടുത്ത നാല് സീസണിലെ ലാ ലിഗാ(91,92,93,94), ക്ലബ് ചരിത്രത്തിലെ ആദ്യത്തെ യൂറോപ്യൻ കപ്പ്(92),കോപ്പ ഡെൽ റെ(90),സൂപ്പർ കോപ്പ ഡി എസ്പാന(92,94) തുടങ്ങിയവ കരസ്ഥമാക്കി.

റൊണാൾഡ് കൂമാൻ, ബേക്കറോ, സാലിനാസ്, മൈക്കൽ ലോഡ്രപ്പ്, നദാൽ, ജോസെപ് ഗ്വാർഡിയോള, ഗിയോർഗെ ഹാഗി, റൊമാരിയോ, സ്റ്റോയിക്കോവ് തുടങ്ങിവർ അണിനിരന്ന ‘ഡ്രീം ടീം’, യൂറോപ്പിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സുന്ദരമായ ഫുട്ബോൾ കാഴ്ചവെച്ചു.
കളിക്കളത്തിൽ പതിയെ പക്വതയാർജ്ജിച്ച ഹ്രിസ്റ്റോ, ഓരോ ബാഴ്‌സ ആക്രമണത്തെയും ഒരു സംഗീതസംവിധായകന്റെ വൈദഗ്ധ്യത്തോടെ ആസൂത്രണം ചെയ്തു. കുറ്റമറ്റതായ പാസിംഗ്, വന്യമായ ആക്രമണങ്ങൾ, പൂർണമായ ഡ്രിബ്ബിങ്, കൂടാതെ ലേസർ പെർഫെക്ട് ആയ ഷൂട്ടിംഗ് പാടവം തുടങ്ങിയവകൊണ്ട് ഫുട്ബോളിനെ കയ്യിലെടുത്തു. തുടർന്ന് 1994ൽ യൂറോപ്യൻ പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

ബാഴ്‌സയിൽ ആയിരുന്ന സമയത്ത്, അദ്ദേഹം പതിവായി തന്റെ ആരാധനപാത്രമായ ക്രൈഫുമായി ഏറ്റുമുട്ടിയിരുന്നു. ക്രൈഫുമായും പത്രക്കാരുമായും നടത്തിയ ഒരു വലിയ തർക്കത്തിന് ശേഷം സ്റ്റോയിക്കോവ് അവരോട് പറഞ്ഞു “നവംബർ വരെ ഞാൻ നിങ്ങളിലോറ്റ ബാസ്റ്റഡുകളുമായി സംസാരിക്കുന്നില്ല!” തുടർന്ന് ക്രൈഫിന്റെ വാദമോ, മറ്റൊരു തർക്കത്തിന് വഴിവെക്കും!

എന്നും പൊട്ടിത്തെറിയുടെ വക്കിലെത്തിയ അഗ്നിപർവ്വതമായിരുന്നു സ്റ്റോയിച്കോവ് എന്ന് പറയുന്നത് അനീതിയാണ്. ദേശീയ ബ്രോഡ്കാസ്റ്റർമാർക്ക് ഫീസ് താങ്ങാൻ കഴിയാത്തതിനെത്തുടർന്ന് 1992ൽ യൂറോപ്യൻ കപ്പ് ഫൈനൽ പ്രക്ഷേപണ അവകാശത്തിനായി അദ്ദേഹം പണം നൽകുകയുണ്ടായിരുന്നു. ഇത് ബൾഗേറിയൻ ആരാധകർക്കിടയിൽ അദ്ദേഹത്തോടുള്ള മതിപ്പ് പതിന്മടങ്ങ് വർധിച്ചു. പക്ഷെ ബൾഗേറിയൻ ഫുട്ബോളിൽ മറ്റൊന്നായിരുന്നു നടന്നുകൊണ്ടിരുന്നത്. ഹ്രിസ്റ്റോയെ കൂടാതെ രാജ്യത്തെ മികച്ച കളിക്കാരിൽ ഭൂരിഭാഗവും യൂറോപ്പിലെ മികച്ച ലീഗുകളിലേക്ക് കൂടെറിയിരുന്നു. അത്, അമേരിക്കയിൽ നടക്കാൻ പോകുന്ന ലോകകപ്പിന്, ബൾഗേറിയൻ ഫുട്ബോളിനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷ എക്കാലത്തെയും ഉയർന്ന നിലയിലായിരുന്നു.

ബാഴ്‌സയിലെ ഡ്രീം ടീമിന്റെ മാത്രമല്ല, ബൾഗേറിയയുടെ ഗോൾഡൻ ജനറേഷന്റെയും കേന്ദ്രബിന്ദു കൂടിയായിരുന്നു അദ്ദേഹം.

തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ ഒരു ലോകകപ്പ് മത്സരജയം കൂടാതെ വന്ന ബൾഗേറിയയെ സ്റ്റോയിച്കോവ് ആത്മവിശ്വാത്തോടെ അമേരിക്കയിലേക്ക് നയിച്ചു. എന്നാൽ കുറച്ചുപേർ, ഗ്രൂപ്പ് ഘട്ടത്തിൽ നൈജീരിയ, ഗ്രീസ്, അർജന്റീന എന്നീ വമ്പന്മാരെ കിട്ടിയതുമൂലം മുന്നേറാനുള്ള സാധ്യതയെ തുടക്കത്തിലേ തള്ളിക്കളഞ്ഞിരുന്നു. അനുഭവകുറവ് മൂലം, ആദ്യമത്സരത്തിൽ നൈജീരിയോട് 3-0 എന്ന സ്‌കോറിൽ തോൽവിയോടെയുള്ള തണുത്ത തുടക്കമാണ് ബൾഗേറിയക്ക് നേരിടേണ്ടിവന്നത്. അവസാനമത്സരത്തിൽ അർജന്റീനയെ നേരിടേണ്ടത്കൊണ്ട് തന്നെ, ഗ്രീസുമായുള്ള മത്സരത്തിൽ ഒരു കനത്ത ജയം ആവശ്യമായിരുന്നു.കാരണം, ആദ്യ റൗണ്ടിൽ ജയിച്ച രണ്ടു ടീമിന്റെയും മാർജിൻ വലിയതായിരുന്നു. ആയതിനാൽ ഗോൾ വ്യത്യാസം ഈ ഗ്രൂപ്പിന്റെ മുമ്പോട്ടുള്ള യാത്രയെ തീരുമാനിക്കുന്നതിൽ ഘടകമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മത്സരത്തിൽ ഗ്രീസിനെ 4-0 എന്ന സ്‌കോറിൽ തകർക്കുമ്പോൾ സ്റ്റോയിക്കോവ് രണ്ട് ഗോൾ നേടി വിജയത്തിന് ചുക്കാൻ പിടിച്ചു. മറ്റൊരു മത്സരത്തിൽ അര്ജന്റീന 2-1ന് നൈജീരിയയെ തോല്പിച്ചപ്പോൾ അവസാന റൗണ്ട് മത്സരം എല്ലാവർക്കും നിർണായകമായി മാറി.

അവസാന ഗ്രൂപ്പ് മത്സരത്തിലേക്ക് പ്രവേശിക്കുമ്പോൾ അർജന്റീന 6 പോയിന്റും +5 എന്ന ഗോൾ വ്യത്യാസവുമായി ഗ്രൂപ്പിൽ ഒന്നാമതായിരുന്നു, നൈജീരിയയ്ക്ക് 3 പോയിന്റും +2 ഗോൾ വ്യത്യാസവും ബൾഗേറിയയ്ക്ക് 3 പോയിന്റും +1 ഗോൾ വ്യത്യാസവും ഉണ്ടായിരുന്നു. അതുകൊണ്ട് ബൾഗേറിയക്ക് 2 ഗോളിന്റെ വ്യക്തമായ വിജയം മുമ്പോട്ട് പോകുന്നതിന് ആവശ്യമായിരുന്നു. കൊക്കയ്‌ൻ ഉപയോഗം മൂലം പുറത്താക്കപെട്ട ഡീഗോ മറഡോണയുടെ അസാന്നിധ്യം ബൾഗേറിയയുടെ പ്രതീക്ഷകൾ കൂട്ടി. തങ്ങളുടെ പ്രധാന ഊർജം നഷ്ടപ്പെട്ട അർജന്റീന കിതച്ചപ്പോൾ, പലരും പ്രതീക്ഷിച്ചിരുന്ന മാസ്റ്റർ vs മാസ്റ്റർ യുദ്ധത്തിനുള്ള അവസരം സ്റ്റോയിച്കോവിനും നഷ്‌ടപ്പെട്ടു. പക്ഷെ മറഡോണയുടെ അഭാവം തന്റെ ലോകകപ്പ് കവർന്നെടുക്കാൻ അദ്ദേഹം അനുവദിച്ചില്ല. മത്സരം നന്നേ കടുത്തതായിരുന്നു, ബൾഗേറിയക്ക് താളം കണ്ടെത്താൻ ആൽബിസെലസ്റ്റേകൾ ഒരിക്കലും അനുവദിച്ചിരുന്നില്ല. അർജന്റീനിയൻ പ്രതിരോധക്കാരാൽ വളഞ്ഞിട്ടും സ്റ്റോയിച്കോവ് തന്നെയായിരുന്നു പിച്ചിലെ ഏറ്റവും മികച്ച കളിക്കാരൻ.

61ആം മിനിറ്റിൽ സ്റ്റോയിച്കോവിനും ബൾഗേറിയയ്ക്കും അവർ കാത്തിരുന്ന നിമിഷം വന്നുചേർന്നു. കനിജിയയിൽ നിന്ന് ഒരു ക്രോസ് തടഞ്ഞു പിടിച്ചെടുത്ത ബാലകോവ്, പന്ത് വൈഡായി കോസ്റ്റാഡിനോവിക്കിന് കൊടുത്തു. അദ്ദേഹത്തിന്റെ മികച്ച പാസ് മൂന്ന് അർജന്റീന പ്രതിരോധക്കാർകിടയിലൂടെ പന്ത്, കുതിക്കുന്ന സ്റ്റോയിച്കോവിലേക്ക് എത്തി. കീപ്പർ മുന്നോട്ട് കേറി തടയാൻ വന്നപ്പോൾ,ഹ്രിസ്റ്റോ ശാന്തനായി പന്ത് വലയിലേക്ക് നിറയൊഴിച്ചു, ബൾഗേറിയയ്ക്ക് ഒരു അവസാന പോരാട്ടത്തിന് പ്രതീക്ഷ നൽകി. തുടർന്ന് പ്രതിരോധ മതിൽ തീർത്ത അർജന്റീന മത്സരം ശക്തമാക്കി. ഒറ്റ ഗോളെന്ന ബൾഗേറിയൻ മോഹം പലപ്പോഴും അർജന്റീനയുടെ മതിലിൽ തട്ടി തകർന്നുപോകാൻ തുടങ്ങി. മത്സരം ഇഞ്ചുറി ടൈമിലേക്ക് നീങ്ങുമ്പോൾ അർജന്റീന ഗ്രൂപ്പിൽ ഒന്നാമതാണെങ്കിലും, 92ആം മിനിറ്റിൽ സിറാകോവ് അർജന്റീനിയൻ ഹൃദയങ്ങളെ തകർത്തു ഗോൾ വല ഭേദിച്ച് ബൾഗേറിയയെ അടുത്ത റൗണ്ടിലേക്ക് നയിച്ചു. അർജന്റീനയും മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയെങ്കിലും, ഹാഗിയുടെ റൊമാനിയയോട് പരാജയപ്പെടുകയും ചെയ്തു.

അവസാന -16 ലെ ബൾഗേറിയയുടെ എതിരാളികൾ അയർലൻഡും ഇറ്റലിയും അടങ്ങുന്ന ഗ്രൂപ്പിൽ ഒന്നാമതെത്തിയ മെക്സിക്കോയായിരുന്നു. സ്റ്റോയിച്കോവിന്‍റെ ഏക ഗോളിന്റെ ബലത്തിൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും, ബൾഗേറിയ 3-1ന് ജയിച്ച് മുന്നേറുകയും ചെയ്തു. അടുത്ത റൗണ്ടിൽ, ടൂർണമെന്റിലെ ഏറ്റവും മികച്ചത് എന്ന് പലരും കരുതുന്ന മത്സരത്തിൽ ജർമ്മനിയെ 2-1ന് പരാജയപ്പെടുത്തി. ലോതർ മാത്തേവൂസ് ജർമ്മനിയെ ഹാഫ് ടൈമിന് മുമ്പ് മുന്നിലെത്തിച്ചെങ്കിലും സ്റ്റോയിക്കോവ്, ലെറ്റ്കോവ് എന്നിവർ മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി ബൾഗേറിയയ്ക്ക് അവിസ്മരണീയമായ വിജയം നൽകി.

ഇതിനോടകം മനോഹരമായ ഫുട്‌ബോൾ കാരണം ആരാധകരുടെ പ്രിയ ടീമായി മാറിയ ബൾഗേറിയയെ കാത്തുനിന്നിരുന്നത് അസൂറികളായിരുന്നു. ടോട്ടൽ ഫുട്ബോൾ ശൈലി പിന്തുടരുന്ന രാജ്യങ്ങളിൽ ബൾഗേറിയ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. പതിവുപോലെ സമ്മർദ്ദം വർദ്ധിക്കുന്നതിനനുസരിച്ച് ഇറ്റലി അവരുടെ മികച്ച പ്രകടനം പുറത്തെടുത്തു. റോബർട്ടോ ബാജിയോ രണ്ടുതവണ ഗോൾ വല ചലിപ്പിച്ചപ്പോൾ, സ്റ്റോയിച്കോവിന്‍റെ ഒറ്റ ഗോൾ മത്സരഫലം മാറ്റിമറിക്കാൻ കഴിയുന്നതായിരുന്നില്ല. അങ്ങനെ ആരാധകഹൃദയം കീഴടക്കിയ ബൾഗേറിയയുടെ യാത്ര സെമിയിൽ അവസാനിച്ചു. ആ തിളക്കമാർന്ന തോൽവിക്കിടയിലും ഗോൾഡൻ ബൂട്ട് നേടിയ ഹ്രിസ്റ്റോ, ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അറിയപ്പെടുകയും ചെയ്തു.

രണ്ടുവർഷത്തിനുശേഷം, ഇറ്റലിയിലെ പാർമയ്ക്കായി അദ്ദേഹം ബാഴ്‌സ വിടാൻ തീരുമാനിച്ചു. സ്റ്റോയിക്കോവ് പോയതോടെ ജോഹാൻ ക്രൈഫിന്റെ ടീമിന് പ്രതീക്ഷയ്ക്കൊത്തുയരാൻ സാധിച്ചില്ല, തുടർന്ന് അടുത്ത വർഷം ക്ലബ് അദ്ദേഹത്തെ പുറത്താക്കി. ഇറ്റലിയിൽ അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങൾ. അമിതമായ പ്രതിരോധത്തിലൂന്നിയ ടീമുകളും, അതുമൂലമുള്ള തന്റെ അസ്ഥിര സ്വഭാവവും ഇറ്റലിയിൽ കളിക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. പരുക്കൻ കളികൾ അദ്ദേഹത്തെ ഇടയ്ക്കിടെ പരിക്കേൽപിച്ചു. 23 കളികൾ നിന്ന് കേവലം 5 ഗോൾ മാത്രമാണ് നേടാനായത്.

1996-ൽ ബോബി റോബ്‌സൺ, തന്റെ ബാഴ്‌സലോണ ടീമിനെ നയിക്കാൻ വേണ്ടി, പ്രായമായ സ്റ്റോയിച്കോവിനെ ക്യാമ്പ്നൗവിലെക്ക് തിരികെ കൊണ്ടുവന്നു. ലീഗ് കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും,അവിടെ നിന്ന രണ്ട് സീസണുകളിൽ യുവേഫ കപ്പ്, കോപ ഡെൽ റേ, യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ നേടാൻ സാധിച്ചിരുന്നു.

1998 ആവുമ്പോഴേക്കും, ഇടയ്ക്കിടെ പരിക്ക് വലച്ച 32 കാരനായ സ്റ്റോയിച്കോവ്, തന്റെ പഴയ ക്ലബായ സി‌എസ്‌കെ‌എ സോഫിയയിലെക്ക് തിരികെ പോയി. കുറഞ്ഞ മത്സരസമയത്തിൽ നിരാശനായ അദ്ദേഹം പരിശീലകനാകാൻ തീരുമാനിച്ചു. അതിനുവേണ്ടി 5 കൊല്ലം പല രാജ്യങ്ങളിൽ ചിലവഴിച്ച് അനുഭവം നേടി. ഈ കാലഘട്ടത്തിലാണ്, മേജർ സോക്കർ ലീഗിൽ ഡി.സി യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോൾ ഒരു ചെറുപ്പക്കാരന്റെ കാൽ ചവിട്ടി ഒടിക്കുകയും; പിന്നീട് ആ കൃത്യത്തിന് ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ഉണ്ടായി, പക്ഷെ അത് കോടതിക്ക് പുറത്ത് ഒത്തുതീർപ്പായി.

2004ൽ അദ്ദേഹം ബൾഗേറിയൻ ദേശീയ ടീമിന്റെ മാനേജരായി ചുമതലയേറ്റു. അടുത്ത മൂന്ന് വർഷത്തിൽ ടീമിന്റെ പ്രകടനത്തിൽ കാര്യമായ പുരോഗതിയും ഉണ്ടാവാത്തതിനെതുടർന്ന് 2007ൽ മാനേജർ പദവിയിൽ നിന്ന് പുറത്താക്കി. യൂറോപ്പ്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ഇദ്ദേഹം അസ്ഥിരനായിരുനെങ്കിലും, വളരെ മാന്യനായിരുന്നു.

ഹ്രിസ്റ്റോ സ്റ്റോയിച്കോവ് ഒരു ദൈവത്തെപ്പോലെ കളിച്ചു, ഒരു ദൈവത്തെപ്പോലെ ജീവിച്ചു, ഒരു പിശാചിനെപ്പോലെ പോരാടി!

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/introducing-cruyffs-dream-team-hristo-stoichkov/feed/ 0
ബാഴ്സയുടെ കാവൽ മാലാഖ ടെർ സ്റ്റീഗന് പിറന്നാൾ ആശംസകൾ https://staging.penyadelbarcakerala.com/birthday-wishes-to-the-guardian-angel-of-barcelona-marc-andre-ter-stegan/ https://staging.penyadelbarcakerala.com/birthday-wishes-to-the-guardian-angel-of-barcelona-marc-andre-ter-stegan/#respond Thu, 30 Apr 2020 08:00:36 +0000 https://thejerseycollector.com/test/?p=3419 യോഹാൻ ക്രൈഫ് എന്ന താത്വികാചാര്യൻ തന്റെ സംഹിതകളിൽ ആവർത്തിച്ചു പറഞ്ഞ ഒരു പ്രധാന കാര്യം “എന്റെ ടീമിന്റെ ആക്രമണ നിരയിലെ ആദ്യത്തെ കണ്ണി ഗോൾകീപ്പർ ആണ്” എന്നതായി. സൃഷ്ടി എന്നത് ശ്രേഷ്ഠമായ ഒരു കർമ്മം ആണെന്നും അങ്ങനെ സൃഷ്ടിക്കപ്പെടുന്നതിലെ ആദ്യത്തെ കോശത്തിന്റെ പ്രാധാന്യവും ഫുട്ബോളിലും ഉണ്ടെന്ന് ജോഹാൻ ഓർമ്മിപ്പിക്കുന്നുണ്ട് ഇതിലൂടെ. അയാളുടെ വാക്കുകളിൽ സൃഷ്ടിയുടെ ആദ്യത്തെ ചുവടുവെപ്പ് ഉരുവാകുന്നത് അവിടെയാണ്.. ഗോൾ പോസ്റ്റിന് കീഴെ അന്നുവരെ തളച്ചിട്ടിരുന്ന ഗോൾ കീപ്പറിന്റെ കാലുകളിൽ.. അയാളുടെ ടീമിന്റെ ഗോൾകീപ്പർ എപ്പോഴും അത്തരത്തിൽ ഉള്ളവരായിരുന്നു.. കളിക്കാരനായിരുന്ന സമയത്ത് യോങ്‌ബ്ലോയ്ഡ്.. മാനേജർ ആയിരുന്നപ്പോൾ പ്രിയപ്പെട്ട ശിഷ്യരിലൊരാൾ സുബിസാരേറ്റ.. കാൽപന്ത് കൈ കൊണ്ട് കളിക്കാൻ ശപിക്കപ്പെട്ടവരെ ശാപമോക്ഷം നൽകി ജീവിപ്പിച്ച് അവർക്ക് മുന്നോട്ടുള്ള വഴി കാണിച്ച ദൈവപുത്രൻ ആയിരുന്നു ജൊഹാൻ. ഈ ദൈവപുത്രന്റെ സുവിശേഷം പെപ് ഗാർഡിയോള എന്ന ശിഷ്യൻ 15 വർഷങ്ങൾക്ക് ശേഷം യൂറോപ്പ് ആകെ വിളംബരം ചെയ്തപ്പോൾ ലോകം സ്തബ്ദരായി. വിക്ടർ വാൽഡസ് ആയിരുന്നു ഈ സുവിശേഷത്തിന് ആദ്യ പ്രയോക്താവ്. അതുവരെ പിന്നിലായിരുന്ന ഗോൾകീപ്പർമാരുടെ ജീവിതം തന്നെ അതോടെ മാറി.. വെറും മാറ്റം എന്ന് പറഞ്ഞാൽ പോരാ.. സമഗ്രമായ മാറ്റം.. ഔട്ട്‍ഫീൽഡ് പ്ലേയർസിനേക്കാൾ ട്രാൻസ്ഫർ മാർക്കറ്റിൽ അവർക്കായി പോരാട്ടം തുടങ്ങി. എഡേഴ്‌സണെയും കെപ്പയെയും ലോകത്തെ ഏറ്റവും വിലയേറിയ താരങ്ങളാക്കി മാറ്റിയ ഘടകവും മറ്റൊന്നല്ല.

ബാർസയും വാൽഡസും തന്നെ ആയിരുന്നു തുടക്കം. പെപ്പിന്റെ ബാർസ കാലത്തിനുശേഷം ട്രോഫി ഒന്നും നേടാതെ ജെറാർഡോ മാർട്ടിനോയുടെ സീസണിൽ എത്തിയതോടെ ടീം അതിന്റെ കോർ പുതുക്കിപ്പണിയാൻ തയ്യാറാകുന്നു. വാൽഡസിന് പ്രായമായി. നീണ്ട പതിനൊന്നു വർഷത്തെ സേവനത്തിനുശേഷം അയാൾ ബാർസയോട് വിടപറയുകയാണ്. പേരുകേട്ട അറ്റാക്കിങ് ബ്രാൻഡിന്റെ കേളി ശൈലിയിലെ മുന്നേറ്റത്തിന്റെ ആദ്യ കണ്ണി വിട പറയുമ്പോൾ പകരക്കാരനെ തിരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെ ആവണമെന്ന് അന്നത്തെ സ്പോർട്ടിംഗ് ഡിപ്പാർട്ട്മെന്റ് നല്ല നിശ്ചയമുണ്ടായിരുന്നു. ഏറ്റവും രസകരമായ യാദൃശ്ചികത ആ നിയോഗം ലഭിച്ച സ്പോർട്ടിംഗ് ഡിപ്പാർട്ട്മെന്റ് തലവൻ ക്രൈഫിന് പ്രിയപ്പെട്ട സുബിസരേട്ടാ ആണെന്നതായിരുന്നു! അതിനാൽ തന്നെ മറ്റാരേക്കാൾ നന്നായി അദ്ദേഹത്തിന് തന്റെ ചുമതല അറിയാമായിരുന്നു. വാൽഡസ് പോകുന്നത് കാത്തുനിൽക്കാതെ നാളുകൾക്ക് മുൻപേ തന്നെ അദ്ദേഹത്തിന്റെ ടീം വാൽഡസിന് പകരക്കാരനായി വല വീശിയിരുന്നു.

പ്രതിഭകൾക്ക് ഒരുകാലത്തും പഞ്ഞമില്ലാത്ത ജർമനി അക്കാലത്ത് ഒരു മാസ്റ്റർ പ്രോജക്ടിൽ ആയിരുന്നു. 2002ൽ നഷ്ടമായ ലോകകപ്പ് കിരീടം പിടിച്ചെടുക്കാൻ ജോക്കി ലോ എന്ന പരിശീലകനെയും അവർ ചുമതലപ്പെടുത്തിയിരുന്നു. പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ സിസ്റ്റം പരാജയപ്പെട്ടാൽ പ്രയോജനമില്ലാതെ ആയിപ്പോകും. എന്നാൽ മറ്റ് ഏതു മേഖലയിലും കാണാവുന്നത് പോലെ ജർമൻ പ്രോജക്ടും കിടയറ്റതായിരുന്നു. അണ്ടർ 17 മുതൽ സീനിയർ ലെവൽ വരെ ഉൾക്കൊള്ളുന്ന ആ പ്രോജക്ട് ഫലം കണ്ടു തുടങ്ങിയിരുന്നു.

2008 യൂറോ കപ്പ് ഫൈനലിൽ സ്പെയിനോട്‌ തോറ്റെങ്കിലും 2009ൽ നടന്ന അണ്ടർ 17
യുവേഫ യൂറോ ചാമ്പ്യൻഷിപ്പിൽ ജർമ്മനി കിരീടംചൂടി. അന്നത്തെ ടൂർണമെന്റ് ലെ ഏറ്റവും മികച്ച താരം പിന്നീട് അഞ്ചു വർഷങ്ങൾക്ക് ശേഷം നിർണായക ഗോൾ നേടി ജർമൻ പ്രോജക്റ്റ് അതിന്റെ പൂർണ്ണതയിൽ എത്തിച്ചു ലോകകപ്പ് നേടിക്കൊടുത്തു. അന്ന് അണ്ടർ 17 യൂറോ കപ്പ് നേടിയ ടീമിൽ ഗോട്സെയോടൊപ്പം കളിച്ചവരിലൊരാൾ മാത്രമേ പിന്നീട് സീനിയർ ടീമിലേക്കും അതോടൊപ്പം യൂറോപ്പിലും മുൻ നിരയിലേക്ക് വന്നുള്ളൂ.. മാർക് ആന്ദ്രേ ടെർ സ്റ്റീഗൻ ! ഒരുപക്ഷെ കരിയർ അവസാനിക്കുമ്പോൾ ഗോട്സെയെക്കാൾ മുൻപിൽ ഫിനിഷ് ചെയ്യാൻ പോകുന്നത് ടെർ സ്റ്റീഗൻ ആയിരിക്കും…

മോൺചെൻഗ്ലാഡ്ബാഷിൽ ജനിച്ചുവളർന്ന ടെർ സ്റ്റീഗൻ ആ നഗരത്തെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. താൻ കളി പഠിച്ചു വളർന്ന ബൊറൂഷ്യ മോൺചെൻഗ്ലാഡ്ബാഷ് ക്ലബിന് വേണ്ടി കളിക്കുന്നത്‌ തന്നെയായിരുന്നു അയാളുടെ സ്വപ്നം. അതിനായി കഠിനമായ അധ്വാനം അയാൾ നടത്തിക്കൊണ്ടിരുന്നു. അണ്ടർ 17 യൂറോ കപ്പ് നേടിയ മിന്നും താരം സീനിയർ ടീമിലേക്ക് ആദ്യം വിളിക്കപ്പെടുന്നത് 2010-11 സീസണിലാണ്. അന്ന് റിസർവ് ടീമിലെ ഏറ്റവും മികച്ച താരമായിരുന്ന ടെർ സ്റ്റീഗൻ ഇടയ്ക്കിടെ പകരക്കാരുടെ കൂട്ടത്തിൽ വന്നുപോയിരുന്നു. എന്നാൽ സീനിയർ ടീം വളരെ മോശം സമയത്തിലൂടെ കടന്നുപോവുകയായിരുന്നു. റെലഗേഷൻ ഉറപ്പിച്ച ടീം ആടിയുലഞ്ഞു. മാനേജറിനു സ്ഥാനം നഷ്ടമായി. പകരം ഇന്നത്തെ ഡോർട്ട്മുണ്ട് മാനേജർ ഫാവ്റെ നിയമിതനായി. ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആയിരുന്ന ബെയ്‌ലിയുടെ പിഴവുകൾ ടീമിന്റെ അവസ്ഥയ്ക്ക് കാരണമായിരുന്നു. ഒരു പരിധി വിട്ടതോടെ ഫാവ്റെ റിസർവ്വ് ടീമിൽ നിന്ന് ടെർ സ്റ്റീഗനെ വിളിച്ചു വരുത്തി. അങ്ങനെ അയാൾ താൻ സ്വപ്നം കണ്ടിരുന്ന ജഴ്‌സി നേടിയെടുത്തു.

ടെർ സ്റ്റീഗൻ എത്തിയതോടെ അന്ന് വരെ കാണാതിരുന്ന ഉറപ്പ് പ്രതിരോധ നിര കാണിക്കാൻ തുടങ്ങി. എങ്കിൽ പോലും റെലഗേഷൻ ഒഴിവാക്കാൻ പറ്റുന്ന ദൂരത്തായിരുന്നില്ല. എന്നാൽ, പിന്നീട് സ്വപ്ന തുല്യമായ തിരിച്ചുവരവായിരുന്നു ലീഗിൽ മോൺചെൻഗ്ലാഡ്ബാഷിനും.. അവസാന 6 മാച്ചുകൾ മാത്രമാണ് ടെർ സ്റ്റീഗൻ കളിച്ചത്. 6 മാച്ചുകളിൽ എതിരാളികളിൽ 6ഉം ആദ്യ പത്തിൽ ഉള്ളവർ.. 3 പേർ ആദ്യ 5 ഇൽ ഉള്ളവർ.. 6 കളികളിൽ 4 ക്ളീൻ ഷീറ്റ് നേടി ഐതിഹാസിക കാമിയോ നടത്തി പ്ലെ ഓഫ് സ്പോട്ട് നേടിക്കൊടുത്തു അടുത്ത ലീഗിൽ സ്ഥാനം നേടിയെടുത്തതോടെ ആരാധകരും ആ താരോദയത്തെ തിരിച്ചറിഞ്ഞു. അതിലൊരു മാച് ചാമ്പ്യന്മാരായ ഡോർട്ട്മുണ്ടിനെതിരെ ആയിരുന്നു. ക്ലബ് മാനേജ്‌മെന്റിന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ഒന്നാം നമ്പർ ഗോൾകീപ്പറുടെ ഒന്നാം നമ്പർ ജേഴ്‌സിയിൽ ടെർ സ്റ്റീഗൻ എന്ന നാമം പഞ്ച് ചെയ്യപ്പെട്ടു.
പ്ലെ ഓഫ് കളിച്ചു എത്തിയ ടീം അടിമുടി മാറിയാണ് അടുത്ത സീസണിൽ ബുണ്ടസ്‌ലീഗയിൽ അവതരിച്ചത്. മാർകോ റോയസ്, ടെർ സ്റ്റീഗൻ, ഡാന്റെ എന്നിവരുടെ നേതൃത്വത്തിൽ മോൺചെൻഗ്ലാഡ്ബാഷ് ലീഗിൽ പടയോട്ടം നടത്തി. ലീഗിലെ ആദ്യ മത്സരം ബയേൺ മ്യൂണിച്ചിന് എതിരേയായിരുന്നു. ടെർ സ്റ്റീഗൻ ഒന്നാം ഗോളിയായി ഗ്ലാഡ്ബാഷിനു വേണ്ടി അരങ്ങേറ്റം കുറിച്ചപ്പോൾ അതിനോടകം തന്നെ പ്രശസ്തനായ മറ്റൊരാൾ അന്ന് മറുഭാഗത്ത് അരങ്ങേറ്റം കുറിച്ചു – മാനുവൽ നോയർ!
അവിശ്വസനീയമായ ആ കുതിപ്പിനൊടുവിൽ സീസണിൽ അവർ ചാമ്പ്യൻസ് ലീഗിന് യോഗ്യതയും നേടി എടുത്തപ്പോൾ 34 മത്സരങ്ങളിൽ 15 ക്ളീൻ ഷീറ്റുമായി ടെർ സ്റ്റീഗൻ അമരത്തു തന്നെയുണ്ടായിരുന്നു. അയാൾക്ക് പ്രായം 19 വയസ്!

ആന്റണി സുബിസരേറ്റയുടെ മുന്നിൽ അങ്ങനെ അയാളുടെ പേര് എത്തി. അങ്ങനെ ബാർസ ടെർ സ്റ്റീഗനെ ട്രാക്ക് ചെയ്യാൻ ആരംഭിച്ചു.
ലെവൻഡോവ്‌ഡ്‌കിയും ഗോട്സെയും വിട്ടു പോയിട്ടും ഡോർട്ട്മുണ്ട് ജഴ്‌സിയിൽ നിൽക്കുന്ന റോയസിന്റെ ചിത്രം വിശ്വസ്തത എന്ന പേരിൽ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത് കണ്ടിട്ടുണ്ട്. അതേ പോലെ ഒരു നിൽപ്പ് ടെർ സ്റ്റീഗനും നിന്നിട്ടുണ്ട്. റോയസ് ബൊറൂഷ്യയിലേക്കും ഡാന്റെ ബയേണിലേക്കും കൂടു മാറിയ സമയത്ത്.. അയാൾക്കു ആ നഗരത്തോടും ക്ലബിനോടും വല്ലാത്ത സ്നേഹമായിരുന്നു. അയാൾ ഗ്ലാഡ്ബാഷിനൊപ്പം തന്നെ നിന്നു. മറ്റൊരു സീസൺ കൂടെ പിന്നിട്ടപ്പോൾ സുബിസരേറ്റ തന്റെ തീരുമാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ബാർസ തങ്ങളുടെ സ്നേഹം പരസ്യമാക്കി തുടങ്ങിയെങ്കിലും റിപ്പോർട്ടുകളെ നിഷേധിച്ചു ടെർ സ്റ്റീഗൻ രംഗത്ത് വന്നു. തൽക്കാലം ഗ്ലാഡ്ബാഷ് വിട്ട് എവിടേയ്ക്കുമില്ല എന്ന പ്രസ്താവന എത്തിയതോടെ രംഗം ശാന്തമായി.

2013-14 സീസണിൽ ഒരിക്കൽ കൂടെ അയാളവരെ യൂറോപ്പ ലീഗിൽ എത്തിച്ചു. ആരാധകർക്കു അയാളൊരു സൂപ്പർ ഹീറോ ആയിരുന്നു. യൂറോപ്പിൽ തരംഗമായിരുന്ന ഡോർട്ട്മുണ്ട് ലീഗിൽ എവേ കളിക്കാൻ ഗ്ലാഡ്ബാഷിൽ എത്തുന്നു.
യൂർഗൻ ക്ളോപ്പ്‌ എന്ന ഐക്കോണിക് പരിശീലകന്റെ ഡോർട്ട്മുണ്ട് അന്ന് 27 ഷോട്ടുകൾ ആണ് ഉതിർത്തത്‌ !! 27 ഷോട്ടുകൾ.. എല്ലാം ആ 20 വയസുകാരൻ ചെക്കൻ തട്ടിയകറ്റി കളഞ്ഞു. അത് വിശ്വസിക്കാനാകാതെ സ്തബ്ധനായി നിൽക്കുന്ന ക്ളോപിന്റെ മുഖം ഓർമ്മയിൽ നിന്ന് മായുന്നില്ല. അത്ഭുതപ്പെട്ട് നിന്നവരുടെ കൂട്ടത്തിൽ പഴയ കൂട്ടുകാരൻ മാർക്കോ റോയസും ഉണ്ടായിരുന്നു. സുബിസാരേറ്റ ക്ഷമയോടെ നിൽക്കുകയായിരുന്നു. ഇത്തവണ അദ്ദേഹം നേരിട്ട് യാത്ര ചെയ്തു. നഗരത്തെ അതിരറ്റ് സ്നേഹിക്കുന്ന ആ ചെക്കനെ കൈക്കലാക്കുന്നത് അത്ര എളുപ്പമല്ല എന്റെ അദ്ദേഹത്തിന് അറിയാമായിരുന്നു. സുബിസരേറ്റയാണ് ടെർ സ്റ്റീഗനെ ബാഴ്സയിൽ ചേരാൻ സമ്മതിപ്പിക്കുന്നത്. തുടർന്ന് ലോക കപ്പിന് ശേഷം ബാർസയിൽ എത്തിയ ടെർ സ്റ്റീഗൻ അന്ന് ഒരു ആവശ്യം മാത്രമേ മുന്നോട്ട് വച്ചുള്ളു- “എനിക്ക് കളിക്കണം, എനിക്ക് ടീമിന്റെ ആദ്യ ഗോളി ആവണം”. സുബിസരേറ്റയ്ക്ക് രണ്ടാമത് ആലോചിക്കണ്ട ആവശ്യമുണ്ടായിരുന്നില്ല. തന്റെ മുന്നിൽ ഉള്ള അസാമാന്യ ടാലന്റ് അദ്ദേഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

ലൂയിസ് എൻറീക്കെയുടെ കീഴിൽ ടീം അഴിച്ചു പണി നടത്തുകയായിരുന്നു. ബാക് അപ്പ് ഗോളിയായി 2014 വേൾഡ് കപ് ഹീറോസിൽ ഒരാളായ ചിലിയൻ താരം ബ്രാവോയും എത്തി. നിർഭാഗ്യവശാൽ ലാ ലിഗയുടെ തുടക്കത്തിൽ ടെർ സ്റ്റീഗന് പരിക്കേൽക്കുകയും ലൂക്കോ ബ്രാവോയെ നിയോഗിക്കുകയും ചെയ്തു. തുടർന്ന് ചാമ്പ്യൻസ് ലീഗിലും കോപ്പ ഡെൽ റെയിലും സ്റ്റീഗൻ ബാർസയുടെ ഗോളിയായി. പെപ് ഗ്വാർഡിയോളയുടെ ബയേണിനെതിരെ സെമി ഫൈനൽ എവേ മത്സരത്തിൽ അസാമാന്യ പ്രകടനം പുറത്തെടുത്തു ടീമിനെ ഫൈനലിലേക്ക് അയക്കുകയും ബെസ്റ്റ് സേവ് പുരസ്കാരം നേടുകയും ചെയ്തു. ട്രെബിൾ നേട്ടത്തോടെ സ്വപ്നതുല്യമായ ആദ്യ സീസൺ.

ബാർസ പിന്നീട് താരതമ്യേന മോശം ഫോമിലേക്ക് പോയെങ്കിലും അപ്പോഴാണ് ടെർ സ്റ്റീഗൻ എന്ന വ്യക്തിയും ടെർ സ്റ്റീഗൻ എന്ന ഫുട്‌ബോളറും ബാർസയ്കും ആരാധകർക്കും വെളിപ്പെട്ടത് എന്ന് തോന്നിയിട്ടുണ്ട്. തുടർന്നുള്ള സീസണിൽ ചെറിയ പിഴവുകൾ വരുത്തി ആരാധകരുടെ വിമർശനം ഏറ്റു വാങ്ങിയതോടൊപ്പം ഒരു നല്ല പങ്ക് ആളുകളും ബ്രാവോയ്ക് പകരം ടെർ സ്റ്റീഗനെ വിൽക്കാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരുന്നതും ഓർമയുണ്ട്. അവിടെ നിന്നാണ് അയാളൊരു തിരിച്ചു വരവ് നടത്തുന്നത്. ഏറാറ്റിക് ഗോൾ കീപ്പർ എന്നതിൽ നിന്ന് പിന്നെയൊരു കയറ്റമായിരുന്നു. ലൂക്കോയുടെ അവസാന സീസണിലേക്ക് എത്തിയപ്പോൾ ടീമിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ.

വാൽവെർഡയുടെ 2 സീസണുകളിൽ അയാൾ അവിടെ നിന്നും പെർഫോമൻസ് ഉയർത്തുന്നത് കാണാൻ സാധിച്ചു. മെസ്സിയ്ക്ക് ശേഷം ടീമിലെ ഏറ്റവും മികച്ച പ്ലെയർ എന്നത് തന്നെ മികച്ച പ്ലെയർ എന്നതിന് തുല്യമായ വിശേഷണമാണ്. എന്നാൽ കഴിഞ്ഞ സീസണുകളിൽ അവിശ്വസനീയമാം വിധം അവിടെ നിന്നും ഗ്രാഫുയർത്തി. ബാർസ ടീമെന്ന നിലയിൽ തൃപ്തികരമല്ലാത്ത പ്രകടനം പുറത്തെടുക്കുമ്പോഴും ടീമിൽ തന്റെ സംഭാവന മെസ്സിയ്ക്കൊപ്പമെന്ന് ആരാധകർ വാഴ്ത്തുന്നതിലേക്ക് ആ ഗോൾ കീപ്പർ എത്തിച്ചു എന്നതാണ് അദ്‌ഭുതപ്പെടുത്തുന്നത്. ചാവി, ഇനിയേസ്റ്റ തുടങ്ങിയവരല്ലാതെ ആരെങ്കിലും ഇങ്ങനെയൊരഭിപ്രായം നേടിയെടുത്തിട്ടുണ്ടോ എന്നത് സംശയമാണ്. ടെർ സ്റ്റീഗന്റെ ഏറ്റവും ബ്രില്യന്റ് പെർഫോമൻസ് മെസ്സിക്കൊപ്പം ബാർസയുടെ മോശം സീസണുകളിലാണ് ഉണ്ടായത്. ടെർ സ്റ്റീഗൻ എന്ന കളിക്കാരനൊപ്പം ആ വ്യക്തിയുടെ അന്തഃസത്ത വെളിവാകുന്നത് ഇത്തരം അവസ്ഥകളിലാണ്. മാഷെറാനോ പണ്ട് പറഞ്ഞിട്ടുണ്ടല്ലോ.. പി എസ് ജിയോട് പൊരുതി നേടിയ വിജയം നേടിയ ആ രാത്രിയിൽ മുന്നോട്ട് പോകാൻ ആക്രോശിച്ച ടെർ സ്റ്റീഗനെ പറ്റി.. പത്തു പേരും മുന്നോട്ട് കുതിക്കുമ്പോൾ പിന്നിൽ ഒറ്റയ്ക്കു വല കാത്ത അമാനുഷികനെ പറ്റി.. പത്തു പേരിലും ആക്രമണം ഒടുങ്ങാതെ വന്നപ്പോൾ എതിർ ബോക്സിൽ ഓടിയെത്തുകയും ഒടുക്കം മൈതാന മധ്യത്തിൽ പന്ത് കൈകാര്യം ചെയ്യുന്ന പതിനൊന്നാമനെ നമ്മളും കണ്ടതാണ്.. ടെർ സ്റ്റീഗൻ “നമ്മൾ മരിക്കുന്നില്ല” എന്ന് ആർക്കുന്നിടത്ത് കാർലസ് പുയോളിനു ശേഷം ബാർസ കണ്ട ഏറ്റവും വീരനായ യോദ്ധാവ് ജന്മമെടുക്കുകയാണ്.. അന്ന് വിജയാരവങ്ങൾക്കിടയിൽ ആരും ശ്രദ്ധിച്ചില്ലെങ്കിലും അതിനു ശേഷം നമ്മളതിന് എത്രയോ വട്ടം സാക്ഷികളായി കഴിഞ്ഞിരിക്കുന്നു !!

ബാർസയ്ക്കായി ഇന്ന് അമാനുഷികനെ പോലെ പലപ്പോഴും ഒറ്റയ്ക്ക് പോരാടി വീഴുമ്പോഴും തിരിച്ചെത്തി ഓരോ തവണയും ബ്ലോഗ്രാന ക്രെസ്റ്റിനെ ഡിഫൻഡ് ചെയ്യുന്ന ടെർ സ്റ്റീഗനെ കാണുമ്പോൾ, ഒരറ്റത്തു നേട്ടങ്ങളിൽ നിന്നും പിറകോട്ടു വീണു പോയ ടീമിൽ വർഷങ്ങളോളം ഉറച്ചു നിന്ന് കോട്ട കാത്ത് ഒടുവിൽ വിശ്വവിഖ്യാതമായ നേട്ടങ്ങൾ കൊയ്ത് ചരിത്രത്തിന്റെ ഭാഗമായ പുയോളിനെ അല്ലാതെ മറ്റാരെയും ഓർമ വരുന്നില്ല. പീക്കെയുടെ വാക്കുകൾ തന്നെ കടമെടുക്കാം.. ‘THE GUARDIAN ANGEL’… കാവൽ മാലാഖ… അയാൾ വന്ന വഴികളെ പറ്റിയാണ് അധികവും പറഞ്ഞു വച്ചത്.. അയാളിലെ യോദ്ധാവിനെ അടയാളപ്പെടുത്തുന്നതും ഈ വഴികളാണ്..
ഒരുപാട് പോരാട്ടങ്ങൾ നടത്തിയൊരു ജനതയുടെ നിറങ്ങൾ നെഞ്ചിലണിയുമ്പോൾ അയാൾക് തോല്ക്കാനോ വിട്ടുകൊടുക്കാനോ ആവില്ല.. തോൽവി അയാൾക്കു മരണമാണ്.. അയാൾക്ക് മരിക്കാനാവില്ല..

We’re Barcelona… We wont die..

ഞങ്ങളുടെ കാവൽ മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ

]]>
https://staging.penyadelbarcakerala.com/birthday-wishes-to-the-guardian-angel-of-barcelona-marc-andre-ter-stegan/feed/ 0
ബാഴ്സയുടെ വീരേതിഹാസം യോഹാൻ ക്രൈഫിന് ജന്മദിനാശംസകള്‍ https://staging.penyadelbarcakerala.com/77th-birthday-to-the-legendary-johan-cryuff/ https://staging.penyadelbarcakerala.com/77th-birthday-to-the-legendary-johan-cryuff/#respond Sat, 25 Apr 2020 06:30:34 +0000 https://thejerseycollector.com/test/?p=3414 1965 ഇലെ ഒരു ശരത്കാല സായാഹ്നം, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി ക്ലാസ്സ്‌ എടുത്തു കൊണ്ടിരുന്ന ഒരു അദ്ധ്യാപകൻ ആംസ്റ്റർഡാം അരീനയിലേക്ക് ഒരു ചരിത്ര നിയോഗം എന്ന പോലെ വീണ്ടും കാലെടുത്തു വെക്കുകയാണ്. അയാക്സ് ആംസ്റ്റർഡാമിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കണമെന്ന ഒടുങ്ങാത്ത ആഗ്രഹുമായി വന്നു കയറിയ അദ്ദേഹത്തിന് മുന്നിൽ ഒരു വെല്ലുവിളി ഉണ്ടായിരുന്നു. എപ്പോഴും സിഗരറ്റു പുകച്ചു കൊണ്ടിരിക്കുന്ന ഒരിക്കലും സംസാരം നിർത്താത്ത തന്റെ പന്ത്രണ്ടാം വയസ്സിൽ മരിച്ചു പോയ അച്ഛന്റെ ആത്മാവിനോട് അക്കാദാമിയിലെ കിച്ചണിൽ ഇരുന്നു സംസാരിക്കുന്ന ഒരു ബീസ്റ്റിനെ മെരുക്കി തന്റെ വിപ്ലവത്തിന്റെ അമരക്കാരനാക്കുക എന്ന ധൗത്യം. ആ ബീസ്റ്റിനു ആ അദ്ധ്യാപകൻ പിതൃതുല്യൻ ആയി, ലോക ഫുട്ബാൾ സമവാക്യങ്ങളെ മാറ്റി മറിച്ച സമ്പൂർണ ഫുട്ബോളും അതിന്റെ ചുമലിലേറി കുതിച്ച അയാക്സ് ആംസ്റ്റർഡാമിന്റെയും ഡച്ച് കളിഴകിൽ ലോകത്തെ വിസ്മയിപ്പിച്ച ഹോളണ്ടിന്റെ ടോട്ടൽ ഫുട്ബോളിന്റെയും വിത്ത് പാകിയത് അവിടെ വെച്ചായിരുന്നു.
ക്രൈഫിന്റെ പ്രതിഭാ ജന്മസിദ്ധം ആയിരുന്നു, തനിക്ക് 12 വയസ്സുള്ളപ്പോൾ ക്രൈഫിനോടൊത്തു കളി കാണാൻ പോയത് സുഹൃത്ത്‌ ഓർക്കുന്നു, കളിയിൽ പിന്നിൽ നിൽക്കുന്ന ടീമിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാൽ ആണ് ടീമിന് ഗുണം ഉണ്ടാവുക എന്ന് ക്രൈഫ് സുഹൃത്തിനോട് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് കോച്ച് അതെ മാറ്റങ്ങൾ കളിക്കളത്തിൽ നടപ്പാക്കുന്നത്. മറ്റു ഇതിഹാസ താരങ്ങളിൽ നിന്നും ക്രൈഫ് പലപ്പോഴും വിത്യസ്തനാവുന്നത് കേളീ തന്ത്രങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപരിജ്ഞാനം തന്നെയാണ്. കളിയെ കുറിച്ചുള്ള തന്റെ ജന്മസിദ്ധമായ പ്രാവീണ്യം കോച്ചുമാരോടും സഹകളിക്കാരോടും വാക്-വാദങ്ങളിൽ ഏർപ്പെടാനും അവരിൽ ആധിപത്യം സ്ഥാപിക്കാനും ക്രൈഫിനെ സഹായിച്ചു. പ്രതിരോധ ഫുട്ബോളിന്റെ വിരസമായ കേളീ ശൈലിയെ വെറുത്ത അദ്ദേഹം ഫുട്ബോൾ ആസ്വാദനത്തിനുള്ളതാണെന്നും ആക്രമണാത്മക ഫുട്ബാൾ ആണ് യഥാർത്ഥ ഫുട്ബോൾ എന്ന് വിശ്വസിക്കുകയും അത് കളത്തിൽ നടപ്പിൽ വരുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ചിന്തകൾ പിന്നീട് ഒരു പുതുവിപ്ലവം ആയി രൂപപ്പെട്ടു.
1947 ഏപ്രിൽ 25 നു ആംസ്റ്റർഡാം അറീന യുടെ അടുത്ത് തന്നെയുള്ള തെരുവിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ഒരു തൊഴിലാളി വർഗ കുടുംബത്തിൽ ജനിച്ച അദ്ദേഹം ഫുട്ബോൾ ആരാധകനായ അച്ഛന്റെ സ്വാധീനത്തിൽ ഫുട്ബോൾ എന്ന മായാ വലയത്തിലേക്ക് ചെറു പ്രായത്തിൽ വഴുതി വീണു. എന്നാൽ പന്ത്രണ്ടാം വയസ്സിൽ ഉണ്ടായ അനുഭവം ആണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്. ഹൃദയാഘാതം മൂലം അച്ഛൻ മരിക്കുമ്പോൾ അദ്ദേഹത്തിന് വെറും പന്ത്രണ്ടു വയസ്സായിരുന്നു. ആവിശ്യത്തിന് പണം ഇല്ലാഞ്ഞതു കൊണ്ടാണ് അച്ഛന് ചികിത്സ ലഭിക്കാൻ വൈകിയത് എന്ന തിരിച്ചറിവ് അദ്ദേഹത്തിന് പണത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുത്തടൊപ്പം ഫുട്ബാൾ അതിലേക്കുള്ള ചവിട്ടു പടി ആണെന്നും ക്രൈഫ് മനസ്സിലാക്കി. തന്റെ വന്യമായ ആശയങ്ങൾ കൊണ്ടും ജനലക്ഷങ്ങളെ സ്വാധീനിച്ച ഊർജിത പ്രഭാവമുള്ള വ്യക്തിത്വം കൊണ്ടും ചരിത്രത്തിലേക്ക് നടന്നു കയറിയ ആ മഹാ മനീഷിയുടെ യാത്രയുടെ തുടക്കം ആയിരുന്നു അത്.
റീനുസ് മിഷേൽ അവലംബിച്ച ടോട്ടൽ ഫുട്ബോൾ ശൈലി ക്രൈഫും അദ്ദേഹത്തിന്റെ സഹകളിക്കാരായ പ്രതിഭാ ശാലികളും കളത്തിൽ പ്രാവർത്തികമാക്കാൻ തുടങ്ങിയതോടെ അയാക്സ് ആംസ്റ്റർഡാം ചരിത്രം തിരുത്തി തുടങ്ങി. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കാത്ത ജൈത്രയാത്ര ആയിരുന്നു. തുടർച്ചയായ മൂന്നു യൂറോപ്യൻ കിരീടങ്ങൾ നേടിയ അയാക്സിനു ലക്ഷണമൊത്ത എതിരാളികൾ വേറെ ഇല്ലായിരുന്നു ആ കാലത്തു. അയാക്സ് അനുവർത്തിച്ച ടോട്ടൽ ഫുട്ബോളിന്റെ ഉച്ചസ്ഥായിയായിരുന്നു 1974 ലോകകപ്പിൽ ഹോളണ്ടിലൂടെ ലോകം ദർശിച്ചത്. ലോകം ഇന്നേ വരെ കാണാത്ത പുതു ശൈലിയുമായി ക്രൈഫും കൂട്ടരും തകർത്തു കളിച്ചപ്പോൾ എതിരാളികളിൽ അമ്പരപ്പും ഫുട്ബോൾ ആരാധകരിൽ ആഹ്ലാദ തിമിർപ്പുമുണ്ടാക്കി. എതിരാളികളുടെ പകുതിയിൽ വെച്ചുള്ള പ്രെസിങ്ങിനാലും വേഗതയേറിയ വൺ ടു വൺ പാസിങ്ങിനാലും മൈതാനത്തിന്റെ ആഴം ഉപയോഗിച്ച് ഹോളണ്ട് താരങ്ങൾ സ്പേസ് തുടർച്ചയായി കണ്ടെത്തിയതോടെ എതിരാളികൾ ഒന്നൊന്നായി കീഴടങ്ങി. ലോകത്തിനു ആദ്യമായി സ്വീപ്പർ കീപ്പർ സംഭാവന ചെയ്ത ലോകകപ്പ് ആയിരുന്നു അത്. പ്രായവും വന്യതയും സമ്മേളിച്ച യാൻ യോങ്‌ബ്ലോയ്ഡിനെ ക്രൈഫ് ഗോൾ കീപ്പർ ആയി നിയമിച്ചപ്പോൾ നെറ്റി ചുളിച്ചവർ ഏറെയായിരുന്നു. എന്നാൽ ഒരു ഔട്‍ഫീൽഡ് പ്ലെയറിന്റെ കാൽചലന വൈദഗ്ധ്യം ഉപയോഗിച്ച് ഹോളണ്ടിലെ പതിനൊന്നാം ഔട്‍ഫീൽഡ് കളിക്കാരൻ ആയപ്പോൾ ലോകത്തെ ആദ്യത്തെ സ്വീപ്പർ കീപ്പർ അവിടെ പിറന്നു വീഴുകയായിരുന്നു. ഒടുവിൽ അമിതമായ ആത്മവിശ്വാസം മൂലം ചിരവൈരികളായ വെസ്റ്റ് ജർമനിയോട് തോറ്റു കണ്ണീരോടെ മടങ്ങിയെങ്കിലും ലോകകപ്പ് ചരിത്രം ഏറ്റവും സുന്ദരമായ ഫുട്ബോൾ കളിച്ച ടീം ആയി അവർ അറിയപ്പെടുന്നു.
ക്രൈഫ് നിരന്തരം കലഹിച്ചു കൊണ്ടേയിരുന്നു. ടീം മാനേജ്മെന്റിനോടും സഹകളിക്കാരോടും പലപ്പോഴും തന്നോട് തന്നെയുമുള്ള ക്രൈഫിന്റെ പെരുമാറ്റ രീതി അയാക്സിനെ സ്വന്തം സുവർണ പുത്രനെ റിയൽ മാഡ്രിഡിലേക്കു ട്രാൻസ്ഫർ ചെയ്യാൻ മാനേജ്മെന്റ് തീരുമാനിച്ചു. എന്നാൽ ഫാസിസ്റ്റു ഭരണത്തിന്റെ ചൊല്പടിയിലുള്ള മാഡ്രിഡിലേക്കു ചേക്കേറാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. ജനറൽ ഫ്രാങ്കോയുടെ കാറ്റാലൻ അധിനിവേശവും ആക്രമണവും രൂക്ഷമായ സമയമായിരുന്നു അത്. കാറ്റാലൻ ഭാഷ നിരോധിക്കുകയും കാറ്റാലൻ പേരുകൾ ഇടുന്നതു വിലക്കുകയും ചെയ്ത സമയം, അവരുടെ വിമോചന മുഖമായിരുന്നു ബാഴ്സലോണ ഫുട്ബോൾ ക്ലബ്. അടിച്ചമർത്തലിന്റെ നീറും പുകയും അവർ ക്യാമ്പ് നൗവിൽ ഇറക്കി വെച്ചു, ഓരോ കളിയും ക്യാമ്പ് നൗവിൽ ജനറൽ ഫ്രാങ്കോയുടെ ഭരണത്തിനെതിരെ ഉള്ള ജനപ്രക്ഷോഭം ആയി മാറി. ആ ബാഴ്സലോണ ആയിരുന്നു ക്രൈഫ് തെരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിൽ പിറകിൽ നിന്നും നാലാമത് ആയി സീസൺ അവസാനിപ്പിച്ച വർഷങ്ങൾ ആയി കിരീടങ്ങൾ ഇല്ലാത്ത ബാഴ്സലോണയിലേക്കു അക്കാലത്തെ ഏറ്റവും മികച്ച കളിക്കാരന്റെ കൂടു മാറ്റാം ഏറെ ആശ്ചര്യമുളവാക്കി.
അതിജീവനത്തിന്റെ ഫുട്ബോൾ മന്ത്രം മാത്രം കൈവശമുള്ള ബാഴ്സക്ക് അദ്ദേഹം തങ്ങളുടേതായ ഒരു ഫുട്ബോൾ ശൈലി രൂപപ്പെടുത്തി. ചരിത്രത്തിന്റെ പിൻകാല ചരിത്രത്തിൽ ഏറ്റവും മുഴങ്ങി നിന്ന ആ ശൈലിയുടെ ഉയർത്തെഴുന്നേൽപ്പിനു ആയിരുന്നു സാന്റിയാഗോ ബെർണാബയോയിലെ എൽ ക്ലാസിക്കോ തുടക്കം കുറിച്ചത്. ഫ്രാങ്കോയുടെ സില്ബന്ധികളുടെ സാന്നിധ്യത്തിൽ കളിയുടെ തുടക്കം മുതൽ ഒരു ബാലെ നർത്തകന്റെ ലാസ്യ ഭംഗിയോടെ ക്രൈഫ് അരങ്ങിൽ നിറഞ്ഞാടിയപ്പോൾ ബാഴ്സയുടെ ചരിത്രത്തിലെ ആദ്യ ല മാനിതാ ആണ് പിറന്നു വീണത്. വർഷങ്ങളായി മാഡ്രിഡിന്റെ പിറകിൽ കളിച്ചതിന്റെ നിഷ്കർഷബോധം സൃഷ്ടിച്ച മതിൽ അന്ന് വീണുടഞ്ഞു. കാറ്റാലൻ ദേശീയ നേതാക്കൾക്ക് വർഷങ്ങളായി ചെയ്യാൻ കഴിയാഞ്ഞത് ക്രൈഫ് ഒരു രാത്രി കൊണ്ട് ചെയ്തു എന്ന് പ്രശസ്ത പത്രമായ ‘ദി ടൈംസ് ‘ പിറ്റേന്ന് തങ്ങളുടെ കോളത്തിൽ എഴുതി. കാറ്റാലൻ നാടോടി കഥകളിലെ ഇതിഹാസം ആയി ക്രൈഫ് മാറി. കാറ്റാലൻസിന്റെ പുണ്യാളനായ സൈന്റ്റ്‌ ജോർഡിയോടൊപ്പം ക്രൈഫ് സ്ഥാനം പിടിച്ചു. പതിനാല് വർഷത്തിന് ആദ്യമായി ബാഴ്സ ലീഗ് കിരീടം ചൂടി.
എന്നാൽ 1978 ലോകകപ്പ് കളിക്കാൻ കൂട്ടാക്കാതെ ഇരുന്ന ക്രൈഫ് പതിയെ ജന്മനാട്ടിൽ അവിശുദ്ധനായി മാറുകയായിരുന്നു. 1981 ഇൽ ക്രൈഫ് തന്റെ കുട്ടിക്കാല ക്ലബ്ബിൽ തിരിച്ചെത്തി എങ്കിലും ആരാധകർ പൂർണമായും അദ്ദേഹത്തെ സ്വീകരിച്ചില്ല. എല്ലാം കഴിഞ്ഞു അദ്ദേഹത്തിന്റെ ഫുട്ബോൾ അസ്തമിച്ച ശേഷം തിരിച്ചു വന്നു എന്ന് അവർ സംശയിച്ചു, എന്നാൽ തിരിച്ചു വരവിലെ ആദ്യത്തെ കളിയിൽ തന്നെ ക്രൈഫ് എന്ന ഇതിഹാസത്തെ വാരിപ്പുണർന്നു, അവർ അത്രയേറെ അദ്ദേഹത്തിന്റെ കളിയെ സ്നേഹിച്ചിരുന്നു. ആദ്യ കളിയിൽ തന്നെ തന്റെ ഏറെ പ്രശസ്തമായ ക്രൈഫ് ടേണിലൂടെ രണ്ടു എതിരാളികളെ വിഡ്ഢികൾ ആക്കി കൊടുത്ത ലോബ് വലയിൽ ഇറങ്ങിയപ്പോൾ ആംസ്റ്റർഡാം അറീന ആർപ്പു വിളികളാൽ മുഖരിതമായി. അടുത്ത മൂന്നു വർഷം ആ ഇതിഹാസ താരത്തെ ഒന്നാസ്വദിക്കാൻ ഭ്രാന്തമായ ആവേശത്തോടെ കാണികൾ കൂട്ടം കൂട്ടമായി ഒഴുകി. 30 യാർഡ്സ് പാസ്സിലൂടെയും പെനാൽറ്റി പാസ്സ് ചെയ്തും മറ്റും തന്റെ കളി കാണാൻ വരുന്നവരെ അദ്ദേഹം അതിശയിപ്പിച്ചു കൊണ്ടിരുന്നു. അയാക്സ് ആംസ്റ്റർഡാം തുടർച്ചയായി രണ്ടു ലീഗ് കിരീടങ്ങൾ നേടി. തുടർന്ന് ഒരു സീസൺ അദ്ദേഹം ഫെയ്‌നൂർഥിലേക്കു കൂടു മാറി, തന്റെ അവസാന സീസൺ ഡൊമസ്റ്റിക് ഡബിളിലൂടെ ഇതിഹാസതുല്യമായി അവസാനിപ്പിച്ചു.
കളി നിർത്തിയ അദ്ദേഹം കോച്ചായി മൂന്നു വർഷം തന്റെ ബാല്യകാല ക്ലബായ അയാക്സിനെ പരിശീലിപ്പിച്ചു. വലിയ കിരീട ശേഖരങ്ങൾ അവകാശപ്പെടാനില്ലായിരുന്നെങ്കിലും റിന്യൂസ് മിഷേലിന് ശേഷം മൂല്യച്യുതി സംഭവിച്ച അയാക്സിന്റെ ഫിലോസഫിയെ അദ്ദേഹം പുനഃരുജ്ജീവിപ്പിച്ചു.
ബാഴ്‌സ ബോർഡ്‌ എടുത്ത ചരിത്ര പ്രധാനമായ തീരുമാനം ആയിരുന്നു ക്രൈഫിനെ തങ്ങളുടെ ടീമിന്റെ പരിശീലകനായി നിയമിക്കുന്നത്. റിന്യൂസ് മിഷേലിന്റെ ടോട്ടൽ ഫുട്ബോളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ ഫുട്ബോൾ ബാഴ്‌സ ആരാധകർ ആദ്യം അംഗീകരിച്ചിരുന്നില്ല. പലപ്പോഴും പത്ര സമ്മേളനം നടത്തി എന്ത് കൊണ്ടാണ് പിറകോട്ടു പാസ്സ് ചെയ്യുന്നത് തുടങ്ങിയ ടെക്നിക്കൽ വശങ്ങൾ അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വന്നു. തന്റെ നിർദേശ പ്രകാരം നടപ്പിൽ വരുത്തിയ ലാ മാസിയയിൽ നിന്നും മികവ് തെളിയിക്കുന്ന യുവ കളിക്കാർക്ക് അദ്ദേഹം സീനിയർ ടീമിൽ അവസരം കൊടുത്തു. അതിലേറ്റവും പ്രശസ്തനായിരുന്നു പെപ്പ് ഗാർഡിയോള എന്നാ ഡീപ് ലയിങ് പ്ലേ മേക്കർ. പതിയെ പതിയെ ക്രൈഫിന്റെ ഫിലോസഫി കളിക്കാർ കളത്തിൽ ഫലപ്രദമായി നടത്താൻ തുടങ്ങി. മുമ്പ് ക്രൈഫിന്റെ ഫിലോസഫിയെ വിമർശിച്ച ബാഴ്‌സ ആരാധകർ സുന്ദരമായ ഫുട്ബോളിന്റെ ചാരുതയിൽ മനം മയങ്ങി പോയി. വിജയങ്ങൾ വന്നു തുടങ്ങി, കൂടെ കിരീടങ്ങളും, അതി സുന്ദരമായ ഫുട്ബോളോട് കൂടി കിരീടങ്ങൾ നേടുന്ന ക്രൈഫിന്റെ ഡ്രീം ടീമിനെ ആധുനിക ഫുട്ബോളിന്റെ പ്രവാചകർ എന്ന് വിമർശകരും കളിയെഴുത്തുകാരും ഒരു പോലെ വിശേഷിപ്പിച്ചു. എതിരാളികൾ ഇല്ലാതെ കുതിച്ചു അവർ. എന്നാൽ അമിതമായ ആത്മവിശ്വാസം എന്നും ഒരു ബാധ്യത ആയിരുന്നു ക്രൈഫിനു. ചരിത്രമുറങ്ങുന്ന ഏതെൻസിന്റെ മണ്ണിൽ പ്രധാന കളിക്കാരുടെ അഭാവം മൂലം ദുർബലരായ ഏ സി മിലാനെ ഫൈനലിൽ നേരിടുന്നതിന് മുമ്പ് തന്നെ അദ്ദേഹം ബാഴ്സയുടെ വിജയം പ്രവചിച്ചു. എന്നാൽ കുശാഗ്ര ബുദ്ധിയായ കാപ്പെല്ലോ ബാഴ്സയുടെ അമിതമായ ആത്മവിശ്വാസത്തിനു മേൽ തന്റെ രഥം കൊണ്ട് വന്നു കയറ്റിയതോടെ അവിശ്വനീയമായെന്നോണം ബാഴ്സ തകർന്നടിഞ്ഞു. ചരിത്രത്തിന്റെ ഏറ്റവും മുന്നിൽ നിന്ന ഒരു ടീമിന്റെ തകർച്ചയുടെ തുടക്കം ആയിരുന്നു അത്. ഏതെൻസ് ക്രൈഫിനെ തകർത്തു, ടീമിൽ ഭ്രാന്തമായ ആശയങ്ങൾ നടപ്പിലാക്കാൻ തുടങ്ങി, ഇതിഹാസ താരങ്ങളുമായി അടിയുണ്ടാക്കി, ഒരിക്കൽ ഒരു ഔട്‍ഫീൽഡ് കളിക്കാരനെ പിടിച്ചു ഗ്ലോവ്സ് കൊടുത്തു ഗോൾകീപ്പർ നില്ക്കാൻ വരെ പറഞ്ഞു അദ്ദേഹം. പതിയെ കിരീടങ്ങൾ ബാഴ്സയുടെ ചിത്രത്തിൽ നിന്നും മാഞ്ഞു പോയി, ഒടുവിൽ ബാഴ്സ ക്രൈഫിനെ പുറത്താക്കി. ഒരു ചരിത്രം അവിടെ അവസാനിക്കുകയായിരുന്നു, പിന്നീട് അദ്ദേഹം ഒരു ടീമിന്റെ കോച്ച് ആയില്ല.
ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം, അതിലുപരി ഇതിഹാസ കോച്ചും, ഫുട്ബോൾ ചരിത്രത്തിൽ ഒരാൾക്ക് പോലും അവകാശപ്പെടാൻ പറ്റാത്ത നേട്ടം, തന്റെ കളി ദിനങ്ങളിൽ രണ്ടു ഫീറ്റ് കൊണ്ടും ലോകത്തെ വിസ്മയിച്ചപ്പോൾ തന്റെ അപാരമായ ഫുട്ബോൾ അറിവിനാൽ ആക്രമണാത്മക സുന്ദര ഫുട്ബോൾ കെട്ടഴിച്ചു അദ്ദേഹം ബാഴ്‌സയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ലെഗസി അതൊന്നുമല്ല, ക്രൈഫ് ആണ് ഫുട്ബോൾ ചരിത്രം പുനർനിർവചിച്ചതു, അദ്ദേഹം ടോട്ടൽ ഫുട്ബോളിന്റെ പ്രവാചകൻ ആയി മാറിയപ്പോൾ, അതിന്റെ സൗന്ദര്യത്തിൽ മയങ്ങി വീണ പിൻതലമുറ ആ കേളി ശൈലി ഏറ്റെടുക്കുകയായിരുന്നു. ഫുട്ബോൾ ആസ്വാദനത്തിനുള്ളതാണ് എന്ന മന്ത്രവുമേന്തി മാഴ്സലോ ബിയേൽസയും ആർസെൻ വെങ്കറും പെപ് ഗാർഡിയോളയും അരിഗോ സാച്ചിയും ലോയും ജൂർഗെൻ ക്ളോപ്പും ഒക്കെ ഇറങ്ങിയപ്പോൾ ഫുട്ബോൾ വീണ്ടും സുന്ദരമാവുകയായിരുന്നു. ബാഴ്സയുടെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള പേരാണ് അദ്ദേഹത്തിന്റെ. ല മാസിയയുടെ ഉദയവും പിൽക്കാലത്തു ബാഴ്സ കണ്ട സുവർണ ദിനങ്ങളിൽ ഒക്കെ നമുക്ക് അദ്ദേഹത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പെപ്പും ചാവിയും ഇനിയേസ്റ്റയും പുയോളും പിക്കെയും ബുസ്ക്കെറ്സും മെസ്സിയുമൊക്കെ ഒരു ജനതയ്ക്ക് നൽകിയ സംതൃപ്തി ക്രൈഫിന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി ആയിരുന്നു.
ഹോളണ്ട് എന്ന ഹിപ്പികളുടെ സുന്ദര കൊച്ചു രാജ്യത്തെ ലോക രാജ്യങ്ങൾക്കു മുമ്പിൽ അഭിമാനത്തോടെ കൊണ്ട് നിർത്തിയത് യോഹാൻ ക്രൈഫ് ആയിരുന്നു. ഇന്ത്യക്ക് താജ്മഹൽ എന്ന വിസ്മയം ലോകത്തു അഭിമാനം തീർക്കുമ്പോൾ ഹോളണ്ടിന് അത് യോഹാൻ ക്രൈഫ് ആണ്.
2016 ഏപ്രിൽ 24 നു തന്റെ വര്ഷങ്ങളായി അർബുദത്തോടുള്ള പോരാട്ടത്തിൽ അവസാനം പരാജയം സമ്മതിച്ചു തിരശീലക്കു പിറകിലേക്ക് മറഞ്ഞ യോഹാൻ ക്രൈഫിന്റെ 77 ആം ജന്മദിനം ആണ് ഇന്ന്. ബാഴ്സയുടെ വീരേതിഹാസത്തിനു ജന്മദിനാശംസകൾ നേരുന്നു.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/77th-birthday-to-the-legendary-johan-cryuff/feed/ 0
Introducing Cruyff’s Dream Team: റൊമാരിയോ ഡി സൂസ ഫെറിയ https://staging.penyadelbarcakerala.com/introducing-cruyffs-dream-team-romario-de-souza-faria/ https://staging.penyadelbarcakerala.com/introducing-cruyffs-dream-team-romario-de-souza-faria/#respond Mon, 20 Apr 2020 14:14:07 +0000 https://thejerseycollector.com/test/?p=3395 2016ൽ നടന്ന ഒരു അഭിമുഖത്തിൽ ബ്രസീൽ ഇതിഹാസം ഗേഴ്സനോട് റൊമാരിയോയ്ക്കും റൊണാൾഡോയ്ക്കും ഇടയിൽ മികച്ച കളിക്കാരനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. “റൊമാരിയോ” ഗേഴ്സൺ പ്രഖ്യാപിച്ചു. “അവൻ സാധാരണ കളിക്കാരനായിരുന്നില്ല,അസാധ്യ ബുദ്ധികൊണ്ട് മികച്ചവൻ ആയിരുന്നു.അദ്ദേഹത്തിന്റെ ഉയരം നോക്കൂ, ചിന്തകൾക്കും മുകളിലായിരുന്നു റൊമാരിയോ. തന്നെക്കാൾ രണ്ട് മീറ്റർ ഉയരമുള്ള എതിരാളിയെ പോലും അദ്ദേഹം നിഷ്പ്രഭമാക്കും.”

“അദ്ദേഹം നേടിയ ഗോളുകളിൽ തന്നെ ഭ്രാന്തമായ എന്തോ ഉണ്ടായിരുന്നു. ലോകകപ്പിൽ അവനും ബെബറ്റോയും മിഡ്‌ഫീൽഡിലേക്ക് ഇറങ്ങി, ബോൾ വീണ്ടെടുത്ത് ഗോളുകൾ നേടി. ഫലത്തിൽ അവർക്ക് മിഡ്ഫീൽഡ് പോലും ഉണ്ടായിരുന്നില്ല!”

“അന്ന് ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ‘നിങ്ങളും ബെബറ്റോയും കാരണമാണ് നമ്മൾ ലോകകപ്പ് നേടിയത്. നിങ്ങൾ രണ്ടുപേരും ഇല്ലാതെ, പ്രത്യേകിച്ച് നിങ്ങൾ ഇല്ലാതെ, ഇത് ശരിക്കും കഠിനമാകുമായിരുന്നു. നമ്മൾ ചിലപ്പോൾ ലോകകപ്പ് നേടുമായിരുന്നില്ല.’ ”

മേല്പറഞ്ഞ വാക്കുകളിൽനിന്ന് വ്യക്തമാണ്, റൊമാരിയോ കേവലമൊരു ഗെയിം ചെയ്ഞ്ചർ മാത്രമായിരുന്നില്ല, ഗോൾ സ്കോറിങ് എന്ന കലയിലെ ഒരു ബീസ്റ്റ് ആയിരുന്നു. 1993ൽ പി എസ് വി എന്തോവനിൽ നിന്ന് ബാഴ്സയിലെത്തി. 1993-94 സീസണിൽ 33 മത്സരങ്ങളിൽ നിന്ന് 30 ഗോൾ നേടി, 1942-43 സീസണ് ശേഷം ഒരു സീസണിൽ 30 ഗോൾ മാർക്കിലെത്തുന്ന ആദ്യ ബാഴ്സ കളിക്കാരനായി. ക്ലാസിക്കോയിൽ നേടിയ ഹാട്രിക്ക് ആയിരുന്നു അദ്ദേഹത്തിന്റെ ബാഴ്സ നാളുകളിലെ ഏറ്റവും മികച്ച മത്സരം. സെവിയ്യ, ഡിപോർട്ടിവോ എന്നിവയ്‌ക്കെതിരായ ഗോളുകളും നിർണായകമായിരുന്നു. ഡെപോർട്ടിവോയ്‌ക്കെതിരായ ഹെഡ് ടു ഹെഡ് റെക്കോർഡിനെ അടിസ്ഥാനമാക്കിയാണ് ബാഴ്സ ലീഗ് നേടിയത്. അവസാന ആഴ്ച വരെ ഡിപോർടിവോ ലീഗ് പട്ടികയിൽ മുന്നിലായിരുന്നു. പക്ഷെ അവസാന മത്സരത്തിൽ ഡീപോർട്ടീവോ വലെൻസിയയോട് പരാജയപെടുകയും, ബാഴ്സ 5-2ന് സെവിയ്യയെ തോൽപ്പിക്കുകയും ചെയ്ത് ലാ ലിഗാ കിരീടം ഹെഡ് ടു ഹെഡ് അടിസ്ഥാനത്തിൽ കരസ്ഥമാക്കി. മത്സരത്തിൽ സ്കോർ 2-2 ആയിരുന്നപ്പോൾ നിർണായകമായ മൂന്നാംഗോൾ നേടിയത് റൊമാരിയോ ആയിരുന്നു.

തന്റെ കരിയറിൽ എല്ലാത്തരം ഗോളുകളും അദ്ദേഹം നേടിയിരുന്നു, ഒപ്പം ബോക്സിനുള്ളിലെ സമർത്ഥമായ ചലനത്തിലൂടെയും പ്രശസ്തനായിരുന്നു. മൾട്ടി-ഡൈമെൻഷണൽ കഴിവുകൾ കാരണം ഗോൾകീപ്പർമാർക്ക് വൺ ഓൺ വൺ സാഹചര്യത്തിൽ പേടിസ്വപ്നമായിരുന്നു അദ്ദേഹം.

“ഞാൻ പരിശീലിപ്പിച്ച ഏറ്റവും മികച്ച കളിക്കാരൻ? അത് റൊമാരിയോ ആയിരുന്നു,” ക്രൈഫ് 2012 ൽ എൽ മുണ്ടോ ഡിപോർടിവോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അസാധാരണമായ സാങ്കേതികതയുള്ള അസാധാരണ കളിക്കാരനായിരുന്നു അദ്ദേഹം.”

2007ൽ പ്രൊഫഷണൽ ഫുട്ബോളിൽ 1000 ഗോളുകൾ നേടിയ ചുരുക്കം ചില കളിക്കാരിൽ ഒരാളായി റൊമാരിയോ മാറി. 1994 ലോകകപ്പിലെ സ്റ്റാർ ഗോൾസ്കോററായ അദ്ദേഹം 5 ഗോളുകൾ നേടി. ഗ്രൂപ് ഘട്ടത്തിൽ 3 തവണ വലചലിപ്പിച്ച റൊമാരിയോ പ്രീ ക്വാർട്ടറിലെ ഏക ഗോളിനു വഴിയൊരുക്കുകയും, ക്വാർട്ടർ ഫൈനലിൽ ഗോൾ നേടുകയും ചെയ്തു. സെമിഫൈനലിലെ ഏക ഗോൾ നേടി ബ്രസീലിനെ ഫൈനലിലേക്ക് നയിച്ചു. 1994 വേൾഡ്കപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ, മനംമയക്കുന്ന പ്രകടനത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു. ബാഴ്‌സലോണയിലും ബ്രസീൽ ദേശിയ ടീമിലും അദ്ദേഹം ചെലുത്തിയ സ്വാധീനം കണക്കിലെടുത്ത് 1994 ലെ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ അവാർഡിന് അർഹനായി. 1997ൽ ബ്രസീലിന്റെ കോപ്പ അമേരിക്ക, കോൺഫെഡറേഷൻ കപ്പ് വിജയങ്ങളിൽ നിർണായകപങ്കു വഹിച്ച റൊമാരിയോ, കോൺഫെഡറേഷൻസ് കപ്പിൽ ഗോൾഡൻ ഷൂ നേടി. ഈ ടൂർണമെന്റുകളിൽ റൊണാൾഡോയോടൊപ്പമുള്ള ‘റോ-റോ’ ആക്രമണം എതിരാളികളുടെ പ്രതിരോധനിരക്ക് നിരന്തരം ഭീതിപരത്തി. 1999ൽ ഫിഫ പ്ലെയർ ഓഫ് ദി സെഞ്ച്വറി ഇന്റർനെറ്റ് വോട്ടെടുപ്പിൽ റൊമാരിയോ അഞ്ചാം സ്ഥാനം നേടി.

റൊമാരിയോ ഒരിക്കൽ പറഞ്ഞു: “ദൈവം എന്നെ സൃഷ്ടിച്ചത് എന്റെ ഗോളുകളിലൂടെ ആളുകളെ ആനന്ദിപ്പിക്കാനാണ്” അതെ, ഈ വാക്കുകൾ ശെരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനവും.

©www.culesofkerala.com
Image courtesy: www.planetfootball.com

]]>
https://staging.penyadelbarcakerala.com/introducing-cruyffs-dream-team-romario-de-souza-faria/feed/ 0
ക്രൈഫിന്റെ ഡ്രീം ടീമിന്റെ ആദ്യ കിരീടത്തിന് 30 വയസ്സ്. https://staging.penyadelbarcakerala.com/30-years-since-the-copa-del-rey-win-that-started-the-glorious-dream-team-era/ https://staging.penyadelbarcakerala.com/30-years-since-the-copa-del-rey-win-that-started-the-glorious-dream-team-era/#respond Thu, 09 Apr 2020 13:12:35 +0000 https://thejerseycollector.com/test/?p=3319 റയൽ മാഡ്രിഡിനെതിരായ ഈ കോപ്പ ഡെൽറേ വിജയത്തിനുശേഷം, യൊഹാൻ ക്രൈഫ് പരിശീലിപ്പിച്ച ടീം തുടർച്ചയായി നാല് ലീഗ് കിരീടങ്ങളും യൂറോപ്യൻ കപ്പും നേടി.

1990 ഏപ്രിൽ അഞ്ചിന് മെസ്റ്റേയയിൽ നടന്ന ബാഴ്സലോണ റയൽ മാഡ്രിഡ് ഫൈനൽ മത്സരം പിച്ചിലെ കടുപ്പമേറിയ പോരാട്ടത്തിനും സ്റ്റാന്റുകളിലെ അതിയായ അഭിനിവേശത്തിനും സാക്ഷ്യം വഹിച്ചു.
മത്സരത്തിന്റെ 45ആം മിനിറ്റിൽ രണ്ടാം മഞ്ഞകാർഡ് വഴങ്ങി മാഡ്രിഡ് താരം ഹീയെറോ പുറത്തേക്ക് പോയത് മൂലം ബാഴ്സ രണ്ടാം പകുതിയിൽ വ്യക്തമായ ആധിപത്യം കരസ്ഥമാക്കി. ഗില്ലർമേ അമോർ നേടിയ ഗോളിൽ ലീഡ് നേടിയ ടീം ജൂലിയോ സലീനസിന്റെ അവസാനനിമിഷ ഗോളിലൂടെ കിരീടം ഉറപ്പിച്ചു.

മോശപ്പെട്ട ഒരു ലീഗ് കാമ്പെയ്‌നിന് ശേഷം, 1988ലെ കോപ്പ ഡെൽ റേ വിജയത്തോടെ ജോഹാന്റെ ഈ ഡ്രീം ടീം തങ്ങളുടെ ജൈത്രയാത്ര ആരംഭിച്ചു. അതിനുശേഷം തുടർച്ചയായി നാല് ലീഗ് കിരീടങ്ങളും വെംബ്ലിയിൽ നടന്ന യൂറോപ്യൻ കപ്പും ബാഴ്സ നേടി.

Courtesy: www.fcbarcelona.com
Translation: ©culesofkerala

]]>
https://staging.penyadelbarcakerala.com/30-years-since-the-copa-del-rey-win-that-started-the-glorious-dream-team-era/feed/ 0