champions league – Penya Del Barca Kerala https://staging.penyadelbarcakerala.com World to express and explore the Barca spirit of playing and winning. Thu, 01 Oct 2020 12:30:11 +0000 en-US hourly 1 https://staging.penyadelbarcakerala.com/wp-content/uploads/2023/07/fav-100x100.png champions league – Penya Del Barca Kerala https://staging.penyadelbarcakerala.com 32 32 മാച്ച് പ്രിവ്യു – സെൽറ്റാ വിഗോ vs എഫ്.സി ബാഴ്സലോണ https://staging.penyadelbarcakerala.com/match-preview-celta-vigo-vs-fc-barcelona/ https://staging.penyadelbarcakerala.com/match-preview-celta-vigo-vs-fc-barcelona/#respond Thu, 01 Oct 2020 12:30:11 +0000 https://thejerseycollector.com/test/?p=3710 പുതിയൊരു സീസണിലേക്ക് കാലെടുത്തു വെക്കുമ്പോൾ വളരെ ആശാവഹവും പ്രത്യക്ഷത്തിൽ ആനന്ദകരവുമായ ഒരു രാത്രിയാണ് കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരെ റൊണാൾഡ് കൂമാന്റെ ‘പുതിയ’ ബാഴ്സലോണ ക്യാമ്പ് നൗ’ൽ കാഴ്ചവച്ചത്. പുതിയ മാറ്റത്തിന്റെ പ്രതീക്ഷയിലേക്ക് കാതോർക്കാം എന്ന് തോന്നിപ്പിക്ക വിധം ഒന്ന്, എല്ലാംകൊണ്ടും മികച്ചത് എന്ന് സമർത്ഥിക്കാൻ ആവില്ലെങ്കിലും എവിടെയൊക്കെയോ മാറ്റങ്ങൾ വന്നില്ലേ എന്ന് തോന്നിപ്പിക്കും വിധം ഒന്ന്. ഇനിയാണ് പോരാട്ടം തുടങ്ങുന്നത് എന്നുവേണം പറയാൻ ഇന്ന് യാത്ര ബലൈഡോസിലേക്കാണ്. സമീപഭാവിയിൽ നമ്മളെയെന്നും കുഴിക്കിയിട്ടുള്ള എന്നും തടസപ്പെടുത്തിയിട്ടോള്ള വിഗോയുടെ മണ്ണ്. ഈ രാത്രി ടീമിന്റെ മാറ്റ് ഉരച്ചു നോക്കാൻ വളരെ പോന്ന അവസരമാണ്, ഈ പരീക്ഷണം തികഞ്ഞ രീതിയിൽ ഉൾക്കൊണ്ട് മറികടന്നാൽ കാര്യങ്ങളുടെ കിടപ്പ് ഇനിയും ആശാവഹം എന്ന് കുറിച്ചിടാവുന്ന ഒന്നാവും.

ടീമിലേക്ക് വരുമ്പോൾ കോവിഡ് കാലഘട്ടത്തിലെ പതിവ് വമ്പൻ സ്ക്വാഡുമായാണ് വിഗോയുടെ മണ്ണിലേക്ക് നാം യാത്ര തിരിക്കുന്നത്. കാര്യമായ് ആരെയും മിസ്സ് ചെയ്യുന്നില്ല എന്നത് വ്യക്തം, ഒരുപക്ഷേ കഴിഞ്ഞ തവണയും വിഗോയുടെ മണ്ണിൽ അഴിഞ്ഞാടി നമ്മളെ ജയിക്കാൻ പോന്ന അവസ്ഥയിൽ എത്തിച്ച ആ ഇതിഹാസ 9ാം നമ്പർ ജഴ്സിക്കാരനൊഴികെ. കഴിഞ്ഞ കളിയിലെ ടീമിൽ നിന്ന് യാതൊരു മാറ്റവും വരുത്തേണ്ട ആവശ്യമില്ല എന്ന് കോച്ച് തന്നെ വ്യക്തമാക്കിയതോടെ അധികമൊന്നും അതിനെപ്പറ്റി പറ്റി ചികയേണ്ടതില്ല. ഗ്രീസ്മാന് കളിയുടെ ഒഫൻസീവ് തേർഡിൽ ടീമിനെ മെച്ചപ്പെടുത്തുന്ന രീതിയിൽ മികച്ച സംഭാവനകൾ നൽകാൻ കഴിയട്ടെ, കഴിയണം എന്നതാണ് പ്രതീക്ഷ. കൂട്ടിന്യോയും തന്റെ കഴിഞ്ഞ കളിയിൽ നിന്ന് ഇനിയും മുന്നേറട്ടെ, ലാ ലിഗയിൽ മുന്നേറാനുള്ള മാറ്റ് അദ്ദേഹം ഇനിയും സ്വയം കൂടുതൽ കണ്ടെത്തട്ടെ. ലിയോയും കളിയിലേക്ക് കൂടുതൽ ഇഴകട്ടെ, അൻസു കൂടുതൽ കളിക്കട്ടെ. വിഗോയുടെ കുഴക്കുന്ന മണ്ണിൽ ബാഴ്സയുടെ ഏറ്റവും വലിയ തലവേദന അവരുടെ ഡിഫൻസ് തന്നെയാണ്, അതിലേക്ക് തന്നെയാവും എല്ലാവരുടെയും ഉറ്റുനോട്ടം ഇന്നും. കഴിഞ്ഞതവണ നമ്മൾക്ക് നിർണായകമായ നിരാശ കൈവന്ന ആ മേഖലയിൽ ഇന്ന് ഏറെ പ്രകടന മികവും ആർജവവും കാണിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ജയ പരാജയങ്ങളിൽ ഏറ്റവും നിർണായകം അതുതന്നെയാവും എന്ന് വ്യക്തം.

സെൽറ്റയോടെ ഏറ്റവും വലിയ ആയുധം, എന്നും ബാഴ്സയെ കാണുമ്പോൾ മഹാമേരു ആകുന്ന ആസ്പാസ് തന്നെ. തളച്ചിട്ടെ പറ്റൂ ഇന്ന്, കളിയുടെ ജയപരാജയങ്ങളിൽ ഏറ്റവും നിർണായകം ഈ ഒരു മേഖല തന്നെ ആവും. മുൻ ബാഴ്സ താരം മുറിയ്യോയും ഡെനിസും കൂടിചേരുമ്പോൾ വിഗോയുടെ മണ്ണിൽ അവർ എന്നും ശക്തർ തന്നെയാണ്. മുൻ ബാഴ്സ അലൂമ്നി ആയ ഓസ്കാർ ഗാർസിയയുടെ കീഴിൽ അവർ വളരെ ആനന്ദദായകമായ കളിയാണ് കാഴ്ചവെക്കുന്നത്. സീസണിൽ മൂന്നിൽ ഒരു കളി അവർ ജയിച്ചിട്ടുള്ളു എങ്കിലും അവർ ഇതുവരെ തോറ്റിട്ടില്ല എന്നതും, അത് ജയിച്ചത് സ്വന്തം മണ്ണിൽ നടന്ന കളിയും ആയതിനാൽ ഇപ്പോഴും അവർ കഴിഞ്ഞകൊല്ലം എന്നപോലെ വളരെ കഠിനമായ എതിരാളികൾ തന്നെ.

ഒട്ടേറെ ചോദ്യങ്ങൾക്ക് കൂമാന് മികച്ച ഉത്തരങ്ങൾ നൽകാൻ കഴിയട്ടെ. ലാ ലിഗയിലെ എന്നും ബുദ്ധിമുട്ടായ ഒരു മണ്ണിൽ അദ്ദേഹത്തിന് തെളിയിക്കാൻ ആകട്ടെ. നമുക്ക് കാത്തിരിക്കാം !!

വിസ്കാ എൽ ബാർസ !

🏆 ലാ ലിഗ : മാച്ച് ഡേ – 2.
🏟 എസ്റ്റാഡിയോ ഡെ ബലൈഡോസ്.
⏰ ഇന്ത്യൻ സമയം: 01.00am.
📺 ലാ-ലിഗ ഒഫീഷ്യൽ പേജ്, FB 🌐.

]]>
https://staging.penyadelbarcakerala.com/match-preview-celta-vigo-vs-fc-barcelona/feed/ 0
യുർഗെൻ ക്ളോപ്പ് – ഒരു സ്വപ്‌നാടകന്‍റെ കഥ ! https://staging.penyadelbarcakerala.com/jurgen-klopp-a-dreamers-story/ https://staging.penyadelbarcakerala.com/jurgen-klopp-a-dreamers-story/#respond Wed, 22 Jul 2020 11:30:09 +0000 https://thejerseycollector.com/test/?p=3615 ഇരുപതാം വയസ്സിൽ തന്റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷം ക്ളോപ്പിന്റെ ഓർമകളിൽ മിന്നിമറയുന്നുണ്ട്. അദ്ദേഹം അമേച്വർ ഫുട്ബോൾ കളിക്കുന്ന കാലം, പകൽ സമയം യൂണിവേഴ്സിറ്റിയിൽ ചെലവഴിച്ചു അദ്ദേഹം പഠനത്തിനുള്ള പണം സ്വരൂപിക്കുന്നതിനായി പകൽ സമയങ്ങളിൽ സിനിമ പെട്ടികൾ സൂക്ഷിക്കുന്ന സ്റ്റോറിൽ ജോലി ചെയ്തു വരികയായിരുന്നു. ആ സമയത്തു ആണ് അദ്ദേഹം ഒരച്ഛനായതു. ഇരുപതിന്റെ ഇളപ്പത്തിൽ യുവത്വത്തിന്റെ വന്യതയിലേക്കു, പാർട്ടികളിലും പബ്ബുകളിലും ജീവിതം ആഘോഷിച്ചു തിമിർക്കേണ്ട ക്ളോപ്പിന്റെ ജീവിതം മാറിമറിഞ്ഞത് അവിടെ വെച്ചായിരുന്നു. കളിക്കളത്തിൽ തോൽവി ആയാലും ജയം ആയാലും പലപ്പോഴും അദ്ദേഹം പുഞ്ചിരിക്കുന്നത് കാണാം, തന്റെ വിശ്രമമില്ലാത്ത ജീവിതത്തിനിടയിൽ മകന് വേണ്ടി സമയം കണ്ടെത്തുമ്പോഴുണ്ടാകുന്ന സന്തോഷം, അല്ലെങ്കിൽ തന്റെ മകന് വേണ്ടി തന്റെ ഇഷ്ടങ്ങൾ ത്യജിക്കാൻ തയ്യാറായത്, അദ്ദേഹത്തിന് ജീവിതം ഫുട്ബോളിനേക്കാൾ എത്രയോ വലുത് ആണെന്ന് മനസ്സിലാക്കികൊടുത്തതു കൊണ്ടായിരിക്കണം.

ജർമനിയിലെ ദക്ഷിണ പടിഞ്ഞാറൻ പ്രവിശ്യയിലെ ആൽപ്സ് പർവത മടിത്തട്ടിൽ റൈൻ നദിയുടെ കളിത്തൊട്ടിലിൽ ചിത്രാപമസുന്ദരമായ ബ്ലാക്ക് ഫോറെസ്റ്റിന്റെ താഴ്വരയിലുള്ള ഗ്ലാട്ടെൻ എന്ന കൊച്ചു നഗരത്തിലെ ഒരു കുഗ്രാമത്തിൽ ആയിരുന്നു യുർഗെൻ ക്ളോപ്പിന്റെ ജനനം. ഡോക്ടർ ആവണമെന്ന് ആഗ്രഹിച്ചു നടന്ന കൗമാരക്കാരന്റെ ഹൃദയം തകർത്തത് സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു. തന്റെ പ്രോഗ്രസ്സ് കാർഡ് ഏറ്റു വാങ്ങുമ്പോൾ തന്റെ ഫുട്ബോളിലെ കഴിവ് മികച്ചത് ആണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് പ്രിൻസിപ്പൽ പരിഹസിച്ചപ്പോൾ ക്ളോപ്പ് തന്റെ ഡോക്ടർ ആവാനുള്ള സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇന്ന് ആ കൗമാര കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരു പക്ഷെ തന്റെ ഹൃദയം തകർത്ത പ്രിൻസിപ്പാലിനോട് നന്ദി പറയുന്നുണ്ടാവും അദ്ദേഹം, ഫുട്ബോളിനെ തന്റെ ജീവിതത്തിന്റെ ഭാഗഭാക്കു ആക്കിയതിൽ.

കളിക്കാരോടും ആരാധകരോടും അനായാസമായി ഇടപെഴുകുന്ന, എപ്പോഴും പുഞ്ചിരിക്കുന്ന, വിജയങ്ങളെ വൈകാരികമായി ആഘോഷിക്കുന്ന, പരാജയങ്ങളെ ചെറു പുഞ്ചിരിയോടെ നേരിടുന്ന ക്ളോപ്പിന്റെ സ്വാതന്ത്ര്യ ബോധത്തിലധിഷ്ഠിതമായ വ്യക്തിത്യം രൂപപ്പെടാൻ നിർണായക പങ്കു വഹിച്ചത്, കക്കൂ ക്ലോക്കുകളാലും പരമ്പരാഗത വസ്ത്രനിര്മാണങ്ങളിലും രുചികരമായ ഭക്ഷണങ്ങളാലും ഹൃദ്യമായ ആളുകളാലും പ്രശസ്തമായ സ്വാബിയ കുന്നിൻ ചെരുവിലുള്ള സ്വച്ഛ സുന്ദരമായ ഗ്ലാട്ടെൻ എന്ന ചെറുപട്ടണം തന്നെയായിരുന്നു. 2011 ഇൽ ബൊറൂസിയ ഡോർട്‌മെന്റിനു ബുണ്ടേസ് ലീഗ നേടിക്കൊടുത്ത ശേഷം ഗ്ലാട്ടെന്റെ ഏറ്റവും പ്രശസ്തനായ പ്രിയപ്പെട്ട പുത്രന് നൽകിയ സ്വീകരണം ക്ളോപ്പിന്റെ സുഹൃത്തായ ഹാസ് ഓർക്കുന്നുണ്ട്. ജർമൻ അതികായകരായ ബയേണിനെ പിന്തള്ളി കിരീടം നേടിയ ടീമിന്റെ കോച്ചിന് പകരം ഗ്ലാട്ടേണിൽ എത്തിയത് തന്റെ ബാല്യം ചെലവിട്ട നഗരത്തിൽ കളിക്കൂട്ടുകാരോടൊപ്പം വൈകാരികമായി ഫുട്ബോൾ കളിച്ച അതെ കൗമാരക്കാരൻ ആയിരുന്നു. ആ ഒരു വ്യക്തിത്വം ആവും താൻ കളിക്കളത്തിൽ ഇറങ്ങുമ്പോൾ കൂവി വിളിക്കുന്ന സ്വന്തം ടീമിലെ ആരാധകരെ കുറിച്ച് തന്റെ സത്യസന്ധമായ പുഞ്ചിരിയോടെ സംസാരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നത്. അദ്ദേഹം ഒരിക്കലും ഒരു മികച്ച ഫുട്ബോളർ ആയിരുന്നില്ല, എന്നാൽ ടീമിന് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറാവുന്ന ഒരു കളിക്കാരൻ കോച്ചിന്റെ പ്രിയപ്പെട്ടവൻ ആയിരിക്കുമല്ലോ. ആ പരിശ്രമം തന്നെയാവും മെയ്ൻസിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരിലൊരാളാക്കി അദ്ദേഹത്തെ മാറ്റിയത്.

അവിടെ നിന്നും മെയ്ൻസിന്റെ കോച്ച് ആയി അദ്ദേഹം ചുമതല ഏൽക്കുമ്പോൾ മൂന്നാം ഡിവിഷനിലേക്കു തരം താഴ്ത്തൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുക ആയിരുന്നു. തുച്ഛമായ മത്സരങ്ങൾ ബാക്കി നിൽക്കെ മുൻകാല കോച്ചിങ് പരിജ്ഞാനം ഒന്നുമില്ലാത്ത ക്ളോപ്പിനെ പരിശീലക സ്ഥാനം ഏൽപ്പിക്കാനുള്ള മാനേജ്‍മെന്റിന്റെ ചൂതാട്ടം ഒരു പുതു ചരിത്രത്തിനാണ് വിത്തുപാകിയതു. ക്ളോപ്പിന്റെ കീഴിൽ അവസാന ഏഴു മത്സരങ്ങളിൽ അവർ ആറു കളികൾ വിജയിച്ചു രണ്ടാം ഡിവിഷനിൽ സ്ഥാനം ഉറപ്പാക്കി. തുടർന്നുള്ള കാലങ്ങൾ ആരോഹണങ്ങളുടെ നാളുകൾ ആയിരുന്നു. ഒടുവിൽ തുടർച്ചയായ രണ്ടാം സീസണിലും തലനാരിഴക്ക് ബുണ്ടസ്ലീഗയിലേക്കു പ്രൊമോഷൻ നഷ്ടമായപ്പോൾ നിരാശരായി മെയ്ൻസിലെ പ്രധാന സ്‌ക്വയറിലെ തീയേറ്ററിന് തടിച്ചു കൂടിയ പതിനയ്യായിരത്തോളം വരുന്ന ആരാധകർക്ക് മുമ്പിൽ വെച്ചു ഒരു അവധൂതനെ പോലെ ക്ളോപ്പ് പറഞ്ഞ വാക്കുകൾ അവരെ ആവേശത്തിന്റെ പരകോടിയിൽ എത്തിച്ചു. ക്ളോപ്പ് വാക്ക് പാലിച്ചു, അടുത്ത വർഷം മെയ്ൻസ് ചരിത്രത്തിലാദ്യമായി ബുണ്ടസ് ലീഗയിലേക്കു യോഗ്യത നേടി. താൻ പിച്ചിൽ ഇറങ്ങുമ്പോൾ കൂവി വിളിച്ച അതെ ആളുകളുടെ നാടോടി കഥകളിലെ വീരേതിഹാസം ആയി അതോടെ അദ്ദേഹം മാറുകയായിരുന്നു.

അദ്ദേഹത്തിന്റെ അടുത്ത യാത്രാപഥം ഗതകാല പ്രതാപത്തിന്റെ സ്മരണകൾ അയവിറക്കുന്ന ചരിത്രമുറങ്ങുന്ന വെസ്റ്റ്ഫാലൻസ്റ്റേഡിയനിലേക്കു ആയിരുന്നു. കാലചക്രമണത്തിൽ മാറ്റമേതുമില്ലാതെ ജർമനിയിലെ ഒരേയൊരു ശക്തിയായി വാണരുളിയ ബവേറിയൻ ഭീമന്മാരെ വെല്ലുവിളിക്കാനുതകുന്ന ഒരു ടീമിനെ അദ്ദേഹം ബൊറൂസ്സിയയുടെ നാശവിഷ്ടങ്ങളിൽ നിന്നും വാർത്തെടുത്തതോടെ ജർമനി മികച്ച പോരാട്ടങ്ങൾക്ക് വേദിയായി. Gegen പ്രെസ്സിങ്ങിന്റെ സൗന്ദര്യവുമായി ക്ളോപ്പിന്റെ ഹെവി മെറ്റൽ ബ്രാൻഡ് ഫുട്ബോൾ ബൊറൂസ്സിയയുടെ ചുണക്കുട്ടികൾ കളിക്കളത്തിൽ നടപ്പിലാക്കിയപ്പോൾ പുതുശക്തികളുടെ ആവിർഭാവം ബുണ്ടസ്‌ലീഗയുടെ പോരാട്ടവീഥികളിൽ പുതിയ ഊർജ്ജം പകർന്നു. ലെവായും സാഹിനും ഹമ്മൽസും ഗോട്സെയും റോയ്സും ക്ളോപ്പിന്റെ കീഴിൽ തങ്ങളുടെ പ്രതിഭാസമ്പത്തിന്റെ ധാരാളിത്തം ലോകത്തിനു വെളിപ്പെടുത്തിയപ്പോൾ ക്ളോപ്പ് ജർമനി കീഴടക്കുകയായിരുന്നു. തുടർച്ചയായി രണ്ടു തവണ ബുണ്ടസ് ലീഗ നേടിയ ബൊറൂസ്സിയയുടെ മാഡ്രിഡിനെയും സിറ്റിയെയും അയാക്സിനെയും മലാഗയെയും തകർത്തു കൊണ്ടുള്ള യൂറോപ്പിലെ സ്വപനക്കുതിപ്പ് ഒടുവിൽ ബയേൺ മ്യൂണിക്കിന് മുമ്പിൽ ഫൈനലിൽ അവസാനിച്ചു എങ്കിലും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയങ്ങളിൽ അവർ ഇതിനകം കടന്നു ചെന്നിരുന്നു.

ഇംഗ്ലണ്ടിലെ ഏറ്റവും മഹത്തായ ക്ലബ്ബിൽ നിന്നും പതിറ്റാണ്ടുകളായി ഉള്ള കിരീട വരൾച്ച കാരണം, ഓർമ്മിക്കാൻ ഫുട്ബോളിന്റെ ആധുനിക യുഗത്തിൽ ഒരു ഇസ്താംബുളിന്റെ വീരകഥകൾ മാത്രം ഉള്ള, പണക്കൊഴുപ്പിന്റെ ബലത്താൽ പുതുശക്തികളുടെ ആഗമനം ഏറെ കണ്ട, ഫുട്ബോളിന്റെ പുതിയ ഗ്ലാമർ തട്ടകമായ ഇംഗ്ലീഷ് ഫുട്ബോളിൽ കാലഘട്ടത്തിനനുസരിച്ചു മാറ്റങ്ങൾ അംഗീകരിക്കാൻ കഴിയാതെ ചരിത്രത്തിന്റെ പിന്നാമ്പുറ വാതിലിലേക്ക് വലിച്ചെറിയപ്പെട്ട ആൻഫീൽഡിന്റെ കോട്ടകത്തളങ്ങളിലേക്കു ക്ളോപ്പ് കടന്നു ചെല്ലുമ്പോൾ കടുത്ത ലിവർപൂൾ ആരാധകർ പോലും അമിതമായ ശുഭാപ്തി വിശ്വാസം പുലർത്തിയിട്ടുണ്ടാവില്ല. എന്നാൽ ക്ളോപ്പിനു ആരാധകരേക്കാളും തന്റെ പ്രോജെക്ടിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. കോച്ച് ആയി അദ്ദേഹം സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഇന്റർവ്യൂ “Local: a club and its city. Liverpool’s social history,” എന്ന ബുക്ക് എഴുതിയ ഡാൻ ഫീൽഡ്‌സെൻഡ്‌ ഓർക്കുന്നുണ്ട്, “അദ്ദേഹത്തിന്റെ വാക്കുകൾ തങ്ങളുടെ ശ്രവണങ്ങളിൽ കവിത പോലെയാണ് ഒഴുകിയെത്തിയത്, മൂന്ന് വർഷം കൊണ്ടൊരു കിരീടവും അഞ്ചു വർഷം കൊണ്ട് ലീഗിൽ ഒന്നാമാതാവുകയുമാണ് എന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചപ്പോൾ സ്വപ്ങ്ങളുടെ നഗരമായ ലിവർപൂളിലെ സ്വപ്‌നാടകന്മാരുടെ ശ്രവണങ്ങളിൽ ഒരു നാദം പോലെ അത് ഒഴുകിയെത്തി”.

അദ്ദേഹത്തിന്റെ പ്രചോദനമേകുന്ന വാക്കുകളും അഭിനിവേശവും മുൻകാല വിജയങ്ങളും കണക്കിലെടുക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുമ്പിലുള്ള പാത അതികഠിനമേറിയതായിരുന്നു. പഴയ പ്രതാപശാലികൾക്കു പുറമെ അതി സമ്പന്നരായ മഹത്തായ കളിക്കാരുള്ള പുതുശക്തികളെയും, തങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ പറ്റാത്ത ഒരു പറ്റം കളിക്കാരെ വെച്ച് നേരിടുക ദുഷ്കരം തന്നെയായിരുന്നു. എന്നാൽ ഓരോ കളിക്കാരന്റെയും ഏറ്റവും മികച്ചത് പുറത്തെടുക്കാനുള്ള ക്ളോപ്പിന്റെ കഴിവ് ലിവർപൂളിലും തുടർന്നപ്പോൾ പതിയെ പതിയെ അവർ ഉയരങ്ങൾ കീഴടക്കി തുടങ്ങി.

ഒരു നൊമാദിനെ പോലെ സ്ഥിരതയില്ലായ്മയുടെ ആഴക്കയങ്ങളിൽ നീന്തിത്തുടിച്ച മുഹമ്മദ് സലാഹ് എന്ന ഈജിപ്തുകാരൻ ലോകത്തെ മികച്ച ഗോൾ സ്കോറെർമാരിലൊരാളായി മാറി, സൗത്താംപ്ടണിലെ വിങ്ങർ എന്നതിൽ നിന്നും ലോകത്തെ ഏറ്റവും മികച്ചവരിൽ ഒരാളെന്ന സാക്ഷാൽ മെസ്സി വരെ വിശേഷിപ്പിച്ച തലത്തിലേക്ക് സാദിയോ മാനേ എന്ന സെനഗൽ താരം ഉയർന്നു. ഫിർമിനോ എന്ന അധികമൊന്നും അറിയപ്പെടാത്ത ബ്രസീലുകാരൻ ലോകോത്തര നമ്പർ നയൻ ആയി ഉയർന്നു. ഹൾ സിറ്റിയിൽ നിന്നുമെത്തിയ സ്കോട്ടിഷ് താരം റോബർട്സനും അക്കാദമി താരം അലക്സാണ്ടർ അർണോൾഡും ഇരു വിങ്ങുകളും ഭരിക്കാൻ തുടങ്ങി. കൂടെ വാൻ ഡൈകും ഗോൾ കീപ്പറായ അല്ലിസോൺ കൂടെ എത്തിയതോടെ യൂറോപ്പിലും ഇംഗ്ലണ്ടിലും മെഴ്‌സിസൈഡ് ക്ലബ് ആധിപത്യം സ്ഥാപിച്ചു. വര്ഷങ്ങളായി ഉള്ള കിരീട വരൾച്ചയ്ക്ക് അവർ വിരാമമിട്ടു.

ഒരു വിജയിക്കുന്ന നേതാവിന് വേണ്ട അടിസ്ഥാന ഗുണം ഉയർന്ന തലത്തിൽ ഉള്ള IQ എന്നതിലുപരി EQ(Emotional quotient ) ആണെന്നുള്ള വാഴ്ത്തരികൾ ക്ളോപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ ശെരിയാണെന്നു ബോധ്യപ്പെടും. കളിക്കാർക്കു അദ്ദേഹം സുഹൃത്തും വഴികാട്ടിയാവുമ്പോൾ ബോർഡിന് തങ്ങളുടെ ക്ലബ്ബിനെ ശെരിയായ ദിശയിലേക്കു നയിക്കുന്ന സംരക്ഷകൻ ആവുന്നു. എന്നാൽ ഫാൻസിനു അദ്ദേഹം അവരിലൊരാളാണ്, നാടിൻറെ സംസ്കാരത്തിന്റെയും ക്ലബ്ബിന്റെ വൈകാരികതയുടെയും ആരാധക തീവ്രത അവർ മറ്റൊരു ഷാൻക്ലി എന്ന പോലെ അയാളിലൂടെ കാണുന്നുണ്ട്. അയാൾ ആവട്ടെ തങ്ങളുടെ ക്ലബ്ബിനോടുള്ള അഭിനിവേശം എപ്പോഴും പരീക്ഷിച്ചു കൊണ്ടിരിക്കും. ഓരോ നിമിഷവും അയാൾ കാണികളെ വെല്ലുവിളിച്ചു കൊണ്ടിരിക്കും, ആ വെല്ലുവിളി കാണികൾ സ്വീകരിക്കുമ്പോൾ മൈതാനത്തിന്റെ ഓരോ മുക്കും മൂലയിലും അതിന്റെ അലയൊലികൾ മുഴങ്ങുകയായി. അതോടെ അവരുടെ മൈതാനം എതിരാളികൾക്ക് ഒരു ദുസ്വപ്നം ആവുന്നു. ഈ ഒരു വൈകാരിക അടുപ്പം ആണ് കളിക്കാർ അദ്ദേഹത്തിന്റെ കീഴിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാനുതകുന്നത്.

അദ്ദേഹത്തിന്റെ കീഴിൽ ഉയർന്ന നിലയിൽ കളിച്ച സാഹിനും, മിക്കിക്കും, കഗാവാക്കും ഗോട്സെക്കും ഒക്കെ ആ പ്രകടനം പിൽക്കാലത്തു തുടരാൻ കഴിഞ്ഞില്ല എന്നത് അതിന്റെ ഒരു പ്രതിഫലനം തന്നെ ആയിരിക്കും. അത് കൊണ്ട് തന്നെ ആവും തോൽപ്പിക്കാൻ ഏറ്റവും വിഷമമുള്ള ടീമുകളൊന്നായി ക്ളോപ്പിന്റെ മെയ്ൻസ് മുതൽ ലിവർപൂൾ വരെയുള്ള ക്ലബ്ബുകൾ മാറിയതും. തന്റെ കോച്ചിന് വേണ്ടി പ്രാണൻ നൽകാൻ തയ്യാറുള്ള കളിക്കാർ ഉണ്ടാവുമ്പോൾ ചാമ്പ്യൻസ് ലീഗ് സെമിയിൽ നടന്ന പോലെ ഉള്ള അത്ഭുതങ്ങൾ ഇനിയും ആവർത്തിക്കും. മനോഹരമായി തോൽക്കാൻ പറഞ്ഞു വിട്ട ടീം ഡ്രാഗോയെ അട്ടിമറിച്ചു തന്നെ വിസ്മയിപ്പിക്കുമ്പോൾ, തന്റെ പ്രതീക്ഷകൾക്കപ്പുറം പ്രകടനം നടത്തുമ്പോൾ അടിവരയിടുന്നത് അദ്ദേഹത്തിന്റെ ലെഗസി ആണ്.

നേട്ടങ്ങൾക്കു മുമ്പിൽ വിനയാന്വിതൻ ആവുന്ന പരാജയങ്ങളെ ഒരു ചെറു പുഞ്ചിരിയോടെ നേരിടുന്ന ഫുട്ബോൾ ആസ്വദിക്കാനുള്ളതാണ് എന്ന് വിശ്വസിക്കുന്ന ഫുട്ബാളിനെക്കാൾ വലുത് ആണ് ജീവിതം എന്ന് പറയുന്ന ലോകത്തു പട്ടിണിയും പരിവട്ടവും അനുഭവിക്കുന്ന ജനതയുടെ കണ്ണീരൊപ്പാൻ തന്നാലാവുന്ന വിധം ചെയ്യുമെന്ന് പ്രതിജ്ഞ എടുക്കുന്ന ഒരാളെ എതിരാളികൾക്ക് പോലും ആരാധിക്കാതിരിക്കാൻ എങ്ങനെ കഴിയും. ക്ളോപ്പ് ഒരു സന്ദേശമാണ്, ലാഭേച്ചയിലടിസ്ഥിതമായ ഒരു സമൂഹത്തിൽ മനുഷ്യരിൽ അന്തർലീനമായ ഗുണഗണങ്ങളെ സംരക്ഷിച്ചു കൊണ്ട് അതിന്റെ വൈകാരിക തലങ്ങളെ തൊട്ടുണർത്തി ചരിത്രത്തിന്റെ ഭാഗഭാക്കു ആവാം എന്ന മഹത്തായ സന്ദേശത്തിന്റെ പ്രവാചകൻ.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/jurgen-klopp-a-dreamers-story/feed/ 0
ജന്മദിനാശംസകള്‍ ജാവിയർ അലെജാന്ദ്രോ മഷറാനോ https://staging.penyadelbarcakerala.com/birthday-wishes-to-javier-alejandro-mascherano/ https://staging.penyadelbarcakerala.com/birthday-wishes-to-javier-alejandro-mascherano/#respond Sun, 07 Jun 2020 19:45:15 +0000 https://thejerseycollector.com/test/?p=3491 ടാക്കിൾ എന്ന് വാക്ക് കേട്ടാൽ ഏതൊരു ഫുട്ബോൾ ആരാധകന്റെയും മനസിലേക്ക് ആദ്യം ഓടി വരുന്ന മുഖം.. ജാവിയർ അലെജാന്ദ്രോ മഷറാനോ.. ലോകം എമ്പാടുമുള്ള സർവ്വ ബാർസ അർജന്റീന ആരാധകരുടേം സ്വന്തം വല്യേട്ടൻ. ബാഴ്‌സലോണയുടെ ആം-ബാൻഡ് അണിയാത്ത നായകൻ.

പെപ് ഗ്വാർഡിയോളയുടെ ബാഴ്സലോണ ലോകം അടക്കി വാഴുന്ന കാലം. തന്റെ ടീമിലെ തന്ത്ര പ്രധാനമായ ഡിഫൻസീവ് മിഡ് പൊസിഷൻ എക്സ്പീരിയൻസ്ഡ് ആയുള്ള യായ ടുറെയെ ഏല്പിക്കുന്നതിന് പകരം ബാഴ്സലോണ ബി ടീമിൽ നിന്നെത്തിയ സെർജിയോ ബുസ്കറ്റ്‌സ് എന്ന പയ്യനെ ഏല്പിച്ചപ്പോൾ യായാ ടുറേക്ക് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. ഒടുവിൽ മാച്ച് ടൈമിന് വേണ്ടി യായ ടുറെ ബാഴ്സലോണ വിടാൻ തീരുമാനിച്ചപ്പോൾ ബ്ലൗഗരാനാ ജേഴ്സി സ്വപ്‍നം കണ്ടിരുന്ന ആ 26കാരന്റെ മനസിൽ ഒരായിരം പൂത്തിരി കത്തി. ലിവർപൂൾ ടീമിൽ ഡിഫൻസീവ് മിഡ്ഫീൽഡർ ആയ ആ അർജന്റീനകാരൻ സ്വപ്ന സാക്ഷാത്കരത്തിന് വേണ്ടി തന്റെ നാഷണൽ ടീം-മേറ്റും ബാഴ്സലോണ പ്ലെയറുമായ ലിയോണെൽ മെസ്സിയുടെ സഹായം തേടി. കോച്ചുമായി അയാളുടെ കാര്യം സംസാരിക്കാം എന്ന് പറയുമ്പോൾ പെപ്പിനെയും പെപ്പിന്റെ DM ആയ ബുസ്കറ്റ്‌സിനെയും വളരെ നന്നായി അറിയാവുന്ന മെസ്സി അയാൾക്ക് മുന്നറിയിപ്പ് നൽകി – “ചിലപ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്ന മാച്ച് ടൈം കിട്ടി എന്ന് വരില്ല. നിങ്ങൾ ബഞ്ച് ചെയ്യപ്പെട്ടേക്കാം.” അതിന് അയാൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. “അത് കുഴപ്പമില്ല”. എന്നാൽ ആ മറുപടി ബാഴ്‌സാ പ്ലെയർ ആവാനുള്ള അടങ്ങാത്ത ദാഹത്തിന്റെ മാത്രം ആയിരുന്നില്ല. താൻ അർഹിക്കുന്ന സ്ഥാനം ടീമിൽ പൊരുതി നേടും എന്നുള്ള ഒരു യോദ്ധാവിന്റെ പ്രഖ്യാപനം കൂടി ആയിരുന്നു. മഷെരാണോ എന്ന പോരാളിയുടെ പ്രഖ്യാപനം.

2010 ഓഗസ്റ്റ് 28ന് 24 മില്യൺ യൂറോയുടെ കരാറിൽ മഷെ ആൻഫീല്ഡിൽ നിന്നും കാമ്പ് നൗവിൽ എത്തി. പക്ഷെ അയാളുടെ മുന്നിൽ ഉണ്ടായിരുന്ന വെല്ലുവിളികൾ ചെറുത് ഒന്നും ആയിരുന്നില്ല. തന്റെ തനതായ പൊസിഷൻ അന്ന് ബാഴ്‌സലോണയിൽ അലങ്കരിച്ചിരുന്ന ബുസിയുമായുള്ള മിഡ്‌ഫീൽഡ് പൊസിഷനു വേണ്ടിയുള്ള പോരാട്ടത്തിൽ അധികം ശോഭിക്കാൻ മഷെക്കു ആയില്ല. പൊസിഷൻ-പൊസെഷൻ-പാസിംഗ് ഗെയിമിൽ അയാൾ ഒറ്റപ്പെട്ടു. ഫാൻസ് ഉൾപ്പെടെ ഉള്ളവർ അയാൾക്ക് നേരെ വിമർശന ശരവർഷം തീർത്തു. തന്റെ ആദ്യ സീസൺ തന്നെ ബാർസയിലെ അവസാനത്തെ സീസൺ ആകുമെന്ന് മഷെ കരുതി.

2011ൽ പെപ്പിന്റെ ബാർസയ്ക്ക് വലിയൊരു പ്രതിസന്ധി വന്നു. സെന്റർ ബാക്ക് ആയ പുയോളിന്റെ കാല് മുട്ടിനു വന്ന പരിക്കും എറിക് അബിദാലിന്റെ അസുഖവും താരങ്ങൾ മാനസികം ആയും തളർന്നിരുന്ന സമയം.
പെപ്പ് സെന്റർ ബാക്ക് പൊസിഷനിൽ കുറച്ചു നാളത്തേക്ക് കളിക്കുവാൻ മഷെയോട് ആവശ്യപ്പെട്ടു. രാജ്യം കാക്കാൻ യുദ്ധത്തിനിറങ്ങുന്ന പോരാളികൾ കാലാൾപട ആണോ കുതിര പട്ടാളം ആണോ താൻ എന്ന് നോക്കാറില്ല. എവിടെ പോരാടാൻ പറയുന്നോ അവിടെ അയാൾ ജീവൻ പണയം വെച്ചു പൊരുതും. പെപ്പിന്റെ നിർദേശത്തിനു മറിച്ചൊന്നും പറയാതെ മഷെ ആ പൊസിഷൻ ഏറ്റെടുത്തു. എന്നാൽ അവിടെയും അയ്യാളുടെ പ്രകടനം ചോദ്യം ചെയ്യപ്പെട്ടു.

2011ൽ ആഴ്‌സണൽ ആയുള്ള ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16, രണ്ടാം പാദ പോരാട്ടം. ബാഴ്‌സലോണയുടെ പിഴവ് മുതലെടുത്ത് ആഴ്സണൽ നടത്തിയ കൗണ്ടർ അറ്റാക്കിൽ ആഴ്സണൽ ഫോർവേഡ് ബെണ്ട്റ്റനറും ബാഴ്സ ഗോളി വിക്ടർ വാൾഡസും മുഖാമുഖം. ആ ശ്രമം ഗോളിൽ അവസാനിച്ചാൽ എവേ ഗോൾ മികവിൽ ആഴ്സണൽ ബാഴ്‌സയെ മറികടന്ന് ചാമ്പ്യൻസ് ലീഗ് പ്രയാണം തുടരും. ബാഴ്സലോണ ലീഗിൽ നിന്ന് പുറത്തേക്കും. അപകടം മുന്നിൽ കണ്ട സമ്മർദ്ദത്തിൽ പെപ് ഗ്വേർഡിയോള നിലത്തിരുന്നു. ഏവരും ഗോൾ എന്ന് തന്നെ ഉറപ്പിച്ചു. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഗോൾ എന്ന് ഉറപ്പിച്ച ശ്രമം പിൻപോയിന്റ കൃത്യതയോടെ ഒരു സ്ലൈഡിങ് ടാക്കിളിലൂടെ മഷെരാണോ തടഞ്ഞപ്പോൾ അവിടെ പുതുജീവൻ ലഭിച്ചത് ബാഴ്സക്ക് മാത്രം ആയിരുന്നില്ല, മഷേരാനോയുടെ കരിയറിന് കൂടി ആയിരുന്നു. പിന്നിട് അങ്ങൊട് മാഷെക്കു തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല.

ബാഴ്സലോണ ടീമിൽ സ്ഥിരം സാന്നിധ്യമായി മഷെ. ബാഴ്സയോട് ഒപ്പം 8 വർഷങ്ങൾ, നിരവധി കീരിടങ്ങൾ. ആരാധകർ സ്നേഹത്തോടെ അയാൾക്കു വല്യേട്ടൻ പദവി നൽകി. El-Jefecito (Little master), ആം ബാൻഡ് അണിയാത്തെ ക്യാപ്റ്റൻ അങ്ങനേ അങ്ങനെ വിശേഷണങ്ങൾ ഏറെ.. ഇത്ര ഏറെ വിശേഷണങ്ങൾക്കു അദ്ദേഹം യോഗ്യൻ ആണോ എന്ന് സംശയിക്കുന്നവർ അയാളുടെ കളിക്കളത്തിലെ നീക്കങ്ങൾ നീരീക്ഷിച്ചാൽ മാത്രം മതിയാകും. കളി മൈതാനത്തിൽ തീർത്തും ഗൗരവക്കാരനാണ് മഷെ. സഹതാരങ്ങൾ ഗോൾ നേടി ആഘോഷിക്കുമ്പോൾ നമ്മുക്ക് അയാളെ അയാളെ അവിടെ കാണാൻ കഴിയില്ല. ആയാൾ കോച്ചിനോപ്പം നിന്നു നിർദ്ദേശങ്ങൾ ഏറ്റു വാങ്ങുന്ന തിരക്കിൽ ആകും ആ സമയം. പാറ പോലെ ഉറച്ച ടാക്കിളുകൾ, പക്വതയുള്ള ഡിഫെൻഡിങ് ഇതൊക്കെ തന്നെയാണ് അയാൾക്കു ഇത്രെയേറെ വിഷേശണങ്ങൾ ആരാധകർ സമ്മാനിക്കാൻ കാരണവും.

ഏതൊരു യോദ്ധാവിനും ഒരു നാൾ തന്റെ സേനയോട് വിട പറയേണ്ടി വരും. ഉംറ്റിറ്റി, പിക്കെ, വെർമലൻ എന്നിവരോടൊപ്പം മാച്ച് ടൈം പങ്ക് വേക്കേണ്ടി വന്നപ്പോൾ മഷെയുടെ കരിയറിലേക്ക് പരിക്കുകളും വിരുന്ന് വരാൻ തുടങ്ങി. 2018 ലോകകപ്പ് അർജന്റീന ടീമിലെ പ്രധാന പ്ലെയർ ആയ മഷെ തന്റെ ഫിറ്റ്‌നസ് നിലനിർത്തുവാൻ സ്ഥിരമായി ഫസ്റ്റ് ടീമിൽ സ്ഥാനം നേടേണ്ടത് അനിവാര്യമാണ് എന്ന് മനസിലാക്കി. ബോർഡിനോട് തന്റെ ആവശ്യം അറിയിച്ചപ്പോൾ ഉംറ്റിറ്റിയുടെ പരിക്കും മഷേ പോകുമ്പോൾ ഉണ്ടാകുന്ന വിടവും ബോർഡ് ചൂണ്ടിക്കാണിച്ചു. എന്നാൽ തനിക്ക് പകരക്കാരനെ കണ്ടെത്തിയത്തിന് ശേഷമേ താൻ ടീം വിടുകയുള്ളൂ എന്ന് മഷേ ഉറപ്പ് നൽകി. ബാഴ്സയോടുള്ള തന്റെ ആത്മാർത്ഥയും സ്നേഹവും ആ ഉറപ്പ് പാലിച്ചുകൊണ്ട് മഷേ നിറവേറ്റി.

ഇന്ന് മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന ഞങ്ങളുടെ വല്യേട്ടന് ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/birthday-wishes-to-javier-alejandro-mascherano/feed/ 0
ചാവി ഹെർണാണ്ടസ് “ദി ആർട്ടിസ്റ്റ് ഓഫ് ഫുട്ബോൾ” https://staging.penyadelbarcakerala.com/xavi-hernandes-the-artist-of-football/ https://staging.penyadelbarcakerala.com/xavi-hernandes-the-artist-of-football/#respond Sun, 17 May 2020 11:30:18 +0000 https://thejerseycollector.com/test/?p=3449 ലാ മാസിയയിൽ നിന്നുള്ള പത്തൊമ്പത്‌ വയസ്‌ മാത്രമുള്ള ആ ഭാവി താരം അന്ന് എസി മിലാനുമായി കരാർ ഒപ്പിടേണ്ടതായിരുന്നു. ആ താരത്തിന്റെ പിതാവും മുൻ ഫുട്ബോൾ കളിക്കാരനുമായ ജോക്വിം ഹെർണാണ്ടസ്‌ ഇറ്റാലിയൻ വമ്പന്മാരോട്‌ സമ്മതം മൂളിയിരുന്നു. എന്നാൽ ജോക്വിം ഹെർണാണ്ടസിന്റെ ഭാര്യയായ മരിയ ക്രൂസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഈ ട്രാൻസ്ഫർ നടന്നില്ല. മകൻ ബാഴ്‌സലോണയിൽ നിന്ന് പോയാൽ താൻ വിവാഹമോചിതയാകുമെന്ന മരിയ ക്രൂസിന്റെ വാശിക്ക്‌ മുമ്പിൽ ജോക്വിമിന്‌ മുട്ട്‌ മടക്കേണ്ടി വന്നു. ആ അമ്മയുടെ ധീരതയാർന്ന തീരുമാനം നമുക്ക്‌ ഫുട്ബോൾ ലോകം കണ്ട എക്കാലത്തേയും മികച്ച ഒരു താരത്തെ സമ്മാനിച്ചു. ചാവി ഹെർണാണ്ടസ്‌ ക്രൂസ്‌ എന്ന ചാവിയായിരുന്നു ആ താരം.

1998ലാണ്‌ ചാവി ബാഴ്‌സക്കായി അരങ്ങേറ്റം കുറിക്കുന്നത്‌. താരതമ്യേന ഡിഫൻസീവ്‌ റോളിലായിരുന്നു താരത്തിന്റെ തുടക്കം. മികച്ച തുടക്കമായിരുന്നു ചാവിക്ക്‌ ലഭിച്ചത്‌. പക്ഷെ റൈക്കാർഡിന്റെ വരവോട്‌ കൂടെ കാര്യങ്ങൾ മാറി മറിഞ്ഞു. യൂറോപ്യൻ വേദികളിൽ മാറ്റുരക്കാൻ കായിക ബലത്തിലൂന്നിയ ടീമിനെയാണ്‌ വാർത്തെടുക്കേണ്ടതെന്ന ചിന്താഗതിയായിരുന്നു റൈക്കാർഡിന്‌. അങ്ങനെ ചാവിക്ക്‌ പലപ്പോഴും കളത്തിന്‌ പുറത്തിരിക്കേണ്ടി വന്നു.

പക്ഷെ ഇതിനർത്ഥം ചാവി വൈകി ഉദിച്ച താരമെന്നല്ല. പല അവസരങ്ങളിലും ചാവി തന്റെ മികവ്‌ പുറത്തെടുത്തിരുന്നു. എന്നാൽ ആ സമയത്ത്‌ ചാവി ഒരു മികച്ച താരമായി മാറിയിട്ടുണ്ടായിരുന്നില്ല. ചാവിയുടെ കഴിവിനെ മികച്ച രീതിയിൽ ചൂഷണം ചെയ്യാൻ റൈക്കാർഡിനായില്ല എന്നതാണ്‌ സത്യം. എല്ലാ പ്രതിസന്ധികൾക്കിടയിലും 2005ലെ ലാലിഗയിലെ മികച്ച സ്പാനിഷ്‌ താരമായി ചാവി തിരഞ്ഞെടുക്കപ്പെട്ടു. 2005ന്റെ അവസാന സമയത്ത്‌ സംഭവിച്ച എ.എസി.എൽ ഇഞ്ചുറി കാര്യങ്ങൾ കൂടുതൽ വഷളാക്കി. കളത്തിലേക്ക്‌ തിരിച്ചെത്തിയ ചാവി മികവ്‌ വീണ്ടെടുക്കാൻ നന്നേ ബുദ്ധിമുട്ടി. വിമർശനങ്ങൾ പല കോണിൽ നിന്നും ഉയർന്നു. ബാഴ്‌സയിലെ കാൻസർ എന്ന് വരെ വിമർശകർ ചാവിയെ വിശേഷിപ്പിച്ചു.

2007-08 സീസണ്‌ ശേഷം ബാഴ്‌സ വിടാനുള്ള ഒരുക്കത്തിലായിരുന്നു ചാവി. പക്ഷെ 2008ൽ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഗ്വാർഡിയോള ചാവിയുടെ മനസ്‌ മാറ്റി. ചാവിയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു ഇത്‌. ഗ്വാർഡിയോളയുടെ കീഴിൽ ചാവിയെന്ന മിഡ്ഫീൽഡ്‌ മാന്ത്രികന്റെ യഥാർത്ഥ മികവ്‌ ഫുട്ബോൾ ലോകം ദർശിച്ചു.

2006 ലോകകപ്പിലെ മോശം പ്രകടനത്തിന്‌ ശേഷം പുതിയ ഒരു ടീമിനെ വാർത്തെടുക്കുകയായിരുന്നു സ്പാനിഷ്‌ ദേശീയ ടീം പരിശീലകനായിരുന്ന ലൂയി അരഗോണസ്‌. ചാവിയുടെ പ്രതിഭ ഏറ്റവും കൂടുതൽ മനസിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. സാബി അലോൻസോ, ഇനിയേസ്റ്റ, ബുസ്ക്വെറ്റ്‌സ്‌ എന്നിവരുടെ കൂടെ സ്പെയിൻ ടീമിന്റെ അച്ചുതണ്ടായി അദ്ദേഹം ചാവിയെ പ്രതിഷ്ഠിച്ചു. ബാഴ്‌സയുടേയും സ്പെയിനിന്റേയും പ്രധാന താരമായി ചാവി മാറി.

മറ്റുള്ള മധ്യനിര താരങ്ങളെ പോലെ വേഗതയോ ഡ്രിബ്ലിംഗ്‌ പാടവമോ കൊണ്ട്‌ ശ്രദ്ധേയനായ താരമല്ല ചാവി. മറിച്ച്‌ തന്റെ തലച്ചോർ കൊണ്ടായിരുന്നു അദ്ദേഹം കളി നിയന്ത്രിച്ചിരുന്നത്‌. തന്റെ കായിക ബലം തെല്ലുമില്ലാത്ത ശരീരം കൊണ്ട്‌ അദ്ദേഹം മറ്റേതൊരു മിഡ്ഫീൽഡറെക്കാളും മധ്യ നിര അടക്കി ഭരിച്ചു. കളത്തിലെ സ്പേസുകൾ ഉപയോഗപ്പെടുത്തുന്നതിൽ ഏറെ മുമ്പിലായിരുന്നു ചാവി. പന്ത്‌ കാലിലില്ലാത്തപ്പോഴെല്ലാം താരം പുതിയ സ്പേസുകൾ കണ്ടെത്തി ചലിച്ച്‌ കൊണ്ടേയിരുന്നു. സഹതാരങ്ങളുടേയും എതിർ താരങ്ങളുടേയും സ്ഥാനം കൃത്യമായി മനസിലാക്കിയായിരുന്നു ചാവിയുടെ ഈ ചലനങ്ങൾ. വേഗതയും ഡ്രിബ്ലിംഗ്‌ മികവും കൈമുതലായി ഇല്ലാഞ്ഞിട്ട്‌ കൂടി ചാവിയുടെ കാലിൽ നിന്ന് പന്തെടുക്കുക എന്നത്‌ എതിർ താരങ്ങൾക്ക്‌ അതീവ ദുഷ്ക്കരമായിരുന്നു. പന്തുമായുള്ള അദ്ദേഹത്തിന്റെ 360° കറക്കവും മെയ്‌വഴക്കവുമായിരുന്നു ഇതിന്‌ കാരണം. തന്റെ ശരീരത്തിനും പന്തിനും മുകളിൽ ചാവിക്ക്‌ അതീവ നിയന്ത്രണമുണ്ടായിരുന്നു.

തന്റെ ടച്ചിന്റെ ദിശയിലൂടെയും ചാവി എതിരാളികളെ കബളിപ്പിക്കാറുണ്ടായിരുന്നു. മികച്ച ഫസ്റ്റ്‌ ടച്ചിന്‌ പിന്നാലെ തന്റെ ശരീര ഗതി മാറ്റുന്ന ചാവിയുടെ കഴിവ്‌ വളരെ പ്രത്യേകതയുള്ള ഒന്നാണ്‌. ഒപ്പം ചാവിയുടെ ഡിഫൻസീവ്‌ മികവ്‌ അത്ര ചർച്ച ചെയ്യപ്പെടാത്ത ഒന്നാണ്‌. എതിരാളിയെ പ്രസ്സ്‌ ചെയ്യുന്നതിലും ഓടിയെത്തുന്നതിലും ചാവി മിടുക്കനാണ്‌. തന്റെ ടീമംഗങ്ങൾ ബുദ്ധിമുട്ടിലാവുമ്പോഴെല്ലാം പൊസഷൻ വീണ്ടെടുക്കാനായി ചാവി ഓടിയെത്താറുണ്ട്‌.

ഗോളുകൾക്ക്‌ വഴിയൊരുക്കുന്നതിലും ചാവി അഗ്രഗണ്യനാണ്‌. പാസിന്റെ കൃത്യതയുടെ കാര്യത്തിൽ അദ്ദേഹം ലോകത്തിലെ തന്നെ മികച്ചവരിൽ ഒരാളാണ്‌. ഏത്‌ മൂലയിൽ നിന്നും ഗോളുകൾക്ക്‌ വഴിയൊരുക്കാൻ ചാവിക്ക്‌ പ്രത്യേക കഴിവുണ്ട്‌. ‘ലാ പോസ’ ടെക്‌നികിന്റെ വക്താവ്‌ കൂടിയാണ്‌ ചാവി. മൽസരഗതിയുടെ വേഗത കുറക്കുന്ന ശൈലിയാണ്‌ ‘ലാ പോസ’. പന്ത്‌ പാസ്‌ നൽകുന്നതിന്‌ പകരം കാലിൽ തന്നെ പന്ത്‌ വെച്ച്‌ എതിരാളികളെ തന്നിലേക്ക്‌ അടുപ്പിക്കുകയും തന്മൂലം ലഭിച്ചേക്കാവുന്ന സ്പേസിലൂടെ മുന്നേറ്റ നിരക്കാർക്ക്‌ പന്തെത്തിക്കുകയും ചെയ്യുന്ന ഈ വിദ്യ ചാവിയോളം മറ്റാരും ഫലപ്രദമായി ഉപയോഗിച്ചിട്ടില്ല. 2011 ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പെഡ്രോ നേടിയ ഗോൾ ഇതിനുദാഹരണമാണ്‌.

ചാവി ബാഴ്‌സയിൽ നിന്ന് മടങ്ങിയ ശേഷം ടീമിന്റെ മധ്യനിര വളരെ ദുർബലമായി മാറി. ചാവി ടീമിന്‌ എത്രത്തോളം നിർണായക സാന്നിധ്യമായിരുന്നെന്ന് ഇത്‌ കാണിച്ച്‌ തരുന്നുണ്ട്‌. ആർതുറിനെ പകരക്കാരനായി ടീമിലെത്തിച്ചെങ്കിലും ചാവിയോളം പോന്ന ഒരാളെ കണ്ടെത്തുക എന്നത്‌ ഒരു സ്വപ്നം മാത്രമാണ്‌. പന്തടക്കത്തിലും പൊസഷൻ സ്വന്തമാക്കുന്നതിലും ആർതുർ മുന്നിട്ട്‌ നിൽക്കുന്നുണ്ടെങ്കിലും ക്രിയാത്മകതയിൽ അദ്ദേഹം ഇനിയും ഒരുപാട്‌ ദൂരം മുന്നേറാനുണ്ട്‌.

ഒരു ജെനറേഷനിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു താരമാണ്‌ ചാവി. കളിക്കളത്തിൽ മികച്ച താരമെന്നതിനപ്പുറം മികച്ച മനുഷ്യൻ കൂടിയായിരുന്നു ചാവിയെന്ന എൽ മാസ്റ്റെറൊ. ആരാധകരെ പുളകം കൊള്ളിക്കാൻ തന്ത്രജ്ഞനായി ചാവിയെന്ന ഇതിഹാസം ബാഴ്‌സയിലേക്ക്‌ മടങ്ങിയെത്തുമെന്ന് പ്രത്യാശിക്കാം.

© www.culesofkerala.com

]]>
https://staging.penyadelbarcakerala.com/xavi-hernandes-the-artist-of-football/feed/ 0
Introducing Cruyff’s Dream Team: ഹ്രിസ്റ്റോ സ്റ്റോയിച്കോവ് https://staging.penyadelbarcakerala.com/introducing-cruyffs-dream-team-hristo-stoichkov/ https://staging.penyadelbarcakerala.com/introducing-cruyffs-dream-team-hristo-stoichkov/#respond Tue, 12 May 2020 04:30:31 +0000 https://thejerseycollector.com/test/?p=3442 ഹ്രിസ്റ്റോ സ്റ്റോയിച്കോവ് എന്ന നാമത്തിന് ബൾഗേറിയൻ ഭാഷയിൽ ക്രിസ്തു എന്നർത്ഥമുണ്ട്, പക്ഷെ പലപ്പോഴും ആ ദൈവനാമം വെറുതെ ആയിപോയെന്ന് തോന്നിപ്പിച്ചിട്ടുമുണ്ട്. ഊർജസ്വലമായ, ഉജ്ജ്വലവും ആവിശ്യസനീയമാംവിധം കഴിവുള്ളതുമായ ഹ്രിസ്റ്റോ സ്റ്റോയിച്കോവ് എന്ന നാമം ബൾഗേറിയൻ ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ പേരെന്ന വിശേഷണത്തെ ഒരുകാലത്തും ആരുംതന്നെ മറികടക്കുമെന്ന് തോന്നുന്നില്ല.

“ലോകത്തിൽ രണ്ട് ക്രിസ്തുമാരുണ്ട്, ഒന്ന് ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുന്നു, മറ്റൊന്ന് സ്വർഗ്ഗത്തിലും”, 1994ൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം സ്വീകരിക്കുന്ന വേളയിൽ ഹ്രിസ്റ്റോ പറഞ്ഞ വാക്കുകളാണിവ!
മേല്പറഞ്ഞ വാക്കുകളിൽനിന്ന് വ്യക്തമാണ്, ലോകം കണ്ട ഏറ്റവും മികച്ച ഗോൾ സ്കോറെർമാരിൽ ഒരാളായ ഈ ബൾഗേറിയൻ നായകന്റെ വ്യക്തിത്വം.

സ്റ്റോയിച്കോവിനെ മറ്റുളവരിൽനിന്ന് വ്യത്യസ്തനാക്കുന്ന മൂന്നു ഘടകങ്ങൾ ഉണ്ടായിരുന്നു; ദൈവം നൽകിയ നൈപുണ്യം, ദൈവത്തോളം വലിപ്പമുള്ള അർത്ഥം, പിശാചിനോത്ത സ്വഭാവം!

പതിനാറാം വയസ്സിൽ പ്രാദേശിക ടീമായ ഹെബ്രോസിനൊപ്പം തന്റെ കരിയർ ആരംഭിച്ച സ്റ്റോയിച്കോവ് വളരെ പെട്ടന്ന് തന്നെ ബൾഗേറിയൻ ഫുട്ബാളിലെ തിളക്കമാർന്ന യുവതാരമായി മാറി. അദ്ദേഹത്തിന്റെ സാങ്കേതിക മികവുകൾ മറ്റുള്ളവരിൽനിന്ന് വേറിട്ടു നിന്നു. ഒരു ലെഫ്റ്റ് വിങ്ങർ എന്ന നിലയിൽ തന്റെ വേഗതയും കൃത്യതയും ഉപയോഗിച്ച് എതിരാളികളെ വിറപ്പിച്ചപ്പോൾ, രാജ്യത്തെ വമ്പന്മാരായ സിഎസ്കെഎ സൊഫിയ ഈ യുവപ്രതിഭയ്ക്കായി വന്നതിൽ അതിശയിക്കാനില്ല.
സിഎസ്കെഎയുമായി കരാറൊപ്പിട്ട ഒരു വർഷത്തിനുള്ളിൽ, ഈ പ്രതിഭയ്ക്ക് വന്യമായ മനോഭാവമുണ്ടെന്ന് അവർ മനസിലാക്കാൻ തുടങ്ങി. 1985ൽ ലെവ്സ്കി സ്പർട്ടാക്കിനെതിരെ ബൾഗേറിയൻ കപ്പ്‌ ഫൈനലിൽ ഹ്രിസ്റ്റോ ഉൾപ്പെടയുള്ള താരങ്ങൾ വാക്കേറ്റത്തിനും തുടർന്ന് കയ്യാങ്കളിയിലും ഏർപ്പെട്ടതുമൂലം, അയാളുടെ തനതായ കർക്കശസ്വഭാവം പുറത്തുവന്നു.
സൊഫിയ 2-1 എന്ന സ്‌കോറിൽ ജയിച്ചെങ്കിലും സ്റ്റോയിച്കോവ് അടക്കം 6 കളിക്കാരെ മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അടുത്ത സീസണിൽ ഹ്രിസ്റ്റോ മടങ്ങി വരുമ്പോഴേക്കും സിഎസ്കെഎ സൊഫിയയുടെ പേര് സിഎസ്കെഎ സ്രേഡെറ്റ്സ് എന്നാക്കി മാറ്റിയിരുന്നു. തിരിച്ചുവരവിൽ മിന്നുന്ന ഫോമിലൂടെ, 4-3-3 ഫോർമേഷനിൽ ലെഫ്റ്റ് ഫോർവേഡായി ഗോൾ അടിച്ചു കൂട്ടുകയും ചെയ്തു.

അതെ സമയം, മികച്ച ഒരുപറ്റം യുവ താരങ്ങളുടെ ഉദയമായിരുന്നു ബൾഗേറിയയിൽ. യോർദാൻ ലെച്ച്കോവ്, ഇലിയൻ കിരിയാക്കോവ്, ക്രാസിമിർ ബലാകോവ്, ഗോളടിയന്ത്രം എമിൽ കോസ്റ്റഡിനോവ് തുടങ്ങിയർ അതിൽ പ്രമുഖരായിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ ഒരു പുത്തൻ ശക്തികളുടെ ഉയർന്നുവരവാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ഇവരുടെ പ്രകടനം. സ്റ്റോയിച്കോവിനെ കേന്ദ്രികരിച്ച് സ്രേഡെറ്റ്സ് ആ സീസണിൽ എതിരാളികളെ തീർത്തും നിഷ്പ്രഭമാക്കി മൂന്നാം കിരീടത്തിൽ മുത്തമിട്ടു. തന്റെ കേളിമികവിനോട് നീതി പുലർത്താൻ തുടങ്ങിയ ഹ്രിസ്റ്റോ സീസണിൽ 38 മത്സരങ്ങളിൽനിന്ന് 30 ഗോളുകൾ നേടി യൂറോപ്യൻ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി.

സ്രേഡെറ്റ്സിന്റെ യൂറോപ്യൻ വിന്നേഴ്സ് കപ്പിലേക്കുള്ള പ്രയാണത്തിലാണ് സ്റ്റോയിച്കോവിന്‍റെ മാസ്മരികത ബൾഗേറിയക്ക് പുറത്തുള്ളവർക്ക് മനസിലാവാൻ തുടങ്ങിയത്. സെമിഫൈനലിൽ ക്രൈഫിന്റെ ബാഴ്സയുമായി മുഖാമുഖം വരുന്നത് മുമ്പ് ഗ്രീക്ക് വമ്പന്മാരായ പനാത്തിനിക്കോസ്, റോഡ ജെ സി തുടങ്ങിയവരെ പുറത്താക്കിയിരുന്നു.
ലാ ബ്ലൗഗ്രാന ഇരുപാദങ്ങളിലുമായി ജയിച്ചു ഫൈനലിലേക്ക് മുന്നേറിയെങ്കിലും, മത്സരം വീക്ഷിച്ചവരുടെ മനം കവർന്നത് സ്റ്റോയിച്കോവായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ ക്രൈഫ് ആ മിന്നുംതാരത്തെ അടുത്ത സീസണിൽ തന്നെ തങ്ങളുടെ കൂടാരത്തിലെത്തിച്ചു.

എന്നിരുന്നാലും, സ്റ്റോയിച്കോവിന്‍റെ ഈ കണിശമായ സ്വഭാവത്തെ എങ്ങനെ നിയന്ത്രിക്കുമെന്ന ചോദ്യചിഹ്നം അപ്പോഴേ ഉയർന്നിരുന്നു. ക്യാമ്പ്നൗവിലെ അരങ്ങേറ്റസീസണിൽ തന്നെ ഒരു റഫറിയുടെ തീരുമാനത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും, തുടർന്ന് കാലിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. അതുമൂലം രണ്ടു മാസത്തേക്ക് സസ്‌പെൻഡും ചെയ്യപ്പെട്ടു. മാത്രമല്ല, ഈ അസ്ഥിരനായ ബൾഗേറിയനെ ക്ലബ്ബിലേക്ക് കൊണ്ടുവരാനുള്ള ക്രൈഫിന്റെ തീരുമാനം എല്ലാ തലത്തിലും ചോദ്യംചെയ്യപ്പെട്ടു. സസ്പെന്ഷന് ഉണ്ടായിട്ടും, ആ സീസണിൽ മിഡ്ഫീൽഡിൽനിന്നും 20 ഗോളുകൾ നേടാൻ ഹ്രിസ്റ്റോയ്ക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ കളങ്കം അങ്ങനെ മാഞ്ഞു തുടങ്ങിയിരുന്നു, പക്ഷെ അത് ബാഴ്‌സലോണയുടെ ഒരു ഡയറക്ടറുടെ രക്ഷാകർതൃത്തെ ചോദ്യം ചെയ്യുന്നതുവരെ മാത്രം. അതും ടെലിവിഷനിൽ തത്സമയം!

സ്റ്റോയിച്കോവിന്‍റെ വരവ് ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച കാലഘട്ടത്തിന് പ്രചോദനമായി.അദ്ദേഹം മിഡ്ഫീൽഡിന്റെ ഇടതുവശത്തു നിന്ന് വന്യമായ ആക്രമണങ്ങൾ മെനഞ്ഞതോടെ, ക്രൈഫിന്റെ ബാഴ്സ അടുത്ത നാല് സീസണിലെ ലാ ലിഗാ(91,92,93,94), ക്ലബ് ചരിത്രത്തിലെ ആദ്യത്തെ യൂറോപ്യൻ കപ്പ്(92),കോപ്പ ഡെൽ റെ(90),സൂപ്പർ കോപ്പ ഡി എസ്പാന(92,94) തുടങ്ങിയവ കരസ്ഥമാക്കി.

റൊണാൾഡ് കൂമാൻ, ബേക്കറോ, സാലിനാസ്, മൈക്കൽ ലോഡ്രപ്പ്, നദാൽ, ജോസെപ് ഗ്വാർഡിയോള, ഗിയോർഗെ ഹാഗി, റൊമാരിയോ, സ്റ്റോയിക്കോവ് തുടങ്ങിവർ അണിനിരന്ന ‘ഡ്രീം ടീം’, യൂറോപ്പിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സുന്ദരമായ ഫുട്ബോൾ കാഴ്ചവെച്ചു.
കളിക്കളത്തിൽ പതിയെ പക്വതയാർജ്ജിച്ച ഹ്രിസ്റ്റോ, ഓരോ ബാഴ്‌സ ആക്രമണത്തെയും ഒരു സംഗീതസംവിധായകന്റെ വൈദഗ്ധ്യത്തോടെ ആസൂത്രണം ചെയ്തു. കുറ്റമറ്റതായ പാസിംഗ്, വന്യമായ ആക്രമണങ്ങൾ, പൂർണമായ ഡ്രിബ്ബിങ്, കൂടാതെ ലേസർ പെർഫെക്ട് ആയ ഷൂട്ടിംഗ് പാടവം തുടങ്ങിയവകൊണ്ട് ഫുട്ബോളിനെ കയ്യിലെടുത്തു. തുടർന്ന് 1994ൽ യൂറോപ്യൻ പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

ബാഴ്‌സയിൽ ആയിരുന്ന സമയത്ത്, അദ്ദേഹം പതിവായി തന്റെ ആരാധനപാത്രമായ ക്രൈഫുമായി ഏറ്റുമുട്ടിയിരുന്നു. ക്രൈഫുമായും പത്രക്കാരുമായും നടത്തിയ ഒരു വലിയ തർക്കത്തിന് ശേഷം സ്റ്റോയിക്കോവ് അവരോട് പറഞ്ഞു “നവംബർ വരെ ഞാൻ നിങ്ങളിലോറ്റ ബാസ്റ്റഡുകളുമായി സംസാരിക്കുന്നില്ല!” തുടർന്ന് ക്രൈഫിന്റെ വാദമോ, മറ്റൊരു തർക്കത്തിന് വഴിവെക്കും!

എന്നും പൊട്ടിത്തെറിയുടെ വക്കിലെത്തിയ അഗ്നിപർവ്വതമായിരുന്നു സ്റ്റോയിച്കോവ് എന്ന് പറയുന്നത് അനീതിയാണ്. ദേശീയ ബ്രോഡ്കാസ്റ്റർമാർക്ക് ഫീസ് താങ്ങാൻ കഴിയാത്തതിനെത്തുടർന്ന് 1992ൽ യൂറോപ്യൻ കപ്പ് ഫൈനൽ പ്രക്ഷേപണ അവകാശത്തിനായി അദ്ദേഹം പണം നൽകുകയുണ്ടായിരുന്നു. ഇത് ബൾഗേറിയൻ ആരാധകർക്കിടയിൽ അദ്ദേഹത്തോടുള്ള മതിപ്പ് പതിന്മടങ്ങ് വർധിച്ചു. പക്ഷെ ബൾഗേറിയൻ ഫുട്ബോളിൽ മറ്റൊന്നായിരുന്നു നടന്നുകൊണ്ടിരുന്നത്. ഹ്രിസ്റ്റോയെ കൂടാതെ രാജ്യത്തെ മികച്ച കളിക്കാരിൽ ഭൂരിഭാഗവും യൂറോപ്പിലെ മികച്ച ലീഗുകളിലേക്ക് കൂടെറിയിരുന്നു. അത്, അമേരിക്കയിൽ നടക്കാൻ പോകുന്ന ലോകകപ്പിന്, ബൾഗേറിയൻ ഫുട്ബോളിനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷ എക്കാലത്തെയും ഉയർന്ന നിലയിലായിരുന്നു.

ബാഴ്‌സയിലെ ഡ്രീം ടീമിന്റെ മാത്രമല്ല, ബൾഗേറിയയുടെ ഗോൾഡൻ ജനറേഷന്റെയും കേന്ദ്രബിന്ദു കൂടിയായിരുന്നു അദ്ദേഹം.

തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ ഒരു ലോകകപ്പ് മത്സരജയം കൂടാതെ വന്ന ബൾഗേറിയയെ സ്റ്റോയിച്കോവ് ആത്മവിശ്വാത്തോടെ അമേരിക്കയിലേക്ക് നയിച്ചു. എന്നാൽ കുറച്ചുപേർ, ഗ്രൂപ്പ് ഘട്ടത്തിൽ നൈജീരിയ, ഗ്രീസ്, അർജന്റീന എന്നീ വമ്പന്മാരെ കിട്ടിയതുമൂലം മുന്നേറാനുള്ള സാധ്യതയെ തുടക്കത്തിലേ തള്ളിക്കളഞ്ഞിരുന്നു. അനുഭവകുറവ് മൂലം, ആദ്യമത്സരത്തിൽ നൈജീരിയോട് 3-0 എന്ന സ്‌കോറിൽ തോൽവിയോടെയുള്ള തണുത്ത തുടക്കമാണ് ബൾഗേറിയക്ക് നേരിടേണ്ടിവന്നത്. അവസാനമത്സരത്തിൽ അർജന്റീനയെ നേരിടേണ്ടത്കൊണ്ട് തന്നെ, ഗ്രീസുമായുള്ള മത്സരത്തിൽ ഒരു കനത്ത ജയം ആവശ്യമായിരുന്നു.കാരണം, ആദ്യ റൗണ്ടിൽ ജയിച്ച രണ്ടു ടീമിന്റെയും മാർജിൻ വലിയതായിരുന്നു. ആയതിനാൽ ഗോൾ വ്യത്യാസം ഈ ഗ്രൂപ്പിന്റെ മുമ്പോട്ടുള്ള യാത്രയെ തീരുമാനിക്കുന്നതിൽ ഘടകമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മത്സരത്തിൽ ഗ്രീസിനെ 4-0 എന്ന സ്‌കോറിൽ തകർക്കുമ്പോൾ സ്റ്റോയിക്കോവ് രണ്ട് ഗോൾ നേടി വിജയത്തിന് ചുക്കാൻ പിടിച്ചു. മറ്റൊരു മത്സരത്തിൽ അര്ജന്റീന 2-1ന് നൈജീരിയയെ തോല്പിച്ചപ്പോൾ അവസാന റൗണ്ട് മത്സരം എല്ലാവർക്കും നിർണായകമായി മാറി.

അവസാന ഗ്രൂപ്പ് മത്സരത്തിലേക്ക് പ്രവേശിക്കുമ്പോൾ അർജന്റീന 6 പോയിന്റും +5 എന്ന ഗോൾ വ്യത്യാസവുമായി ഗ്രൂപ്പിൽ ഒന്നാമതായിരുന്നു, നൈജീരിയയ്ക്ക് 3 പോയിന്റും +2 ഗോൾ വ്യത്യാസവും ബൾഗേറിയയ്ക്ക് 3 പോയിന്റും +1 ഗോൾ വ്യത്യാസവും ഉണ്ടായിരുന്നു. അതുകൊണ്ട് ബൾഗേറിയക്ക് 2 ഗോളിന്റെ വ്യക്തമായ വിജയം മുമ്പോട്ട് പോകുന്നതിന് ആവശ്യമായിരുന്നു. കൊക്കയ്‌ൻ ഉപയോഗം മൂലം പുറത്താക്കപെട്ട ഡീഗോ മറഡോണയുടെ അസാന്നിധ്യം ബൾഗേറിയയുടെ പ്രതീക്ഷകൾ കൂട്ടി. തങ്ങളുടെ പ്രധാന ഊർജം നഷ്ടപ്പെട്ട അർജന്റീന കിതച്ചപ്പോൾ, പലരും പ്രതീക്ഷിച്ചിരുന്ന മാസ്റ്റർ vs മാസ്റ്റർ യുദ്ധത്തിനുള്ള അവസരം സ്റ്റോയിച്കോവിനും നഷ്‌ടപ്പെട്ടു. പക്ഷെ മറഡോണയുടെ അഭാവം തന്റെ ലോകകപ്പ് കവർന്നെടുക്കാൻ അദ്ദേഹം അനുവദിച്ചില്ല. മത്സരം നന്നേ കടുത്തതായിരുന്നു, ബൾഗേറിയക്ക് താളം കണ്ടെത്താൻ ആൽബിസെലസ്റ്റേകൾ ഒരിക്കലും അനുവദിച്ചിരുന്നില്ല. അർജന്റീനിയൻ പ്രതിരോധക്കാരാൽ വളഞ്ഞിട്ടും സ്റ്റോയിച്കോവ് തന്നെയായിരുന്നു പിച്ചിലെ ഏറ്റവും മികച്ച കളിക്കാരൻ.

61ആം മിനിറ്റിൽ സ്റ്റോയിച്കോവിനും ബൾഗേറിയയ്ക്കും അവർ കാത്തിരുന്ന നിമിഷം വന്നുചേർന്നു. കനിജിയയിൽ നിന്ന് ഒരു ക്രോസ് തടഞ്ഞു പിടിച്ചെടുത്ത ബാലകോവ്, പന്ത് വൈഡായി കോസ്റ്റാഡിനോവിക്കിന് കൊടുത്തു. അദ്ദേഹത്തിന്റെ മികച്ച പാസ് മൂന്ന് അർജന്റീന പ്രതിരോധക്കാർകിടയിലൂടെ പന്ത്, കുതിക്കുന്ന സ്റ്റോയിച്കോവിലേക്ക് എത്തി. കീപ്പർ മുന്നോട്ട് കേറി തടയാൻ വന്നപ്പോൾ,ഹ്രിസ്റ്റോ ശാന്തനായി പന്ത് വലയിലേക്ക് നിറയൊഴിച്ചു, ബൾഗേറിയയ്ക്ക് ഒരു അവസാന പോരാട്ടത്തിന് പ്രതീക്ഷ നൽകി. തുടർന്ന് പ്രതിരോധ മതിൽ തീർത്ത അർജന്റീന മത്സരം ശക്തമാക്കി. ഒറ്റ ഗോളെന്ന ബൾഗേറിയൻ മോഹം പലപ്പോഴും അർജന്റീനയുടെ മതിലിൽ തട്ടി തകർന്നുപോകാൻ തുടങ്ങി. മത്സരം ഇഞ്ചുറി ടൈമിലേക്ക് നീങ്ങുമ്പോൾ അർജന്റീന ഗ്രൂപ്പിൽ ഒന്നാമതാണെങ്കിലും, 92ആം മിനിറ്റിൽ സിറാകോവ് അർജന്റീനിയൻ ഹൃദയങ്ങളെ തകർത്തു ഗോൾ വല ഭേദിച്ച് ബൾഗേറിയയെ അടുത്ത റൗണ്ടിലേക്ക് നയിച്ചു. അർജന്റീനയും മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയെങ്കിലും, ഹാഗിയുടെ റൊമാനിയയോട് പരാജയപ്പെടുകയും ചെയ്തു.

അവസാന -16 ലെ ബൾഗേറിയയുടെ എതിരാളികൾ അയർലൻഡും ഇറ്റലിയും അടങ്ങുന്ന ഗ്രൂപ്പിൽ ഒന്നാമതെത്തിയ മെക്സിക്കോയായിരുന്നു. സ്റ്റോയിച്കോവിന്‍റെ ഏക ഗോളിന്റെ ബലത്തിൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും, ബൾഗേറിയ 3-1ന് ജയിച്ച് മുന്നേറുകയും ചെയ്തു. അടുത്ത റൗണ്ടിൽ, ടൂർണമെന്റിലെ ഏറ്റവും മികച്ചത് എന്ന് പലരും കരുതുന്ന മത്സരത്തിൽ ജർമ്മനിയെ 2-1ന് പരാജയപ്പെടുത്തി. ലോതർ മാത്തേവൂസ് ജർമ്മനിയെ ഹാഫ് ടൈമിന് മുമ്പ് മുന്നിലെത്തിച്ചെങ്കിലും സ്റ്റോയിക്കോവ്, ലെറ്റ്കോവ് എന്നിവർ മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി ബൾഗേറിയയ്ക്ക് അവിസ്മരണീയമായ വിജയം നൽകി.

ഇതിനോടകം മനോഹരമായ ഫുട്‌ബോൾ കാരണം ആരാധകരുടെ പ്രിയ ടീമായി മാറിയ ബൾഗേറിയയെ കാത്തുനിന്നിരുന്നത് അസൂറികളായിരുന്നു. ടോട്ടൽ ഫുട്ബോൾ ശൈലി പിന്തുടരുന്ന രാജ്യങ്ങളിൽ ബൾഗേറിയ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. പതിവുപോലെ സമ്മർദ്ദം വർദ്ധിക്കുന്നതിനനുസരിച്ച് ഇറ്റലി അവരുടെ മികച്ച പ്രകടനം പുറത്തെടുത്തു. റോബർട്ടോ ബാജിയോ രണ്ടുതവണ ഗോൾ വല ചലിപ്പിച്ചപ്പോൾ, സ്റ്റോയിച്കോവിന്‍റെ ഒറ്റ ഗോൾ മത്സരഫലം മാറ്റിമറിക്കാൻ കഴിയുന്നതായിരുന്നില്ല. അങ്ങനെ ആരാധകഹൃദയം കീഴടക്കിയ ബൾഗേറിയയുടെ യാത്ര സെമിയിൽ അവസാനിച്ചു. ആ തിളക്കമാർന്ന തോൽവിക്കിടയിലും ഗോൾഡൻ ബൂട്ട് നേടിയ ഹ്രിസ്റ്റോ, ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അറിയപ്പെടുകയും ചെയ്തു.

രണ്ടുവർഷത്തിനുശേഷം, ഇറ്റലിയിലെ പാർമയ്ക്കായി അദ്ദേഹം ബാഴ്‌സ വിടാൻ തീരുമാനിച്ചു. സ്റ്റോയിക്കോവ് പോയതോടെ ജോഹാൻ ക്രൈഫിന്റെ ടീമിന് പ്രതീക്ഷയ്ക്കൊത്തുയരാൻ സാധിച്ചില്ല, തുടർന്ന് അടുത്ത വർഷം ക്ലബ് അദ്ദേഹത്തെ പുറത്താക്കി. ഇറ്റലിയിൽ അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങൾ. അമിതമായ പ്രതിരോധത്തിലൂന്നിയ ടീമുകളും, അതുമൂലമുള്ള തന്റെ അസ്ഥിര സ്വഭാവവും ഇറ്റലിയിൽ കളിക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. പരുക്കൻ കളികൾ അദ്ദേഹത്തെ ഇടയ്ക്കിടെ പരിക്കേൽപിച്ചു. 23 കളികൾ നിന്ന് കേവലം 5 ഗോൾ മാത്രമാണ് നേടാനായത്.

1996-ൽ ബോബി റോബ്‌സൺ, തന്റെ ബാഴ്‌സലോണ ടീമിനെ നയിക്കാൻ വേണ്ടി, പ്രായമായ സ്റ്റോയിച്കോവിനെ ക്യാമ്പ്നൗവിലെക്ക് തിരികെ കൊണ്ടുവന്നു. ലീഗ് കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും,അവിടെ നിന്ന രണ്ട് സീസണുകളിൽ യുവേഫ കപ്പ്, കോപ ഡെൽ റേ, യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ നേടാൻ സാധിച്ചിരുന്നു.

1998 ആവുമ്പോഴേക്കും, ഇടയ്ക്കിടെ പരിക്ക് വലച്ച 32 കാരനായ സ്റ്റോയിച്കോവ്, തന്റെ പഴയ ക്ലബായ സി‌എസ്‌കെ‌എ സോഫിയയിലെക്ക് തിരികെ പോയി. കുറഞ്ഞ മത്സരസമയത്തിൽ നിരാശനായ അദ്ദേഹം പരിശീലകനാകാൻ തീരുമാനിച്ചു. അതിനുവേണ്ടി 5 കൊല്ലം പല രാജ്യങ്ങളിൽ ചിലവഴിച്ച് അനുഭവം നേടി. ഈ കാലഘട്ടത്തിലാണ്, മേജർ സോക്കർ ലീഗിൽ ഡി.സി യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോൾ ഒരു ചെറുപ്പക്കാരന്റെ കാൽ ചവിട്ടി ഒടിക്കുകയും; പിന്നീട് ആ കൃത്യത്തിന് ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ഉണ്ടായി, പക്ഷെ അത് കോടതിക്ക് പുറത്ത് ഒത്തുതീർപ്പായി.

2004ൽ അദ്ദേഹം ബൾഗേറിയൻ ദേശീയ ടീമിന്റെ മാനേജരായി ചുമതലയേറ്റു. അടുത്ത മൂന്ന് വർഷത്തിൽ ടീമിന്റെ പ്രകടനത്തിൽ കാര്യമായ പുരോഗതിയും ഉണ്ടാവാത്തതിനെതുടർന്ന് 2007ൽ മാനേജർ പദവിയിൽ നിന്ന് പുറത്താക്കി. യൂറോപ്പ്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ഇദ്ദേഹം അസ്ഥിരനായിരുനെങ്കിലും, വളരെ മാന്യനായിരുന്നു.

ഹ്രിസ്റ്റോ സ്റ്റോയിച്കോവ് ഒരു ദൈവത്തെപ്പോലെ കളിച്ചു, ഒരു ദൈവത്തെപ്പോലെ ജീവിച്ചു, ഒരു പിശാചിനെപ്പോലെ പോരാടി!

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/introducing-cruyffs-dream-team-hristo-stoichkov/feed/ 0
ഡാനി ആൽവേസിന് കൂളെസ് ഓഫ് കേരളയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ https://staging.penyadelbarcakerala.com/birthday-wishes-to-dani-alves/ https://staging.penyadelbarcakerala.com/birthday-wishes-to-dani-alves/#respond Wed, 06 May 2020 06:07:58 +0000 https://thejerseycollector.com/test/?p=3427 നിങ്ങൾ ഓർക്കുന്നുണ്ടോ ബ്രസീലിലെ ആ അക്കാദമിയിൽ വെച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞ വാക്കുകൾ.? എന്റെ അച്ഛൻ എന്നെ കുറിച്ച ഓർത്തു അഭിമാനിക്കും വരെ ഞാൻ വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞത്.? എന്റെ അച്ഛൻ അത്ര ഇമോഷണൽ ആയ വ്യക്തിയല്ല. ഞാൻ എപ്പോഴെങ്കിലും അദ്ദേഹത്തെ സംതൃപ്തനാക്കിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ കരിയറിലെ ഒട്ടു മിക്ക സമയത്തും അദ്ദേഹം ബ്രസീലിലെ വീട്ടിലായിരുന്നു. പക്ഷെ 2015 ൽ ബെർലിനിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം കാണാൻ അദ്ദേഹം ആദ്യമായി വന്നു. മത്സരശേഷം ബാഴ്‌സ, കളിക്കാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഒരു സ്‌പെഷൽ പാർട്ടി നടത്തിയിരുന്നു. നമ്മളെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തിയവർക്ക്, ആ കൈകളിലേക്ക് നമുക്ക് ട്രോഫി നൽകാൻ അവസരം തന്നു. അച്ഛന്റെ കൈകളിലേക്ക് ആ ട്രോഫി നൽകി ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അദ്ദേഹം പറഞ്ഞു” എന്റെ മകൻ ഒരു ആൺകുട്ടിയാണ് ” അതും പറഞ്ഞു അദ്ദേഹം ഒരു കൊച്ചു കുഞ്ഞിനെ പോലെ കരയുകയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അത്.

– ഡാനി ആൽവെസ് –

ഏതു മനുഷ്യന്റെ ജീവിതത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ചിലർ കാണും. ചിലപ്പോൾ കുടുംബാംഗങ്ങൾ, അല്ലെങ്കിൽ സുഹൃത്തുക്കൾ ചിലപ്പോൾ തീർത്തും അപരിചിതർ. പ്രശസ്തിയുടെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോൾ ഡാനി ആൽവേസ് പറഞ്ഞത് സ്വന്തം അച്ഛനെ കുറിച്ചായിരുന്നു. ബ്രസീലിലെ വാസെയ്‌റോയിലെ കൃഷിയിടത്തിൽ രാപ്പകലില്ലാതെ പണിയെടുത്തിരുന്ന അച്ഛൻ. അന്ന് അദ്ദേഹത്തിന്റെ മുതുകിൽ ഉണ്ടായിരുന്നത് ഭാരമേറിയ കീടനാശിനി ടാങ്ക് മാത്രമായിരുന്നില്ല, മറിച്ചു ഒരു കുടുംബത്തിന്റെ ഭാരം മുഴുവനുമായിരുന്നു. പക്ഷെ അന്ന് അദ്ദേഹം ഡാനിക്ക് ചവിട്ടിക്കയറാൻ സ്വന്തം ചുമൽ നൽകിയത് കൊണ്ടാണ് പിൽക്കാലത്തു വിജയങ്ങളും കിരീടങ്ങളും റെക്കോർഡുകളും സ്വന്തമാക്കിയ ഡാനി ആൽവേസ് എന്ന വിഖ്യാത റൈറ്റ് ബാക്ക് പിറവിയെടുത്തത്. ആധുനിക ബാഴ്‌സയുടെ തേരോട്ടത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ഡാനിയെ നമുക്ക് സമ്മാനിച്ച ആ അച്ഛന് അഭിവാദ്യങ്ങൾ.

ഫുട്ബാൾ ടീമുകളിൽ ഓർമകളും കിരീടങ്ങളും ഒഴികെ ഒന്നും സ്ഥായിയല്ല. കളിക്കാർ വരും പോകും. ചിലർ കേവലം ദിവസങ്ങളും ആഴ്ചകളും മാത്രം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ മാറ്റ് ചിലർ മരണം വരെ നമ്മുടെ ഹൃദയത്തിലുണ്ടാകും. അത്തരത്തിൽ ഒരാളായിരുന്നു ഡാനി. വിഖ്യാത പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ കീഴിൽ ലാ മാസിയ കളിക്കാർ ബാഴ്‌സയിൽ അശ്വമേധം നടത്താൻ ഒരുങ്ങുമ്പോഴാണ് ഡാനി ബാഴ്‌സയിലേക്ക് വരുന്നത്. ലാ മാസിയ കളിക്കാർക്ക് ലഭിക്കുന്ന ആരാധകവൃന്ദം ഡാനിയെ പോലെ പുറത്തു നിന്നും വരുന്ന ഒരാൾക്കു ലഭിക്കാൻ സാധ്യതയില്ല. കാരണങ്ങൾ പലതാണ്. അയാൾ ലാ മാസിയ പ്രോഡക്റ്റ് അല്ല, സ്പെയിനിൽ നിന്നുള്ള കളിക്കാരനല്ല, ബാഴ്‌സ ശൈലിയിൽ പരിചയവുമില്ല. പക്ഷെ ഒന്ന് അയാൾക്കുണ്ടായിരുന്നു. ഉറച്ച മനസ്സ്. കാരണം പണ്ട് തന്റെ പതിമൂന്നാം വയസ്സിൽ ആദ്യമായി ഒരു അക്കാദമിയിൽ ചേർന്ന് ആദ്യ ദിനം തന്നെ ആകെയുണ്ടായിരുന്ന കിറ്റ് മോഷണം പോയി, വിശപ്പും ദാഹവും തളർച്ചയുമായി നിന്ന ആ ബാലൻ അന്ന് തിരികെ വീട്ടിലേക്ക് പോയില്ല. മറിച്ചു എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു അറ്റ്ലാന്റിക് മുറിച്ചു കടന്ന് സ്‌പെയിനിൽ ബാഴ്‌സലോണയിൽ കാല് കുത്താമെങ്കിൽ, ബാഴ്‌സയിൽ എങ്ങനെ പച്ച പിടിക്കണമെന്ന് അയാൾക്ക് അറിയാമായിരുന്നു.

ബാഴ്‌സയുടെ തേരോട്ടം ലോകം ദർശിക്കാൻ തുടങ്ങിയ വർഷങ്ങളിൽ തന്നെ ഡാനി ടീമിന്റെ അഭിവാജ്യ ഘടകമായി മാറി. ആദ്യ സീസണിൽ തന്നെ ട്രെബിൾ, രണ്ടാം സീസണിൽ റെക്കോർഡ് ആറ് കിരീടങ്ങൾ, തുടർന്ന് വന്ന വർഷങ്ങളിൽ ഒട്ടേറെ കിരീടങ്ങൾ. ഗ്വാർഡിയോള വിട പറഞ്ഞിട്ടും തുടർന്ന് വന്ന കോച്ചുകളുടെ കീഴിൽ ടീമിലെ നിറസാന്നിദ്ധ്യം. ഒടുവിൽ ലൂയിസ് എൻറിക്കേയുടെ കാലഘട്ടത്തിൽ ഒരിക്കൽ കൂടി ലോകം ഈ റൈറ്റ് ബാക്കിന്റെ പ്രൈം ടൈം ദർശിച്ചു. ചാമ്പ്യൻസ് ലീഗ് അടക്കം അഞ്ച് കിരീടങ്ങൾ നേടിക്കൊണ്ട് അദ്ദേഹം ബാഴ്‌സയിലെ തന്റെ അവസാന നാളുകൾ വർണാഭമാക്കി. ബാഴ്‌സ ബോർഡുമായുള്ള ഭിന്നത മൂലം നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം അദ്ദേഹം കാമ്പ് ന്യുവിന്റെ പടിയിറങ്ങി. ഒരുപക്ഷെ ബാഴ്‌സ ബോർഡ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നായിരുന്നു അതെന്നു തുടർന്നുള്ള വർഷങ്ങളിൽ നമ്മൾ കണ്ടു.അന്ന് 2015 ൽ ബെർലിനിലെ രാവിൽ ചാമ്പ്യൻസ് ലീഗ് ഉയർത്തിയതിന് ശേഷം നമുക്ക് ആ കിരീടത്തിൽ മുത്തമിടാനായിട്ടില്ല.

ലയണൽ മെസ്സിയുടെ കരിയറിൽ വളരെയധികം സ്വാധീനം ചെലുത്തിയതിൽ ബ്രസീലിയൻ താരങ്ങൾക്കുള്ള പങ്ക് ചെറുതല്ല. ഒരിക്കൽ റൊണാൾഡീഞ്ഞോയുടെ തോളിലേറി ചരിത്രത്തിലേക്ക് കാലൂന്നിയ മെസ്സി, തുടർന്നുള്ള ചരിത്രരചനകളിലും ബ്രസീലിയൻ താരങ്ങളെ കൂടെ കൂട്ടി. അവരിൽ പ്രധാനിയാണ് ഡാനി. റൈറ്റ് വിങ്ങിൽ കളിച്ചു, മധ്യനിരയിലേക്ക് കട്ട് ഇൻ ചെയ്തു കയറി കളിക്കാൻ ഏറെ ഇഷ്ടപെടുന്ന മെസ്സിക്ക് പറ്റിയ കൂട്ടായിരുന്നു റൈറ്റ് ബാക്ക് ഡാനി. ഇരു വിങ് ബാക്കുകൾക്കും മുന്നോട്ട് കയറി കളിയ്ക്കാൻ പൂർണ്ണസ്വാതന്ത്രമുള്ള ബാഴ്‌സയിൽ അത് ഏറ്റവും പ്രയോജനപ്പെടുത്തിയവരിൽ ഒരാളായിരുന്നു അദ്ദേഹം. ഓവർലാപ് ചെയ്തു വന്നു ഗോൾ മുഖത്തു ഭീഷണി ഉയർത്തുന്ന ഡാനി ഇന്നും മധുരമുള്ള ഓർമ്മകൾ ആണ്. മൈതാനത്തിന്റെ വലത്തേ മൂലയിൽ മെസ്സിയും ഡാനിയും ചേർന്ന് നടത്തിയ വൺ ടച് പാസുകളും, ആ മുന്നേറ്റങ്ങൾ അവസാനിച്ച ഗോളുകളും എങ്ങനെ മറക്കും? മെസ്സിയുടെ മികവുറ്റ നിർണ്ണായക ഗോളുകൾ നിങ്ങൾ എടുത്തു നോക്കുക, അവയുടെ പിറകിലെല്ലാം ഡാനിയുടെ സാന്നിധ്യം നേരിട്ടോ പരോക്ഷമായോ കാണാം. ഒരുപക്ഷെ കേവലം ഒരു ടച് മാത്രമായിരിക്കാം ഡാനിയുടെ സംഭാവന പക്ഷെ ആ ടച് ഇല്ലെങ്കിൽ ആ ഗോളുകൾ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട് ഈ ഭൂമുഖത്തു. കോപ ഡെൽ റേ ഫൈനലിൽ നേടിയ ഗോൾ, 2015 ൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേണിനെതിരെ നേടിയ ആദ്യ ഗോൾ ഇവയിലെല്ലാം ഡാനിയുടെ കരസ്പർശം ഉണ്ട്. നേരിട്ടല്ലെങ്കിലും. കണക്കുകളിൽ മെസ്സിയുമായി കൂടുതൽ ചേർന്ന് പോകുന്നത് മറ്റു താരങ്ങളായിരിക്കാം, അവർ പക്ഷെ സ്വാഭാവികമായും മുന്നേറ്റക്കാരോ മധ്യനിരക്കാരോ ആയിരിക്കും. പക്ഷെ ഒരു പ്രധിരോധ താരം മെസ്സിയുമായി വല്ലാത്ത ഒരു ബന്ധം ഉടലെടുക്കണമെങ്കിൽ അയാളുടെ റേഞ്ച് ഒന്ന് വേറെ തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ഡാനി പറഞ്ഞത്.

“ഒരിക്കൽ ലോകം ചോദിക്കും, ആരാണ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ.? അത് മെസ്സി. ആ മെസ്സിക്ക് ഏറ്റവും അസിസ്റ്റ് നൽകിയവരിൽ ഒരാൾ ആര്.? അത് ഡാനി.!!!”

ഇന്നും പ്രിയമേറെയുള്ള നമ്മുടെ ഡാനി ആൽവേസിന് കൂളെസ് ഓഫ് കേരളയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/birthday-wishes-to-dani-alves/feed/ 0
“ബെർലിൻ അതിശയകരമായ മുഹൂർത്തം തന്നെയായിരുന്നു”- ടെർ സ്റ്റേഗൻ. https://staging.penyadelbarcakerala.com/exclusive-interview-with-ter-stegan/ https://staging.penyadelbarcakerala.com/exclusive-interview-with-ter-stegan/#respond Sun, 19 Apr 2020 10:14:23 +0000 https://thejerseycollector.com/test/?p=3384 ആരാധകരിൽ നിന്നുള്ള ചില മികച്ച ചോദ്യങ്ങളും അതിലും മികച്ച ഉത്തരങ്ങളുമൊക്കെയായി Cupra യുടെ ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര സെഷനിൽ ബാഴ്‌സ കീപ്പർ ടെർ സ്റ്റേഗൻ പങ്കെടുക്കുന്നു!

ലോക്ക്ഡൗൺ:-

നിലവിലെ സാഹചര്യം മെച്ചപ്പെടാൻ നമ്മളെല്ലാവരും പരമാവധി ശ്രമിക്കേണ്ടതുണ്ട്. നമ്മൾ ക്ഷമയോടെ കാത്തിരിക്കണം. ളരെയധികം സ്വാതന്ത്ര്യമുള്ളപ്പോൾ നിങ്ങൾക്ക്‌ കാര്യങ്ങളുടെ മൂല്യമറിയാൻ കഴിയില്ല. വീട്ടിലായിരിക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, പാചകം ചെയ്യുക എന്നിങ്ങനെ ലളിതവും എന്നാൽ ഒഴിച്ചുകൂടാനാവത്തതുമായ പലതിന്റേയും വിലയറിയാൻ ഈ ലോക്ക്ഡൗൺ എന്നെ പഠിപ്പിച്ചു.

വ്യക്തിപരമായ ഇഷ്ടങ്ങൾ:-

എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണത്തിലൊന്ന് ബ്രെഡും തക്കാളിയുമാണ്‌. സംഗതി സിമ്പിൾ ആണെങ്കിലും വളരേ നല്ലതാണ്‌‌ കേട്ടോ. പിന്നെ വിൽ സ്മിത്തിന്റെ സിനിമകൾ കാണാൻ‌ ഭയങ്കര ഇഷ്ടമാണ്. ലുക്കാസ്‌ ഗ്രഹാമിന്റെ പാട്ടുകൾ എനിക്ക്‌ ഒരുപാടിഷ്‌ടമാണ്‌. കാറോടിക്കുമ്പോഴെക്കെ ഞാനത്‌ കേൾക്കാറുണ്ട്‌. കാരണം ഡ്രൈവ്‌ ചെയ്യുമ്പോൾ മനസ്സിനെ ശാന്തമാക്കുന്ന മ്യൂസിക്‌ കേൾക്കാനാണെനിക്കിഷ്ടം.കാറുകളുടെ കാര്യത്തിൽ ലിയോൺ (ഒരു സ്പാനിഷ്‌ കാർ) ഒരുപാടിഷ്ട്മാണ്‌. പിന്നെ ഫോർമെന്ററിന്റെ (Cupra കമ്പനിയുടെ പുതിയ SUV ) വ്യത്യസ്തമായ ആ സ്റ്റൈലും. ഭാര്യക്കൊപ്പം മണി ഹീസ്റ്റ്‌ സീരീസ്‌ വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ്‌ ഞാൻ. അവൾ മുമ്പ്‌ കണ്ടിട്ടില്ല. സംഗതി അടിപൊളി ആണ്‌.!

റോൾ മോഡൽ:-

എന്റെ ഭാര്യ എനിക്ക്‌ വളരെയധികം പ്രചോദനം നൽകുന്നുണ്ട്‌. കാരണം, ചെയ്യുന്ന എല്ലാ കാര്യങ്ങളും വളരെയധികം ആസ്വദിച്ചാണവൾ ചെയ്യാറുള്ളത്‌.

Perfectionist:- (പരിപൂർണ്ണതാവാദി)

ഞാൻ എന്നെ ഒരു പെർഫെക്ഷനിസ്റ്റ്‌ എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. സത്യത്തിൽ, എന്നെത്തന്നെ വിശേഷിപ്പിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണത്.

മികച്ച ദിനം:-

തോന്നുമ്പോൾ എണീക്കുക. എന്റെ മകനെ റെഡിയാക്കാനുണ്ടാകും. അവൻ ഉള്ളത്‌ കൊണ്ട്‌ എപ്പോഴും തിരക്കാണ്‌. ബ്രേക്ക്ഫാസ്റ്റ്‌ കഴിഞ്ഞ്‌ ഒരു കോഫി, അൽപം വ്യായാമം, ഉച്ചഭക്ഷണം എന്നിവ കഴിഞ്ഞ്‌ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. കുട്ടികളൊക്കെ ഉറങ്ങിയ ശേഷം മണി ഹീസ്റ്റ്‌ പോലുള്ള സീരീസ്‌ കണ്ടിരിക്കും.

കോഫിയോടുള്ള പ്രേമം:-

ഞാൻ എന്റെ ടീമംഗങ്ങൾക്കാർക്കും ഇത്‌ വരെ കോഫിയുണ്ടാക്കി കൊടുത്തിട്ടില്ല. പക്ഷെ സിയുറ്റാറ്റ്‌ എസ്പോർട്ടീവയിലെ (ബാർസ്സയുടെ ട്രെയിനിംഗ്‌ ഗ്രൗണ്ട്‌) ആ കോഫി മെഷീനിൽ ഞാനത്ര തൃപ്തനല്ല. ബാഴ്സലോണയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം ഗ്രാഷ്യ (ഒരു സ്റ്റ്രീറ്റ്‌) ആണ്‌. അവിടെ അടിപൊളി കോഫി കിട്ടുന്ന ഒരുപാട്‌ സ്ഥലങ്ങളുണ്ട്‌.

ഓർത്തുവെക്കുന്ന മൽസരങ്ങൾ:-

ബെർലിനിലെ ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ (2015) ആണ്‌ ഒരു ഫുട്ബോളർ എന്ന നിലയിൽ ഞാൻ ഏറ്റവും കുടുതൽ ആസ്വദിച്ച മാന്ത്രിക നിമിഷം. എന്റെ പ്രൊഫഷണൽ കരിയർ ഞാൻ അരങ്ങേറിയത്‌ കോൾ ക്ലബ്ബിനെതിരെ മോൻഷെൻഗ്ലാഡ്ബാക്കിനു വേണ്ടിയാണ്‌. അത്‌ വേറിട്ടൊരു അനുഭവമായിരുന്നു. പക്ഷെ മൈതാനത്ത്‌ ആയിരിക്കുന്ന സമയങ്ങളിലെല്ലാം ഏത്‌ മൽസരമാണെങ്കിലും ഞാനത്‌ ആസ്വദിക്കാറുണ്ട്‌.

ഗോൾകീപ്പർമാർക്കുള്ള നിർദ്ദേശങ്ങൾ:-

എങ്ങനെ പരിശീലിക്കണമെന്ന് എല്ലാവർക്കും അറിയാം, പക്ഷേ പ്രധാന കാര്യം പിച്ചിൽ ആസ്വദിച്ചു പരിശീലിക്കുക എന്നതാണ്. നിങ്ങൾ എന്ത്‌ ചെയ്യുമ്പോഴും അത്‌ ആസ്വദിക്കണം. നിങ്ങൾക്ക് ലഭിച്ച ചെറിയതുമായി ഒരിക്കലും തൃപ്തിപ്പെടരുത്‌; എപ്പോഴും വലിയതിനു വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കണം.

പരിശീലനം:-

ലോക്ക്ഡൗൺ കാലത്ത്‌ എപ്പോഴും ആരോഗ്യത്തോടെയിരിക്കണം. വ്യായാമം ഒരു ദിനചര്യയാക്കണം. ചില ദിവസങളിൽ വിശ്രമിക്കുക എന്നതും പ്രധാനമാണ്. എന്റെ സ്പോൺസർമാരിലൊരാൾ നിർമ്മിച്ച ഫ്രീലറ്റിക്സ് എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഞാൻ ഒരുപാട്‌ വ്യായാമങ്ങൾ ചെയ്യുന്നുണ്ട്‌. മതിലിലേക്ക്‌ പന്തടിച്ച്‌ കളിക്കുന്ന രീതി എനിക്കിഷ്ടമാണ്‌. കൈ കൊണ്ടും കാലു കൊണ്ടും ഞാനങ്ങനെ ചെയ്യാറുണ്ട്‌. നമ്മുടെ കഴിവ്‌ എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടാൻ അത്‌ സഹായിക്കുന്നു. പക്ഷെ ഗ്രൗണ്ടിൽ പരിശീലിക്കുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.

Content and image courtesy www.fcbarcelona.com
Translation ©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/exclusive-interview-with-ter-stegan/feed/ 0