Don Patricio – Penya Del Barca Kerala https://staging.penyadelbarcakerala.com World to express and explore the Barca spirit of playing and winning. Mon, 24 Jun 2019 03:18:00 +0000 en-US hourly 1 https://staging.penyadelbarcakerala.com/wp-content/uploads/2023/07/fav-100x100.png Don Patricio – Penya Del Barca Kerala https://staging.penyadelbarcakerala.com 32 32 ഡോൺ പട്രീഷ്യോ Part 4 https://staging.penyadelbarcakerala.com/don-patricio-part-4/ https://staging.penyadelbarcakerala.com/don-patricio-part-4/#respond Mon, 24 Jun 2019 03:18:00 +0000 https://thejerseycollector.com/test/?p=2839 വെറും നാലു കളിക്കാരുമായി മാത്രം തിരിച്ചെത്തിയ ഡോണിനും ക്ലബ് അംഗങ്ങൾക്കും ഇനി ക്ലബ്ബിനെ ആഭ്യന്തര ടൂർണ്ണമെന്റുകളിൽ കളിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ പുതിയ കളിക്കാരെ കണ്ടെത്തി വികസിപ്പിച്ചെടുക്കേണ്ടിയിരുന്നു. ഇതുകൂടാതെ റിപ്പബ്ലിക്കൻ സ്പെയിനിലെ പ്രധാന പ്രവിശ്യകളായ മാഡ്രിഡും വലൻസിയയും ഫ്രാങ്കോയുടെ പട്ടാളം പിടിച്ചെടുത്തതിനാൽ രണ്ടാം കൊല്ലം അവർക്ക് മെഡിറ്ററേനിയൻ ലീഗ് നടത്താൻ സാധിക്കില്ലായിരുന്നു. റിപ്പബ്ലിക്കൻ സ്പെയിനെന്നത് അപ്പോഴത്തേക്ക് വെറും വെറും ബാഴ്സലോണ പ്രവിശ്യ മാത്രമായി മാറിയിരുന്നു. അങ്ങനെ രണ്ടാം കൊല്ലം നടന്ന ചുരുങ്ങിയ മെഡിറ്ററേനിയൻ ലീഗ് “ലിഗാ കറ്റാലാന” എന്നറിയപ്പെട്ടു. അങ്ങനെ 1937 രണ്ടാം പകുതിയിൽ നവംബറിൽ തുടങ്ങി പതിവായി നടത്തപ്പെടുന്ന കറ്റാലൻ ചാമ്പ്യൻഷിപ്പും പിന്നെ ലിഗാ കറ്റാലാനയും രണ്ടും ഡോണിന്റെ കീഴിൽ പുതുതായി കൂട്ടി ചേർക്കപ്പെട്ട കളിക്കാരുമായി ബാഴ്സ ആ സന്തിഗ്ധഘട്ടവും തരണം ചെയ്തു ജേതാക്കളായി.പിന്നീട് 1938’ൽ യുദ്ധം മൂർച്ഛിച്ചപ്പോൾ റിപ്പബ്ലിക്കൻ സ്പെയിനിൽ അവശേഷിക്കുന്ന ബാഴ്സലോണ പ്രവിശ്യയിലെ ഫുട്ബോൾ ടൂർണമെന്റുകളും എന്നെന്നേക്കുമായി നിന്നു പോയിരുന്നു. ഒട്ടേറെ ചെറുത്തുനിൽപ്പുകൾക്കൊടുവിൽ 1939 ജനുവരി 26ന് അടിപതറിയ ബാഴ്സലോണ പ്രവിശ്യയെയും ഒടുവിൽ ഫ്രാങ്കോ കീഴടക്കി. ഫുട്ബോൾ നടത്തിപ്പ് അസംഭവ്യമായതോടെ പിന്നെ ഡോണും മാതൃനാട്ടിലേക്ക് ഒരിടവേള എടുത്തിരുന്നു. ഒടുവിൽ 1939ന്റെ അവസാനത്തോടെ ആഭ്യന്തരയുദ്ധം നിലച്ചപ്പോൾ ഫ്രാങ്കോയിസ്റ്റ് സ്പെയിനിൽ 1940’ൽ കാൽപന്ത് പിന്നെയും ഉരുണ്ടു തുടങ്ങി. പുതിയ കൊച്ചിനെ നിയമിക്കാൻ നിർബന്ധിതരായ ബാഴ്സയിൽ അതോടെ ഒരു കൊല്ലം മാത്രം സംതൃപ്ത ഫുട്ബോൾ കളിക്കാൻ വേണ്ടി ദൗർഭാഗ്യപെട്ട നീണ്ട നാല് കൊല്ലത്തെ ഡോൺ പട്രീഷ്യോ യുഗം അവസാനിച്ചു. പക്ഷേ കഷ്ടതകൾക്കിടയിലും അദ്ദേഹം ഒരു മെഡിറ്ററേനിയൻ ലീഗും, ഒരു ലിഗാ കറ്റാലാനയും, ഒരു കോപ്പ ഡെൽ റെ റണ്ണേഴ്സപ്പും, രണ്ട് കറ്റാലൻ ചാമ്പ്യൻഷിപ്പും നേടി മികവ് കാണിക്കുക തന്നെ ചെയ്തിരുന്നു.

പിന്നീട് മാസങ്ങൾക്കകം മഹാ വിപത്തായ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഡോൺ ഇടവേളക്ക് വിരാമമിട്ട് തന്റെ പോറ്റമ്മയായ സ്പാനിഷ് മണ്ണിലേക്ക് തിരിച്ചെത്തി. പക്ഷേ പ്രായം 55’നോടടുത്ത ഡോണിന് പഴയ ഊർജ്ജമെല്ലാം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എങ്കിലും ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം തെല്ലുപോലും കുറഞ്ഞിട്ടില്ലായിരുന്നു. പിന്നീട് രണ്ട് കൊല്ലം ബെറ്റിസിന്റെ കോച്ചായും(1940-42), മൂന്നു കൊല്ലം സെവിയ്യ’യുടെ കോച്ചായും (1942-45), പിന്നീടുള്ള നാലു കൊല്ലങ്ങളിൽ മുൻ ക്ലബ്ബുകളായ ബെറ്റിസിനെയും സന്റാന്ററിനെയും അദ്ദേഹം ഓരോ തവണ പിന്നെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇടക്കെപ്പോഴോ കിട്ടിയ ഒറ്റപ്പെട്ട അവസരങ്ങളിൽ അദ്ദേഹം സ്പാനിഷ് ദേശീയ ടീമിനെയും പരിശീലിപ്പിച്ചതായി പറയപ്പെടുന്നുണ്ട്. ഇതിൽ സെവിയ്യ ടീമിനൊപ്പം ഉണ്ടായിരുന്ന മൂന്നു കൊല്ലത്തിൽ ആദ്യ കൊല്ലം തന്നെ അതുവരെയുള്ള അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ ലാ ലിഗയിലെ രണ്ടാംസ്ഥാനം അദ്ദേഹം നേടിക്കൊടുത്തു. പിന്നീട് ഡോൺ തന്നെ വികസിപ്പിച്ചെടുത്ത ടീമിനെയാണ് അദ്ദേഹത്തിനുശേഷം പകരക്കാരനായി വന്ന റമോൺ ഡിയോസ് ആദ്യ വർഷം തന്നെ ചാമ്പ്യന്മാരാക്കിയത് (ഇന്നും സെവിയ്യയുടെ ചരിത്രത്തിലെ ഏക ലീഗ് ചാമ്പ്യൻഷിപ്പ്). പിന്നീട് 1949’ൽ അറുപത്തിയൊന്നാം വയസ്സിൽ പ്രായം ശരീരത്തെ തളർത്തി തുടങ്ങിയപ്പോൾ കോച്ചിംഗ് മേഖലയിൽനിന്ന് വിട്ടുനിന്നെങ്കിലും അദ്ദേഹത്തിലെ ഫുട്ബോളിനോടുള്ള അഭിനിവേശം ഒട്ടും ശമിച്ചിരുന്നില്ല. പിന്നീടങ്ങോട്ട് 1958 വരെയുള്ള ഒമ്പത് കൊല്ലങ്ങളിൽ അൻഡാലൂഷ്യൻ ക്ലബായ റിക്രിയേറ്റാവോ ഡി ഹ്യേൽവ’ക്ക് കളിക്കാരെ കണ്ടെത്തി കൊടുക്കുന്ന സ്കൗട്ട് ആയും പ്രവർത്തിച്ചു

ഒടുവിൽ 1958’ൽ സ്പാനിഷ് മണ്ണിലെ 36 കൊല്ലം നീണ്ട കാൽപന്തും തട്ടിക്കൊണ്ടുള്ള അവിശ്വസനീയമായ ജൈത്രയാത്രക്കൊടുവിൽ മഹത്തായ ആ ജീവിതമല്ലാതെ മറ്റൊന്നും സമ്പാദിച്ചിട്ടില്ലായിരുന്ന ഡോൺ ലണ്ടനിലെ സഹോദരന്റടുത്ത് അഭയം പ്രാപിച്ചു.
അതിനിടക്ക് അയർലൻഡിൽ നിന്ന് തന്റെ അച്ഛനെ തേടി സെവിയയ്യിലെത്തിയ മരുമകനെന്ന് ഡോൺ പൊതുജനത്തിന് പരിചയപ്പെടുത്തിയ യുവാവ് ശരിക്കും അദ്ദേഹത്തിൻറെ മകനാണെന്ന് കണ്ടുപിടിച്ച രണ്ടാം ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നു.
അദ്ദേഹം നേടിയെടുത്തതും നേടിക്കൊടുത്തതുമായ എല്ലാ മഹനീയതകൾക്കുമൊടുവിൽ ലണ്ടനിലെ തെരുവുകളിൽ ആരാരുമാലും തിരിച്ചറിയപ്പെടാതെയും ഒറ്റപ്പെട്ടും മുഴു പട്ടിണിയിലും അവസാന നാളുകൾ കഴിച്ചുകൂട്ടാനായിരിന്നു വിധി. ഒടുവിൽ ലണ്ടനിലെത്തി ഒരു കൊല്ലത്തിനു ശേഷം 1959 ജനുവരി 27ന് തന്റെ 72ാം വയസ്സിൽ ഡോൺ ഈ ലോകത്തോട് വിടപറഞ്ഞു. ലണ്ടനിലെ സെന്റ് പാൻക്രാസ് തെരുവിൽ
‘പാവപ്പെട്ടവരുടെ തെമ്മാടി പറമ്പിൽ’ അനാഥനായി അടക്കപ്പെടുമ്പോൾ അതിന് സന്നിഹിതനായ ഏകവ്യക്തി അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. അദ്ദേഹം സ്നേഹിച്ച കാൽപന്ത് കളിക്കോ നേടിയ അനശ്വരഥകൾക്കോ ഒന്നും അദ്ദേഹത്തിന് നല്ലൊരു യാത്രയയപ്പ് നൽകാൻ കഴിഞ്ഞില്ലായിരുന്നു.

അയർലൻഡിലെ ഡബ്ലിനിലെ ഒരു തൊഴിലാളിവർഗ്ഗ കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനായി പിന്നീട് യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബാകളിലൊന്നായ ബാഴ്സലോണയുടെ മാനേജറായി ആ ക്ലബ്ബിനെ ഒരുപക്ഷേ എന്നെന്നേക്കും അപ്രത്യക്ഷമാവുന്നതിൽ നിന്ന് അത്ഭുതകരമാം വിധം രക്ഷിച്ച അവിശ്വസനീയമായ പാഡിയുടെ ഈ ജീവിതകഥ ഒരുപക്ഷേ ഫുട്ബോളിൽ തീരെ താൽപര്യമില്ലാത്ത ആളുകളെ പോലും പിടിച്ചിരുത്തുന്ന നാടകീയതയാണ്.
ലണ്ടനിലേക്ക് തിരിക്കുന്നതിന് മുൻപൊരിക്കൽ അദ്ദേഹം സഹോദരനായ ലാറി’ക്ക് എഴുതിയ കത്തിൽ കുറിച്ച വാചകങ്ങൾ വളരെ ശരിയായിരുന്നു. “ഞാൻ സ്വയം അതിശയോക്തി പറയുന്നതല്ല, ഒരുപക്ഷേ എന്റെ സംഭാവനകൾ ഇല്ലായിരുന്നുവെങ്കിൽ ഈ നാട്ടിലെ ഫുട്ബോൾ ഇന്നീ കാണുന്ന നിലയിൽ ഒരിക്കലും എത്തിന്നിൽക്കുമായിരുന്നില്ല”. 38 വർഷങ്ങൾക്കു മുമ്പ് അദ്ദേഹം മറ്റൊന്നിനും വേണ്ടിയല്ലാതെ കാൽപന്തു കളിക്ക് വേണ്ടി മാത്രം സ്പാനിഷ് മണ്ണിലേക്ക് കടൽ കടന്നുവരുമ്പോൾ അവിടെ കാൽപ്പന്ത് തട്ടി കളിക്കാൻ വേണ്ടി മാത്രം പുൽമൈതാനങ്ങൾ കൂടിയില്ലായിരുന്നു. അവിടെ നിന്ന് അദ്ദേഹം അവതരിപ്പിച്ച കാലങ്ങൾ പിന്നോട്ട് താണ്ടിവന്ന നൂതനമായ പരിശീലന രീതികളും, പ്ലേയിങ്ങ് സ്റ്റൈലും, മുൻപെങ്ങും അവരറിഞ്ഞിട്ടില്ലാത്ത പ്രൊഫഷണൽ സമീപനവുമാണ് പിന്നീട് ആ നാട്ടിൽ പോലും ആരാലും തിരിഞ്ഞു നോക്കാനില്ലാത്ത കായിക കലയിൽ നിന്ന് സ്പാനിഷ് ഫുട്ബോളിനെ ലോകമെങ്ങും മേൽവിലാസമുള്ള അന്നാട്ടിലെ ജനപ്രിയ കായിക കലയാക്കി മാറ്റിയത്.

അദ്ദേഹം ഫുട്ബോളിനെ സ്നേഹിച്ചത് ഒന്നിനും വേണ്ടിയായിരുന്നില്ല. അദ്ദേഹം ഫുട്ബോൾ കളിച്ചതും ജീവിച്ചതും പണക്കാരനാവാനും വേണ്ടിയായിരുന്നില്ല. അദ്ദേഹം സ്നേഹിച്ചത് ഫുട്ബോളിനെ മാത്രമാണെന്ന് വേണം കരുതാൻ. അദ്ദേഹത്തിന്റെ ഏക പ്രണയം ! അദ്ദേഹത്തിന്റെ സ്വകാര്യജീവിതം എടുത്തുനോക്കിയാൽ അദ്ദേഹത്തെ സ്നേഹിച്ചവരെ എല്ലാവരെയും അദ്ദേഹം ചതിച്ചിട്ടേയുള്ളൂ. അത് ആദ്യ ഭാര്യയും കുടുംബവും ആയിരുന്നാലും രണ്ടാംഭാര്യ ആയിരുന്നാലും ഒരുപോലെ. പക്ഷേ അത് പണത്തിനും സുഖത്തിനും വേണ്ടിയുള്ള മോഹം കൊണ്ടായിരുന്നില്ല. തന്റെ ആദ്യപ്രണയമായ കാൽപന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശമൊന്നുകൊണ്ട് മാത്രം. അദ്ദേഹം അദ്ദേഹത്തിൻറെ പ്രിയപ്പെട്ടവർക്ക് വില്ലനായിരുന്നു പക്ഷേ കാൽപന്തുകളിയുടെ ലോകത്ത് അദ്ദേഹത്തെക്കാളും വലിയ ഐതിഹാസിക ജീവിതം നയിച്ച ഹീറോ ഉണ്ടോയെന്നത് സംശയമാണ്.

ശരിയാണ് ഈ അനിശ്ചിതത്വത്തിന്റെ ഭൂഗോളത്തിൽ തീർത്തും ശരിയായ ഭാവി പ്രവചിക്കുക അസാധ്യമാണ്, എന്നാലും ഒന്നു ചിന്തിച്ചുനോക്കൂ ഭൂമിയിൽ പന്തുരുളുന്നിടത്തോളം കാലം സ്വർഗ്ഗത്തിൽ വാഴ്ത്തപ്പെടുന്ന മഹനീയമായ നേട്ടം വെറും രണ്ടാം കിട ടീമായ ബെറ്റിസിന് പൊരുതി നേടി കൊടുത്ത ഡോണിന് ബാഴ്സയിൽ എത്ര മഹനീയമായ നേട്ടങ്ങൾ കൊയ്യാൻ കഴിയുമായിരുന്നു. ആദ്യം കോച്ച് ചെയ്ത ആഷിംഗ്ടണിന് കഴിയാവുന്ന മികച്ച സ്ഥാനം നേടിക്കൊടുത്തു, പിന്നെ കടൽ കടന്നുവന്ന് തീർത്തും അന്യമായ സ്പാനിഷ് മറുനാട്ടിൽ പുത്തൻ ടീമായ റേസിംഗ് സന്റാന്ററിന് ആ നാട്ടിലെ അധികായരായ ക്ലബ്ബുകളോട് പോരാടി ഒരിക്കലും വിലമതിക്കാനാവാത്ത മഹനീയമായ മേൽവിലാസം നേടിക്കൊടുത്തു, കുഞ്ഞൻ ക്ലബ്ബായ റിയൽ ഒവൈഡോ’യെ രണ്ടാം ഡിവിഷൻ ചാമ്പ്യന്മാരാക്കി സ്പെയിനിലെ തലതൊട്ടപ്പൻ ടീമുകളുടെ ഒന്നാം ഡിവിഷനിലേക്ക് തലയെടുപ്പോടെ നടന്നുകയറ്റി, പിന്നീട് ബെറ്റിസിലെ അനശ്വര നേട്ടം. ഇതിനൊക്കെ ശേഷം അദ്ദേഹം നടന്നെത്തിയ ബാഴ്സയിൽ വാഗ്ദാനം ചെയ്ത ആ മഹത്തരമായ യുഗത്തിന്റെ വെള്ളി പടിയുടെ അരികോളം അദ്ദേഹം ആദ്യ സീസണിൽ കുതിച്ചെത്തിയില്ലേ !?.. ഒന്നുമില്ലായ്മയിൽ നിന്ന് ആദ്യ സീസണിൽ കറ്റാലൻ ചാമ്പ്യൻഷിപ്പും, കോപ്പ ഡെൽ റെ റണ്ണേഴ്സ് അപ്പും, ലാലിഗയിൽ മുന്നത്തേതിൽനിന്ന് മെച്ചപ്പെട്ട സ്ഥാനവും അദ്ദേഹം ആദ്യ സീസണിൽ ആ യുവ ടീമിനെ വെച്ച് കൊയ്തു. അദ്ദേഹം വാഗ്ദാനം ചെയ്ത മഹത്തരമായ യുഗം എന്ന ശോഭനമായ ഭാവിയിലേക്കുള്ള ദൂരത്തിൽ പകുതിയോളം താണ്ടി ആ സ്വപ്നം കണ്ണകലത്തെത്തിച്ചു. പക്ഷേ നരാധമനായ വിധി തന്റെ മുന്നിൽ വെച്ച് ആ സ്വപ്നത്തെ പിച്ചി ചീന്തിയപ്പോൾ തളരാതെയും ഒളിച്ചോടാതെയും പോരാടി നിന്ന് ജനങ്ങളുടെ പ്രതീക്ഷയായ ഈ ക്ലബ്ബിന്റെ നാമിന്നു കാണുന്ന മഹത്തരമായ നേട്ടങ്ങളുടെ യുഗത്തിന്റെ പുലരിക്ക് ജന്മം കൊടുത്തു. അദ്ദേഹം കളിപ്പിച്ചു നേടിത്തരുമെന്ന് വാഗ്ദാനം ചെയ്ത മഹത്തരമായ യുഗത്തിനേക്കാളും സ്വന്തം ജീവൻ പണയം വെച്ച് അദ്ദേഹം പോരാടി നൽകി പുനർജന്മം കൊടുത്ത ക്ലബ്ബിൻറെ ഇന്നത്തെ മഹത്തരമായ യുഗത്തിനാണ് അദ്ദേഹത്തിനോട് എത്ര ജന്മമെടുത്താലും പറഞ്ഞു തീരാത്തത്ര കടപ്പാടുള്ളത്. മെസ്സി, ക്രൈഫ്, ഗാർഡിയോള, സാവി, ഇനിയെസ്റ്റ, പുയോൾ, എന്നിവരെല്ലാമടങ്ങുന്ന ബാഴ്സയിൽ കളിച്ചും കോച്ച് ചെയ്തുമെല്ലാം ക്ലബ്ബിന് മഹത്തരമായ യുഗങ്ങൾ സമ്മാനിച്ച അനശ്വരരേക്കാൾ ഒരു പക്ഷേ ലോകം കൂടുതൽ ബാഴ്സയെ അറിയേണ്ടത് ദി ഗ്രേറ്റ് മൈസ്ട്രോ ” പാട്രിക് ഒ’കോണൽ ” എന്ന ഡോണിന്റെയും കൂടി പേരിലാണ്. വളരെ വൈകി മാത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തിൽ ഒരു കൂട്ടം ചെറുപ്പക്കാരാൽ വീണ്ടെടുത്ത വിസ്മൃതിയിലാണ്ട ഡോണിന്റെ അനശ്വരമായ കഥയുടെ ബാക്കിപത്രമെന്നോണം 2015’ൽ ആ മഹനീയതയെ “ഹാൾ ഓഫ് ഫേം” വിശിഷ്ടതയിൽ ഉൾപ്പെടുത്തി ക്ലബ് ആദരിച്ചു. അദ്ദേഹത്തിന്റെ വെങ്കല പ്രതിബിംബം ഇന്ന് ബാഴ്സ മ്യൂസിയത്തെ അലങ്കരിക്കുന്ന പ്രധാന വിശിഷ്ടതകളിലൊന്നാണ്.

പാഡിയെ പോലുള്ള ആളുകളുടെ പ്രതിബദ്ധതയും അടങ്ങാത്ത അർപ്പണബോധവും ആർക്കെങ്കിലും തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, പിന്നെ
എന്തുകൊണ്ടാണ് എഫ്.സി ബാർസലോണ എന്ന ഈ ക്ലബ്ബ് “Mes Que Un Club” എന്ന് വിളിക്കപ്പെടുന്നതെന്ന് അവർക്ക് ഒരിക്കലും മനസിലാകില്ല. അതുകൊണ്ട് നമ്മുടെ ഈ ക്ലബ്ബ് നിലനിൽക്കുന്നിടത്തോളം കാലവും ഫുട്ബോൾ ഈ ഭൂമിയിൽ ഉരുളുന്നിടത്തോളം കാലവും ഒന്നിനും വേണ്ടിയല്ലാതെ കാൽപന്തുകളിക്ക് വേണ്ടി മാത്രം ജീവിച്ചു മരിച്ച മഹാനായ ഡോൺ പട്രീഷ്യോ’യുടെ നാടകത്തെ പോലും വെല്ലുന്ന ജീവിതകഥ എല്ലാവരിലേക്കും പാറിപ്പറക്കട്ടെ.

” REST IN PEACE ❤ GREAT SOUL ”

[4/4]

(അവസാനിച്ചു !! )

]]>
https://staging.penyadelbarcakerala.com/don-patricio-part-4/feed/ 0
ഡോൺ പട്രീഷ്യോ Part 3 https://staging.penyadelbarcakerala.com/don-patricio-part-3/ https://staging.penyadelbarcakerala.com/don-patricio-part-3/#respond Mon, 24 Jun 2019 03:15:23 +0000 https://thejerseycollector.com/test/?p=2837 വേനലവധിയിൽ നിന്ന് തിരിച്ചെത്തിയ ഡോൺ 1935-36 സീസണിലെ ബാഴ്സയുടെ കോച്ചായിട്ട് ചുമതലയേറ്റു. ബാഴ്സയുടെ മാനേജ്മെന്റിന് ഡോണിന്റെ രീതികളിൽ വളരെ ഇഷ്ടപ്പെട്ടത് അന്നുവരെ തങ്ങൾക്കുണ്ടായിട്ടുള്ള കോച്ചുമാരിൽ ആർക്കും തന്നെയില്ലാതിരുന്ന പ്രൊഫഷണൽ സമീപനമായിരുന്നു. അദ്ദേഹം മുൻപ് പരിശീലിപ്പിച്ചിരുന്ന ക്ലബ്ബുകളിൽ മുൻപെങ്ങും പരിചയമില്ലാത്ത ഒരു പ്ലെയിങ് സ്റ്റൈൽ സ്ഥിരമായി ഉപയോഗിച്ചതും, ബ്രിട്ടീഷ് മുറയിലുള്ള കഠിനമായ പരിശീലന രീതികളും, ടാക്ടിക്കൽ മികവും, ഒപ്പം കളിക്കാരുടെ ഭക്ഷണക്രമവും ഉറക്കവും വരെയും തികഞ്ഞ അച്ചടക്കത്തോടെ നിയന്ത്രിച്ച അദ്ദേഹത്തെക്കുറിച്ച് എല്ലാവരിലും വളരെ വലിയ മതിപ്പായിരുന്നു. അതുകൊണ്ടാണ് 1935’ൽ പുതുതായി ചുമതലയേറ്റ ബാഴ്സ പ്രസിഡന്റ് ജോസപ് സുന്യോൾ ദിവസങ്ങൾക്കകം ഡോണിനെ ബാഴ്സയിൽ എത്തിച്ചത്. ബാഴ്സയുടെ കോച്ചായി അധികാരമേറ്റതിനു ശേഷം അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ എടുത്തു പറഞ്ഞതിതാണ് “ഞാനിവിടെ വന്നത് ബാഴ്സയുടെ ഏറ്റവും മഹത്തരമായ യുഗത്തിൻറെ മുഖമുദ്രയാവാൻ വേണ്ടിയിട്ടാണ്” . തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനെ പറ്റി അദ്ദേഹത്തിന് അതിശയകരമായ അഭിനിവേശവും അതിനേക്കാളേറെ ഉറച്ച നിശ്ചയദാർഢ്യവും ഉണ്ടായിരുന്നെന്ന് വ്യക്തം. പക്ഷേ പിന്നീടെന്തു സംഭവിച്ചു !?.. അദ്ദേഹം അത് നേടിയോ ?!

ഡോൺ വരുന്നതുവരെ ബാഴ്സയുടെ അന്നത്തെ സമീപഭാവിയിൽ ഉള്ള കൊച്ചുമാർക്കൊന്നും ക്ലബ്ബിനുവേണ്ടി കാര്യമായുള്ള നേട്ടങ്ങളൊന്നും നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. ആദ്യ സീസണിൽ തന്നെ അദ്ദേഹം ബാഴ്സയെ ഒരുപാട് മുന്നോട്ട് കൊണ്ടെത്തിച്ചു. ആഭ്യന്തര യുദ്ധത്തിനു മുന്നേ അന്നത്തെ സ്പെയിനിലെ പ്രമുഖ ടൂർണമെന്റായ “കാമ്പ്യോണാ ഡി കറ്റാലുന്യ” (കറ്റാലൻ ചാമ്പ്യൻഷിപ്പ്) അദ്ദേഹത്തിന്റെ കീഴിൽ ടീം ആദ്യ സീസണിൽ തന്നെ നേടി. കൂടാതെ ഇന്നും സ്പെയിനിലെ പ്രൗഢിയുടെ അടയാളമായ പ്രശസ്ത “കോപ്പാ ഡെൽ റെ” (സ്പാനിഷ് കപ്പ്) ടൂർണമെന്റിൽ ഫൈനലിലെത്തി റണ്ണേഴ്സ് അപ്പായി അവസാനിച്ചു. ലാ ലിഗയിലാവട്ടെ മുൻ സീസണിലെ ആറാം സ്ഥാനത്ത് നിന്ന് ഒരു പടി കൂടി കയറി അഞ്ചാം സ്ഥാനത്തായി മെച്ചപ്പെട്ട സ്ഥാനം നേടിയെടുത്തു. അങ്ങനെ ഡോൺ വാഗ്ദാനം ചെയ്ത പോലെ എല്ലാ അർത്ഥത്തിലും ഒരു മഹത്തരമായ യുഗത്തിലേക്കുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു ആ സുന്ദരമായ യുവ ടീം നടത്തിയത്. വരാനിരിക്കുന്ന വർഷങ്ങളിൽ ആ യുവ ടീം ഒരുപാട് ഉയരങ്ങൾ കീഴടക്കും എന്ന് സൂചനകൾ തന്ന വാഗ്ദാനം. പക്ഷേ…….!?

അങ്ങനെ താരതമ്യേന സംതൃപ്തമായ ഒരു സീസണിനു ശേഷം അടുത്ത സീസണിന്റെ തയ്യാറെടുപ്പുകൾക്ക് മുന്നേ അവധിക്കാലം ആഘോഷിക്കാൻ ഡോൺ മാതൃരാജ്യത്തേക്ക് തിരിച്ചു. പക്ഷേ വിധി കാത്തുവച്ച കറുത്ത അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു ആ കാലഘട്ടത്തിൽ സംഭവിച്ചത്. എല്ലാവരുടെയും ജീവിതം തലകീഴായി മറിച്ച വിധി. അല്ല, ക്രൂരനായ വിധികർത്താവ് സ്വേച്ഛാധിപതിയായ ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോ. റിപ്പബ്ലിക്കൻ സ്പെയിനിലെ ഭരണം പിടിച്ചെടുക്കണമെന്ന് അത്യാഗ്രഹിച്ച ഫ്രാങ്കോ തന്റെ പട്ടാളവുമായി സൈനിക അട്ടിമറി നടത്തി ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളാൽ രൂപംകൊണ്ട ‘പോപ്പുലർ ഫ്രണ്ട്’ ഗവൺമെന്റിനെ ഇല്ലാതാക്കി സ്പെയിനിനെ തന്റെ കാൽക്കീഴിലാക്കാൻ ശ്രമിച്ചു. പക്ഷേ 1936 ജൂലൈ 17’ന്, സംഭവിച്ച ആ അട്ടിമറി ശ്രമം പൂർണ്ണമായും ഒരു വിജയമായിരുന്നില്ല ഫ്രാങ്കോയുടെ കീഴിലുള്ള നാഷണലിസ്റ്റുകൾക്ക് (വലതു പക്ഷ കൂട്ടർ) സ്പെയിനിലെ ഒരു ചെറിയ ശതമാനം ഭാഗം മാത്രമേ അവരുടെ വരുതിയിലാക്കാൻ കഴിഞ്ഞുള്ളു. അങ്ങനെ ജനറൽ ഫ്രാങ്കോയും നാഷണലിസ്റ്റുകളും റിപ്പബ്ലിക്കൻ ഗവൺമെന്റിനെതിരെ അവരുടെ കീഴിലുള്ള പ്രദേശങ്ങൾ പിടിച്ചടക്കാനായി ആ പ്രദേശങ്ങളിലും രാഷ്ട്രീയ സംഘടനകൾക്കെതിരെയും ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. ഇതായിരുന്നു കുപ്രസിദ്ധമായ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ തുടക്കം. റിപ്പബ്ലിക്കൻ ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ മൂന്ന് പ്രമുഖ നഗരങ്ങളാണ് ഉണ്ടായിരുന്നത് – മാഡ്രിഡ്, ബാഴ്സലോണ, വലൻസിയ. പിന്നെ അതിന്റെ പരിസര പ്രദേശങ്ങളിലുള്ള കുറേ നാട്ടിൻപുറങ്ങളും കൂടാതെ ലെവാന്റെ തീരവും. അതേസമയം ഫ്രാങ്കോയുടെ അധീനതയിലടങ്ങിയ പ്രദേശങ്ങളിലുള്ള ലാ ലിഗ ക്ലബുകളെല്ലാം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി കഴിഞ്ഞിരുന്നു. അതിൽ റേസിംഗ് സന്റാന്റർ, റിയൽ ഒവൈഡോ, റിയൽ ബെറ്റിസ് എന്നീ ഡോണിന്റെ മുൻകാല ക്ലബ്ബുകളെല്ലാം അടങ്ങിയിരുന്നു.

സ്പെയിനിലെ ഭയപ്പെടുത്തുന്ന രക്ത കലുഷിതമായ യുദ്ധവും തന്റെ മുൻ ക്ലബ്ബുകളുടെ പരിതാപകരമായ അവസ്ഥയുമെല്ലാം ഡോൺ തന്റെ മാതൃരാജ്യമായ അയർലൻഡിലെ അവധിക്കാലത്തിനിടയിൽ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടായിരുന്നു. ഫ്രാങ്കോയുടെ പട്ടാളത്തിന്റെ ക്രൂരമായ ആക്രമണത്തിൽ റിപ്പബ്ലിക്കൻ പ്രദേശങ്ങളെല്ലാം ദാരുണമായി നരകിച്ചു. തന്റെ രാഷ്ട്രീയ പ്രതിയോഗികളായ പോപ്പുലർ ഫ്രണ്ടിന്റെയും ഇടതുപക്ഷത്തിന്റെയും അനുഭാവികളെയും അംഗങ്ങളെയും നേതാക്കളെയുമെല്ലാം ഫ്രാങ്കോയും അദ്ദേഹത്തിന്റെ കൂട്ടാളികളും തിരഞ്ഞുപിടിച്ച് കൊന്നു. ആയിടക്കാണ് ബാഴ്സലോണ ക്ലബ്ബിനെ പിടിച്ചുലച്ച ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആഗസ്റ്റ് 6’ന് ക്ലബ് പ്രസിഡണ്ടായ ജോസപ് സുന്യോളിനെ ഫ്രാങ്കോയിസ്റ്റ് അനുഭാവികൾ മാഡ്രിഡ് നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള ഗ്വാഡറാമ പട്ടണത്തിലെ മലനിരകൾക്കടുത്തുള്ള റോഡിൽ വച്ച് പിടികൂടി കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസം ഫ്രാങ്കോയ്ക്ക് എതിരായതും പിന്നെ കറ്റാലൻ ദേശീയതയുടെ പ്രതീകമായ എഫ്.സി ബാഴ്സലോണയുടെ പ്രസിഡണ്ടായതുമായിരുന്നു അതിനുള്ള കാരണമെന്ന് കരുതപ്പെടുന്നു.
ഗ്വാഡറാമ പ്രദേശം റിപ്പബ്ലിക്കൻ ശക്തികളുടെ അധീനതയിലാണെന്ന് തെറ്റായി വിശ്വസിച്ചു അതിലൂടെ സഞ്ചരിച്ചതിനാലാണ് സുന്യോളിന് ആ പൈശാചിക കൃത്യത്തിന് ഇരയാകേണ്ടി വന്നത്. സ്പെയിനിന്റെ രാഷ്ട്രീയത്തിൽ ഫുട്ബോൾ കലർന്നതിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ഇതിൽ നിന്ന് വ്യക്തമായിരുന്നു. ഇതിനകം തന്നെ റിപ്പബ്ലിക്കൻ ഗവൺമെന്റിന്റെ അധീനതയിൽ ആയതിനാൽ ഫ്രാങ്കോയുടെ പട്ടാളത്തിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന ബാഴ്സലോണ നഗരത്തിന് തങ്ങളുടെ പോരാട്ടത്തിന്റെ പ്രതീകമായ സ്വന്തം ക്ലബ്ബിന്റെ പ്രസിഡണ്ടിന്റെ കൊലപാതകം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. യുദ്ധത്തിന്റെ ആഘാതവും അനിശ്ചിതത്വവും മൂലം വരും സീസണിൽ ലാ ലിഗ ഫുട്ബോൾ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അത് ഇനി എത്രത്തോളം നീണ്ടു നിൽക്കും എന്നുള്ളതും ആർക്കും ഊഹിച്ചെടുക്കാവുന്നതിലും അപ്പുറമായിരുന്നു.

അങ്ങനെ യുദ്ധത്തിന്റെ പൈശാചികമായ ആഘാതത്തിൽ നഗരവും ജനങ്ങളും നരകിക്കുകയും കൂടാതെ തങ്ങളുടെ പ്രിയ പ്രസിഡണ്ട് അകാലത്തിൽ വധിക്കപ്പെടുകയും കൂടി ചെയ്തപ്പോൾ പകച്ചുപോയ ക്ലബ് ബ്ബോർഡ് അംഗകൾ ഭാവിയെ പറ്റി ചർച്ച ചെയ്യാനായി അടിയന്തര യോഗം വിളിച്ചു കൂട്ടി. യുദ്ധം മൂലം ഇതിനകം തന്നെ വളരെ ഭീമമായ സാമ്പത്തിക നഷ്ടം അനുഭവിക്കേണ്ടി വന്ന ക്ലബ്ബിന് ഇനി അനിശ്ചിതകാലത്തേക്ക് ദേശീയ ലീഗ് ഫുട്ബോൾ മാറ്റി വെക്കുന്നത് സാമ്പത്തികമായി നിലനിൽപ്പിന് പോലും വളരെ വലിയ ഭീഷണിയാണ് എന്ന് തിരിച്ചറിഞ്ഞു. കൂടാതെ നഗരത്തിനു പുറത്തുള്ള തങ്ങളുടെ ഹോം സ്റ്റേഡിയമായ ആയ ലെസ് കോർട്ട്സ് യുദ്ധത്തിന്റെ ഭാഗമായി കൈയ്യേറപ്പെടുമോ എന്നുള്ള ആശങ്കയും ഉണ്ടായിരുന്നു. സാമ്പത്തിക പിരിമുറുക്കത്തിനുള്ള ഒരു പ്രധാന കാരണം യുദ്ധാന്തരീക്ഷം മൂലം മുൻപ്പത്തെ സീസണിൽ കാണികൾ ഘോരമായി കുറഞ്ഞതും പിന്നെ അതേ കാരണം കൊണ്ട് സിംഹഭാഗം ക്ലബ് അംഗങ്ങളായ സോഷ്യോ’കൾക്ക് തങ്ങളുടെ ഓഹരി ദൈനംദിന ജീവിതത്തിന് വേണ്ടി കരുതേണ്ടി വന്നതിനാലുമാണ്. സാമ്പത്തിക നഷ്ടം കുറയ്ക്കാനും സുരക്ഷക്കായും തങ്ങളുടെ മിന്നും താരങ്ങളിലൊരാളായ ഉറുഗ്വായ് ദേശീയ താരം ഫെർണാണ്ടസിനോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരിച്ചു വരേണ്ടതില്ലെന്നും മറ്റൊരു വിദേശ കളിക്കാരനായ ഹംഗറിയുടെ ബെർക്കെസ്സിയോടുള്ള ചർച്ച ഉപേക്ഷിക്കുകയും ചെയ്തു. അതുപോലെതന്നെ സ്ഥിതിഗതികളുടെ പൈശാചികത വിവരിച്ചുകൊണ്ട് മാതൃനാട്ടിലുള്ള ഡോണിന് ബോർഡ് അംഗങ്ങൾ കത്തും എഴുതി. കത്തിലുള്ള പ്രധാന വാചകം ഇങ്ങനെയായിരുന്നു
“നോക്കൂ, താങ്കളെനി തിരിച്ചു വരേണ്ടതില്ല ! ഞങ്ങളത് പ്രതീക്ഷിക്കുന്നില്ല. അതിൽ ഞങ്ങൾക്കൊരു പ്രശ്നവുമില്ല.
തീർച്ചയായും യുദ്ധത്തിൽ അകപ്പെട്ടിരിക്കുന്ന ഒരു രാജ്യത്ത് കൂടുതൽ ആപത്തുകൾ ഉണ്ടാകും”.
ഒരു മറുപടി കത്ത് പോലും തിരിച്ചു പ്രതീക്ഷിച്ചിട്ടില്ലായിരുന്ന ബോർഡ് അംഗങ്ങൾ പിന്നീട് മറുപടി കത്ത് കിട്ടി വായിച്ചപ്പോൾ സ്തബ്ധരായിപ്പോയി.

അതിൽ ഇങ്ങനെയായിരുന്നു എഴുതിയിട്ടുണ്ടായിരുന്നത്
“അത് ഞാൻ കാര്യമാക്കുന്നില്ല.
ഞാൻ ബാഴ്സലോണയിലേക്ക് വരുന്നുണ്ട് കാരണം എനിക്ക് നിങ്ങളുടെ ക്ലബ്ബുമായി കരാറുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ക്ലബ്ബിനോടും, ബാഴ്സലോണയിലെ ജനങ്ങളോടും, രാജ്യത്തോടും പ്രതിബദ്ധതയുണ്ട്. ഞാൻ വരിക തന്നെ ചെയ്യും” .
കറ്റാലൻ ദേശീയതയുടെയും ജനങ്ങളുടെയും പ്രതീക്ഷയും പ്രതീകവുമായിരുന്നു ക്ലബ്ബിന്റെ ആ ദുർഘട ഘട്ടത്തിൽ കൂടെ നിൽക്കാൻ കഴിയുമെങ്കിൽ അത് ജനങ്ങളുടെ ആ നരകയാതനയിൽ തന്നാൽ കഴിയുന്ന ഏറ്റവും വലിയ ആശ്വാസമാകുമെന്ന് എന്നും പോരാടിയിട്ടുള്ള ഡോണിന് തോന്നിക്കാണണം. ബാഴ്സയിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ ഡോണിന് ഒരു സന്ദേഹവുമില്ലായിരുന്നു. ഒരിക്കൽ ഫുട്ബോൾ കളിച്ച് ഒരു ലോകമഹായുദ്ധ കാലത്തെ അതിജീവിച്ച താൻ എന്തിന് കേവലമൊരു ആഭ്യന്തര യുദ്ധത്തെ ഭയപ്പെട്ടു തന്റെ കളിക്കാരെ പരിശീലപ്പിക്കാതെ ഒളിച്ചോടണം എന്നാവണം അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവുക.

അങ്ങനെ തിരിച്ചെത്തിയ ഡോൺ സാമ്പത്തിക നഷ്ടം കുറച്ചുകൊണ്ട് ലഭ്യമായ കളിക്കാരെ വെച്ച് ക്ലബ്ബിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനെപ്പറ്റി ബോർഡ് അംഗങ്ങൾക്ക് മുന്നിൽ ഒരു ആശയം മുന്നോട്ടു വച്ച് സമ്മതിപ്പിച്ചു. താനും തന്റെ കളിക്കാരും ക്ലബ്ബിന്റെ നടത്തിപ്പിന് അനുസൃതമായി വേതനം കുറയ്ക്കാൻ തയ്യാറാണെന്നായിരുന്നു അത്. കരാർ മൂലം കിട്ടേണ്ടേ മാസ വരുമാനമായ 1500 പെസറ്റാസിൽ നിന്ന് 1000 പെസറ്റാസ് മതിയെന്ന് കാണിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കി. ലാ ലിഗ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചത് മൂലം റിപ്പബ്ലിക്കൻ സ്പെയിനിന് കീഴിലുള്ള പ്രദേശങ്ങളിൽ പ്രാദേശിക ടൂർണമെന്റുകളുമായി മുന്നോട്ടുപോകാൻ ക്ലബ്ബുകളുടെ കൂട്ടായ്മ തിരുമാനം എടുത്തിരുന്നു. അങ്ങനെ പുതുതായി “കാമ്പ്യോണാ ലെവാന്റെ”യും , പഴയതുപോലെ “കാമ്പ്യോണാ ഡി കറ്റാലുന്യ”യും 1936’ന്റെ അവസാന പകുതിയിൽ ഫുട്ബോളിനെ മുന്നോട്ടു കൊണ്ടുപോയി. ഒട്ടേറെ പ്രധാന കളിക്കാരെ നഷ്ടപ്പെട്ടെങ്കിലും കറ്റാലൻ ചാമ്പ്യൻഷിപ്പിൽ ഡോണും ശിഷ്യരും നന്നായി പൊരുതി പക്ഷേ അവർക്ക് രണ്ടു പോയിൻറ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. എങ്കിലും ലാ ലിഗ ഫുട്ബോൾ ഇല്ലാത്തതിൽ അസംതൃപ്തരായ ക്ലബ്ബുകൾ റിപ്പബ്ലിക്കൻ സ്പെയിനിലെ അവശേഷിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി പുതുതായി ഒരു ദേശീയ ലീഗ് ആരംഭിക്കാൻ തീരുമാനിച്ചു. അതായിരുന്നു 1937 ജനുവരി മുതൽ മെയ് വരെയുള്ള നാലു മാസങ്ങളിൽ നടത്തിയ “മെഡിറ്ററേനിയൻ ലീഗ്”. അതുവരെ നടന്ന മറ്റുള്ള പ്രാദേശിക ലീഗുകൾ പോലെയല്ലാതെ മെഡിറ്ററേനിയൻ ലീഗിൽ റിപ്പബ്ലിക്കൻ സ്പെയിനിലെ എല്ലാ ക്ലബ്ബുകളും അണിനിരന്നിരുന്നു. 14 കളികളുള്ള ലീഗിന്റെ അവസാനം കഷ്ടതകളിൽ നിന്നും ഡോണിന്റെ കീഴിൽ ബാഴ്സ ടീം ആദ്യത്തെ മെഡിറ്ററേനിയൻ ലീഗ് ചാമ്പ്യന്മാരായി. പക്ഷേ എല്ലാവരുടെയും വേതനം കുറച്ചിട്ടും ഇടക്കാല ലീഗ് നേടിയിട്ടും ക്ലബ്ബിൻറെ സാമ്പത്തിക ബാധ്യതയും സുരക്ഷയും അപ്പോഴും ആപത്തിലായിരുന്നു. യുദ്ധത്തിൻറെ വ്യാപ്തി വർദ്ധിക്കുന്നതും റിപ്പബ്ലിക്കൻ പ്രദേശങ്ങൾ കൂടുതൽ കീഴടക്കുന്നതും തങ്ങൾ എപ്പോഴും ആക്രമിക്കപ്പെടാം എന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയിരുന്നു. കൂടാതെ സാമ്പത്തിക ഭദ്രതയില്ലാത്തതും വരുമാനമില്ലാത്തതും കൂടുതൽ നാശനഷ്ടത്തിന് ഇരയാവുന്നതും ക്ലബ്ബ് നടത്തിപ്പ് ഇനി അധിക കാലം മുന്നോട്ടു പോകില്ലെന്ന ദുർഘടാവസ്ഥയിൽ എത്തിച്ചിരുന്നു.

അപ്പോഴാണ് ഒരു ദൈവദൂതനെ പോലെ മെക്സിക്കോയിലേക്കു ചേക്കേറിയ കറ്റാലൻ ബിസിനസ്മാനായ മാന്യൽ മാസ് സൊറിയാനോ ഒരു കച്ചിത്തുരുമ്പുമായി പ്രത്യക്ഷപ്പെട്ടത്. ഒട്ടേറെ മികച്ച അന്താരാഷ്ട്ര ടൂർണമെന്റുകളെല്ലാം സംഘടിപ്പിച്ചിട്ടുള്ള മെക്സിക്കോയിലേക്കും അമേരിക്കയിലേക്കും 1937’ലെ ആ സമ്മറിൽ നാലുമാസം ഫുട്ബോൾ ടൂർ പോയി പണം സമ്പാദിക്കാനുള്ള അവസരം. ടീ ചെലവുകൾ പൂർണ്ണമായും അദ്ദേഹം വഹിക്കാമെന്ന വാഗ്ദാനത്തിൽ. അത് ഡോണിനും ക്ലബ്ബിനും കളിക്കാർക്കും കിട്ടിയ വലിയൊരു ആശ്വാസമായിരുന്നു. കാരണം കളിക്കാർക്ക് സുരക്ഷയും അതുപോലെ ഒരേ സമയം ക്ലബ്ബിന് പണം കണ്ടെത്താനുള്ള ഉള്ള വഴിയുമായിരുന്നു അത്. ഫ്രാങ്കോയെ എതിർത്തവരെല്ലാം ജീവനിൽ ഭയന്ന് നാടുവിടുന്ന സമയമായിരുന്നത്. ചിലർ ഫ്രാൻസിലേക്ക് മറ്റു ചിലർ അവർ വേറെ രാജ്യത്തെക്കൊക്കെ. അതുകൊണ്ട് ബാഴ്സ ക്ലബിനും കളിക്കാർക്കും കോച്ചിനും താൽക്കാലികമായി നാട് വിടലായിരുന്നു രക്ഷ.

അങ്ങനെ “ദി ഗ്രേറ്റ് മൈസ്ട്രോ” പാട്രിക്ക് ഒ കോണൽ’ന്റെ നേതൃത്വത്തിൽ പതിനാറ് കളിക്കാർ ഉൾപ്പെടെയുള്ള ഇരുപതംഗ ബാഴ്സ കൂട്ടായ്മ പുതിയൊരു പുലരിക്കായി മെക്സിക്കോയിലേക്ക് യാത്രയായി. ബാഴ്സയെ സംബന്ധിച്ച് ആ യാത്ര ഒരു രക്ഷ എന്നതുകൂടാതെ രാഷ്ട്രീയപരമായി തങ്ങളുടെ രാജ്യത്ത് നടക്കുന്ന പൈശാചികതയും അടിച്ചമർത്തലുകളും പുറം ലോകത്തിന് തുറന്നു കാണിക്കാൻ കിട്ടിയ അവസരം കൂടിയായിരുന്നു.
ഡോണിനെയും കളിക്കാരെയും കൂടാതെ ക്ലബ്ബ് സെക്രട്ടറിയായ റോസെൻഡ് കാൽവറ്റ്, ക്ലബ് ഡോക്ടറായ മോഡെസ്റ്റ് അമോറ്യോസ്, പിന്നെ ക്ലബ്ബിന്റെ ഗ്രൗണ്ട്സ്മാൻ ആയ എയ്ഞ്ചൽ മുർ എന്നിവരായിരുന്നു ബാക്കിയുള്ളവർ. ഇതിൽ എയ്ഞ്ചൽ മുർ’ന്റെ കഥയായിരുന്നു ഏറ്റവും അതിശയകരം. ഒരിക്കൽ പിച്ചിൽ തന്റെ ജോലികൾ ചെയ്തു കൊണ്ടിരുന്ന മുർ’നെ കാണാൻ ഡോൺ വന്നു. തന്റെ ഗ്രൗണ്ട് വർക്കിൽ അസന്തുഷ്ടനായ കോച്ച് തന്നെ ശകാരിക്കാനിയിരിക്കും വന്നതെന്നാണ് മുർ കരുതിയത്. പക്ഷേ ഡോൺ പറഞ്ഞതുകേട്ട് മുർ ഒരേസമയം അന്ധാളിക്കുകയും സന്തോഷിക്കുകയും ചെയ്തു. തൻറെ കൂടെ ടീമിന്റെ പ്രധാന ഉഴിച്ചിലുകാരനായി മെക്സിക്കോയിലേക്ക് വരണമെന്ന് അപേക്ഷിക്കാനാണ് ഡോൺ വന്നത്. യുദ്ധത്തിൽ നിന്ന് രക്ഷനേടുന്നതിന് അപ്രതീക്ഷിതമായി ഒരു വഴി കിട്ടിയതിൽ സന്തോഷിച്ച മുർ പക്ഷേ ഉഴിച്ചിലറിയാത്ത തന്നെയെന്തിന് ഡോൺ ക്ഷണിക്കണം എന്നാണ് മുർ അന്ധാളിച്ചത്. പ്രധാന ഉഴിച്ചിലുകാരൻ യുദ്ധം കാരണം നാടുവിട്ടതിനാൽ മുർ’നെ ഉഴിച്ചിൽ താൻ പഠിപ്പിക്കാം എന്ന നിർദേശത്തിലാണ് അദ്ദേഹം അപേക്ഷിച്ചത്. തന്റെ ഭാഗ്യം വിശ്വസിക്കാനാവാതെ മുർ അങ്ങനെ കടം വാങ്ങിയ സ്യൂട്ടും പെട്ടിയുമായി ഡോണിനൊപ്പം മെക്സിക്കോയിലേക്ക് കപ്പൽ കയറി. അങ്ങനെ ഗ്രൗണ്ട്സ്മാനെ കപ്പലിൽ വച്ച് ഫിസിയോതെറാപ്പിസ്റ്റാവാനും ഡോൺ പരിശീലിപ്പിച്ചു.

മെക്സിക്കോയിലെത്തിയ ബാഴ്സ കൂട്ടത്തെ അവിടത്തെ സ്പാനിഷ് കൂട്ടായ്മ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. അവിടെ ഉണ്ടായിരുന്ന രണ്ട് മാസത്തിൽ ബാഴ്സ മത്സരിച്ച ആറ് കളികളിൽ നാലെണ്ണത്തിലും വിജയിച്ചു. എല്ലാ കളികളിലും കാണികൾ നിറഞ്ഞുകവിഞ്ഞിരുന്നു.അവിടത്തെ പ്രാദേശിക ദിനപത്രങ്ങളിൽ ബാഴ്സ അവിടെ ജനപ്രിയമാവാൻ രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചത്. ഒന്ന് മികച്ച രീതിയിൽ കളിച്ചതും രണ്ടാമത്തേത് കളിക്കാരുടെ മാന്യമായ പെരുമാറ്റവുമായിരുന്നു. പിന്നീട് സെപ്‌റ്റംബറിൽ ന്യൂയോർക്കിലേക്ക് നീങ്ങിയ ബാഴ്സ അവിടെ നാലു കളികളും ജയത്തോടെ പൂർത്തിയാക്കി. ഒടുവിൽ നാലുമാസത്തെ പ്രയാണത്തിനവസാനം നാട്ടിലേക്ക് പോകാനുള്ള സമയമെത്തിയപ്പോൾ സെക്രട്ടറി കാൽവെറ്റ് കളിക്കാരുടെ മുന്നിൽ രണ്ട് മാർഗ്ഗങ്ങൾ മുന്നോട്ട് വെച്ചു. ഒന്നുകിൽ അവർക്ക് തങ്ങളുടെയൊപ്പം സ്പെയിനിലേക്ക് കപ്പൽ കയറാം അല്ലെങ്കിൽ ക്ലബ്ബിന്റെ അംഗത്വം ഉപേക്ഷിച്ച് യുദ്ധത്തിൽ നിന്നു രക്ഷതേടി ആ രാജ്യത്തുതന്നെ അഭയാർത്ഥിയാകാം. നിർഭാഗ്യവശാൽ ക്ലബ്ബ് അംഗങ്ങളോടൊപ്പം നാല് കളിക്കാർ മാത്രമേ സ്പെയിനിലേക്ക് തിരിച്ചെത്തിയുള്ളൂ ബാക്കി കളിക്കാരിൽ ഭൂരിഭാഗവും മെക്സിക്കോയിലേക്ക് തിരിച്ചപ്പോൾ മൂന്നുപേർ യാത്രാമധ്യേ ഫ്രാൻസിൽ അഭയം സ്വീകരിച്ചു. ടൂറിൽ നിന്ന് സമ്പാദിച്ച $12,500 സ്പെയിനിലേക്കുള്ള യാത്രാമദ്ധ്യേ ഡോണും കാൽവെറ്റും പാരീസിലെ ബാങ്കിൽ ബാഴ്സയുടെ പേരിൽ നിക്ഷേപിച്ചു. ആ സമ്പാദ്യവുമായി യുദ്ധം ഉച്ചിയിലെത്തിയ ബാഴ്സലോണയിൽ തിരിച്ചെത്തിയാൽ ഒരു പക്ഷേ ഫ്രാങ്കോയാലോ അനുയായികളാലോ കൊള്ളയടിക്കപ്പെടാമെന്ന യഥാർത്ഥ്യബോധ്യം കൊണ്ടാണ് ഡോണും കാൽവെറ്റും ആ പണം പാരീസിൽ നിക്ഷേപിക്കുന്നതാണ് സുരക്ഷിതമെന്ന് തീരുമാനിച്ചത്. ഡോണിന്റെയും കാൽവെറ്റിന്റെയും ബുദ്ധിപരമായ ഈ തീരുമാനമാണ് ഒരു പക്ഷേ നമ്മുടെ ക്ലബ്ബിനെ ഇന്നും ഈ ഉയരങ്ങളിൽ കണ്ടുകൊണ്ടിരിക്കാൻ ഇടയാക്കിയത്. കാരണം യുദ്ധാനന്തരം ക്ലബിന്റെ കടങ്ങളെല്ലാം തീർത്ത് അതിജീവിനത്തിന് നിർണായകമായത് ഈ സമ്പാദ്യമായിരുന്നു.

വിദേശ പര്യടനം കഴിഞ്ഞ് അവർ തിരിച്ചെത്തിയപ്പോഴേക്കും റിപ്പബ്ലിക്കൻ അധീനതയിലുള്ള മുക്കാൽ പ്രദേശവും ഫ്രാങ്കോയുടെ വരുതിയിലായിരുന്നു ബാഴ്സലോണ നഗരവും അവർ ഏറെക്കുറെ പിടിച്ചെടുത്തിരുന്നു. ഭയാനകമാം ധാരാളം പേർ കൊല്ലപ്പെടുകയും രാജ്യത്തെ ഫുട്ബോളിനെ ഫ്രാങ്കോ കാൽക്കീഴിലാക്കുകയും ചെയ്തിരുന്നു. ആറു മാസങ്ങൾക്കുശേഷം 1938 മാർച്ച് 16’ന് അർദ്ധരാത്രിയോടടുപ്പിച്ച് ഫ്രാങ്കോയുടെ എയർഫോഴ്സ് റിപ്പബ്ലിക്കൻ പ്രദേശങ്ങളിൽ തുടരെത്തുടരെ നടത്തിപ്പോന്ന ബോംബാക്രമണങ്ങളിലൊന്ന് ബാഴ്സയുടെ സോഷ്യോകൾ സ്ഥിരമായി ഒത്തുചേരുന്ന ക്ലബ് കെട്ടിടത്തിനു മുകളിൽ വർഷിച്ചു. സമയം വൈകിയതിനാൽ കെട്ടിടത്തിൽ ആളുകളുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ആളപായമുണ്ടായില്ല. പക്ഷേ ക്ലബ്ബിന്റെ ഒരുപാട് സാധന സാമഗ്രികൾ കത്തിനശിച്ചിരുന്നു. പ്രൗഢമായ ട്രോഫി കളക്ഷൻ മുക്കാലും ആ സ്ഫോടനത്തിൽ തകർന്നുപോയി കൂടാതെ ഒരുപാട് പ്രധാനപ്പെട്ട രേഖകളും ഇല്ലാതായി. അപ്പോഴാണ് ഡോണും കാൽവെറ്റും തങ്ങളുടെയൊപ്പം ആ സമ്പാദ്യം ബാഴ്സലോണയിലെക്ക് കൊണ്ടുവരാതെ പാരീസിൽ നിക്ഷേപിച്ചത് എത്രത്തോളം വിലമതിക്കാനാവാത്ത തീരുമാനമാണെന്ന് തിരിച്ചറിയുന്നത്.

“THANKS TO THEM, OUR CLUB DO EXIST
TODAY WITH ALL GREATNESS ACHIEVED”

[3/4]

(തുടരും……….)

]]>
https://staging.penyadelbarcakerala.com/don-patricio-part-3/feed/ 0
ഡോൺ പട്രീഷ്യോ Part 2 https://staging.penyadelbarcakerala.com/don-patricio-part-2/ https://staging.penyadelbarcakerala.com/don-patricio-part-2/#respond Mon, 24 Jun 2019 03:04:13 +0000 https://thejerseycollector.com/test/?p=2830 കുറച്ചു കാലങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ഭാര്യക്ക് ഒരു കത്ത് വന്നു കൂടെ കുറച്ചു തുച്ഛമായ പണവും. അയച്ചത് പാഡി തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, പക്ഷേ അത് എവിടെ നിന്നാണെന്ന് കുറിച്ചിട്ടില്ലായിരുന്നു. കത്ത് വന്ന അഡ്രസ്സ് തേടി കുറച്ച് അന്വേഷിച്ചപ്പോൾ അത് സ്പെയിനിൽ നിന്നാണെന്ന് മനസ്സിലായി. പക്ഷേ എങ്ങനെ, എന്തിന്, ആർക്കു വേണ്ടി സ്പെയിൻ..!? പാഡിയുടെ അതുവരെയുള്ള നാടകീയമായ ജീവിതം പോലെ ഈ തീരുമാനത്തിന് പിന്നിലുള്ള കാരണവും ദുരൂഹമായിരുന്നു. മുൻപ് ഇഷ്ടപ്പെട്ട കളി വെച്ച് ചൂതാടിയെന്നു ആരോപിക്കപ്പെട്ട അദ്ദേഹത്തിന്റെ മറ്റൊരു ചൂതാട്ടം, ഇത്തവണ ജീവിതം വെച്ചാണെന്ന് മാത്രം.

യുദ്ധക്കെടുതികളിൽ നിന്ന് കഷ്ടിച്ച് അതിജീവിച്ച് തുടങ്ങിയ കുടിയേറ്റ രാജ്യത്തിലെയും കൂടുതൽ സ്വാതന്ത്ര്യത്തിനു വേണ്ടി ആഭ്യന്തരകലാപം കൊടുമ്പിരികൊള്ളുന്ന മാതൃരാജ്യത്തിലെയും സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ തീർത്തും അന്യവും പുതിയതുമായ ഒരു രാജ്യത്തേക്ക് പോകുന്നതിൽ പ്രത്യേകിച്ച് ലാഭമൊന്നുമില്ലെങ്കിലും നഷ്ടപ്പെടാൻ ഒന്നും തന്നെയില്ല എന്ന യാഥാർത്ഥ്യബോധം കൊണ്ടാവണം അദ്ദേഹം ആ ധീരമായ ചൂതാട്ടത്തിന് തയ്യാറായത്. ധീരമായ ചൂതാട്ടം എന്ന് അതിനെ വിശേഷിപ്പിക്കാൻ കാരണം മറ്റൊന്നുമല്ല വസിച്ച നാട്ടിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഭാഷ, ആളുകൾ, കാലാവസ്ഥ,സംസ്കാരം എന്നിവയാൽ സമ്പുഷ്ടമായ നാട്ടിലേക്ക് വെറും കൈയോടെ കേറി ചെന്ന ധൈര്യത്തിനാണ്. 1889’ൽ ഇംഗ്ലീഷുകാരാൽ റിക്രിയാറ്റീവോ ഡെ ഹ്വെൽവ എന്ന രാജ്യത്തെ ആദ്യ ക്ലബ്ബും പിന്നീട് അത്ലറ്റികോ ബിൽബാവോ, എഫ്.സി ബാഴ്സലോണ, മാഡ്രിഡ് സി.എഫ് എന്നീ ക്ലബ്ബുകളടക്കവും നിലവിൽ വന്നിരുന്നെങ്കിലും 23 വർഷങ്ങൾക്കപ്പുറവും ഇംഗ്ലണ്ടിലെ പോലൊരു ദേശീയ ലീഗ് സ്പെയിനിൽ നിലവിൽ വന്നിട്ടില്ലായിരുന്നു. അതിനാൽ ഫുട്ബോളിനു വേണ്ടിയാണെങ്കിൽ പോലും ആ തീരുമാനം ചൂതാട്ടമായിരുന്നു.

പക്ഷേ സ്പാനിഷ് ജനത വലിയൊരു മാറ്റത്തിന് കുടികൊള്ളുന്ന സമയത്തായിരുന്നു പാഡിയുടെ വരവ്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് യുദ്ധക്കെടുതി താരതമ്യേന കുറവായിരുന്നെങ്കിലും സ്പെയിനിന്റെ ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർ കെടുതി ഒരുപാട് അനുഭവിച്ചിരുന്നു. ഗ്രാമപ്രദേശത്തുള്ളവർ മെച്ചപ്പെട്ട ജീവിതാവസരത്തിനായി കൂട്ടമായി നഗരപ്രദേശങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്ന കാലഘട്ടമായിരുന്നു അത്. ഗ്രാമങ്ങളിലും സ്പെയിനൊട്ടുക്കും പരമ്പരാഗതമായി കാളപ്പോരായിരുന്നു ജനകീയ വിനോദമെങ്കിലും നഗരപ്രദേശങ്ങളിലെ പുതിയ കുടിയേറ്റക്കാരുടെ ഇടയിലേക്ക് ഫുട്ബോളിന്റെ വിത്ത് മുളച്ചു തുടങ്ങിയ സമയമായിരുന്നത്. വടക്കേ സ്പാനിഷ് തുറമുഖമായ സന്റാന്ററിൽ സ്വദേശീയരും ഒപ്പം ബ്രിട്ടീഷ്-ഐറിഷ് നാവികരും ചേർന്ന് 1913’ൽ രൂപംകൊടുത്ത ക്ലബ്ബാണ് റേസിംഗ് ഡെ സന്റാന്റർ. 10 വർഷങ്ങൾക്കപ്പുറം വടക്കൻ സ്പെയിനിലെ ഏറ്റവും മികച്ച ടീമെന്ന ഘ്യാതി ആക്രമണ ഫുട്ബോൾ കാഴ്ചവെക്കുന്ന സന്റാന്റർ നേടിയെടുത്തിരുന്നു. ബോൾ കൈവശം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും വേഗതയിലും ചടുലതയിലും നീങ്ങുന്നതായിരുന്നു അവരുടെ ശൈലി. കോച്ച് ഫ്രെഡ് പെന്റ്ലാൻഡിനായിരുന്നു അതിന്റെ മികവ്. പക്ഷേ ആ കൊല്ലം അദ്ദേഹത്തെ പരമ്പരാഗത വൈരികളായ അത്ലറ്റികോ ബിൽബാവോ സ്വന്തമാക്കി. അപ്പോഴായിരുന്നു വിദേശിയായ പാട്രിക്ക് ഒ’ക്കോണൽ എന്ന പാഡിയുടെ വരവ്. ഐറിഷ് പാരമ്പര്യമുള്ള ക്ലബ്ബിന്റെ ഉടമസ്ഥരെ ഒരവസരത്തിനായി തന്റെ ഇച്ഛാശക്തി ബോധ്യപ്പെടുത്താൻ പാഡിക്കു കഴിഞ്ഞു.

പെന്റ്ലാൻഡിന്റെ രീതികൾ ഉൾക്കൊണ്ട് അതിൽ നിന്ന് മെച്ചപ്പെടുത്തി മുന്നോട്ടുപോകുന്ന പാഡിയുടെ രീതി ഉടമസ്ഥരിൽ ഒരുപാട് മതിപ്പുണ്ടാക്കി. കളിക്കാരുടെ ജന്മസിദ്ധമായ ഡ്രിബ്ലിങ്ങ് സ്കിൽസ് പുറത്തെടുക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. കളിക്കാരനായി താൻ അയർലണ്ടിലും ബ്രിട്ടനിലും പഠിച്ചിട്ടുള്ള ലോങ്-ഫീൽഡ് പാസ്സുകളും ക്രോസുകളും അദ്ദേഹം കളിക്കാർക്ക് പരിചയപ്പെടുത്തി. പക്ഷേ സമകാലീനരായ എല്ലാവരെക്കാളും നൂറു മടങ്ങ് മുൻപോട്ട് ചിന്തിച്ചതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മികവ്. കാലങ്ങൾ കടന്നു ചിന്തിച്ച പാഡി ഫിറ്റ്നസ്, അച്ചടക്കം, ടീം വർക്ക് എന്നിവക്ക് വലിയ ഊന്നൽ നൽകി ടീമിനെ രൂപപ്പെടുത്തിയെടുത്തു. അന്ന് മറ്റാരും ചിന്തിച്ചിട്ടില്ലാത്തതോ അവലംബിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങളായിരുന്നു അത്. സ്പെയിനിലെ കളിക്കാരുടെ പിച്ചിനകത്തും പുറത്തുമുള്ള സാംസ്കാരിക-ജീവിതശൈലി എന്നെന്നേക്കുമായി മാറ്റുന്നതിൽ നിർണായക സ്വാധീനം കൊണ്ടുവന്ന ചെയ്തികളായിരുന്നു അത്. പിന്നീട് 1926-27’ൽ പുതിയ ഓഫ് സൈഡ് നിയമം വന്നപ്പോൾ അദ്ദേഹം എതിർടീമിലെ കളിക്കാരൻ പാസ് സ്വീകരിക്കുമ്പോൾ ഓഫ്സൈഡ് ആനുകൂല്യം ലഭിക്കാൻ വേണ്ടി തന്റെ ടീമിലെ ഡിഫൻഡർമാരെ എതിർടീമിലെ അറ്റാക്കിങ് ഫോർവേഡുകളെ ഒറ്റപ്പെടുത്തി കൂട്ടമായി മുന്നോട്ടുപോവാൻ പരിശീലിപ്പിച്ചു. എല്ലാ അർത്ഥത്തിലും കാലങ്ങൾ പിന്നോട്ട് താണ്ടിവന്ന ഒരു മോഡേൺ കോച്ചിന്റെ മുഖമായിരുന്നു അന്നത്തെ പാഡിക്ക് എന്ന് ചരിത്രം നിസംശയം പറയുന്നു.

പിന്നീട് 1929 വരെയുള്ള ഏഴ് കൊല്ലം ആ ഐറിഷുകാരനായിരുന്നു സന്റാന്ററിന്റെ മുഖം. അഞ്ച് പ്രാദേശിക ടൈറ്റിലുകളാണ് ആ കാലയളവിൽ അദ്ദേഹം സന്റാന്ററിന് നേടിക്കൊടുത്തുത്. പക്ഷേ സന്റാന്ററിനായുള്ള അദ്ദേഹത്തിന്റെ പ്രധാന നേട്ടം ഇതൊന്നുമല്ലായിരുന്നു. വലുപ്പം കൊണ്ട് ചെറുതെങ്കിലും അന്ന് രാജ്യത്ത് നിലനിന്നിരുന്ന പ്രധാനപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണ് തങ്ങളെന്ന് അധികായരായ പ്രതിയോഗികൾക്ക് തെളിയിച്ചു കൊടുത്തതായിരുന്നു ആ നേട്ടം. പ്രാദേശിക വലുപ്പത്തിൽ മുൻപന്തിയിലുള്ള ടീമുകൾ ചേർന്ന് ‘ ചെറിയ ക്ലബ്ബുകളെ ‘ മാറ്റിനിർത്തി ലീഗ് തുടങ്ങാൻ തീരുമാനിച്ചപ്പോൾ അതിനു ബദലായി രാജ്യത്തെ ചെറിയ ക്ലബ്ബുകളെ ഒത്തു ചേർത്ത് സമാന്തര ലീഗ് നടത്തി അത് ജയിച്ച് “ഡോൺ പട്രീഷ്യോയുടെ” കീഴിൽ ആ കുഞ്ഞൻ ക്ലബ് അവരുടെ ശക്തി രാജ്യത്ത് വിളിച്ചോതി. ഒടുവിൽ അതികായർ അവരെ അംഗീകരിച്ച് ഒത്തുതീർപ്പിലെത്തി തൊട്ടടുത്ത കൊല്ലം രാജ്യത്ത് ആദ്യമായി ദേശീയ ലീഗ് ആയ ലാലിഗ ( അന്ന് പ്രിമേറ ഡിവിഷൻ) സ്ഥാപിച്ചപ്പോൾ റേസിംഗ് സന്റാന്ററും അവരിലൊരു സ്ഥാപക അംഗമായി. എല്ലാത്തിനും അവരെ മുന്നിൽ നിന്ന് നയിച്ചത് അയർലൻഡിലെ നാവിക നാട്ടിൽ നിന്നും വന്ന പഴയ കഠിനക്കാരനായ ഡിഫൻഡർ തന്നെ. സന്റാന്ററിന് സ്പാനിഷ് ഫുട്ബോളിലെ ഉയർന്നതലത്തിൽ കളിക്കാനുള്ള കെൽപ്പ് ഉണ്ടാക്കിയശേഷം ആദ്യ ലാ ലിഗ സീസൺ അവസാനത്തോടെ ഡോൺ അവരോട് വിട പറഞ്ഞു. തുടർന്ന് സ്പാനിഷ് ഫുട്ബോളിലെ രണ്ടാം ലീഗായ സെഗുണ്ട ഡിവിഷനിൽ പുതുതായി തുടങ്ങിയ ക്ലബ്ബായ റിയൽ ഒവൈഡോ’യിൽ കോച്ചായി സ്ഥാനമേറ്റു. അവിടെയുണ്ടായിരുന്ന രണ്ടുകൊല്ല കാലയളവിൽ ഡോൺ ആ പുത്തൻ ക്ലബ്ബിനെ മികവുള്ള സ്പോർട്ടിംഗ് ക്ലബ് ആയി രൂപപ്പെടുത്തി പിന്നീട് അവരുടെ ഒന്നാം ഡിവിഷനിലേക്കുള്ള പ്രമോഷനിൽ നിർണായക പങ്കു വഹിച്ചു.

സ്പെയിനിൽ രാഷ്ട്രീയവും സാമൂഹികവുമായ സംഘർഷങ്ങൾ ഉച്ചിയിൽ എത്തിയ കാലഘട്ടമായിരുന്നു 1929 മുതൽ 35 വരെയുള്ള സമയം. നാടുവിട്ട് മറ്റൊരു ദേശത്തു അഭയം നേടിയ ഡോണിന് പ്രവാസി എന്ന അലങ്കാരവും ഐറിഷുകാരനായതുകൊണ്ട് സ്പെയിനിലെ ആഭ്യന്തര സംഘർഷങ്ങളും ഒരു പുതുമയേ അല്ലായിരുന്നു. തന്റെ പ്ലേയിങ്ങ് കരിയറിലെ ആദ്യ മുഖ്യ ക്ലബ്ബായ ബെൽഫാസ്റ്റ് കെൽറ്റിക് എന്ന, പിന്നീട് സംഘർഷങ്ങളാൽ എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടി വന്ന, കത്തോലിക്കൻ ടീമിൽ നിന്നാണ് പാഡി എന്ന ഡോൺ ഫുട്ബോളിൽ കലർന്ന രാഷ്ട്രീയത്തെയും അത് പ്രതിനിധീകരിക്കുന്ന ദേശീയതയെയും അതിന്റെ തീവ്രതയെയും കുറിച്ചു മനസ്സിലാക്കുന്നത്. ഐറിഷ് നാട്ടിലെ തൊഴിലാളിവർഗ വേരുകളുള്ള കുടുംബത്തിൽ നിന്നും വന്നതുകൊണ്ട് ഡോൺ എന്നും അടിച്ചമർത്തപ്പെട്ടവരുടെ കൂടെയായിരുന്നു. സന്റാന്ററിലും ഒവൈഡോയിലും സമാന മാനങ്ങൾ ഉള്ള സമയത്തായിരുന്നു ഡോൺ കോച്ചായി ഭരിച്ചത്. അവിടുത്തെ ജനങ്ങൾ അധികാരികളുടെ ദുഷ്പ്രവൃത്തികളിൽ അസന്തുഷ്ടരായ മൂലം ആഭ്യന്തര കലാപം നടത്തിയത് അധികാരികൾ നിർദയം അടിച്ചമർത്തിയ സമയമായിരുന്നു അത്. ഒവൈഡോ വിട്ട ഡോൺ പിന്നീട് എത്തുന്നത് അൻഡാലുഷ്യൻ തലസ്ഥാനമായ സെവിയ്യ നഗരത്തിലാണ്.

സെവിയ്യ നഗരത്തിൽ അന്ന് രണ്ടു ക്ലബ്ബുകളാണ് നിലനിന്നിട്ടുണ്ടായിരുന്നത്. നഗരത്തിന്റെ തന്നെ പേര് സ്വീകരിച്ചിട്ടുള്ള സെവിയ്യ എഫ്.സി’യും പിന്നീട് 1907’ൽ രൂപംകൊണ്ട റിയൽ ബെറ്റിസും. സെവിയ്യൻ ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഒരു കൂട്ടം അംഗങ്ങളാണ് റിയൽ ബെറ്റിസ് സ്ഥാപിച്ചത്. തൊഴിലാളിയായ ഒരു കളിക്കാരനെ സൈൻ ചെയ്തപ്പോൾ അവന് തങ്ങളുടെ ക്ലബ്ബിൽ കളിക്കാനുള്ള സാമൂഹിക പദവിയില്ല എന്ന് പറഞ്ഞു ബോർഡംഗങ്ങൾ തഴഞ്ഞതിൽ രോഷം കൊണ്ടാണ് ഒരു കൂട്ടം അസന്തുഷ്ടരായ അംഗങ്ങൾ റിയൽ ബെറ്റിസ് എന്ന “ജനങ്ങളുടെ ക്ലബ്ബ്”ന് രൂപം കൊടുത്തത്. അവരുടെ സാരഥിയായിട്ടായിരുന്നു ഡോൺ ഒവൈഡോ വിട്ടശേഷം 1932’ൽ സ്ഥാനമേറ്റത്.

ഡോണിൻറെ കീഴിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളായിരുന്നു റിയൽ ബെറ്റിസ് നേടിയത്. സെഗുണ്ട ഡിവിഷനിൽ നിന്ന് പ്രമോഷൻ നേടി ലാലിഗയിൽ കളിക്കുന്ന ആദ്യത്തെ അൻഡാലുഷ്യൻ ക്ലബ് എന്ന നേട്ടം സെവിയ്യയെ കാഴ്ചക്കാരാക്കിക്കൊണ്ട് സ്വന്തമാക്കിയ അവരെ ഡോൺ പുതിയ ഉയരങ്ങൾ കാണിച്ചു. 1934-35 സീസണിൽ അതുവരെയുണ്ടായിരുന്ന സ്പാനിഷ് ചരിത്രത്തിലെ ബാഴ്സ,അത്ലറ്റികോ ബിൽബാവോ, റിയൽ മാഡ്രിഡ് അപ്രമാദിത്വം തച്ചുതകർത്തുകൊണ്ട് എല്ലാവരെയും ഞെട്ടിച്ച് ഡോണിന്റെ കീഴിൽ റിയൽ ബെറ്റിസ് ചരിത്രത്തിലാദ്യമായി ലാലിഗ സ്വന്തമാക്കി. ഇന്നും അവരുടെ ചരിത്രത്തിലെ ഏക പൊൻതൂവലായ ലാലിഗ നേട്ടം അതു മാത്രമാണ്, 75 കൊല്ലങ്ങൾക്കു മുമ്പ് മഹാനായ ഡോൺ പട്രീഷ്യോ എല്ലാ പ്രതിബന്ധങ്ങളെയും കുറവുകളെയും അതിജീവിച്ചുകൊണ്ട് കൊണ്ട് പൊരുതി നേടിയ ആ ലാലിഗ നേട്ടം.

ഡോൺ പട്രീഷ്യോ ബെറ്റിസിന്റെ കോച്ചായി അധികാരമേറ്റപ്പോൾ അവർ കാലങ്ങളായി മറ്റുള്ള കോച്ചുകളുടെ കീഴിൽ പിന്തുടർന്നു വന്ന രീതി അദ്ദേഹം പൂർണമായും മാറ്റി എന്ന് അദ്ദേഹത്തിന്റെ ബെറ്റിസിലെ പോരാളികളിൽ ഒരാളായ അൽഫോൻസോ ഗോൺസാലസ് പിന്നീട് സാക്ഷ്യപ്പെടുത്തുന്നു. ഡോൺ തന്റേതായ രീതികൾ വെച്ച് ടീമിനെ സാങ്കേതികമായും ശാരീരികമായും കളിക്കാൻ പരിശീലിപ്പിച്ചു പ്രാപ്തരാക്കി. അദ്ദേഹം തന്റെ ജോലിയിൽ ഒരുപാട് തീഷ്ണതയും വല്ലാത്തൊരു അഭിനിവേശവും കലർത്തിയ അനന്യസാധാരണമായൊരു പ്രൊഫഷണൽ ആയിരുന്നെന്ന് അൽഫോൻസോ ഓർത്തെടുക്കുന്നു. ടീമിന്റെ പരിശീലന സൗകര്യത്തിനായി ഗ്രൗണ്ടിന് വെറും 20 മീറ്റർ അകലെ താമസിച്ചിരുന്ന അദ്ദേഹം എപ്പോഴും ടീമംഗങ്ങളുടെ കൂടെ ഉണ്ടാവാൻ ശ്രദ്ധിച്ചു പോന്നിരുന്ന ഒരാളായിരുന്നു. തന്നാൽ കഴിയുന്ന വിധം മുഴുവൻ സമയവും ടീമിനെ കെട്ടിപ്പടുക്കാൻ മാറ്റിവെച്ച ” ഭ്രാന്തൻ “. ഉയർന്ന അച്ചടക്കത്തോടെ മാത്രം പരീശീലന മുറകൾ നടത്തിപോന്ന കർശനക്കാരനായ അദ്ദേഹം പക്ഷേ പരിശീലനശേഷം തങ്ങളിലൊരുവനെന്ന പോലെ കളിക്കാരോടിടപഴകി ടീമിന്റെ ഒത്തൊരുമ ഉറപ്പിച്ചു പോന്നു.

എന്ത് വില കൊടുത്തും തന്റെ ടീമിനെ വിജയിപ്പിക്കണം എന്നുള്ള തീക്ഷ്ണമായ ആഗ്രഹം അദ്ദേഹത്തിൻറെ ഉള്ളിലുണ്ടായിരുന്നെന്നുള്ളതിന് പിന്നെയും ശക്തമായി ഒരു ഉദാഹരണം ആ കൊല്ലം നടന്നിട്ടുണ്ടായിരുന്നെന്ന് പിന്നീട് വെളിപ്പെട്ടു. അതിതീവ്രമായ ആ ലീഗ് സീസണിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഒന്നാംസ്ഥാനത്ത് ഉണ്ടായിരുന്ന ബെറ്റിസും രണ്ടാം സ്ഥാനക്കാരായ റിയൽ മാഡ്രിഡും തമ്മിൽ നടന്നത്. അവർ തമ്മിൽ ഒരു പോയിന്റ് വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ അവസാന കളിയിൽ എതിരാളിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ റയൽ മാഡ്രിഡ് അവരെ മറികടന്ന് ഒന്നാമതായി ചാമ്പ്യൻഷിപ്പ് വിജയിക്കാനുള്ള സാധ്യത വളരെ ശക്തമായിരുന്നു. അതുവരെയുള്ള തന്റെ കഠിനാധ്വാനം ഒരു രാത്രി കൊണ്ട് നിഷ്പ്രഭമാകുന്നത് കാണാൻ ഡോൺ ഒരിക്കലും തയ്യാറാല്ലായിരുന്നു. കാരണമെന്താണെന്നുവെച്ചാൽ. ഒരു സംശയത്തിനും ഹേതു നൽകാതെ പറയാം ബെറ്റിസിനെ പോലെ അന്നത്തെ വെറുമൊരു രണ്ടാംകിട ടീമിനെ സ്വപ്നം കാണാൻ പോലും കഴിയാത്ത നിലയിൽ എത്തിച്ചതിന് ഏറ്റവും പ്രയത്നിച്ചത് ആ ഐറിഷുകാരനാണെന്ന്. സെവിയ്യ നഗരത്തിലെ വെറും രണ്ടാം കിട ടീം മാത്രമായിരുന്നു ബെറ്റിസ്. ആയതുകൊണ്ടുതന്നെ അവർക്ക് മുന്തിയയിനം കളിക്കാർ ഒന്നും തന്നെ ടീമിലില്ലായിരുന്നു. രണ്ടു കാരണങ്ങൾ കൊണ്ടും അവർക്ക് വലിയ ആരാധക പിന്തുണയും ഇല്ലായിരുന്നു. വെറും 1500 പേർക്ക് മാത്രം ഉൾക്കൊള്ളാവുന്ന അവരുടെ ഹോം ഗ്രൗണ്ട് പലപ്പോഴും നിറഞ്ഞിരുന്നില്ല. അങ്ങനെ എല്ലാവിധ ദുരവസ്ഥകളിൽ നിന്നും അലങ്കോലങ്ങളിൽ നിന്നും വന്ന ആ കുഞ്ഞൻ ടീമിന് ലാ ലിഗയിൽ കളിക്കാൻ വളരെ പെട്ടെന്നു അവസരം നേടാൻ കഴിഞ്ഞത് പോലും സ്വപ്നം കാണാൻ പറ്റാത്ത നേട്ടമായിരുന്നു. ആ സാധാരണക്കാരെ മറ്റുള്ള അധികായരെ പിന്തള്ളി ലാലിഗ നേടാൻ വേണ്ടി അനന്യസാധാരണമായി പ്രചോദിപ്പിക്കുക എന്നത് മൗണ്ട് എവറസ്റ്റ് കീഴടക്കുന്നതിനോളം ദുഷ്കരമായ പരിശ്രമമാണെന്ന് ഫുട്ബോൾ ചരിത്രകാരന്മാർ വിലയിരുത്തുന്നു. അങ്ങനെ മാസങ്ങളോളും കൊല്ലങ്ങളോളും നീണ്ടുനിന്ന അദ്ദേഹത്തിന്റെ തീക്ഷ്ണ പ്രയത്നം ഒരൊറ്റ ദിവസത്തെ സൂര്യാസ്തമയത്തിനുള്ളിൽ വിധി പറയപ്പെടും എന്ന നിലയിൽ എത്തിയപ്പോൾ അദ്ദേഹത്തിൽ മുൻപെങ്ങുമില്ലാത്ത വല്ലാത്തൊരു വ്യഗ്രതയും എന്തു വിലകൊടുത്തും അത് നേടണം എന്ന ‘അത്യാഗ്രഹവും’ ഉണ്ടായിയെന്നത് അതിശയകരമല്ല.

ബെറ്റിസിന്റെ നിർണായകമായ ആ കലാശക്കൊട്ട് ഡോണിന്റെ തന്നെ മുൻ ക്ലബ്ബായ റേസിംഗ് സന്റാന്ററിനെതിരെ അവരുടെ നാട്ടിൽ വച്ചായിരുന്നു. കളിക്ക് തൊട്ടു തലേന്നുള്ള രാത്രിയിൽ സന്റാന്ററിലെ ഹോട്ടലിൽ താമസിക്കുന്ന തന്റെ മുൻ ക്ലബ് അംഗങ്ങളെ ഡോൺ സന്ദർശിക്കുകയുണ്ടായി. സന്റാന്ററിനെ സംബന്ധിച്ചിടത്തോളം ആ കളിക്ക് വലിയ പ്രാധാന്യം ഒന്നുമില്ലായിരുന്നു അവർക്ക് ലീഗ് ജയിക്കാനുള്ള സാധ്യതയോ ലീഗിൽ നിന്ന് തരം താഴപ്പെടാനുള്ള ദുരവസ്ഥയോ ഒന്നുമില്ലായിരുന്നു. പക്ഷേ ഡോണിനും ബെറ്റിസിനും ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പറ്റില്ലായിരുന്നു. തന്റെ മുൻ ശിഷ്യരോടൊപ്പം ‘ഡ്രിങ്ക്സ്’ പങ്കിട്ട് സൗഹൃദം പുതുക്കിയ ഡോൺ കാര്യമായിട്ടാണെങ്കിലും തമാശയെന്ന രീതിയിൽ ചോദിച്ചു “നിങ്ങൾക്ക് നാളത്തെ കളിയിൽ ഒന്നും തന്നെ നേടാനില്ല. ഞങ്ങളെ തോൽപ്പിക്കാൻ വേണ്ടി നിങ്ങൾ ‘മരിച്ചു-കളിക്കില്ല’ എന്ന് വിശ്വസിക്കുന്നു. എന്താ അങ്ങനെയല്ലേ ? “. പക്ഷേ അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളായ സന്റാന്ററിന്റെ പ്രമുഖ കളിക്കാരൻ കൊടുത്ത മറുപടി ഡോണിനെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്നതായിരുന്നു. ” എന്നോട് ക്ഷമിക്കണം മാസ്റ്റർ, മാഡ്രിഡ് ഞങ്ങളുടെ ജയം ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പ്രസിഡന്റ് ജോസെ കോസിയോ ഒരു മാഡ്രിഡ് ആരാധകനാണ് , ഞങ്ങൾ നാളെ വിജയിക്കുകയാണെങ്കിൽ ഒരോ കളിക്കാരനും 1000 ‘പെസറ്റാസ്’ വീതം അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട് ” .

ഡോൺ ആ സംസാരം അവിടെ നിർത്തി.
ഒരുപക്ഷേ നിർത്തിയത് കൊണ്ട് നന്നായി എന്നു വേണം പറയാൻ. സംഭാഷണം തുടർന്ന് അവർക്ക് കൂടുതൽ മെച്ചപ്പെട്ട മറു വാഗ്ദാനമോ മറ്റോ നൽകിയിരുന്നെങ്കിൽ,
പണ്ട് ഇതുപോലെ സ്വയം വരുത്തിവച്ച വിനയാൽ സംഭവിച്ച നിർഭാഗ്യകരമായ സംഭവത്താൽ വഴിമുട്ടി പോയ പ്ലെയിങ്ങ് കരിയർ പോലെ ഒരു പക്ഷേ അദ്ദേഹത്തിന്റെ അനന്യസാധാരണമായ കോച്ചിങ്ങ് ജൈത്രയാത്രയും അവിടെ അവസാനിച്ചേനേ. കൂടാതെ സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിലെയും ലോകഫുട്ബോളിലെയും ആശ്ചര്യജനകമായ ആ അദ്ധ്യായത്തിന് ദൗർഭാഗ്യകരവുമായ അന്ത്യവുമായേനേ. ഒരു പക്ഷേ അതിനേക്കാളൊക്കേയേറേ പിന്നീട് അദ്ദേഹത്തിന്റെ കൂടി ജീവൻ പണയം വച്ച് കൊണ്ടുള്ള പരിശ്രമത്താൽ ഇന്നീ കാണുന്ന രൂപത്തിലും നിലയിലും എത്തപ്പെട്ട നമ്മുടെ ക്ലബ്ബിന്റെ ഈ ഭാവി തന്നെ നമുക്കൊരിക്കലും പ്രവചിക്കാനാവാത്തതോ വളരെ വ്യത്യസ്തമായ രീതിയിലോ രൂപാന്തരപ്പെട്ടേനേ. ആർക്കറിയാം മുകളിൽ ഏറ്റവുമാദ്യം തുടക്കത്തിൽ പറഞ്ഞ പോലെ ഈ ക്ലബ്ബ് ഇപ്പോൾ തീർച്ചയായും ഉണ്ടായില്ലെന്നു വരെ വരാം.

ഒടുവിൽ പിറ്റേന്ന് ,1935 ഏപ്രിൽ 28’ന്, ഡോണിന്റെ ചുണക്കുട്ടികൾ അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ സന്റാന്ററിനെ 5-0’ന് തച്ചു തകർത്തു കൊണ്ട് അധികാരിമായി തന്നെ തങ്ങളുടെ “ഫുട്ബോൾ ഭ്രാന്തനായ ആ നാടോടി” ജീവൻ നൽകി സ്വപ്നം കാണിച്ച അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശമായ ആ ബാലികേറാമല നിഷ്പ്രയാസമായി കീഴടക്കി. ഇന്നും ബെറ്റിസിന്റെ ചരിത്രത്തിലെ ഏക പൊൻതൂവലായ ലാ ലിഗ നേട്ടമാണത്. കൂടാതെ ഇന്നും ബെറ്റിസിന്റെ ചരിത്രത്തിലെ ഏറ്റവും വിജയ ശരാശരിയുള്ള കോച്ചും 51.72% ശതമാനത്തോടെ ഡോൺ പട്രീഷ്യോ തന്നെ. എന്നിട്ടും അവരെങ്ങനെ അദ്ദേഹത്തെ ഇടക്കാലത്തേക്ക് മറന്നുപോയി ?. അവരുടെ ചരിത്രത്തിൽ അവർ അദ്ദേഹത്തെ വേണ്ട വിധം പരിഗണിച്ചുവോ ?. ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഇത്രക്ക് ഉദ്യോഗജനകമായ അദ്ദേഹത്തിൻറെ കഥ ഫുട്ബോൾ ചരിത്രത്തിൻറെ താളുകൾക്കിടയിൽ ആരാരും കാണാതെ മറയില്ലായിരുന്നു.
ആ ചരിത്രം വിജയത്തിന്റെയും ടീമിന്റെയും സ്മാരകമായി വളരെ വൈകിയാണെങ്കിലും 72 കൊല്ലങ്ങൾക്ക് ശേഷം അവർ ലാ ലിഗ ജയിച്ച ഓർമ്മ ദിവസമായ എപ്രിൽ 28, 2007’ന് സെവിയ്യൻ നഗരത്തിന്റെ മദ്ധ്യത്തിലായി കപ്പ് ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ഡോണിന്റെ ശില്പം വിഭാവനം ചെയ്തു. ഇന്നും സെവിയ്യൻ നഗരത്തിന്റെ മധ്യത്തിൽ ഗതകാല പ്രൗഡിയോടെ ഈ അനശ്വര ശില്പം ചുരുക്കം പേർക്ക് മാത്രമറിയുന്ന വിസ്മയകരമായ ചരിത്രം വിളിച്ചോതിക്കൊണ്ട് നിൽക്കുന്നു.

ഒടുവിൽ അനശ്വരമായ ആ ലീഗ് ജയത്തോടെ അദ്ദേഹത്തിന്റെ പേര് “മയിസ്ട്രോ ഒ’കോണൽ”, “ഡോൺ പട്രീഷ്യോ” എന്നിങ്ങനെ സ്പെയിനൊട്ടുക്കും പ്രശസ്തമായി. അതിനുശേഷമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ഉദ്യോഗജനകവും സംഭവബഹുലമായ അദ്ധ്യായം ആരംഭിക്കുന്നത്. ആദ്യ ലാലിഗ പതിപ്പിൽ ജേതാക്കളായതിൽ പിന്നെ ലീഗിൽ കാര്യമായ നേട്ടങ്ങൾ ഒന്നും നേടാൻ കഴിയാതിരുന്ന എഫ്.സി ബാഴ്സലോണ മാറ്റത്തിന്റെ പുതിയൊരു പാത തേടുന്ന സമയത്തായിരുന്നു ബെറ്റിസിൽ ഡോണിന്റെ വിജയകാഹളം. തങ്ങളുടെ കോച്ച് ആവാനുള്ള ബാഴ്സയുടെ ക്ഷണം ഡോൺ യാതൊരു സന്ദേഹവുമില്ലാതെ സ്വീകരിച്ചു.
വളരെ കലുഷിതമായ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ കൂടി പോകുന്ന കാറ്റാലന്മാരുടെ നഗരമായ ബാഴ്സലോണയും അതിൻറെ ദേശീയതയുടെയും പോരാട്ടത്തിന്റെയും ഏറ്റവും വലിയ പ്രതീകമായ ക്ലബ്ബായ എഫ്.സി ബാഴ്സലോണയും ആ സമയത്ത്
അധികാരികളാൽ ഒരുപാട് ചൂഷണങ്ങളിലൂടെയും അടിച്ചമർത്തലുകളിലൂടെയും തീവ്രമായ രക്തപൂരിതമായ സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന ഭയാനകമായ സാഹചര്യമായിരുന്നു അത്. എന്നും എവിടെയും അടിച്ചമർത്തപ്പെട്ടവരുടെ കൂടെയും പോരാട്ടങ്ങളുടെ കൂടെയും നിന്ന് ഡോണിന് ബാഴ്സയുടെ ക്ഷണം സ്വീകരിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയമായ മാനം കൂടി ഉണ്ടായിരുന്നു. എന്തൊക്കെ സംഭവിച്ചാലും തോറ്റോടാൻ തയ്യാറാവാതെ പൊരുതുന്ന പോരാളിയുടെ രാഷ്ട്രീയം.

ഇതിനിടയിൽ ആ മറുന്നാട്ടിൽ ഡോൺ ഒരു പുതിയ പങ്കാളിയുമായി പുതുജീവിതം ആരംഭിച്ചിരുന്നു. പൂര്‍വ്വകാലത്തെ ദാമ്പത്യവും കെട്ടുന്നൂലുകളും പുതു നാട്ടിലെ കാൽപ്പന്തിന് പിറകെയുള്ള ഭ്രാന്തമായ ഓട്ടത്തിൽ അദ്ദേഹം എന്നേ ഉപേക്ഷിച്ചിരുന്നു. പുതു നാട്ടിലെ പുതു കരിയറിലെന്നപോലെ പുതിയ ജീവിതത്തിലും താങ്ങായി ഒരു പങ്കാളി, യാദൃശ്ചികവശാലോ എന്തോ? ,അവരുടെ പേരും എല്ലൻ എന്നു തന്നെയായിരുന്നു. അവരും ഐറിഷ് വനിത തന്നെയായിരുന്നു സ്പെയിനിലെ ഒരു ബ്രിട്ടീഷ് ഡിപ്ലോമാറ്റ് കുടുംബത്തിലെ കുട്ടികളെ നോക്കുകയായിരുന്നു അവരുടെ ജോലി. പുതിയ നാട്ടിലും പുതിയ കരിയറിലും ഒത്തിണങ്ങിയതുകൊണ്ട് സ്പാനിഷ് നാട്ടിൽ തന്നെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചതു കൊണ്ടാവണം പുതിയ പങ്കാളിയെ കണ്ടെത്തി ജീവിതം ആരംഭിച്ചത്. പക്ഷേ പുതിയ പങ്കാളിയിൽ നിന്ന് അദ്ദേഹം തന്റെ പൂർവ്വകാലം മറച്ചു വെച്ചിരുന്നു അദ്ദേഹത്തിന് അയർലൻഡിൽ ഒരു കുടുംബം ഉള്ള കാര്യം അദ്ദേഹം അവരെ അറിയിച്ചിരുന്നില്ല. അങ്ങനെ ബാഴ്സയുടെ കോച്ച് ആവാനുള്ള തീരുമാനം എടുത്ത ശേഷം സീസൺ തുടങ്ങുന്നതിന് മുൻപ് അദ്ദേഹം സ്വന്തം നാട്ടിലേക്ക് ഒരു ചെറിയ ഇടവേള എടുത്ത് അവധിക്കാലം ആഘോഷിക്കാൻ പോയി. ഒരിക്കലും തന്റെ പഴയ കുടുംബത്തിലേക്ക് അല്ലായിരുന്നു അദ്ദേഹം പോയത്.

പക്ഷേ അദ്ദേഹത്തിന് അറിയില്ലായിരുന്നു ആ ഇടവേളാനന്തരം തന്റെ ജീവിതം എന്നെന്നേക്കുമായി കീഴ്മേൽ മറിക്കുന്ന വിധിയുടെ തുടക്കമായിരുന്നു കാത്തിരുന്നതെന്ന്…..

[2/4]

(തുടരും……….)

]]>
https://staging.penyadelbarcakerala.com/don-patricio-part-2/feed/ 0
ഡോൺ പട്രീഷ്യോ Part 1 https://staging.penyadelbarcakerala.com/don-patricio-part1/ https://staging.penyadelbarcakerala.com/don-patricio-part1/#respond Sun, 23 Jun 2019 11:05:49 +0000 https://thejerseycollector.com/test/?p=2816 മണ്ണിന്റെ അതിർവരമ്പുകളെ ഭേദിച്ച് ജാതിമത-വർണങ്ങളെ ഭേദിച്ച് ലോകമൊട്ടുക്കും ഒരു ഉരുണ്ട പന്തിനെ കേന്ദ്രീകരിച്ച് ഓടുന്ന ഈ കായികലയുടെ ഇന്നീ കാണുന്ന രൂപത്തിന് നൂറ്റിയമ്പത് വർഷങ്ങളോളം പഴക്കമുള്ള ചരിത്രം പറയാനുണ്ട്. നീണ്ട ആ കാലയളവിലെ ഫുട്ബോളിന്റെ ചരിത്രത്തിൽ വലിയൊരു അദ്ധ്യായം തന്നെയാണ് നമ്മുടെ ക്ലബ്ബായ എഫ്.സി ബാഴ്സലോണ. എന്നിരുന്നാലും എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു പക്ഷേ ചരിത്രത്തിന്റെ വഴിയോരങ്ങളിൽ വിധിയുടെ ക്രൂരതയാൽ വീണുപോയ മറ്റു പല അജ്ഞാത ക്ലബ്ബുകളെയും പോലെ നമ്മുടെ ക്ലബ്ബും അകാലത്തിൽ മൺമറഞ്ഞെങ്കിൽ, ഒരു പക്ഷേ ഈ ക്ലബ്ബിനോ നാമത്തിനോ പകരം മറ്റൊന്നായിരുന്നേക്കാം ചിലപ്പോൾ ഇന്നീ കാണുന്ന ഒന്നും തന്നെ ഉണ്ടായില്ലെന്നും വരാം. ഒട്ടേറെ മഹാരഥന്മാരാൽ കെട്ടിപ്പടുത്ത ചരിത്രം പറയാനുള്ള ഈ ക്ലബ്ബിന് ‘നാളെ എന്തെന്നറിയാതെ’ ഒരു നരാധമന്റെ ചെയ്തികളുടെ മുന്നിൽ വിറച്ചു നിന്ന അങ്ങനത്തെ ഒരു ഭൂതകാലം പറയാനുണ്ട്. അന്ന് ചങ്കൂറ്റത്തോടെ വിധിയോട് പൊരുതി ഈ ക്ലബിന് നിലനിൽപ്പിന്റെ മറ്റൊരു പുലരിക്ക് ജന്മം കൊടുത്ത ഒരാളുണ്ട്, ഇന്ന് നാം ഈ കാണുന്ന എല്ലാ നേട്ടത്തിനും ഹേതുവായ ഒരാൾ. കാൽപന്തു കളിക്കുവേണ്ടി മാത്രം ജനിച്ചു ജീവിച്ചു-മരിച്ച ഒരാൾ. പക്ഷേ ജീവിതം ഹോമിച്ചയാൾ എന്ന് വേണം പറയാൻ. കാരണം ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഒരുപക്ഷേ ഏറ്റവും ഐതിഹാസികവും നാടകീയവുമായ ആ ജീവിതം കളി പ്രേമികൾക്കോ ചരിത്രകാരന്മാർക്കോ അദ്ദേഹത്തിൻറെ ദേശക്കാർക്കോ എന്തിനേറെ വലിയൊരു ശതമാനം സ്വദ്ദേശീയ കാറ്റാലന്മാർക്കോ പോലും അറിയില്ല. എല്ലാ കളി പ്രേമികളും തീർച്ചയായും അറിയണം ഒരേസമയം ഇത്തിരി വില്ലത്തരവും ഒത്തിരി ഹീറോയിസവും നിറഞ്ഞ ആ നാടകീയമായ കഥ. ഈ ലോകത്ത് കാൽപന്തുരുളുന്നിടത്തോളം കാലം ഓർക്കണം ഫുട്ബോൾ ശ്വാസവായുവായി ജീവിച്ച് ദാരുണമായി ആരാലും തിരിച്ചറിയപ്പെടാതെ മുഴു ദാരിദ്ര്യത്തോടെ മണ്ണിൽ അലിഞ്ഞ ഐതിഹാസികമായ “ഡോൺ പട്രീഷ്യോ”യുടെ കഥ. സാക്ഷാൽ പാട്രിക് ഒ-കോണൽ’ന്റെ കഥ.

Paddy : The Masonry Maverick Player
(Chapter 1)
×-×-×-×-×-×-×-×-×-×-×-×-×-×-×-×-×-×-×-×-×-×

അയർലൻഡിലെ കൗണ്ടിയായ വെസ്റ്റ്മീത്തിൽ 1887 മാർച്ച് 8’നാണ് പാട്രിക് ഒ’കോണൽ എന്ന പാഡി ജനിച്ചത്. പക്ഷേ കുട്ടിയായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻറെ കുടുംബം നോർത്ത് ഡബ്ലിന്റെ ഹൃദയഭാഗത്തുള്ള മാബെൽ സ്ട്രീറ്റിലേക്ക് താമസം മാറിയിരുന്നു. മാബെലിലെ ഇടുങ്ങിയ തെരുവുകളിലെ കൂറ്റൻ ചുമരുകളിൽ തന്നെക്കാളും ‘വലിയ പന്ത്’ അന്തമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചും അത് കണ്ടു കൂടുന്ന കൂട്ടരുമായി ചേർന്ന് കളിച്ചുമാണ് അന്നത്തെ ഇൻഡസ്ട്രിയിൽ സിറ്റിയിലെ പാഡി എന്ന കൊച്ചു ബാലന്റെ ദൈനംദിന ജീവിതം മുന്നോട്ടു പോയത്. തിരക്കുള്ള നഗരത്തിലെ തെരുവുകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും കളി പഠിച്ച ആ തലമുറയുടെ സവിശേഷതകളും പാരമ്പര്യവുമുള്ള കഠിനക്കാരൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന കാലഘട്ടത്തിൽ ഇൻഡസ്ട്രിയൽ റവല്യൂഷൻ മൂർദ്ധന്യാവസ്ഥയിൽ എത്തിയ ആ സാമൂഹ്യ വ്യവസ്ഥിതിയിൽ വളരെ ചെറുപ്രായത്തിൽ തന്നെ യുവാക്കൾ ജോലിക്ക് പോയി തുടങ്ങിയിരുന്നു. ഡബ്ലിനിലെ അന്തര പ്രദേശത്തുള്ള റിംഗെൻഡിലെ ബോളൻഡ്സ് മിൽസിൽ ‘മില്ലറായി’ ജോലി ലഭിക്കുമ്പോൾ പാഡിക്ക് വെറും 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. വളരെ ചെറുപ്പത്തിൽ തന്നെ ജോലിക്ക് പോകേണ്ടി വന്ന പാഡിയുടെ ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല എന്നിരുന്നാലും ജീവനുതുല്യം സ്നേഹിച്ച കാൽപന്ത് കളിയോടുള്ള പ്രണയം വിട്ടുകളയാൻ പാഡി തയ്യാറായിരുന്നില്ല.

പാഡി തന്റെ കരിയറിൽ പ്രധാനമായും രണ്ട് പൊസിഷനുകളാണ് കളിച്ചിട്ടുള്ളത്. ആ കാലഘട്ടത്തിലെ പ്രധാന പൊസിഷനുകളായിരുന്ന സെന്റർ ഹാഫ്, ഇൻസൈഡ് ഫോർവേഡ് എന്നീ രണ്ടു പൊസിഷനുകളും പാഡി അനായാസതയോടെ കളിച്ചിരുന്നു. ഫുട്ബോളിനോട് വല്ലാത്തൊരു അഭിനിവേശം വെച്ചുപുലർത്തിയ പാഡി വളരെ ചെറുപ്പത്തിൽ തന്നെ നഗരപ്രാന്തത്തിലുള്ള ലിഫി വാണ്ടറേഴ്സ് എന്ന ജൂനിയർ ടീമിൽ കളിച്ചു തുടങ്ങിയിരുന്നു. ലിഫി നദീതീരത്ത് കുടികൊള്ളുന്ന ഡബ്ലിൻ നഗരത്തിലെ കപ്പൽ തൊഴിലാളികളും തുറമുഖ തൊഴിലാളികളും ചേർന്ന് 1885 സ്ഥാപിച്ചതാണ് ആ ക്ലബ്. കഠിന ജോലി ചെയ്യുന്ന കരുത്തുറ്റ ആളുകളുടെ ശാരീരിക മേധാവിത്വത്തിലൂന്നിയുള്ള കളി കാഴ്ചവെക്കുന്ന ക്ലബ്ബ്. ഫുട്ബോളുമായി ലോകം കീഴടക്കന്നത് സ്വപ്നം കണ്ട പാഡിക്ക് അത് മികച്ച ഒരു പരിശീലന കളരിയായിരുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മികവുറ്റ ഫുട്ബോളർ എന്ന പേരു നേടിയ പാഡിക്ക് വൈകാതെ തന്നെ അന്നത്തെ അയർലണ്ടിലെ ഏറ്റവും വലിയ ക്ലബ്ബായ ‘ബെൽഫാസ്റ്റ് കെൽറ്റിക്ക്’ൽ നിന്ന് വിളി വന്നു. 1908’ൽ വെറും ഇരുപത്തിയൊന്നാം വയസ്സിലാണ് പാഡി തന്റെ ആദ്യ പ്രൊഫഷണൽ കോൺട്രാക്ട് നേടിയത്. ആ സമ്മറിൽ നിറഗർഭിണിയായ ഭാര്യയുമായി പാഡി ഡബ്ലിനിൽ നിന്ന് അയർലണ്ടിലെ ഏറ്റവും വലിയ നഗരമായ കെൽറ്റിക്കിലേക്ക് വണ്ടി കയറി.പക്ഷേ പാഡി മാത്രമായിരുന്നില്ല പുതിയൊരു ജീവിതം തേടി ബെൽഫാസ്റ്റിലേക്ക് കുതിച്ചത്. കപ്പൽ നിർമ്മാണത്തിനും തുറമുഖത്തിനും പേരുകേട്ട ആ നഗരത്തിലേക്ക് ആയിരക്കണക്കിന് സുശക്തരായ യുവാക്കൾ നല്ലൊരു നാളയെ തേടി പോയ സമയം കൂടിയായിരുന്നു അത്. ടൈറ്റാനിക് നിർമ്മിക്കാൻ വേണ്ടി ആ നഗരം തീരുമാനമെടുത്ത സമയം.

പാഡി വളരെ കടുപ്പക്കാരനായ സെന്റർ ഹാഫ് ആയിരുന്നു. തന്നെ മറികടന്ന് ആരും പോവില്ലെന്ന് ഉറപ്പുവരുത്തുന്നവൻ. ചെയ്യുന്ന ജോലി മികവോടും വൃത്തിയോടും പൂർത്തിയാക്കാൻ ശ്രദ്ധിച്ചു പോന്നവൻ. ഫീൽഡിനകത്ത് ഒരു കമാന്ററെ പോലെ കളിക്കാരെ നയിച്ചവൻ. വന്ന ആദ്യ സീസണിൽ തന്നെ അസാധ്യ മികവ് പ്രകടിപ്പിച്ച പാഡിയെ സീസൺ അവസാനം ഇംഗ്ലണ്ടിലെ ഒന്നാം ഡിവിഷൻ ക്ലബ്ബായ ‘ഷെഫീൽഡ് വെനസ്ഡേ’ സൈൻ ചെയ്തു കൊണ്ടുപോയി.

ഫുട്ബോൾ അധികമൊന്നും ആരും പ്രൊഫഷണൽ കരിയറായി സ്വീകരിച്ച് മുന്നോട്ട് പോയിട്ടില്ലാത്ത ആ കാലഘട്ടത്തിൽ സ്വന്തം രാജ്യം വിട്ട് മറ്റൊരു രാജ്യത്തേക്ക് കളിക്കാൻ വേണ്ടി കുടിയേറിയ പാഡി പൈസയെക്കാൾ ഉപരി കളിയോടുള്ള അഭിനിവേശത്തിൽ പോയതാണെന്ന് വിലയിരുത്തപ്പെടുന്നു. പക്ഷേ പാഡി വിചാരിച്ചതു പോലെ ആയിരുന്നില്ല കാര്യങ്ങൾ. ഷെഫീൽഡിൽ കളിച്ച ആ മൂന്നു സീസണുകളിൽ പ്രധാന ടീമിൽ സ്ഥിര സാന്നിധ്യം നേടിയെടുക്കാൻ അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. എന്നും മറ്റെന്തിനെക്കാളും കളിയെ പ്രണയിച്ച പാഡിക്ക് ആ വൈഷമ്യ-കാലഘട്ടത്തിൽ കുടുംബ ജീവിതം സ്വാഭാവികമായും അസ്വാരസ്യങ്ങൾ നിറഞ്ഞതായിരുന്നു. ഒരു അച്ഛനായും ഒരു ഭർത്താവായും ചുമതല നിർവഹിക്കുന്നതിൽ പലപ്പോഴും പാഡി പരാജയപ്പെട്ടിരുന്നു. കുടുംബത്തിൻറെ ചുമതലകൾ മൊത്തം ഭാര്യ എല്ലെൻ’ന്റെ ചുമലിലായിരുന്നു. ഒടുവിൽ ഷെഫീൽഡ് വിട്ടു പാഡി രണ്ടാം ഡിവിഷനിലുള്ള ‘ഹൾ സിറ്റി’ ക്ലബ്ബിലേക്ക് കൂടുതൽ അവസരങ്ങൾക്കായി ചേക്കേറി. പിന്നീടങ്ങോട്ട് പാഡിക്ക് മികച്ച സമയമായിരുന്നു.

തന്റെ പുതിയ ക്ലബ്ബിൽ പാഡിക്ക് ഒരുപാട് അവസരങ്ങൾ കൈവന്നു. അതേസമയം തന്നെയായിരുന്നു അന്താരാഷ്ട്ര തലത്തിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് പാഡി സ്തുത്യർഹമായ നേട്ടം കൈവരിച്ചത്. 1914ലാണ് പാഡി ആദ്യമായിട്ട് ബ്രിട്ടീഷ് ഹോം ചാമ്പ്യൻഷിപ്പ് തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ചത്. ഇംഗ്ലണ്ടിനും വെയിൽസിനും എതിരെ ക്യാപ്റ്റൻ പാഡി ഐറിഷ് ടീമിന് പ്രശസ്തമായ വിജയങ്ങൾ നേടി കൊടുത്തു. പിന്നെയായിരുന്നു പാഡിയുടെ തലവര തന്നെ മാറ്റിയ അതിപ്രശസ്തമായ ഇരട്ടപ്പേരായ ” ദി പാർട്ടി ഓഫ് നയൻ മെൻ & ദി ഹാഫ് ” എന്നറിയപ്പെട്ട ചരിത്രമത്സരം പിറവിയെടുത്തത്. സ്കോട്ട്ലന്റിനെതിരെയുള്ള ചൂടേറിയ ആ നിർണായക മത്സരത്തിൽ കളി തുടങ്ങി നിമിഷങ്ങൾക്കകം ഒരു കളിക്കാരൻ പരിക്കേറ്റു പുറത്തായതിനാൽ സബ്സ്റ്റിറ്റ്യൂഷൻ നിയമം കേട്ടു കേൾവി പോലുമില്ലാത്ത അന്ന് അയർലൻഡ് വെറും പത്ത് പേരായി ചുരുങ്ങി. കളി തുടർന്ന് പിന്നെയും അൽപ്പ സമയത്തിനകം അവരുടെ ക്യാപ്റ്റനായ പാഡിയുടെ കൈയൊടിഞ്ഞ് പരിക്കേറ്റു. പക്ഷേ തന്റെ ടീമിനുവേണ്ടി ഒടിഞ്ഞ കൈയുമായി പിന്നെയും പോരാടിയ ക്യാപ്റ്റൻ പാഡി എന്നത്തെയും പോലെ തന്റെ ഉള്ളിലെ കടുപ്പക്കാരനായ പോരാട്ടവീര്യം കൊണ്ട് ടീമിനെ കരക്കെത്തിച്ചു. അന്ന് സ്കോട്ട്‌ലൻഡിനെതിരെ പോരാടി നേടിയ 1-1 സമനിലയോടെ പാഡി എന്ന ക്യാപ്റ്റൻ അയർലൻഡിന് ചരിത്രത്തിലാദ്യമായി ‘ട്രിപ്പിൾ ക്രൗൺ’ എന്നു വിളിക്കുപ്പെടുന്ന പ്രശസ്തമായ ബ്രിട്ടീഷ് ഹോം ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തു. അതിപ്രശസ്തമായ ആ വിജയം ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന്റെ സേവനം സ്വന്തമാക്കാൻ ഹേതുവായി. അന്നത്തെ ബ്രിട്ടീഷ് ട്രാൻസ്ഫർ റെക്കോർഡായ £1000നാണ് അവർ അദ്ദേഹത്തെ നേടിയത്. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ദേശീയ ടീമിനൊപ്പമുള്ള ജൈത്രയാത്ര അതേ കൊല്ലം പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോകമഹായുദ്ധത്തോടെ എന്നെന്നേക്കുമായി അവസാനിച്ചു. കൂടാതെ കളിയോടുള്ള അദ്ദേഹത്തിന്റെ അമിത ഭ്രമം കുടുംബത്തിലെ പുകഞ്ഞു കൊണ്ടിരുന്ന അസ്വാരസ്യങ്ങളുടെ ആക്കം കൂട്ടി.

വളരെ കലുഷിതമായ ആ സാഹചര്യത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷകൾക്കൊത്തുയരാൻ പാഡിക്ക് കഴിഞ്ഞു. കളിക്കളത്തിൽ മികവിൽ നിന്നു മികവിലേക്ക് കുതിച്ചുക്കൊണ്ട് പേരുകേട്ട തന്റെ പ്രതിഭ പാഡി കാത്തു. ഇതുമൂലം വെറും ആറു മാസത്തിനുള്ളിൽ തന്നെ പാഡി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് അവരോധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ദൃഢഗ്രാഹിയായ പോരാട്ട ശൈലിയും, എല്ലായ്പ്പോഴും മികച്ചത് നൽകുന്ന ഏകാഗ്രതയെയും ബ്രിട്ടീഷ് മാധ്യമങ്ങൾ വാ തോരാതെ വാഴ്ത്തി. വളരെ ഉയർന്ന മികവോടെ അദ്ദേഹത്തിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം സീസണിൽ മുന്നേറിയെങ്കിലും പക്ഷേ അധികകാലം ആ സന്തോഷവും നല്ല കാലവും നീണ്ടു നിന്നില്ല. കാലവും വിധിയും ഒരുപക്ഷേ അദ്ദേഹത്തിന്റെ ചെയ്തിയും അദ്ദേഹത്തിന് കാത്തുവെച്ച ഓർമ്മകൾ മറ്റൊന്നായിരുന്നു

ഒന്നാം ലോകമഹായുദ്ധം അധിക കാലം നീണ്ടു നിൽക്കില്ല എന്ന് പൊതുവേ കരുതിയിരുന്ന ആ സമയത്ത് ഇംഗ്ലീഷ് ഫുട്ബോൾ അധികാരികൾ ലീഗ് തുടരാൻ തന്നെ തീരുമാനിച്ചു. നിർബന്ധിത യുദ്ധ സേവനം അതുവരെയും പ്രയോഗത്തിൽ വന്നിട്ടില്ലായിരുന്നു. ആ പ്രത്യേക സാഹചര്യത്തിൽ വളരെയധികം കളിക്കാർ തങ്ങളുടെ ക്ലബ്ബുകളുടെയൊപ്പം താമസിച്ചു. 1914-15 സീസൺ അവസാനത്തിൽ എത്തിനിൽക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ടേബിളിൽ താഴെ നിന്ന് മൂന്നാമതായി തരംതാഴൽ ഭീഷണിയിലായിരുന്നു. 1915 ഏപ്രിൽ 2ാം തീയതി, ഒരു ദുഃഖവെള്ളിയാഴ്ച ദിനമായിരുന്നു പാഡിയുടെ ജീവിതത്തെ അടിമുടി കീഴ്മേൽ മറിച്ച സംഭവം നടന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള പ്രശസ്തമായ നോർത്ത്-വെസ്റ്റ് ഡെർബി അന്നായിരുന്നു. തരംതാഴൽ ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ എന്തുവിലകൊടുത്തും ആ പോയിന്റുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേടേണ്ടിയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ മത്സരം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ മത്സരങ്ങളിലൊന്നായാണ് മാറിയത്. അതിന്റെ മൂലകാരണം പാഡിയും. അത് ചരിത്രത്തിൽ അറിയപ്പെടുന്നത് “ദി ഗുഡ് ഫ്രൈഡേ ബെറ്റിംഗ് സ്കാന്റൽ” എന്നാണ്. മുൻപെങ്ങും സുപരിചിതമല്ലാത്ത ലോക മഹായുദ്ധം മൂർദ്ധന്യാവസ്ഥയിലെത്തി കൊടുമ്പിരി കൊണ്ട ആ കാലത്ത് തൊട്ടടുത്ത കൊല്ലമോ അതിനടുത്തെങ്ങുമോ ഇനി ലീഗ് നടന്നേക്കില്ല എന്നുള്ള ആശങ്കയിലാണ്ട യാഥാർഥ്യബോധം കളിക്കാരുടെ ഇടയിൽ പ്രചരിച്ചിരുന്നു. സമീപഭാവിയിൽ തന്നെ തങ്ങൾ തൊഴിൽരഹിതരാവുമെന്ന് ആശങ്കയോടെ വിശ്വസിച്ച കളിക്കാർ ആ മത്സരത്തിനും അതിന്റെ പ്രസക്തിക്കും ആ അവസ്ഥയിൽ യാതൊരുവിധ പ്രാധാന്യവും കൽപ്പിച്ചിരുന്നില്ല.

അഭൂതപൂര്‍വ്വമായ ആ സാഹചര്യത്തിൽ മാഞ്ചസ്റ്ററിലെ ഒരു ബാറിൽ ഒത്തുചേർന്നെന്ന് പറയപ്പെടുന്ന രണ്ട് ടീമിലെയും ഒരു കൂട്ടം കളിക്കാർ വാതുവെപ്പുകാരുമായി ചേർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-0 എന്ന സ്കോറിൽ വിജയിപ്പിക്കാമെന്ന് തീരുമാനിച്ചതായി പറയപ്പെടുന്നു. ഇതൊന്നുമറിയാതെ ഡെർബിയുടെ ചൂടും ചൂരും ആവേശവുമോടെ 18,000’ത്തോളം ആരാധകർ തങ്ങളുടെ ടീമിന്റെ നിലനിൽപ്പിന്റെ പോരാട്ടത്തിനായി പ്രചോദിപ്പിക്കാൻ ഓൾഡ് ട്രാഫോഡിൽ തിങ്ങിനിറഞ്ഞിരുന്നു. അസാധാരണമായി യാതൊന്നും സംഭവിക്കാതെ മറ്റേത് കളിയും പോലെ ഈ കളിയും പതിവുപോലെ മുന്നോട്ടുപോയി. ഒടുവിൽ ആദ്യപകുതി അവസാനത്തോടടുത്തപ്പോൾ നാൽപതാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടി. അങ്ങനെ 1 – 0 ലീഡോടെ കളി തുടങ്ങിയ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൽറ്റി ലഭിച്ചു. ലീഡ് നില വർദ്ധിപ്പിച്ച് കളി സ്വന്തമാക്കാമെന്ന പ്രതീക്ഷിച്ച ഹോം കാണികൾ പക്ഷേ ക്യാപ്റ്റൻ പാഡി പെനാൽറ്റി എടുക്കാൻ വന്നത് കണ്ട് ആശങ്കയിലാണ്ടു. കാരണം പെനാൽറ്റി ഗോളാക്കി മാറ്റുന്നതിൽ കരിയറിലുടനീളം പാഡിക്ക് പൊതുവേ മോശം ചരിത്രമായിരുന്നു. ഒടുവിൽ അവർ ഭയപ്പെട്ടതു തന്നെ സംഭവിച്ചു പാഡി പെനാൽറ്റി മിസ്സാക്കി. പക്ഷേ അതൊന്നുമല്ല അവരെ ഞെട്ടിച്ചതും അന്ധാളിപ്പിച്ചതും. ഗോളിലേക്കാണ് ലക്ഷ്യം എന്ന് ഒരു കൊച്ചു കുട്ടിക്ക് പോലും തോന്നിപ്പിക്കാത്തക്കവണ്ണം അമ്പരപ്പിക്കുന്ന വിസ്തൃതിയിലാണ് ആ ഷോട്ട് പ്ലേസ് ചെയ്തത്. അതുകണ്ട് അമ്പരന്നു പോയ റഫറിയും ലൈൻസ്മാനും മിനിട്ടുകളോളം അതിനെ പറ്റി സംസാരിച്ചു എന്നും പറയപ്പെടുന്നു. വിലക്ഷണമായി ചിരിച്ചുകൊണ്ട് തിരിച്ചു നടന്നെന്നു ദൃക്സാക്ഷികളാൽ പറയപ്പെടുന്ന പാഡി ടീമിന് ഇനിയും ഗോൾ ആവശ്യമെങ്കിൽ അത് നേടാൻ ഉറപ്പായും കഴിയും എന്ന് അറിഞ്ഞു കൊണ്ട് അത് മനപ്പൂർവ്വം മിസ്സ് ചെയ്തത് പോലെ തോന്നിച്ചു. യാദൃശ്ചികവശാലോ അല്ലാതെയോ പിന്നീട് യുണൈറ്റഡ് ആ കളിയിൽ നേടിയ രണ്ടാമത്തെ ഗോളിന് കാരണമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചതും പാഡി ആയിരുന്നു. അങ്ങനെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം എന്ന് പറയപ്പെടുന്ന 2-0 സ്കോർ നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ഡെർബി ജയിച്ചു. കളിയിൽ തങ്ങൾക്ക് ലഭിച്ച ഒരു പെനാൽറ്റി ലിവർപൂൾ മിസ്സ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ ലിവർപൂളിന്റെ തന്നെ ഫ്രെഡ് പഗ്നാം കളിയുടെ അവസാന നിമിഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രോസ് ബാറിനടിച്ചത് സംഭവിച്ചതിന് ഘടകവിരുദ്ധമായിരുന്നു.

ഒടുവിൽ മാച്ച് ഫിക്സിങ്ങ് കിംവദന്തികൾ വ്യാപകമായി പ്രചരിച്ചപ്പോൾ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അന്വേഷണം ആരംഭിച്ചു. പിന്നീട് കുറ്റക്കാരാണെന്ന് കണ്ടുപിടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിലെ മൂന്നും ലിവർപൂളിലെ നാലും കളിക്കാർക്ക് അസോസിയേഷൻ ലൈഫ് ടൈം ബാൻ ശിക്ഷയായി നൽകി. തെളിവുകളുടെ അഭാവത്തിലോ എന്തോ പാഡി തലനാരിഴക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സിനിമയെ പോലും വെല്ലുന്ന നാടകീയമായ ഇംഗ്ലണ്ടിലെ ഫുട്ബോൾ ജീവിതം അതോടെ അവസാനിച്ചിരുന്നു. കാരണം ഒന്നാംലോകമഹായുദ്ധം മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ പിന്നീടുള്ള നാലു കൊല്ലത്തേക്ക് ഇംഗ്ലണ്ടിൽ ലീഗ് സസ്പെൻഡ് ചെയ്തിരുന്നു. കളിച്ചില്ലെങ്കിലും 1919’വരെ പാഡി മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരൻ തന്നെയായിരുന്നു.
ഇടക്ക് യുദ്ധ കാലത്തിനിടയിൽ ദൈനംദിന ആവശ്യങ്ങൾക്കായി ഇംഗ്ലണ്ടിലെ ചെറുകിട ടീമുകൾക്ക് വേണ്ടി ബൂട്ട് കിട്ടിയിരുന്നു. ഒടുവിൽ യുദ്ധം അവസാനിച്ചപ്പോൾ പാഡി ഔദ്യോഗികമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സ്കോട്ടിഷ് ക്ലബായ ഡംബർട്ടണിലേക്ക് കുടിയേറി. ഒരു കൊല്ലത്തെ ഡംബർട്ടൺ വാസത്തിനുശേഷം പാഡി നോർത്തേൺ ഇംഗ്ലണ്ടിലെ ആഷിംഗ്ടൺ എഫ്.സി’യിലേക്ക് മാറി. പക്ഷേ അപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബബന്ധങ്ങൾ ശിഥിലമായിരുന്നു. ഫുട്ബോളിനു വേണ്ടി മാത്രം ജീവിച്ച അദ്ദേഹം കുടുംബത്തിൻറെ സംരക്ഷണതയും സ്വീകാര്യതയും നോക്കിയിരുന്നില്ല. സ്വന്തം നാടായ ഡബ്ലിനിലേക്ക് തിരിച്ചു പോകാൻ തയ്യാറെടുത്ത ആ കുടുംബം അദ്ദേഹത്തിനൊപ്പം ദൂര പ്രദേശമായ ആഷിംഗ്ടണിലേക്ക് പെട്ടെന്നുള്ള കുടമാറ്റത്തിന് സമ്മതിച്ചില്ല. വളരെ ദുഃഖകരമായ കാര്യമെന്താണെന്ന് വെച്ചാൽ അദ്ദേഹം അവസാനമായി തന്റെ ഭാര്യയെ കാണുന്നത് ആ യാത്രയുടെ തയ്യാറെടുപ്പിലാണ്. വളരെ ബുദ്ധിമുട്ടി ന്യൂകാസിൽ സ്റ്റേഷൻ വരെ യാത്ര ചെയ്ത ഭാര്യ അദ്ദേഹത്തെ കണ്ടുമുട്ടി ആഷിംഗ്ടണിലേക്കുള്ള യാത്ര നിർത്തലാക്കണമെന്നും നാട്ടിലേക്ക് കുടുംബത്തിനൊപ്പം വരണമെന്നും അപേക്ഷിക്കാൻ വേണ്ടിയാണ് പോയത്. പക്ഷേ അദ്ദേഹം അതിന് കൂട്ടാക്കിയില്ല. ആദ്യ സീസണിൽ അദ്ദേഹം ആഷിംഗ്ടണിൽ കളിക്കാരനായി പൂർത്തിയാക്കിയപ്പോൾ. രണ്ടാം സീസണിൽ അദ്ദേഹം ടീമിന്റെ കോച്ച് എന്ന പദവി കൂടി ഏറ്റെടുത്ത് ‘കോച്ച് കം പ്ലേയർ’ എന്ന രീതിയിൽ സേവിച്ചു. ഒടുവിൽ സീസൺ അവസാനിപ്പിക്കുമ്പോൾ ആഷിംഗ്ടണിന് വളരെ ഭേദപ്പെട്ട പത്താം സ്ഥാനം നേടിക്കൊടുത്തു. ഇവിടെ നിന്നാണ് പാഡിയുടെ കോച്ചിംഗ് ജൈത്ര യാത്രയുടെ ആരംഭം. പക്ഷേ തന്റേതായ കാരണങ്ങൾ മൂലം തകർന്ന കുടുംബബന്ധങ്ങൾ അദ്ദേഹത്തെ വളരെയധികം അലട്ടിയിരുന്നു. ഭാര്യയെയും നാല് മക്കളെയും വിട്ടുപിരിഞ്ഞത് അദ്ദേഹത്തിന് വിഷമം ഉണ്ടാക്കിയിരുന്നു. പക്ഷേ അദ്ദേഹം തിരിച്ചു പോവാൻ തയ്യാറല്ലായിരുന്നു… പെട്ടെന്നൊരു ദിവസം അദ്ദേഹം അവിടെ നിന്ന് അപ്രത്യക്ഷനായി. എങ്ങോട്ടെന്നില്ലാതെ, ആർക്കും അറിയാതെ അദ്ദേഹം കാലത്തിന്റെ മറപറ്റി മറഞ്ഞു. സ്വന്തം ഭാര്യക്കും കുട്ടികൾക്കും അറിയാത്ത, പിടികൊടുക്കാത്ത ഏതോ അനന്തതയിലേക്ക്………

]]>
https://staging.penyadelbarcakerala.com/don-patricio-part1/feed/ 0