arthur melo – Penya Del Barca Kerala https://staging.penyadelbarcakerala.com World to express and explore the Barca spirit of playing and winning. Thu, 01 Oct 2020 12:30:11 +0000 en-US hourly 1 https://staging.penyadelbarcakerala.com/wp-content/uploads/2023/07/fav-100x100.png arthur melo – Penya Del Barca Kerala https://staging.penyadelbarcakerala.com 32 32 മാച്ച് പ്രിവ്യു – സെൽറ്റാ വിഗോ vs എഫ്.സി ബാഴ്സലോണ https://staging.penyadelbarcakerala.com/match-preview-celta-vigo-vs-fc-barcelona/ https://staging.penyadelbarcakerala.com/match-preview-celta-vigo-vs-fc-barcelona/#respond Thu, 01 Oct 2020 12:30:11 +0000 https://thejerseycollector.com/test/?p=3710 പുതിയൊരു സീസണിലേക്ക് കാലെടുത്തു വെക്കുമ്പോൾ വളരെ ആശാവഹവും പ്രത്യക്ഷത്തിൽ ആനന്ദകരവുമായ ഒരു രാത്രിയാണ് കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരെ റൊണാൾഡ് കൂമാന്റെ ‘പുതിയ’ ബാഴ്സലോണ ക്യാമ്പ് നൗ’ൽ കാഴ്ചവച്ചത്. പുതിയ മാറ്റത്തിന്റെ പ്രതീക്ഷയിലേക്ക് കാതോർക്കാം എന്ന് തോന്നിപ്പിക്ക വിധം ഒന്ന്, എല്ലാംകൊണ്ടും മികച്ചത് എന്ന് സമർത്ഥിക്കാൻ ആവില്ലെങ്കിലും എവിടെയൊക്കെയോ മാറ്റങ്ങൾ വന്നില്ലേ എന്ന് തോന്നിപ്പിക്കും വിധം ഒന്ന്. ഇനിയാണ് പോരാട്ടം തുടങ്ങുന്നത് എന്നുവേണം പറയാൻ ഇന്ന് യാത്ര ബലൈഡോസിലേക്കാണ്. സമീപഭാവിയിൽ നമ്മളെയെന്നും കുഴിക്കിയിട്ടുള്ള എന്നും തടസപ്പെടുത്തിയിട്ടോള്ള വിഗോയുടെ മണ്ണ്. ഈ രാത്രി ടീമിന്റെ മാറ്റ് ഉരച്ചു നോക്കാൻ വളരെ പോന്ന അവസരമാണ്, ഈ പരീക്ഷണം തികഞ്ഞ രീതിയിൽ ഉൾക്കൊണ്ട് മറികടന്നാൽ കാര്യങ്ങളുടെ കിടപ്പ് ഇനിയും ആശാവഹം എന്ന് കുറിച്ചിടാവുന്ന ഒന്നാവും.

ടീമിലേക്ക് വരുമ്പോൾ കോവിഡ് കാലഘട്ടത്തിലെ പതിവ് വമ്പൻ സ്ക്വാഡുമായാണ് വിഗോയുടെ മണ്ണിലേക്ക് നാം യാത്ര തിരിക്കുന്നത്. കാര്യമായ് ആരെയും മിസ്സ് ചെയ്യുന്നില്ല എന്നത് വ്യക്തം, ഒരുപക്ഷേ കഴിഞ്ഞ തവണയും വിഗോയുടെ മണ്ണിൽ അഴിഞ്ഞാടി നമ്മളെ ജയിക്കാൻ പോന്ന അവസ്ഥയിൽ എത്തിച്ച ആ ഇതിഹാസ 9ാം നമ്പർ ജഴ്സിക്കാരനൊഴികെ. കഴിഞ്ഞ കളിയിലെ ടീമിൽ നിന്ന് യാതൊരു മാറ്റവും വരുത്തേണ്ട ആവശ്യമില്ല എന്ന് കോച്ച് തന്നെ വ്യക്തമാക്കിയതോടെ അധികമൊന്നും അതിനെപ്പറ്റി പറ്റി ചികയേണ്ടതില്ല. ഗ്രീസ്മാന് കളിയുടെ ഒഫൻസീവ് തേർഡിൽ ടീമിനെ മെച്ചപ്പെടുത്തുന്ന രീതിയിൽ മികച്ച സംഭാവനകൾ നൽകാൻ കഴിയട്ടെ, കഴിയണം എന്നതാണ് പ്രതീക്ഷ. കൂട്ടിന്യോയും തന്റെ കഴിഞ്ഞ കളിയിൽ നിന്ന് ഇനിയും മുന്നേറട്ടെ, ലാ ലിഗയിൽ മുന്നേറാനുള്ള മാറ്റ് അദ്ദേഹം ഇനിയും സ്വയം കൂടുതൽ കണ്ടെത്തട്ടെ. ലിയോയും കളിയിലേക്ക് കൂടുതൽ ഇഴകട്ടെ, അൻസു കൂടുതൽ കളിക്കട്ടെ. വിഗോയുടെ കുഴക്കുന്ന മണ്ണിൽ ബാഴ്സയുടെ ഏറ്റവും വലിയ തലവേദന അവരുടെ ഡിഫൻസ് തന്നെയാണ്, അതിലേക്ക് തന്നെയാവും എല്ലാവരുടെയും ഉറ്റുനോട്ടം ഇന്നും. കഴിഞ്ഞതവണ നമ്മൾക്ക് നിർണായകമായ നിരാശ കൈവന്ന ആ മേഖലയിൽ ഇന്ന് ഏറെ പ്രകടന മികവും ആർജവവും കാണിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ജയ പരാജയങ്ങളിൽ ഏറ്റവും നിർണായകം അതുതന്നെയാവും എന്ന് വ്യക്തം.

സെൽറ്റയോടെ ഏറ്റവും വലിയ ആയുധം, എന്നും ബാഴ്സയെ കാണുമ്പോൾ മഹാമേരു ആകുന്ന ആസ്പാസ് തന്നെ. തളച്ചിട്ടെ പറ്റൂ ഇന്ന്, കളിയുടെ ജയപരാജയങ്ങളിൽ ഏറ്റവും നിർണായകം ഈ ഒരു മേഖല തന്നെ ആവും. മുൻ ബാഴ്സ താരം മുറിയ്യോയും ഡെനിസും കൂടിചേരുമ്പോൾ വിഗോയുടെ മണ്ണിൽ അവർ എന്നും ശക്തർ തന്നെയാണ്. മുൻ ബാഴ്സ അലൂമ്നി ആയ ഓസ്കാർ ഗാർസിയയുടെ കീഴിൽ അവർ വളരെ ആനന്ദദായകമായ കളിയാണ് കാഴ്ചവെക്കുന്നത്. സീസണിൽ മൂന്നിൽ ഒരു കളി അവർ ജയിച്ചിട്ടുള്ളു എങ്കിലും അവർ ഇതുവരെ തോറ്റിട്ടില്ല എന്നതും, അത് ജയിച്ചത് സ്വന്തം മണ്ണിൽ നടന്ന കളിയും ആയതിനാൽ ഇപ്പോഴും അവർ കഴിഞ്ഞകൊല്ലം എന്നപോലെ വളരെ കഠിനമായ എതിരാളികൾ തന്നെ.

ഒട്ടേറെ ചോദ്യങ്ങൾക്ക് കൂമാന് മികച്ച ഉത്തരങ്ങൾ നൽകാൻ കഴിയട്ടെ. ലാ ലിഗയിലെ എന്നും ബുദ്ധിമുട്ടായ ഒരു മണ്ണിൽ അദ്ദേഹത്തിന് തെളിയിക്കാൻ ആകട്ടെ. നമുക്ക് കാത്തിരിക്കാം !!

വിസ്കാ എൽ ബാർസ !

🏆 ലാ ലിഗ : മാച്ച് ഡേ – 2.
🏟 എസ്റ്റാഡിയോ ഡെ ബലൈഡോസ്.
⏰ ഇന്ത്യൻ സമയം: 01.00am.
📺 ലാ-ലിഗ ഒഫീഷ്യൽ പേജ്, FB 🌐.

]]>
https://staging.penyadelbarcakerala.com/match-preview-celta-vigo-vs-fc-barcelona/feed/ 0
മാച്ച് പ്രിവ്യു – എഫ്.സി ബാഴ്സലോണ vs വിയ്യാറിയൽ എഫ്.സി https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-villarreal-fc/ https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-villarreal-fc/#respond Sun, 27 Sep 2020 12:30:28 +0000 https://thejerseycollector.com/test/?p=3703 എല്ലാംകൊണ്ടും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു സീസൺ ആണ് കടന്നു പോയത്. അപ്പോഴും പലരിലും വെളിച്ചം നാളത്തെ മാറ്റത്തിന്റെ പുലരി ആയിരുന്നു, ഇതെങ്കിലും നമുക്ക് നിർണായകമായ ആ മാറ്റത്തിന് ഉറപ്പായും മൂല കാരണവും ചാലകശക്തിയുമായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ്ട പ്രതീതിയായിരുന്നു. പക്ഷേ ഒരോ ദിവസം കഴിയുന്തോറും നിരാശയുടെ ആഴം അവിശ്വസനീയമാം വിധം വർദ്ധിക്കുന്നു എന്നത് ഞെട്ടലുളവാക്കുന്നതാണ്. പറയേണ്ടത് പറയുക തന്നെ വേണം, മറച്ചു പിടിക്കാനാവില്ല. നാം വളരെ മോശപ്പെട്ട ഒരു കാലഘട്ടത്തിൽ കൂടെയാണ് സഞ്ചരിക്കുന്നത് എന്ന ബോധ്യം ഉണ്ടെങ്കിൽ ഇനിയും തിരച്ചടികളിൽ എറേ വേദനിക്കില്ല എന്നതാണ് സത്യം. പ്രതീക്ഷിക്കപ്പെട്ട അനിവാര്യമായ പല മാറ്റങ്ങളും ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, പുതിയ സീസണിൽ ആദ്യ പോരാട്ടത്തിന് വേണ്ടി തയ്യാറെടുക്കുമ്പോളും ശുഭാപ്തിവിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടേറെ പരിമിതികളുണ്ട്.

പല തീരുമാനങ്ങളും കണക്കുകൂട്ടലകളും വളരെ അസ്ഥാനത്ത് അല്ലേ എന്ന് ഏറെക്കുറെ എല്ലാവർക്കും ശങ്ക തോന്നുന്ന വിധമാണ് കാര്യങ്ങൾ കടന്നു പോകുന്നത്.
ടീമിലേക്ക് വരുമ്പോൾ പ്രീ സീസൺ മത്സരങ്ങളിൽ ചില നിമിഷങ്ങൾ പ്രതീക്ഷ തന്നിരുന്നു എങ്കിലും പല തീരുമാനങ്ങളും വളരെ യുക്തിരഹിതവും തിക്തവുമായാണ് അനുഭവപ്പെട്ടത് എന്ന് പറയാതിരിക്കാൻ വയ്യ. പരിക്കേറ്റ ടെർ സ്റ്റെഗന്റെ അഭാവം ടീമിന് വളരെ വലിയ ശൂന്യത തന്നെയാണ് അദ്ദേഹത്തിന് പകരം ഗ്ലൗവ് അണിയുന്ന നെറ്റോക്ക് എത്രത്തോളം അദ്ദേഹത്തിന്റെ വിടവ് നികത്താൻ ആവും എന്നത് അനുസരിച്ചിരിക്കും ടീമിന്റെ ജയപരാജയ വിധിയിലെ ആദ്യകടമ്പ. ഡിഫൻസിൽ യാതൊരു മാറ്റവും ഇല്ല എന്നത് വ്യക്തം. റൊബർട്ടോ-പിക്വെ-ലെങ്ലെ-ആൽബ സഖ്യം തന്നെയാവും കളത്തിലിറങ്ങുക. അറൗഹോക്ക് ഒരവസരത്തിന് സാധ്യതയുണ്ടോ എന്നത് മാത്രമാണ് ആകെയുള്ള ചോദ്യചിഹ്നം, കാത്തിരുന്നു തന്നെ കാണണം. മിഡ്ഫീൽഡിൽ പുതിയതായി വന്ന പ്യാനിച്ചിന് ടീമുമായി ഇണങ്ങിച്ചേരാൻ സമയമായിട്ടില്ല എന്നതിനാൽ ബുസ്ക്വെറ്റ്സും ഡിയോങ്ങും തന്നെയാവും ഡബിൾ പിവോട്ടിൽ കോട്ട കെട്ടുക. പ്രി സീസൺ മത്സര പ്രകാരമാണെങ്കിൽ അതിൽ പിന്നീട് മുന്നേറ്റനിരയിൽ ഉള്ള നാലുപേരിൽ മൂന്നു പേരും മെസ്സി, ഗ്രീസ്മാൻ, കൂട്ടിന്യോ എന്നിവർ ആവും. ഇതിൽ കൂട്ടിന്യോയുടെ പരിതസ്ഥിതി വളരെ കുഴപ്പിക്കുന്നതാണ് എല്ലാ അർത്ഥത്തിലും എല്ലാ അവസരവും ലഭിച്ചിട്ടും പലപ്പോഴും നിരാശ സമ്മാനിച്ചതും ലീഗുമായും ലീഗിന്റെ സാഹചര്യങ്ങളുമായും സഹ കളിക്കാരുമായും ഒരിക്കൽ പോലും ഒത്തിണങ്ങാനും അതിനനുസരിച്ച് അവർക്കും കൂടി ഉതകുന്ന രീതിയിൽ മാറ്റം വരുത്താനും കഴിയാതെ പോയ ഒരാളെ വീണ്ടും തിരിച്ചു ഗതിവിഗതികളിൽ മാറ്റമില്ലാതെ കൂട്ടിച്ചേർക്കാൻ നോക്കുന്നത് വളരെ കുഴപ്പിക്കുന്നതാണ്. പലപ്പോഴും അദ്ദേഹത്തിന് ഒപ്പം കളിക്കുന്ന കളിക്കാരെ മനസ്സിലാക്കാൻ പറ്റാത്തതായി കളിക്കളത്തിൽ കഴിഞ്ഞ ദിവസവും കണ്ടത്, മാറ്റമില്ലാത്ത ഒന്നായിതന്നെ നിൽക്കുന്നു എന്നത് വളരെ സംഭ്രമിപ്പിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും അത് ടീമിന്റെ പ്രധാന താരങ്ങളായ അൻസുവിനെയും മെസ്സിയെയും പല ഒറ്റപ്പെട്ട പൊസിഷനുകളിലേക്ക് തള്ളിവിടന്നത്, വളരെ നിരാശപൂർണമായ കാര്യമാണ്. കളിയുടെ ഗതി മാത്രമല്ല താന് മറ്റുള്ള കളിക്കാരുടെ പ്രകടനത്തിൽ അസ്വാരസ്യം ആദ്യം വരുത്താതിരിക്കാൻ ഉം കൂട്ടിന്യോ വളരേണ്ടിയിരിക്കുന്നു എന്നത് വ്യക്തം. ബാക്കിയുള്ള ഒരു സ്ഥാനത്തിനായി അൻസു, ട്രിങ്കാവോ, ഡെംബെലെ, പെഡ്രി എന്നിവർ മത്സരിക്കും. അൻസുവിനു തന്നെ നറുക്ക് വീഴാനാണ് സാധ്യത. പൂജ്’നെ പോലെ ഒരു സ്പോണ്ടേന്യസ് ടാലന്റിനെ ഉപയോഗിക്കാൻ പറ്റാത്ത വളരെ നിരാശയാർന്ന കാര്യം ആണെന്ന് പറയാതിരിക്കാൻ വയ്യ.

വിയ്യാറിയലിനെ സംബന്ധിച്ച് ബ്രെയ്ക്കിനു ശേഷം അവർക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല എന്നു വിശ്വസിക്കാൻ ഉതകുന്ന തരത്തിലുള്ള തിരിച്ചുവരവാണ് അവർ നടത്തിയത്. ജാവി കല്ലേജയുടെ കീഴിൽ മുൻ സ്പാനിഷ് വെറ്ററൻ റൗൾ ആൽബിയോളിന്റെ ഉരുക്കുക്കോട്ടയുടെ നേതൃത്വത്തിൽ അവർ യൂറോപ്പിലേക്ക് ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തി.
പുതിയ കോച്ചായ എമറടെ കീഴിൽ അവർ ഒത്തിണങ്ങി വരുന്നേ എന്നുള്ളെങ്കിലും
അവരുടെ ടീം അതിബലവത്തായത് തന്നെ ആണ്. മത്സര പരിചയം പോരാട്ടവീര്യവും യുവരക്തവും എല്ലാം കൂടിചേർന്ന ഒരു മികച്ച മിശ്രിതം. യൂറോപ്പിലെയും സ്പെയിനിലെയും തന്നെ ഏറ്റവും മികച്ച ട്രാൻസ്ഫർ സീസൺ കാഴ്ച്ച വെച്ച അവർക്ക് മതി ഇനി കളത്തിൽ കൂടെ കാണിക്കേണ്ട ആർജ്ജവം ഉണ്ട്. റൗൾ ആൽബിയോൾ, പറെഹോ, ചുക്കുവേസേ, അൽക്കാസർ, കൂബോ, എന്നിവർ ലീഗിലെ ആരോടും മല്ലിടാൻ പോന്ന നിരതന്നെ. പ്രത്യേകിച്ചും ഈയൊരു പരിതസ്ഥിതിയിൽ ഇതിൽ ബാഴ്സ വളരെ വളരെ വളരെ ശ്രദ്ധയോടെയും വ്യക്തതയോടെയും കാര്യത്തെ നേരിട്ടില്ലെങ്കിൽ തിക്തമാവും ഫലം എന്നുറപ്പ്.

എന്തായാലും റൊണാൾഡ് കൂമാന് ഒരുപാട് തെളിയിക്കാൻ ഉണ്ട്. അദ്ദേഹം എവിടെ ജയിച്ചില്ലെങ്കിലും, കളത്തിൽ ജയിച്ചേ തീരൂ. അതുതന്നെയാവും അദ്ദേഹത്തിന്റെ നിലനിൽക്കാനുള്ള ആദ്യത്തെ ചവിട്ടുപടിയും. ടീമിനെ പഴയ ഊർജ്ജത്തോടെയും വീര്യത്തോടെയും കൈ പിടിച്ചു തിരിച്ചു കൊണ്ടുവരിക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ അദ്ദേഹം അത് നേടിയെടുത്തേ പറ്റുള്ളൂ. അതിന്റെ ലാഞ്ചനകളെങ്കിലും അദ്ദേഹം കാണിച്ചേ പറ്റുള്ളൂ. നമുക്ക് കാത്തിരിക്കാം !!

വിസ്കാ എൽ ബാർസ !

🏆 ലാ ലിഗ : മാച്ച് ഡേ – 1.
🏟 ക്യാമ്പ് നൗ.
⏰ ഇന്ത്യൻ സമയം: 00.30am.
📺 ലാ-ലിഗ ഒഫീഷ്യൽ പേജ്, FB 🌐.

]]>
https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-villarreal-fc/feed/ 0
യുർഗെൻ ക്ളോപ്പ് – ഒരു സ്വപ്‌നാടകന്‍റെ കഥ ! https://staging.penyadelbarcakerala.com/jurgen-klopp-a-dreamers-story/ https://staging.penyadelbarcakerala.com/jurgen-klopp-a-dreamers-story/#respond Wed, 22 Jul 2020 11:30:09 +0000 https://thejerseycollector.com/test/?p=3615 ഇരുപതാം വയസ്സിൽ തന്റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷം ക്ളോപ്പിന്റെ ഓർമകളിൽ മിന്നിമറയുന്നുണ്ട്. അദ്ദേഹം അമേച്വർ ഫുട്ബോൾ കളിക്കുന്ന കാലം, പകൽ സമയം യൂണിവേഴ്സിറ്റിയിൽ ചെലവഴിച്ചു അദ്ദേഹം പഠനത്തിനുള്ള പണം സ്വരൂപിക്കുന്നതിനായി പകൽ സമയങ്ങളിൽ സിനിമ പെട്ടികൾ സൂക്ഷിക്കുന്ന സ്റ്റോറിൽ ജോലി ചെയ്തു വരികയായിരുന്നു. ആ സമയത്തു ആണ് അദ്ദേഹം ഒരച്ഛനായതു. ഇരുപതിന്റെ ഇളപ്പത്തിൽ യുവത്വത്തിന്റെ വന്യതയിലേക്കു, പാർട്ടികളിലും പബ്ബുകളിലും ജീവിതം ആഘോഷിച്ചു തിമിർക്കേണ്ട ക്ളോപ്പിന്റെ ജീവിതം മാറിമറിഞ്ഞത് അവിടെ വെച്ചായിരുന്നു. കളിക്കളത്തിൽ തോൽവി ആയാലും ജയം ആയാലും പലപ്പോഴും അദ്ദേഹം പുഞ്ചിരിക്കുന്നത് കാണാം, തന്റെ വിശ്രമമില്ലാത്ത ജീവിതത്തിനിടയിൽ മകന് വേണ്ടി സമയം കണ്ടെത്തുമ്പോഴുണ്ടാകുന്ന സന്തോഷം, അല്ലെങ്കിൽ തന്റെ മകന് വേണ്ടി തന്റെ ഇഷ്ടങ്ങൾ ത്യജിക്കാൻ തയ്യാറായത്, അദ്ദേഹത്തിന് ജീവിതം ഫുട്ബോളിനേക്കാൾ എത്രയോ വലുത് ആണെന്ന് മനസ്സിലാക്കികൊടുത്തതു കൊണ്ടായിരിക്കണം.

ജർമനിയിലെ ദക്ഷിണ പടിഞ്ഞാറൻ പ്രവിശ്യയിലെ ആൽപ്സ് പർവത മടിത്തട്ടിൽ റൈൻ നദിയുടെ കളിത്തൊട്ടിലിൽ ചിത്രാപമസുന്ദരമായ ബ്ലാക്ക് ഫോറെസ്റ്റിന്റെ താഴ്വരയിലുള്ള ഗ്ലാട്ടെൻ എന്ന കൊച്ചു നഗരത്തിലെ ഒരു കുഗ്രാമത്തിൽ ആയിരുന്നു യുർഗെൻ ക്ളോപ്പിന്റെ ജനനം. ഡോക്ടർ ആവണമെന്ന് ആഗ്രഹിച്ചു നടന്ന കൗമാരക്കാരന്റെ ഹൃദയം തകർത്തത് സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു. തന്റെ പ്രോഗ്രസ്സ് കാർഡ് ഏറ്റു വാങ്ങുമ്പോൾ തന്റെ ഫുട്ബോളിലെ കഴിവ് മികച്ചത് ആണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് പ്രിൻസിപ്പൽ പരിഹസിച്ചപ്പോൾ ക്ളോപ്പ് തന്റെ ഡോക്ടർ ആവാനുള്ള സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇന്ന് ആ കൗമാര കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരു പക്ഷെ തന്റെ ഹൃദയം തകർത്ത പ്രിൻസിപ്പാലിനോട് നന്ദി പറയുന്നുണ്ടാവും അദ്ദേഹം, ഫുട്ബോളിനെ തന്റെ ജീവിതത്തിന്റെ ഭാഗഭാക്കു ആക്കിയതിൽ.

കളിക്കാരോടും ആരാധകരോടും അനായാസമായി ഇടപെഴുകുന്ന, എപ്പോഴും പുഞ്ചിരിക്കുന്ന, വിജയങ്ങളെ വൈകാരികമായി ആഘോഷിക്കുന്ന, പരാജയങ്ങളെ ചെറു പുഞ്ചിരിയോടെ നേരിടുന്ന ക്ളോപ്പിന്റെ സ്വാതന്ത്ര്യ ബോധത്തിലധിഷ്ഠിതമായ വ്യക്തിത്യം രൂപപ്പെടാൻ നിർണായക പങ്കു വഹിച്ചത്, കക്കൂ ക്ലോക്കുകളാലും പരമ്പരാഗത വസ്ത്രനിര്മാണങ്ങളിലും രുചികരമായ ഭക്ഷണങ്ങളാലും ഹൃദ്യമായ ആളുകളാലും പ്രശസ്തമായ സ്വാബിയ കുന്നിൻ ചെരുവിലുള്ള സ്വച്ഛ സുന്ദരമായ ഗ്ലാട്ടെൻ എന്ന ചെറുപട്ടണം തന്നെയായിരുന്നു. 2011 ഇൽ ബൊറൂസിയ ഡോർട്‌മെന്റിനു ബുണ്ടേസ് ലീഗ നേടിക്കൊടുത്ത ശേഷം ഗ്ലാട്ടെന്റെ ഏറ്റവും പ്രശസ്തനായ പ്രിയപ്പെട്ട പുത്രന് നൽകിയ സ്വീകരണം ക്ളോപ്പിന്റെ സുഹൃത്തായ ഹാസ് ഓർക്കുന്നുണ്ട്. ജർമൻ അതികായകരായ ബയേണിനെ പിന്തള്ളി കിരീടം നേടിയ ടീമിന്റെ കോച്ചിന് പകരം ഗ്ലാട്ടേണിൽ എത്തിയത് തന്റെ ബാല്യം ചെലവിട്ട നഗരത്തിൽ കളിക്കൂട്ടുകാരോടൊപ്പം വൈകാരികമായി ഫുട്ബോൾ കളിച്ച അതെ കൗമാരക്കാരൻ ആയിരുന്നു. ആ ഒരു വ്യക്തിത്വം ആവും താൻ കളിക്കളത്തിൽ ഇറങ്ങുമ്പോൾ കൂവി വിളിക്കുന്ന സ്വന്തം ടീമിലെ ആരാധകരെ കുറിച്ച് തന്റെ സത്യസന്ധമായ പുഞ്ചിരിയോടെ സംസാരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നത്. അദ്ദേഹം ഒരിക്കലും ഒരു മികച്ച ഫുട്ബോളർ ആയിരുന്നില്ല, എന്നാൽ ടീമിന് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറാവുന്ന ഒരു കളിക്കാരൻ കോച്ചിന്റെ പ്രിയപ്പെട്ടവൻ ആയിരിക്കുമല്ലോ. ആ പരിശ്രമം തന്നെയാവും മെയ്ൻസിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരിലൊരാളാക്കി അദ്ദേഹത്തെ മാറ്റിയത്.

അവിടെ നിന്നും മെയ്ൻസിന്റെ കോച്ച് ആയി അദ്ദേഹം ചുമതല ഏൽക്കുമ്പോൾ മൂന്നാം ഡിവിഷനിലേക്കു തരം താഴ്ത്തൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുക ആയിരുന്നു. തുച്ഛമായ മത്സരങ്ങൾ ബാക്കി നിൽക്കെ മുൻകാല കോച്ചിങ് പരിജ്ഞാനം ഒന്നുമില്ലാത്ത ക്ളോപ്പിനെ പരിശീലക സ്ഥാനം ഏൽപ്പിക്കാനുള്ള മാനേജ്‍മെന്റിന്റെ ചൂതാട്ടം ഒരു പുതു ചരിത്രത്തിനാണ് വിത്തുപാകിയതു. ക്ളോപ്പിന്റെ കീഴിൽ അവസാന ഏഴു മത്സരങ്ങളിൽ അവർ ആറു കളികൾ വിജയിച്ചു രണ്ടാം ഡിവിഷനിൽ സ്ഥാനം ഉറപ്പാക്കി. തുടർന്നുള്ള കാലങ്ങൾ ആരോഹണങ്ങളുടെ നാളുകൾ ആയിരുന്നു. ഒടുവിൽ തുടർച്ചയായ രണ്ടാം സീസണിലും തലനാരിഴക്ക് ബുണ്ടസ്ലീഗയിലേക്കു പ്രൊമോഷൻ നഷ്ടമായപ്പോൾ നിരാശരായി മെയ്ൻസിലെ പ്രധാന സ്‌ക്വയറിലെ തീയേറ്ററിന് തടിച്ചു കൂടിയ പതിനയ്യായിരത്തോളം വരുന്ന ആരാധകർക്ക് മുമ്പിൽ വെച്ചു ഒരു അവധൂതനെ പോലെ ക്ളോപ്പ് പറഞ്ഞ വാക്കുകൾ അവരെ ആവേശത്തിന്റെ പരകോടിയിൽ എത്തിച്ചു. ക്ളോപ്പ് വാക്ക് പാലിച്ചു, അടുത്ത വർഷം മെയ്ൻസ് ചരിത്രത്തിലാദ്യമായി ബുണ്ടസ് ലീഗയിലേക്കു യോഗ്യത നേടി. താൻ പിച്ചിൽ ഇറങ്ങുമ്പോൾ കൂവി വിളിച്ച അതെ ആളുകളുടെ നാടോടി കഥകളിലെ വീരേതിഹാസം ആയി അതോടെ അദ്ദേഹം മാറുകയായിരുന്നു.

അദ്ദേഹത്തിന്റെ അടുത്ത യാത്രാപഥം ഗതകാല പ്രതാപത്തിന്റെ സ്മരണകൾ അയവിറക്കുന്ന ചരിത്രമുറങ്ങുന്ന വെസ്റ്റ്ഫാലൻസ്റ്റേഡിയനിലേക്കു ആയിരുന്നു. കാലചക്രമണത്തിൽ മാറ്റമേതുമില്ലാതെ ജർമനിയിലെ ഒരേയൊരു ശക്തിയായി വാണരുളിയ ബവേറിയൻ ഭീമന്മാരെ വെല്ലുവിളിക്കാനുതകുന്ന ഒരു ടീമിനെ അദ്ദേഹം ബൊറൂസ്സിയയുടെ നാശവിഷ്ടങ്ങളിൽ നിന്നും വാർത്തെടുത്തതോടെ ജർമനി മികച്ച പോരാട്ടങ്ങൾക്ക് വേദിയായി. Gegen പ്രെസ്സിങ്ങിന്റെ സൗന്ദര്യവുമായി ക്ളോപ്പിന്റെ ഹെവി മെറ്റൽ ബ്രാൻഡ് ഫുട്ബോൾ ബൊറൂസ്സിയയുടെ ചുണക്കുട്ടികൾ കളിക്കളത്തിൽ നടപ്പിലാക്കിയപ്പോൾ പുതുശക്തികളുടെ ആവിർഭാവം ബുണ്ടസ്‌ലീഗയുടെ പോരാട്ടവീഥികളിൽ പുതിയ ഊർജ്ജം പകർന്നു. ലെവായും സാഹിനും ഹമ്മൽസും ഗോട്സെയും റോയ്സും ക്ളോപ്പിന്റെ കീഴിൽ തങ്ങളുടെ പ്രതിഭാസമ്പത്തിന്റെ ധാരാളിത്തം ലോകത്തിനു വെളിപ്പെടുത്തിയപ്പോൾ ക്ളോപ്പ് ജർമനി കീഴടക്കുകയായിരുന്നു. തുടർച്ചയായി രണ്ടു തവണ ബുണ്ടസ് ലീഗ നേടിയ ബൊറൂസ്സിയയുടെ മാഡ്രിഡിനെയും സിറ്റിയെയും അയാക്സിനെയും മലാഗയെയും തകർത്തു കൊണ്ടുള്ള യൂറോപ്പിലെ സ്വപനക്കുതിപ്പ് ഒടുവിൽ ബയേൺ മ്യൂണിക്കിന് മുമ്പിൽ ഫൈനലിൽ അവസാനിച്ചു എങ്കിലും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയങ്ങളിൽ അവർ ഇതിനകം കടന്നു ചെന്നിരുന്നു.

ഇംഗ്ലണ്ടിലെ ഏറ്റവും മഹത്തായ ക്ലബ്ബിൽ നിന്നും പതിറ്റാണ്ടുകളായി ഉള്ള കിരീട വരൾച്ച കാരണം, ഓർമ്മിക്കാൻ ഫുട്ബോളിന്റെ ആധുനിക യുഗത്തിൽ ഒരു ഇസ്താംബുളിന്റെ വീരകഥകൾ മാത്രം ഉള്ള, പണക്കൊഴുപ്പിന്റെ ബലത്താൽ പുതുശക്തികളുടെ ആഗമനം ഏറെ കണ്ട, ഫുട്ബോളിന്റെ പുതിയ ഗ്ലാമർ തട്ടകമായ ഇംഗ്ലീഷ് ഫുട്ബോളിൽ കാലഘട്ടത്തിനനുസരിച്ചു മാറ്റങ്ങൾ അംഗീകരിക്കാൻ കഴിയാതെ ചരിത്രത്തിന്റെ പിന്നാമ്പുറ വാതിലിലേക്ക് വലിച്ചെറിയപ്പെട്ട ആൻഫീൽഡിന്റെ കോട്ടകത്തളങ്ങളിലേക്കു ക്ളോപ്പ് കടന്നു ചെല്ലുമ്പോൾ കടുത്ത ലിവർപൂൾ ആരാധകർ പോലും അമിതമായ ശുഭാപ്തി വിശ്വാസം പുലർത്തിയിട്ടുണ്ടാവില്ല. എന്നാൽ ക്ളോപ്പിനു ആരാധകരേക്കാളും തന്റെ പ്രോജെക്ടിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. കോച്ച് ആയി അദ്ദേഹം സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഇന്റർവ്യൂ “Local: a club and its city. Liverpool’s social history,” എന്ന ബുക്ക് എഴുതിയ ഡാൻ ഫീൽഡ്‌സെൻഡ്‌ ഓർക്കുന്നുണ്ട്, “അദ്ദേഹത്തിന്റെ വാക്കുകൾ തങ്ങളുടെ ശ്രവണങ്ങളിൽ കവിത പോലെയാണ് ഒഴുകിയെത്തിയത്, മൂന്ന് വർഷം കൊണ്ടൊരു കിരീടവും അഞ്ചു വർഷം കൊണ്ട് ലീഗിൽ ഒന്നാമാതാവുകയുമാണ് എന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചപ്പോൾ സ്വപ്ങ്ങളുടെ നഗരമായ ലിവർപൂളിലെ സ്വപ്‌നാടകന്മാരുടെ ശ്രവണങ്ങളിൽ ഒരു നാദം പോലെ അത് ഒഴുകിയെത്തി”.

അദ്ദേഹത്തിന്റെ പ്രചോദനമേകുന്ന വാക്കുകളും അഭിനിവേശവും മുൻകാല വിജയങ്ങളും കണക്കിലെടുക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുമ്പിലുള്ള പാത അതികഠിനമേറിയതായിരുന്നു. പഴയ പ്രതാപശാലികൾക്കു പുറമെ അതി സമ്പന്നരായ മഹത്തായ കളിക്കാരുള്ള പുതുശക്തികളെയും, തങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ പറ്റാത്ത ഒരു പറ്റം കളിക്കാരെ വെച്ച് നേരിടുക ദുഷ്കരം തന്നെയായിരുന്നു. എന്നാൽ ഓരോ കളിക്കാരന്റെയും ഏറ്റവും മികച്ചത് പുറത്തെടുക്കാനുള്ള ക്ളോപ്പിന്റെ കഴിവ് ലിവർപൂളിലും തുടർന്നപ്പോൾ പതിയെ പതിയെ അവർ ഉയരങ്ങൾ കീഴടക്കി തുടങ്ങി.

ഒരു നൊമാദിനെ പോലെ സ്ഥിരതയില്ലായ്മയുടെ ആഴക്കയങ്ങളിൽ നീന്തിത്തുടിച്ച മുഹമ്മദ് സലാഹ് എന്ന ഈജിപ്തുകാരൻ ലോകത്തെ മികച്ച ഗോൾ സ്കോറെർമാരിലൊരാളായി മാറി, സൗത്താംപ്ടണിലെ വിങ്ങർ എന്നതിൽ നിന്നും ലോകത്തെ ഏറ്റവും മികച്ചവരിൽ ഒരാളെന്ന സാക്ഷാൽ മെസ്സി വരെ വിശേഷിപ്പിച്ച തലത്തിലേക്ക് സാദിയോ മാനേ എന്ന സെനഗൽ താരം ഉയർന്നു. ഫിർമിനോ എന്ന അധികമൊന്നും അറിയപ്പെടാത്ത ബ്രസീലുകാരൻ ലോകോത്തര നമ്പർ നയൻ ആയി ഉയർന്നു. ഹൾ സിറ്റിയിൽ നിന്നുമെത്തിയ സ്കോട്ടിഷ് താരം റോബർട്സനും അക്കാദമി താരം അലക്സാണ്ടർ അർണോൾഡും ഇരു വിങ്ങുകളും ഭരിക്കാൻ തുടങ്ങി. കൂടെ വാൻ ഡൈകും ഗോൾ കീപ്പറായ അല്ലിസോൺ കൂടെ എത്തിയതോടെ യൂറോപ്പിലും ഇംഗ്ലണ്ടിലും മെഴ്‌സിസൈഡ് ക്ലബ് ആധിപത്യം സ്ഥാപിച്ചു. വര്ഷങ്ങളായി ഉള്ള കിരീട വരൾച്ചയ്ക്ക് അവർ വിരാമമിട്ടു.

ഒരു വിജയിക്കുന്ന നേതാവിന് വേണ്ട അടിസ്ഥാന ഗുണം ഉയർന്ന തലത്തിൽ ഉള്ള IQ എന്നതിലുപരി EQ(Emotional quotient ) ആണെന്നുള്ള വാഴ്ത്തരികൾ ക്ളോപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ ശെരിയാണെന്നു ബോധ്യപ്പെടും. കളിക്കാർക്കു അദ്ദേഹം സുഹൃത്തും വഴികാട്ടിയാവുമ്പോൾ ബോർഡിന് തങ്ങളുടെ ക്ലബ്ബിനെ ശെരിയായ ദിശയിലേക്കു നയിക്കുന്ന സംരക്ഷകൻ ആവുന്നു. എന്നാൽ ഫാൻസിനു അദ്ദേഹം അവരിലൊരാളാണ്, നാടിൻറെ സംസ്കാരത്തിന്റെയും ക്ലബ്ബിന്റെ വൈകാരികതയുടെയും ആരാധക തീവ്രത അവർ മറ്റൊരു ഷാൻക്ലി എന്ന പോലെ അയാളിലൂടെ കാണുന്നുണ്ട്. അയാൾ ആവട്ടെ തങ്ങളുടെ ക്ലബ്ബിനോടുള്ള അഭിനിവേശം എപ്പോഴും പരീക്ഷിച്ചു കൊണ്ടിരിക്കും. ഓരോ നിമിഷവും അയാൾ കാണികളെ വെല്ലുവിളിച്ചു കൊണ്ടിരിക്കും, ആ വെല്ലുവിളി കാണികൾ സ്വീകരിക്കുമ്പോൾ മൈതാനത്തിന്റെ ഓരോ മുക്കും മൂലയിലും അതിന്റെ അലയൊലികൾ മുഴങ്ങുകയായി. അതോടെ അവരുടെ മൈതാനം എതിരാളികൾക്ക് ഒരു ദുസ്വപ്നം ആവുന്നു. ഈ ഒരു വൈകാരിക അടുപ്പം ആണ് കളിക്കാർ അദ്ദേഹത്തിന്റെ കീഴിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാനുതകുന്നത്.

അദ്ദേഹത്തിന്റെ കീഴിൽ ഉയർന്ന നിലയിൽ കളിച്ച സാഹിനും, മിക്കിക്കും, കഗാവാക്കും ഗോട്സെക്കും ഒക്കെ ആ പ്രകടനം പിൽക്കാലത്തു തുടരാൻ കഴിഞ്ഞില്ല എന്നത് അതിന്റെ ഒരു പ്രതിഫലനം തന്നെ ആയിരിക്കും. അത് കൊണ്ട് തന്നെ ആവും തോൽപ്പിക്കാൻ ഏറ്റവും വിഷമമുള്ള ടീമുകളൊന്നായി ക്ളോപ്പിന്റെ മെയ്ൻസ് മുതൽ ലിവർപൂൾ വരെയുള്ള ക്ലബ്ബുകൾ മാറിയതും. തന്റെ കോച്ചിന് വേണ്ടി പ്രാണൻ നൽകാൻ തയ്യാറുള്ള കളിക്കാർ ഉണ്ടാവുമ്പോൾ ചാമ്പ്യൻസ് ലീഗ് സെമിയിൽ നടന്ന പോലെ ഉള്ള അത്ഭുതങ്ങൾ ഇനിയും ആവർത്തിക്കും. മനോഹരമായി തോൽക്കാൻ പറഞ്ഞു വിട്ട ടീം ഡ്രാഗോയെ അട്ടിമറിച്ചു തന്നെ വിസ്മയിപ്പിക്കുമ്പോൾ, തന്റെ പ്രതീക്ഷകൾക്കപ്പുറം പ്രകടനം നടത്തുമ്പോൾ അടിവരയിടുന്നത് അദ്ദേഹത്തിന്റെ ലെഗസി ആണ്.

നേട്ടങ്ങൾക്കു മുമ്പിൽ വിനയാന്വിതൻ ആവുന്ന പരാജയങ്ങളെ ഒരു ചെറു പുഞ്ചിരിയോടെ നേരിടുന്ന ഫുട്ബോൾ ആസ്വദിക്കാനുള്ളതാണ് എന്ന് വിശ്വസിക്കുന്ന ഫുട്ബാളിനെക്കാൾ വലുത് ആണ് ജീവിതം എന്ന് പറയുന്ന ലോകത്തു പട്ടിണിയും പരിവട്ടവും അനുഭവിക്കുന്ന ജനതയുടെ കണ്ണീരൊപ്പാൻ തന്നാലാവുന്ന വിധം ചെയ്യുമെന്ന് പ്രതിജ്ഞ എടുക്കുന്ന ഒരാളെ എതിരാളികൾക്ക് പോലും ആരാധിക്കാതിരിക്കാൻ എങ്ങനെ കഴിയും. ക്ളോപ്പ് ഒരു സന്ദേശമാണ്, ലാഭേച്ചയിലടിസ്ഥിതമായ ഒരു സമൂഹത്തിൽ മനുഷ്യരിൽ അന്തർലീനമായ ഗുണഗണങ്ങളെ സംരക്ഷിച്ചു കൊണ്ട് അതിന്റെ വൈകാരിക തലങ്ങളെ തൊട്ടുണർത്തി ചരിത്രത്തിന്റെ ഭാഗഭാക്കു ആവാം എന്ന മഹത്തായ സന്ദേശത്തിന്റെ പ്രവാചകൻ.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/jurgen-klopp-a-dreamers-story/feed/ 0
മാച്ച് റിവ്യൂ – അലാവേസ് 0 – 5 എഫ്.സി.ബാഴ്‌സലോണ https://staging.penyadelbarcakerala.com/match_review_alaves_vs_fcb_2020/ https://staging.penyadelbarcakerala.com/match_review_alaves_vs_fcb_2020/#respond Tue, 21 Jul 2020 06:59:31 +0000 https://thejerseycollector.com/test/?p=3608 അങ്ങനെ ഈ സീസണിലെ ലാലിഗക്ക് വിരാമമായി. മോശം പ്രകടനത്തിലൂടെ കിരീടം കൈവിട്ടെങ്കിലും അവസാന മത്സരം നല്ല രീതിയിൽ കളിച്ചു വിടചൊല്ലാൻ ടീമിനായി. അവസാന മത്സരത്തിന് ബാഴ്‌സയെ സ്വന്തം തട്ടകത്തിലേക്ക് സ്വാഗതം ചെയ്ത അലാവേസിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്‌സ മടങ്ങിയത്. സമീപകാലത്തു കണ്ട സാമാന്യം മികവ് പുലർത്തിയ മത്സരം. കാര്യമായി മുഷിപ്പിച്ചിരുന്ന കഴിഞ്ഞ മത്സരങ്ങൾക്ക് ശേഷം അൽപ്പം സംതൃപ്തിയോടെ ഈ മത്സരം കാണാൻ നമുക്കായി.

മത്സരത്തിന്റെ ഫലം എന്ത് തന്നെയായാലും അത് ലീഗ് പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാക്കില്ല എന്നതിനാൽ കാര്യമായ മാറ്റങ്ങൾ ടീമിൽ പ്രതീക്ഷിച്ചിരുന്നു. മുന്നേറ്റത്തിൽ മെസ്സി, സുവാരസ്, ഫാറ്റി എന്ന ത്രയത്തെയാണ് നിയോഗിച്ചത്.മധ്യനിരയിൽ പുജ്‌ജ്, ബുസ്കെറ്റ്സ്, വിദാൽ എന്നിവരും. പിൻനിരയിൽ ആൽബ, ലെങ്ലെ,അരാഹോ, റോബർട്ടോ എന്നിവരും കീപ്പറായി നെറ്റോയും അണിനിരന്നു.

വെയിൽ താഴാതെ നിൽക്കുന്ന വൈകുന്നേരം ആരംഭിച്ച മത്സരം അധികം വൈകാതെ അന്തരീക്ഷം പോലെ തന്നെ ചൂട് പിടിച്ചു. ഒരുപക്ഷെ കുറച്ചധികം ഗോളുകൾ നേടിക്കൊണ്ട്, അസ്വസ്ഥരായിരിക്കുന്ന ആരാധകരെ ഒന്ന് തണുപ്പിക്കാനാവും, ടീം ആദ്യ നിമിഷം മുതൽ ഗോളുകൾക്ക് ശ്രമം ആരംഭിച്ചു. ആദ്യ വെടി പൊട്ടിച്ചത് റിക്കി പുജ്‌ജ് ആയിരുന്നു. ബോക്സിന് പുറത്തു നിന്നും ഉതിർത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ക്രോസ്ബാറിനെ പ്രകമ്പനം കൊള്ളിച്ചാണ് ഗതിമാറിയത്. ആ ചെറിയ ശരീരത്തിൽ നിന്നും ഇത്രയും ശക്തമായ ഷോട്ട് ഉതിർക്കാനാവുമോ എന്ന ചിന്തയിലായിരുന്നു നമ്മളെല്ലാം. തൊട്ടുടനെ അടുത്ത ഒരു ശ്രമവും ഗോൾ പോസ്റ്റ് തടുത്തിട്ടു. വിദാൽ ഉതിർത്ത ഷോട്ടും പോസ്റ്റിനെ തട്ടി വഴിമാറി. തീർന്നില്ല, മെസ്സി തൊടുത്ത ഒന്നാന്തരം ഒരു ഷോട്ട് പിന്നെയും പോസ്റ്റിൽ തട്ടി വഴിമാറി. മത്സരം ആരംഭിച്ചു കേവലം 15 നിമിഷങ്ങൾക്കുള്ളിൽ മൂന്ന് ശ്രമങ്ങളാണ് പോസ്റ്റിൽ തട്ടി മടങ്ങിയത്. നമ്മൾ ഏറെ നിരാശരായി. പക്ഷെ ആ നിരാശ അധികം നീണ്ടില്ല. മെസ്സി നൽകിയ പന്തിൽ കൃത്യമായി ഷോട്ടുതിർത്ത ഫാറ്റി ബാഴ്‌സയെ ആദ്യമായി മുന്നിലെത്തിച്ചു. കേവലം പത്തു മിനിറ്റിനുള്ളിൽ ബാഴ്‌സ ലീഡുയർത്തി. ഇത്തവണ മെസ്സിയുടെ ബൂട്ടിൽ നിന്നുമായിരുന്നു ഗോൾ. മനോഹരമായ പാസിലൂടെ അതിന് വഴി തുറന്നത് പുജ്ജും. ഇടവേളക്ക് പിരിയുന്നതിന് തൊട്ടു മുൻപ് സുവാരസ് ലീഡ് മൂന്ന് ആയി ഉയർത്തി. ആൽബയുടെ ക്രോസിൽ അനായാസമായ ഒരു ഹെഡ്ഡർ. മറുഭാഗത്തു ബാഴ്‌സ പ്രതിരോധത്തിന് കാര്യമായ ഭീഷണി ഉയർത്താൻ അലാവേസിന് കഴിഞ്ഞില്ല. കൃത്യതയോടെ നിലയുറപ്പിച്ച അരാഹോയും ലെങ്ളെയും പഴുതുകൾ ഇല്ലാതെ കോട്ട ഭദ്രമാക്കി.

രണ്ടാം പകുതിയിലും കാര്യങ്ങൾ വ്യത്യസ്തമായില്ല. ഗോളടിക്കാനുള്ള അടുത്ത ഊഴം സബ്സ്റ്റിട്യൂട്ട് ആയി എത്തിയ സെമെഡോക്ക് ആയിരുന്നു.അളന്ന് മുറിച്ചപോലെ പുജ്‌ജ് നൽകിയ മനോഹരമായ ഒരു പാസിൽ കൃത്യമായ ഒരു ഷോട്ടുതിർക്കുക എന്ന ജോലി മാത്രമേ സെമെഡോക്ക് ഉണ്ടായിരുന്നുള്ളൂ. സാധാരണ ഷോട്ടുതിർക്കാൻ വൈമുഖ്യം കാണിക്കുന്ന സെമെടോ എന്തോ ഇവിടെ ഗോളിലേക്ക് ലക്ഷ്യം വച്ചു.മത്സരം കൂടുതൽ അനായാസകരമായതോടെ ബാഴ്‌സ കൂടുതൽ മാറ്റങ്ങൾക്ക് മുതിർന്നു. ബ്രൈത്വൈറ്റും ഡിയോങ്ങും കളത്തിലെത്തി. പതിയെ കളിക്കളത്തിലേക്ക് തിരികെയെത്തുന്ന ഡി യോങ് പുജ്ജുമായി മനോഹരമായി ലിങ്ക് ചെയ്തു കളിച്ചു. പിച്ചീച്ചി ട്രോഫിലേക്ക് മെസ്സി കൂടുതൽ അടുത്തുകൊണ്ട് അടുത്ത ഗോളും വീണു. ഇത്തവണ ആൽബയുടെ ക്രോസ് സുവാരസ് ഒഴിഞ്ഞുമാറിയപ്പോൾ മെസ്സിക്ക് ഷോട്ടുതിർക്കാൻ പാകത്തിന് പന്തെത്തി. അനായാസകരമായ ഒരു ഷോട്ടോടെ മെസ്സി പിച്ചീച്ചി സ്വന്തമാക്കി. ശേഷം കാര്യമായ മാറ്റങ്ങളില്ലാതെ മത്സരം പര്യവസാനിച്ചു.

നേരത്തെ പറഞ്ഞ പോലെ ഒരു പക്ഷെ ആരാധകരെ ഒന്ന് തണുപ്പിക്കാൻ ഉദ്ദേശിച്ചാകും കൂടുതൽ ഗോളുകൾ നേടാനുള്ള വ്യഗ്രത ടീമിനുണ്ടായിരുന്നു. ഈ സീസണിൽ ഇതുവരെ കണ്ടതിനേക്കാൾ ഗോൾ തൃഷ്ണ ഈ കളിയിൽ കണ്ടു. ബോക്സിന് പുറത്തു നിന്നുള്ള ശ്രമങ്ങൾ ഏറെ കണ്ടിരുന്നു. ടീം ഒന്നടങ്കം നന്നായി കളിച്ചു. അത് കൊണ്ട് തന്നെ സമീപകാലങ്ങളിൽ നമ്മുടെ മത്സരങ്ങളിൽ അനുഭവപ്പെട്ടിരുന്ന മടുപ്പ് തീരെ തോന്നിയില്ല. എല്ലാവരും ഒന്നിച്ചു നിന്നപ്പോൾ കാര്യമായ ഭീഷണി ഒന്നും നമ്മുടെ പ്രതിരോധം നേരിട്ടില്ല. അരാഹോ – ലെങ്ലെ കൂട്ടുകെട്ട് നല്ല രീതിയിൽ തന്നെ കളിച്ചു.

അസിസ്റ്റും ഇരട്ട ഗോളുമൊക്കെ ആയി മെസ്സി തിളങ്ങിയെങ്കിലും അത് ഒരു സാധാരണ കാര്യമായതിനാൽ അതിലേക്ക് കൂടുതൽ കടക്കുന്നില്ല. പക്ഷെ ഇവിടെ പ്രത്യേകം പരാമർശിക്കേണ്ട ഒരു പേരുണ്ട്. റിക്കി പുജ്‌ജ്. വളർന്ന് വരുന്ന ഒരു പ്രതിഭയാണെന്ന കാര്യത്തിൽ സംശയമില്ലായിരുന്നെങ്കിലും ഇത്രമേൽ മികവ് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. അക്ഷരാർത്ഥത്തിൽ കിടുക്കിക്കളഞ്ഞു. വെയിലത്തു, കൂടിയ താപനിലയിൽ മുഴുവൻ സമയവും തളരാതെ വല്ലാത്ത എനർജിയോടെ കളിച്ച പുജ്‌ജിന്റെ സ്റ്റാമിന നമ്മൾ കരുതിയതിലും ഏറെയാണ്. വെറുതെ ഓടിക്കളിക്കാതെ മധ്യനിരയെ അറ്റാക്കിലേക്ക് അടുപ്പിച്ചു നിർത്തിയ നീക്കങ്ങളുമായി പുജ്‌ജ് നമ്മൾ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. ഒപ്പം ഫാറ്റിയും മികവിലേക്ക് ഉയർന്നു.ഏഴു ഗോളുമായി കന്നി സീസൺ അവിസ്മരണീയമാക്കി. അവസരങ്ങൾ ഏറെ ലഭിച്ചില്ലെങ്കിലും കിട്ടിയ അവസരം അരാഹോ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ മത്സരപരിചയം വഴി ഒരു മികവുറ്റ പ്രതിരോധഭടൻ ഉയർന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു. നഷ്ടങ്ങളേറെയുണ്ടായ ഈ സീസണിലെ കിരീടങ്ങൾ യഥാർത്ഥത്തിൽ ഈ യുവപ്രതിഭകളാണ്. വരും സീസണുകളിൽ നിങ്ങൾ ടീമിന്റെ അഭിവാജ്യഘടകമാകുമെന്ന് കരുതുന്നു.

നന്നായി കളിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിൽ മികവിലേക്കെത്താൻ നമ്മൾ ഇനിയുമേറെ പോകേണ്ടിയിരിക്കുന്നു. മൂന്നാഴ്ചക്കടുത്തു സമയം നമുക്കുണ്ട്.നല്ല രീതിയിൽ തയ്യാറെടുത്തു വന്നാൽ നമുക്ക് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാനാകുമെന്ന കാര്യത്തിൽ സംശയമില്ല. കോച്ചും കളിക്കാരും ഒരേമനസ്സോടെ പൊരുതിയാൽ നമുക്ക് മികച്ച പ്രകടനം കാണാം. ചാമ്പ്യൻസ് ലീഗിന്റെ ആരവങ്ങൾക്കായി കാത്തിരിക്കാം.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/match_review_alaves_vs_fcb_2020/feed/ 0
മാച്ച് റിവ്യൂ -വയ്യാദോലീദ് 0-1 എഫ്.സി.ബാർസലോണ https://staging.penyadelbarcakerala.com/match_review_fcb_vs_valladolid_2020/ https://staging.penyadelbarcakerala.com/match_review_fcb_vs_valladolid_2020/#respond Mon, 13 Jul 2020 05:55:11 +0000 https://thejerseycollector.com/test/?p=3588 തട്ടിയും മുട്ടിയും എങ്ങനെയോ മൂന്ന് പോയിന്റുമായി തടിയൂരി. ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം കഴിഞ്ഞ മത്സരത്തെ. ലാലിഗയിൽ പ്രതീക്ഷകൾ കുറവാണെങ്കിലും സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിൽ പന്തുതട്ടുന്ന ബാഴ്‌സ, പക്ഷെ പലപ്പോഴും നിരാശപ്പെടുത്തുന്നു, കഴിഞ്ഞ ദിവസവും വ്യത്യസ്തമായില്ല. വ്യത്യസ്തത പുലർത്തിയ ലൈൻ അപ്പുമായി കളത്തിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ച ആദ്യ പകുതി. കളിയുടെ ആദ്യനിമിഷങ്ങളിൽ തന്നെ പിറന്ന ഗോൾ. മികച്ച അവസരങ്ങൾ. പക്ഷെ സാമാന്യബുദ്ധിക്ക് നിരക്കാത്ത സബ്സ്റ്റിട്യൂഷനുകൾ ഈ മികവ് രണ്ടാം പകുതിയിൽ അപ്രത്യക്ഷമാക്കി. ശേഷം ഏറെ മോശമായി കളിച്ച ടീം എന്തോ ഭാഗ്യത്തിന് ഒരു ഗോളിന്റെ നേരിയ വിജയവുമായി കളം വിട്ടു. തന്റെ നൂറാം ക്ളീൻഷീറ്റ് നേടാനായി അസാമാന്യ പ്രകടനം നടത്തിയ സ്റ്റീഗന് ഒരുപാട് നന്ദി.

ഫാറ്റിയുടെ അഭാവത്തിൽ ഒരു വ്യത്യസ്ത രീതിയാണ് ടീം പരീക്ഷിച്ചത്, മുന്നേറ്റത്തിൽ മെസ്സിയും ഗ്രീസ്മാനും മാത്രം. മധ്യനിരയിൽ പുജ്‌ജ്, ബുസ്കെറ്റ്സ്, വിദാൽ ഒപ്പം സെമെഡോ കൂടി എത്തി. അതോടെ റോബർട്ടോ റൈറ്റ് ബാക്ക് ആയി. കൂട്ടായി പീക്കെയും ലെങ്ളെയും, ആൽബയും. മധ്യനിരക്കൊപ്പം സെമെഡോയെ വിന്യസിച്ചത് വഴി റൈറ്റ് വിങ് കൂടുതൽ സജീവമാക്കാനാണ് ടീം ശ്രമിച്ചത്. അത് ശരിയാണെന്ന തരത്തിലായിരുന്നു ആദ്യപകുതി.

വലത്തേ വിങ്ങിൽ സെമെഡോയുടെ റണ്ണുകൾ കണ്ടായിരുന്നു മത്സരം ആരംഭിച്ചത്. പ്രതിരോധത്തിന്റെ ചുമതല ഒഴിഞ്ഞ അദ്ദേഹം ആക്രമണത്തിൽ കാര്യമായി ശ്രദ്ധിച്ചു. മെസ്സിയും ബുസ്കെറ്റ്സും ഒരുക്കിക്കൊടുത്ത പാസുകൾ ഓടിയെത്തി കൃത്യമായി കണക്റ്റ് ചെയ്ത് ക്രോസുകളും നൽകി, പക്ഷെ തളികയിലെന്നവണ്ണം നൽകിയ ക്രോസുകൾ ഉപയോഗപ്പെടുത്താൻ നമ്മുടെ മുന്നേറ്റത്തിനായില്ല. ഗ്രീസ്മാന് ലഭിച്ച ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തുന്നത് അവിശ്വസനീയതയോടെയാണ് കണ്ടത്. ഇടയിൽ ബാഴ്‌സ ലീഡ് എടുത്തു. പ്രധിരോധനിരക്കാരെ കബളിപ്പിച്ചു മെസ്സി നൽകിയ പന്ത് വിദാൽ കൃത്യതയോടെ വലയിലെത്തിച്ചു. ശേഷവും നല്ല രീതിയിൽ കളിച്ചെങ്കിലും ഗോൾനില ഉയർത്താൻ കഴിഞ്ഞില്ല. പുജ്‌ജ് ഇടത് വിങ് സജീവമാക്കാൻ ശ്രമിച്ചെങ്കിലും വിങ്ങറുടെ അഭാവം നല്ല രീതിയിൽ നിഴലിച്ചിരുന്നു.

രണ്ടാം പകുതി മാറ്റത്തോടെയാണ് തുടങ്ങിയത്. അസ്വസ്ഥത അനുഭവപ്പെട്ട ഗ്രീസ്മാന് പകരം സുവാരസ് കളത്തിലെത്തി.അധികം വൈകാതെ പുജ്ജും ലെങ്ളെയും കളം വിട്ടു. പകരം റാകിറ്റിച്ചും അരാഹോയും കളത്തിലെത്തി. ശേഷം സമീപകാലത്തു കണ്ടതിൽ വച്ച് ഏറ്റവും മോശം കളിയാണ് ബാഴ്‌സയുടെ ഭാഗത്തു നിന്നും കണ്ടത്. ഒരു ഒത്തൊരുമയോ ചടുലതയോ ഒന്നുമില്ലാതെ എന്തിനോ വേണ്ടി കളിക്കുന്ന പോലെ. ബാഴ്‌സ പോലെ ഒരു ടീമിൽ ഇപ്പോൾ താൻ കളിക്കാൻ അർഹിക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്ന തരത്തിലായിരുന്നു സുവാരസിന്റെ പ്രകടനം. മെസ്സി ഒരുക്കിക്കൊടുത്ത അവസരങ്ങൾ മനോഹരമായി അദ്ദേഹം പാഴാക്കി. ഇടക്ക് ബുസ്കെറ്റ്സിനെയും പിൻവലിച്ചതോടെ പതനം പൂർത്തിയായി. ആദ്യ പകുതിയിൽ പുജ്ജിനേയും സെമെഡോയെയും ചേർത്ത് നടത്തിയ തന്ത്രം രണ്ടാം പകുതിയിൽ പുറത്തെടുക്കാൻ പറ്റാതായതോടെ കളി കീഴ്‌മേൽ മറിഞ്ഞു, ശേഷം വയ്യദോലീദ് കനത്ത ആക്രമണം കാഴ്ചവെച്ചതോടെ മറ്റൊരു സമനില മണത്തു. പക്ഷെ ബാറിന് കീഴിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടെർ സ്റ്റീഗൻ തന്റെ ബാഴ്‌സ ജേഴ്സിയിലെ നൂറാമത്തെ ക്ളീൻഷീറ്റിലൂടെ മത്സരം രക്ഷിച്ചെടുത്തു.

ആകെ നിരാശപ്പെടുത്തിയ മത്സരം. ആദ്യ പകുതി മനോഹരമായി കളിച്ചു. മുന്നേറ്റത്തിൽ ഒരാളുടെ അഭാവത്തിൽ അത് മായ്ക്കാൻ സെമെഡോയെ വിങ്ങിന്റെ ചുമതല ഏൽപ്പിച്ചതെല്ലാം മികച്ച തീരുമാനം തന്നെ. അത് മികച്ച രീതിയിൽ നടപ്പിലാക്കി ടീമും നന്നായി കളിച്ചു. പക്ഷെ ഒന്നോ രണ്ടോ സബ്സ്റ്റിട്യൂഷനിലൂടെ എല്ലാം തിരിയുന്നത് കണ്ടപ്പോൾ നിരാശരായി. പുതുതായി കളത്തിലെത്തുന്നവർക്ക് ആ തന്ത്രം പ്രയോഗിക്കാനാവാത്തത് മോശം തന്നെയാണ്. സെറ്റിയന്റെ ഒരു പ്രധാന പോരായ്മയായി തോന്നിയിട്ടുള്ള സാഹചര്യത്തിനനുസരിച്ചു തന്ത്രം മാറ്റാനുള്ള കഴിവില്ലായ്മ ഇന്നലെ വീണ്ടും കണ്ടു. നാല് സബ്സ്റ്റിട്യൂഷനുകളും കഴിഞ്ഞപ്പോൾ ടീമിന്റെ ഘടന മൊത്തത്തിൽ മാറിയത് പോലെ ആയിരുന്നു. ഒപ്പം കളിക്കാരുടെ നിരാശാജനകമായ പ്രകടനം കൂടി ആയപ്പോൾ മത്സരം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതിയെന്ന നിലയിലായിരുന്നു. ദിവസങ്ങൾ കാത്തിരുന്നിട്ട് വന്നെത്തുന്ന മത്സരങ്ങളിൽ ഇത്തരത്തിൽ മോശം പ്രകടനം കാണുമ്പോൾ തോന്നുന്ന വികാരം രോഷമാണോ സങ്കടമാണോ എന്ന് പോലും മനസിലാകുന്നില്ല.

ലീഗ് അവസാനത്തോട് അടുക്കുകയാണ്. സാദ്ധ്യതകൾ വിരളമാണ്. എങ്കിലും വരുന്ന ചാമ്പ്യൻസ് ലീഗിനെ ടീമിനെ ഒരുക്കുക എന്ന വലിയ ജോലി കോച്ചിന്റെ മുൻപിലുണ്ട്. ലഭിക്കുന്ന അവസരങ്ങൾ അദ്ദേഹം നല്ല രീതിയിൽ ഉപയോഗപ്പെടുത്തി ചാമ്പ്യൻസ് ലീജിയനായി അദ്ദേഹം ടീമിനെ സജ്ജമാക്കും എന്ന് പ്രതീക്ഷിക്കാം.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/match_review_fcb_vs_valladolid_2020/feed/ 0
മാച്ച് റിവ്യൂ – വിയ്യാറയൽ 1 – 4 ബാഴ്‌സലോണ https://staging.penyadelbarcakerala.com/match-review-fcbarcelona-vs-villarreal-2020/ https://staging.penyadelbarcakerala.com/match-review-fcbarcelona-vs-villarreal-2020/#respond Mon, 06 Jul 2020 12:15:19 +0000 https://thejerseycollector.com/test/?p=3574 ഏറെ നിരാശയുടെ നാളുകൾക്ക് ശേഷം സംതൃപ്തി നൽകിയ ഒരു മത്സരം. സമീപകാലത്തു മികച്ച പ്രകടനം കാഴ്ചവെക്കുന്ന യെല്ലോ മറീൻസിനെ, അവരുടെ തട്ടകത്തിൽ എസ്സ്റ്റാഡിയോ സെറാമിക്കയിൽ നേരിടാൻ പോകുന്നത് നമ്മളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു, പ്രത്യേകിച്ചു സമീപകാലത്തു നമ്മൾ പോയിന്റുകൾ ഏറെ നഷ്ടമായത് കൊണ്ട്. പക്ഷെ കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വിഭിന്നമായി തീർത്തും വ്യത്യസ്തമായ ഒരു ടീമിനെയാണ് കണ്ടത്. പുതുതന്ത്രങ്ങളും മികച്ച ഊർജ്ജവും കൈമുതലാക്കി മൈതാനത്തിറങ്ങിയ ടീം സമീപകാലത്തു കണ്ട ഏറ്റവും മികച്ച മത്സരമാണ് ഇന്നലെ കാഴ്ചവെച്ചത്. എല്ലാവരും അവസരത്തിനൊത്തുയർന്നു കളിച്ചപ്പോൾ തൊണ്ണൂറു നിമിഷവും ആസ്വദിക്കാൻ വഴിയുണ്ടായി. ലീഗ് ഇപ്പോഴും കൈയ്യെത്താദൂരത്താണെങ്കിലും മികച്ച പ്രകടനം സംതൃപ്തി നൽകുന്നു.

വ്യത്യസ്തമായ ഒരു ടീം ഘടനയും ഫസ്റ്റ് ഇലവനുമാണ് ഇന്നലെ കണ്ടത്. മെസ്സി, സുവാരസ്, ഗ്രീസ്മാൻ ത്രയം വീണ്ടും മുൻനിരയിൽ സ്ഥാനം നേടി. പക്ഷെ മെസ്സി പതിവിൽ നിന്നും വിപരീതമായി റൈറ്റ് വിങ്ങിന് പകരം കൂടുതൽ സെൻട്രൽ റോളിൽ ആണ് കണ്ടത്. സുവാരേസിനും ഗ്രീസ്മാനും പന്തെത്തിക്കുന്ന ചുമതല അദ്ദേഹം ഏറ്റെടുത്ത പോലെ. ഒപ്പം മധ്യനിരയിലും മാറ്റം കണ്ടു. ഏവരെയും ഞെട്ടിച്ചുകൊണ്ട് സെർജി റോബർട്ടോ മധ്യനിരയിൽ സ്ഥാനം നേടി. LCM റോളിൽ അദ്ദേഹം വന്നപ്പോൾ കൂട്ടായി ബുസ്കെറ്റ്സും വിദാലും എത്തി. പിൻനിരയിൽ മാറ്റങ്ങളൊന്നുമില്ലാതെ ആൽബ, ലെങ്ലെ, പീക്കെ, സെമെഡോ എന്നിവർ തന്നെ എത്തി. കീപ്പർ ആയി സ്റ്റീഗനും. സാധാരണ നമ്മൾ ഉപയോഗിക്കുന്ന 4 – 3 – 3 ഫോർമേഷന് പകരം ഇന്നലെ കൂടുതലും 4 – 3 – 1 – 2 എന്ന രീതിയാണ് കണ്ടത്. അതിന്റെ ഫലവും ഉണ്ടായി എന്ന് പറയാം.

മത്സരം ചൂട് പിടിക്കുന്നതിനു മുൻപ് തന്നെ ബാഴ്‌സ ലീഡ് നേടി. ഇടത്തെ വിങ്ങിൽ റോബർട്ടോ നടത്തിയ നീക്കത്തിനൊടുവിൽ പന്ത് ആൽബെക്ക് കൈമാറി. പന്തുമായി മുന്നേറിയ ആൽബ, ഗോൾമുഖത്തേക്ക് ഓടിയെത്തിയ ഗ്രീസ്മാനെ ലക്ഷ്യമാക്കി പാസ് നൽകി. ഒരു ബാക്ക്ഹീലിലൂടെ ഗ്രീസ്മാൻ ഗോൾ ശ്രമം നടത്തിയെങ്കിലും അതിനു മുൻപേ തന്നെ എതിർ ഡിഫൻഡറുടെ കാലുകളിൽ സ്പർശിച്ച പന്ത് വലയിലേക്ക് കയറിയിരുന്നു. തുടർന്നും മനോഹരമായ ശ്രമങ്ങൾ നമ്മൾ നടത്തിയെങ്കിലും എതിർ കീപ്പറുടെ മികവിൽ എല്ലാം ലക്ഷ്യത്തിൽ നിന്നും അകന്നു. അധികം വൈകാതെ നമ്മൾ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. അറ്റാക്കിങ്ങിൽ നമ്മൾ ശ്രദ്ധ ചെലുത്തിയപ്പോൾ വീണുകിട്ടിയ അവസരത്തിൽ മികച്ച കൗണ്ടർ അറ്റാക്കിലൂടെ വിയ്യാറയൽ മറുപടി ഗോൾ നേടി. നിനച്ചിരിക്കാത്ത സമയത് ഗോൾ വഴങ്ങിയാൽ നമ്മൾ സാധാരണ അകപ്പെടാറുള്ള പരിഭ്രമം ഇവിടെയും കണ്ടു. തുടർന്നുള്ള നിമിഷങ്ങളിൽ വിയ്യാറയൽ പലകുറി നമ്മുടെ ബോക്സ് റെയ്‌ഡ്‌ ചെയ്തു. പലപ്പോഴും സ്റ്റീഗന്റെ മികവാണ് അവർക്ക് ലീഡ് നേടാതെ കാത്തത്. പക്ഷെ ബാഴ്‌സക്ക് മത്സരത്തിലേക്ക് തിരികെ വരാൻ ഒരു നിമിഷം മതിയായിരുന്നു. സുവാരേസിലൂടെ ബാഴ്‌സയ്ക്ക് അതിന് സാധിച്ചു. മധ്യനിരയിൽ നിന്നും പന്തുമായി എതിർ ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞു കുതിച്ചെത്തിയ മെസ്സി, ഇടത്തെ വിങ്ങിൽ സുവാരസിന് നൽകി. ഗോൾ കീപ്പർ അഡ്വാൻസ് ചെയ്തു നിൽക്കുന്നത് കണ്ട സുവാരസ്, ഉയർത്തിവിട്ട പന്ത് പോസ്റ്റിന് മുൻപിൽ പതിയെ താഴുന്നത് നോക്കി നിൽക്കാനേ കീപ്പർക്ക് സാധിച്ചുള്ളൂ. എൽ പിസ്റ്റലേറോയുടെ ഫിനിഷിങ് ഒരിക്കൽ കൂടി കണ്ട നിമിഷം. ശേഷം മത്സരം ബാഴ്‌സയുടെ കൈകളിലേക്ക് തിരികെ വന്നു. മെസ്സിയും ഗ്രീസ്മാനും പൊസിഷനുകൾ അന്യോന്യം മാറിമാറി കളിച്ചപ്പോൾ വിയ്യാറയൽ ആകെ അങ്കലാപ്പിലായി. ഒപ്പം മധ്യനിരയിൽ നിന്ന് റോബർട്ടോ നിരന്തരം മികച്ച റണ്ണുകൾ കൂടി ആയപ്പോൾ നയനാന്ദകരമായ മത്സരം. ഇടവേളക്ക് പിരിയുന്നതിന് മുൻപ് മത്സരത്തിലെ ഏറ്റവും മികച്ച മുഹൂർത്തം പിറന്നു. ഒരു ലോങ്ങ് ബോൾ പിടിച്ചെടുത്ത മെസ്സി ബോക്‌സിലേക്ക് പതിയെ നുഴഞ്ഞുകയറാൻ തുടങ്ങിയപ്പോൾ ഗ്രീസ്മാൻ പിറകിൽ സന്നിഹിതനായിരുന്നു. എതിർ ഡിഫൻഡർമാരെ തന്നിലേക്ക് ആകർഷിച്ച ശേഷം മെസ്സി പന്ത് ഒരു ബാക്ഹീൽ പാസിലൂടെ ഗ്രീസ്മാന് തിരികെ നൽകി. ഒരുപക്ഷെ ലോകത്തു അവർ രണ്ടുപേർക്കും മാത്രമേ ആ നീക്കം മനസ്സിലായിരുന്നുള്ളൂ. പന്ത് ലഭിച്ച ഗ്രീസ്മാൻ ഒരു മനോഹരമായ ചിപ്പിലൂടെ പോസ്റ്റിലേക്ക്. ഉയർന്നു പൊങ്ങിയ ശേഷം ക്രോസ്ബാറിൽ ചുംബിച്ച ശേഷം പന്ത് പോസ്റ്റിലേക്ക് ആഴ്ന്നിറങ്ങി. കഴിഞ്ഞ സീസണിൽ മെസ്സി റയൽ ബെറ്റിസിനെതിരെ നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്ന ഒന്ന്. ഗ്രീസ്മാന്റെ മികവ് ഏറെ കണ്ട നിമിഷം.

മാറ്റങ്ങൾ ഇല്ലാതെ രണ്ടാം പകുതി തുടങ്ങി. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വിഭിന്നമായി നമ്മൾ കൃത്യമായ സമയത്തു സബ്സ്റ്റിട്യൂഷനുകൾക്ക് മുതിർന്നു. സുവരെസിനെ പിൻവലിച്ചു റാകിറ്റിച്ചും, സെമെഡോയെ പിൻവലിച്ചു റിക്കി പുജ്ജും കളത്തിലെത്തി. അതോടെ റോബർട്ടോ റൈറ്റ് ബാക്ക് സ്ഥാനം ഏറ്റെടുത്തു. അധികം വൈകാതെ ഗ്രീസ്മാനെ പിൻവലിച്ചു അൻസു ഫാറ്റിയും, ബുസ്കെറ്റ്സിനെ പിൻവലിച്ചു ബ്രൈത്വൈറ്റും രംഗത്തെത്തി. അതോടെ ബാഴ്‌സയുടെ അതുവരെയുള്ള താളത്തിനു ചെറിയ ഭംഗം സംഭവിച്ചു. പക്ഷെ പുജ്ജും ഫാറ്റിയും അതോടെ നിയന്ത്രണം ഏറ്റെടുത്തു. റോബർട്ടോ നിർത്തിയേടത്തു നിന്നും പുജ്‌ജ് തുടങ്ങിയപ്പോൾ മത്സരം വീണ്ടും ആവേശകരമായി. തുടർന്ന് പികെയെ പിൻവലിച്ചു അരാഹോ കളത്തിലെത്തി. പരിക്ക് മൂലം ഉംറ്റിറ്റിയുടെ സേവനം ഈ സീസണിൽ സംശയാസ്പദം ആയിരിക്കെ അരാഹോ കൂടുതൽ സമയം അർഹിക്കുന്നുണ്ട്. കളിയുടെ അന്ത്യനിമിഷങ്ങളിലേക്ക് കടക്കുമ്പോൾ ബാഴ്‌സ ലീഡുയർത്തി.. ഇത്തവണ ഇടത്തെ വിങ്ങിൽ മുന്നറ്റം നടത്തിയ ഫാറ്റി, കട്ട് ഇൻ ചെയ്ത് ബോക്സിലേക്ക് കടന്ന് കയറിയ ശേഷം തൊടുത്ത ഷോട്ട് കീപ്പറെ തീർത്തും സ്തബ്ധനാക്കി. ആവിശ്യത്തിന് സ്‌പേസ് ലഭിച്ചാൽ താനെത്ര അപകടകാരിയാണെന്ന് ഫാറ്റി ഒരിക്കൽ കൂടി കാണിച്ചു തന്നു. അവസാന നിമിഷങ്ങളിൽ മെസ്സിയുടെ ഒരു ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയത് നിരാശപ്പെടുത്തി.

നിരാശയുടെ ദിനങ്ങൾക്ക് ശേഷം ഏറെ സന്തോഷം നൽകിയ ദിനമായിരുന്നു ഇന്നലെ. ഏറെ നാളുകൾക്ക് ശേഷം മനം നിറഞ്ഞു കണ്ട മത്സരം. ദ്രുതഗതിയിലുള്ള നീക്കങ്ങളും മികച്ച പാസുകളും ചേർന്നപ്പോൾ ഏറെ സന്തോഷം തോന്നി. ഏറ്റവും പ്രധാനമായ മാറ്റം ഫോർമേഷൻ ആണെന്ന് തോന്നുന്നു. മെസ്സിക്കും ഗ്രീസ്മാനും പൂർണ്ണമായ സ്വാതന്ത്രം നൽകിയപ്പോൾ ഇരുവരും തങ്ങളുടെ മികവിലേക്കുയർന്നു. പരസ്പരം പാസുകൾ നൽകിയും പൊസിഷനുകൾ വെച്ചുമാറിയും ഇരുവരും മത്സരം മികച്ചതാക്കി. ഇരുവർക്കും മികച്ച സപ്പോർട്ടോടെ സുവാരസും നിന്നു. മധ്യനിരയിൽ റോബർട്ടോ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ട്. ഇന്നലെ നടത്തിയ റണ്ണുകളും കൃത്യതയാർന്ന പാസുകളും ഉത്തരങ്ങളാണ്.റൈറ്റ് വിങ്ങിൽ തളച്ചിടേണ്ട ഒരാളല്ല അദ്ദേഹം. ഇന്നലെ നടത്തിയ സബ്സ്റ്റിട്യൂഷനുകളും മികവ് പുലർത്തി. പുജ്ജും ഫാറ്റിയുമെല്ലാം മത്സരത്തിന്റെ തീവ്രത പോകാതെ കളിച്ചു. പുജ്‌ജ് സ്വപ്നസമാനമായ സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ടീമിലെ ഒരു അനിഷേധ്യ സ്ഥാനം അദ്ദേഹം ഇപ്പോൾ കരസ്ഥമാക്കിയിരിക്കുന്നു. ഫാറ്റിയും കൂടുതൽ അവസരങ്ങൾക്ക് അവകാശമുന്നയിക്കുന്നു.

ഇതോടൊപ്പം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട വസ്തുതകളുമുണ്ട്. പ്രതിരോധം തലവേദന തന്നെയാണ്. പലപ്പോഴും അനായാസേന ആണ് വിയ്യാറയൽ നമ്മുടെ പ്രതിരോധത്തെ ഭേദിച്ചത്.ഒരെണ്ണം അവർ ഗോളുമാക്കി. കൂടുതൽ മികച്ച ആക്രമണം കാഴ്ചവെക്കുന്ന ടീമുകൾക്കെതിരെ ഈ പ്രതിരോധം ചീട്ടുകൊട്ടാരം പോലെ ആയിരിക്കും. അതോടൊപ്പം ഇന്നലെ വിയ്യാറയൽ ഏറെ സ്പേസ് നമുക്ക് നൽകിയിരുന്നു. അത് നമ്മൾ മുതലെടുത്തു. മറ്റ് ടീമുകൾ ഒരുപക്ഷെ ഇത്രയും സ്‌പേസ് നൽകണം എന്നില്ല. പ്രതിരോധാത്മക കളി പുറത്തെടുക്കുന്ന ടീമുകൾക്കെതിരെയും പോയിന്റുകൾ നേടാൻ നമുക്ക് കഴിയണം. കഴിഞ്ഞ മത്സരങ്ങളിൽ നമ്മൾ നഷ്ടമാക്കിയ പോയിന്റുകൾ അതിന്റെ പ്രാധാന്യം കാണിക്കുന്നു. വരും മത്സരങ്ങൾ ഇന്നലത്തെ മത്സരത്തിന്റെ തുടർച്ചയാവട്ടെ എന്ന് പ്രതീക്ഷിക്കാം.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/match-review-fcbarcelona-vs-villarreal-2020/feed/ 0
മാച്ച് പ്രിവ്യു – വിയ്യാറിയൽ എഫ്.സി vs എഫ്.സി ബാഴ്സലോണ https://staging.penyadelbarcakerala.com/match-preview-villarreal-cf-vs-fc-barcelona/ https://staging.penyadelbarcakerala.com/match-preview-villarreal-cf-vs-fc-barcelona/#respond Sun, 05 Jul 2020 13:45:58 +0000 https://thejerseycollector.com/test/?p=3565 താരതമ്യേന മികച്ച പ്രകടനം നടത്തിയിട്ടും വളരെ ദൗർഭാഗ്യകരമായ രീതിയിൽ പോയിന്റ് നഷ്ടപ്പെടേണ്ടി വന്ന ഒരു രാത്രിയാണ് കഴിഞ്ഞത്, സ്പാനിഷ് പടയോട്ടത്തിന് വേണ്ടിയുള്ള യാത്രയിലെ ഏറ്റവും നിരാശകരമായ റിസൾട്ടുകളിലൊന്ന്. ഇനിയാ സ്വർണ്ണചാമരം വളരെ അകലെയാണ്, മറ്റുള്ള ഭാഗ്യനിർഭാഗ്യങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്ന ഒന്ന്. എന്നാലും മറ്റ് നിവർത്തിയൊന്നുമില്ല, തങ്ങളുടെ ജോലി എന്തൊക്കെ തന്നെയായാലും ചെയ്തേ മതിയാവൂ. ഹെഡ്സ് ഡൗൺ ഓഫ് റ്റു ദി നെക്സ്റ്റ് ഗെയിം !! ഇന്ന് ലാ സെറാമിക്കയിലാണ്, ബ്രേക്കിന് ശേഷം ലീഗിലെ ഏറ്റവും കരുത്തുറ്റ തികച്ചും വളരെ ഉയർന്ന സ്ഥിരത പുലർത്തുന്ന വിയ്യറിയലിന്റെ മണ്ണിൽ. കാര്യങ്ങൾ ഒട്ടും ശുഭമല്ല, പ്രത്യേകിച്ചും ഈ സമയത്ത് അവിടെ നിന്ന് നമുക്കു വേണ്ട റിസൾട്ടുമായി മടങ്ങുക എന്നത് അസാധ്യമെന്നു വരെ തോന്നിപ്പിക്കുന്ന ഈ സ്ഥിതിവിശേഷത്തിൽ.

ശുഭമല്ല എന്നു പറയുമ്പോൾ ഗ്രൗണ്ടിലും അതിനു പുറത്തും ഒരുപോലെ ബാധിക്കുന്ന അവസ്ഥ തന്നെയാണ് ആണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇതിനകം തന്നെ പരിക്കിന്റെ പിടിയിൽ ഉള്ള ഡിയോങ്ങിനെയും ഡെംബെലെയും കൂടാതെ ഇപ്പോൾ അപ്രതീക്ഷിതമായി ഫിർപ്പോയെയും പിന്നെയും പിന്നെയും ഇടിവെട്ടേറ്റ പോലെ ഉംറ്റിറ്റിയെയും നഷ്ടപ്പെട്ടിരിക്കുകയാണ്. ഒട്ടേറെ നിരാശകൾക്കിടയിലും മികച്ച പ്രകടനം നടത്തുന്ന പൂജാണ് ഇപ്പോൽ വെള്ളിവെളിച്ചം. ഇന്നും മധ്യനിരയിൽ ഊർജ്ജമായി ആ ലാ മാസിയ’ൻ യുവരക്തം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ. കുറച്ചുകാലമായി ടീമിൽ ഇടം കിട്ടാതെ ഉഴറികൊണ്ടിരിക്കുന്ന ഗ്രീസ്മാനും ഇന്ന് തിരിച്ചെത്താനുള്ള എല്ലാം സാധ്യതയും നിലനിൽക്കുന്നു. ബാക്കിയെല്ലാം പതിവു പോലെ തന്നെയാവും കളത്തിൽ ഇറങ്ങുന്ന ടീം. വൈകിയ വേളയിലും എന്നത്തേയും പോലെ ക്യാപ്റ്റന്റെ കാലുകളിലേക്ക് തന്നെ നമ്മുടെ രക്ഷ കേന്ദ്രീകരിച്ചിരിക്കുന്നു.

വിയ്യാറിയലിനെ സംബന്ധിച്ച് ബ്രെയ്ക്കിനു ശേഷം അവർക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല എന്നു വിശ്വസിക്കാൻ ഉതകുന്ന തരത്തിലുള്ള തിരിച്ചുവരവാണ് കണ്ടുകൊണ്ടിരിക്കുന്നത്. കളിച്ച ആറിൽ അഞ്ചു ക്ലീൻഷീറ്റുകളടക്കം അഞ്ച് ജയവും ഒരു സമനിലയും. സമനിലയാവട്ടെ ലീഗിലെ തന്നെ മികച്ച ടീമുകളിൽ ഒന്നായ സെവിയ്യക്കെതിരെ. ഒരു പക്ഷേ യൂറോപ്പ പോലും അസാധ്യമെന്നു കരുതിയരടുത്തുന്നു നിന്ന് ഇന്നവർ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ വക്കത്താണ്. ജാവി കല്ലേജയുടെ കീഴിൽ മുൻ സ്പാനിഷ് വെറ്ററൻ റൗൾ ആൽബിയോളിന്റെ ഉരുക്കുക്കോട്ടയുടെ നേതൃത്വത്തിൽ അവർക്കും ജയത്തിൽ കുറഞ്ഞതൊന്നും ഈ സമയത്ത് ചിന്തിക്കേണ്ടതില്ല. സാന്റി കസോർള എന്ന മാന്ത്രികന്റെ സ്വർഗീയമായ തിരിച്ചുവരവിൽ വിയ്യറിയാലിന് സങ്കല്പിക്കാനാവാത്തതൊന്നുമില്ല. കഴിഞ്ഞ തവണ സെറാമിക്കയിൽ കസോർള അഴിച്ചിവിട്ട ആക്രമണം ബാഴ്സക്ക് ശരിക്കും കൊണ്ടതാണ് ഇത്തവണയും ഏറ്റവും ഭയപ്പെടേണ്ടത് ആ മാന്ത്രിക പാദങ്ങളെ തന്നെ.ഒപ്പം മിന്നും ഫോമിലുള്ള മൊറേനോയും കൂടി മുൻനിരയിൽ ചേരുമ്പോൾ വിയ്യാറിയൽ അതിശക്തരാണ്.എല്ലാം തികഞ്ഞ വളരെ മികച്ച ഒരു രാത്രി ബാഴ്സ കാഴ്ച വച്ചില്ലെങ്കിൽ തികച്ചും നിരാശകരമായ ഒരു മത്സര ഫലം ആണ് ബാഴ്സയെ കാത്തിരിക്കുന്നത് എന്ന് ഉറപ്പ്.

ഇന്ന് നിലനിൽപ്പിന്റെ പോരാട്ടമാണ് കുറെയൊക്കെ മറ്റുള്ളവരുടെ ഭാഗ്യനിർഭാഗ്യങ്ങളെ ആശ്രയിച്ചിണെങ്കിലും നമുക്ക് ചെയ്യാനുള്ളത് നാം ചെയ്ത പറ്റുള്ളൂ. നമ്മുക്ക് കാത്തിരിക്കാം.

വിസ്കാ എൽ ബാർസ !

ലാ ലിഗ : മാച്ച് ഡേ – 34.
എസ്റ്റാഡിയോ ഡി ലാ സെറാമിക്ക.
ഇന്ത്യൻ സമയം: 01.30am.
ലാ-ലിഗ ഒഫീഷ്യൽ പേജ്, FB.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/match-preview-villarreal-cf-vs-fc-barcelona/feed/ 0
ബാഴ്‌സലോണയും ആർതുർ ഡീലും https://staging.penyadelbarcakerala.com/barceloan-and-arthur-deal/ https://staging.penyadelbarcakerala.com/barceloan-and-arthur-deal/#respond Sat, 27 Jun 2020 05:30:37 +0000 https://thejerseycollector.com/test/?p=3527 ബാഴ്‌സലോണ തങ്ങളുടെ മധ്യനിരയിലെ പ്രമുഖ യുവസാന്നിധ്യമായ ആർതുറിനെ പ്യാനിച്ന് പകരമായി യുവന്റസിന്‌ നൽകുന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങളും ചർച്ചകളും ഫുട്ബോൾ ലോകത്ത്‌ പറന്ന് നടക്കുകയാണ്‌. എന്ത്‌ കൊണ്ടാണ് ബാഴ്‌സ ബോർഡ് ഈ കൈമാറ്റത്തിന് ശ്രമിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം.

ആർതുർ – പ്യാനിച് ഡീൽ ഇരു കൂട്ടർക്കും സാമ്പത്തികമായി ലാഭകരമായ ഒരു കൈമാറ്റമാണ്‌. ബാഴ്‌സലോണ ബോർഡ്‌ നിലവിൽ അകപ്പെട്ട സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കര കയറാൻ വേണ്ടിയാണ്‌ ആർതുറിനെ കരുവാക്കുന്നത്‌. എങ്ങനെയെന്ന് വ്യക്തമാക്കാം.

80 മില്യൺ യൂറോക്കാണ്‌ ആർതുറിനെ ബാഴ്‌സ യുവന്റസിന്‌ നൽകാനൊരുങ്ങുന്നത്‌. പ്യാനിച് 70 മില്യൺ യൂറോക്ക്‌ പകരം ബാഴ്‌സയിലെത്തും. തങ്ങളുടെ യുവ താരത്തെ യുവന്റസിന്‌ കൈമാറുന്നതിലൂടെ 10 മില്യണിന്റെ മാത്രം ലാഭമാണ്‌ ബാഴ്‌സക്കുണ്ടാവുക എന്ന് തോന്നിക്കുമെങ്കിലും ഇരു ക്ലബുകൾക്കും 60 മില്യൺ യൂറോയോളം ലാഭം നൽകുന്ന കച്ചവടം ആണിത്‌.

ഫുട്ബോൾ ക്ലബുകൾ ഒരു താരത്തെ വിൽക്കുന്നതും വാങ്ങുന്നതും ഒരേ രീതിയിൽ അല്ല നോക്കിക്കാണുന്നത്‌. ഒരു താരത്തെ വിൽക്കുമ്പോൾ ലഭിക്കുന്ന തുക അതേ സമയം തന്നെ അക്കൗണ്ടിൽ ചേർക്കും. എന്നാൽ ഒരു താരത്തെ വാങ്ങുമ്പോൾ ഉള്ള ചിലവ്‌ താരത്തിന്റെ കോൺട്രാക്റ്റിലെ വർഷങ്ങളിലേക്ക്‌ തുല്യമായി വിഭജിക്കാറാണ്‌ പതിവ്‌. അതിനാൽ തന്നെ താരത്തെ വാങ്ങുന്ന ചിലവ് മൊത്തമായി രേഖപ്പെടുത്തില്ല. പ്ലയർ അമോർറ്റൈസേഷൻ എന്നാണിത്‌ അറിയപ്പെടുന്നത്‌. ഓരോ കളിക്കാരനും ഓരോ ആസ്തി ആയി കണക്കാക്കപ്പെടുന്നത്‌ കൊണ്ടാണ്‌ ക്ലബുകൾ ഇങ്ങനെ ചെയ്യുന്നത്‌.

ആർതുറിനെ 30 മില്യൺ യൂറോക്ക്‌ ആറ്‌ വർഷത്തെ കരാറിലാണ്‌ ബാഴ്‌സ വാങ്ങിയത്‌. അതിനാൽ തന്നെ ആനുവൽ അമോർറ്റൈസേഷൻ 5 മില്യൺ യൂറൊയാണ്‌. അതായത് ഓരോ വർഷവും 5 മില്യൺ ചിലവിൽ രേഖപ്പെടുത്തും. കരാറിലെ രണ്ട്‌ വർഷം കഴിഞ്ഞതിനാൽ ഇനി 20 മില്യൺ ആണ്‌ അക്കൗണ്ടിൽ ആർതുറിന്റെ വില. അതിനാൽ തന്നെ 80 മില്യൺ യൂറോക്ക്‌ ആർതുറിനെ യുവന്റസിന്‌ കൈമാറിയാൽ ബാഴ്‌സക്ക്‌ അക്കൗണ്ടിംഗ്‌ കാഴ്ചപ്പാടിൽ 60 മില്യൺ ലാഭം ലഭിക്കും.

2016 ൽ യുവന്റസ്‌ പ്യാനിച്നെ ടീമിലെത്തിച്ചത്‌ 35 മില്യൺ യൂറോക്കായിരുന്നു. അഞ്ച്‌ വർഷത്തെ കരാറാണ്‌ താരം ഒപ്പിട്ടത്‌. അതിനാൽ തന്നെ താരത്തിന്റെ ആനുവൽ അമോർട്ടൈസേഷൻ 7 മില്യണായിരുന്നു. രണ്ട് വർഷത്തോടെ ബാക്കി ഉള്ളത് 21 മില്യനായി മാറി. 2018ൽ യുവന്റസ്‌ പ്യാനിച്ന്റെ കരാർ രണ്ട് വർഷം കൂടി നീട്ടി. അതിനാൽ തന്നെ ബാക്കി ഉള്ള 21 മില്യൺ 5 വർഷത്തേക്ക്‌ കൂടി വിഭജിക്കപ്പെട്ട്‌ ആനുവൽ അമോർട്ടൈസേഷൻ 4.2 മില്യണായി. രണ്ട്‌ വർഷം കൂടി കഴിഞ്ഞതോടെ അക്കൗണ്ടിൽ പ്യാനിച്ന്റെ വില 13 മില്യണാണ്‌. അങ്ങനെ നോക്കുകയാണെങ്കിൽ പ്യാനിച്നെ ബാഴ്‌സക്ക്‌ 70 മില്യൺ യൂറോക്ക്‌ നൽകിയാൽ യുവന്റസിന്‌ ലാഭം 57 മില്യൺ യൂറോയാണ്‌. അതായത്‌ 70 മില്യണിൽ നിന്ന് യുവന്റസ്‌ പ്യാനിച്ന് മുടക്കിയ തുകയിൽ ബാക്കി ഉള്ള 13 മില്യൺ കുറച്ചത്‌. അതിനാൽ തന്നെ ഇരുതാരങ്ങളുടേയും കൈ മാറ്റത്തിൽ 10 മില്യണിന്റെ മാത്രം വ്യത്യാസമെ ഉള്ളൂ എങ്കിലും രണ്ട്‌ ക്ലബുകൾക്കും 60 മില്യണോടടുത്ത്‌ ലാഭം ലഭിക്കുന്ന ബിസിനസ്‌ ആണ്‌ നടക്കാൻ പോകുന്നത്‌. യുവ താരത്തെ വിട്ടു കൊടുക്കുന്നതിന്‌ ഇതൊന്നും ഒരു ന്യായീകരണം ആവില്ലെന്ന് മാത്രം.

പക്ഷെ, എന്ത്‌ കൊണ്ടാണ്‌ ബാഴ്‌സലോണ ഇപ്പോൾ ഇങ്ങനെ ഒരു ട്രാൻസ്ഫറിന്‌ ശ്രമിക്കുന്നത്‌? ക്ലബിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എന്നതിനേക്കാൾ ബോർഡ്‌ അംഗങ്ങളുടെ താൽപര്യങ്ങൾക്ക്‌ വേണ്ടിയാണ്‌ ഈ ഡീൽ. ഇത്‌ വിശദീകരിക്കാൻ കുറച്ച്‌ ചരിത്രം കൂടി അറിയേണ്ടതുണ്ട്‌.

1990 ൽ സ്പെയിനിലെ ഒട്ടു മിക്ക ക്ലബുകളേയും സ്പോർട്സ്‌ കോർപ്പറേഷനുകൾ ആക്കി മാറ്റിയിരുന്നു. അന്ന് സാമ്പത്തികമായി ലാഭത്തിൽ മുന്നോട്ട്‌ പോയിരുന്ന ക്ലബുകളെ മാത്രം പൂർവ്വ സ്ഥിതിയിൽ തുടരാൻ അനുവദിച്ചു. ബാഴ്‌സലോണ, റയൽ മാഡ്രിഡ്‌, ഒസാസുന, അത്‌ലറ്റിക്‌ ബിൽബാവോ എന്നീ ക്ലബുകൾക്കാണ്‌ ഇതിന്‌ അനുവാദം ലഭിച്ചത്‌.

ഈ ക്ലബുകൾ ലാഭത്തിൽ തന്നെയാണ്‌ പ്രവർത്തിക്കുന്നത്‌ എന്നത്‌ ഉറപ്പാക്കാനായി ഒരു നിയമം കൂടെ ഉണ്ടാക്കിയിരുന്നു. ക്ലബിന്റെ ബോർഡ്‌ അംഗങ്ങൾ ഒരു വർഷത്തെ ബജറ്റിന്റെ 15% തുക മുൻകൂട്ടി ഗ്യാരന്റി ആയി നൽകണമെന്ന നിയമമാണ്‌ നടപ്പിലാക്കിയത്‌. മുൻ സീസണുകളിൽ ക്ലബുകൾ അടുത്ത വർഷത്തെ ബജറ്റിന്റെ 15 ശതമാനത്തേക്കാൾ ലാഭം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഈ ഗ്യാരന്റി സമർപ്പിക്കേണ്ട ആവശ്യമില്ല.

2010 മുതൽ ബാഴ്‌സയെ നയിക്കുന്നത്‌ നിലവിലുള്ള ബോർഡാണ്‌. അന്ന് മുതൽ 2019 വരെ ബാഴ്‌സലോണ 192 മില്യൺ ലാഭം ആണ്‌ ഉണ്ടാക്കിയത്‌. 2019/20 സീസണിൽ ബാഴ്‌സയുടെ ചിലവ്‌ കണക്ക്‌ കൂട്ടിയത്‌ 1007 മില്യണാണ്‌. അതിന്റെ 15% എന്നത്‌ 151 മില്യണായിരുന്നു. അത്‌ ലാഭത്തിലും കുറവായതിനാൽ ബോർഡിന്‌ ഒന്നും ഗ്യാരന്റി ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. നിലവിൽ കോവിഡ്‌ 19 സൃഷ്ടിച്ച പ്രതിസന്ധികൾ മൂലം ക്ലബിന്‌ 150 മില്യൺ അധികം നഷ്ടപ്പെടുമെന്നാണ്‌ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്‌. 192 മില്യണിൽ നിന്ന് 150 മില്യണോളം നഷ്ടപ്പെടുമ്പോൾ അടുത്ത സീസണിലേക്കുള്ള ചിലവിന്റെ 15% തുക പുതുതായി ഗ്യാരന്റി ചെയ്യേണ്ടി വരും. അത്‌ ബോർഡ്‌ അംഗങ്ങൾ വ്യക്തിപരമായി കണ്ടെത്തി നിക്ഷേപിക്കേണ്ട തുകയാണ്‌. 2020/21 സീസണും നഷ്ടത്തിൽ അവസാനിച്ചാൽ അതിന്റെ തുകയും ബോർഡ്‌ അംഗങ്ങൾ കണ്ടെത്തി അടക്കേണ്ടി വരും.
ഈ ഒരു പ്രതിസന്ധി മറികടക്കാനാണ്‌ ക്ലബ്‌ ആർതുർ ഡീലിനായി ശ്രമിക്കുന്നത്‌. പക്ഷെ, ബോർഡ്‌ അംഗങ്ങളുടെ താൽപര്യമാണ്‌ ഇവിടെ സംരക്ഷിക്കപ്പെടുന്നതെന്ന് മാത്രം.

ക്ലബും ആരാധകരും ഒരുപാട്‌ പ്രതീക്ഷകളോടെ നോക്കിക്കാണുന്ന താരമാണ്‌ ആർതുർ. ചാവിക്ക്‌ പകരക്കാരനായാണ്‌ താരത്തെ ബാഴ്‌സയിലെത്തിച്ചത്‌. തൊട്ടടുത്തുള്ള പ്രതിസന്ധികൾ മറികടക്കാനായി ക്ലബിന്റെ യുവ താരത്തെ വിട്ടു കൊടുക്കുന്നത്‌ ഒരിക്കലും ക്ലബിന്റെ ഭാവി ശോഭമനമാക്കില്ല.

References https://twitter.com/DianaKristi…/status/1276111185352458240…

https://twitter.com/SwissRamble/status/1276039133396373504…

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/barceloan-and-arthur-deal/feed/ 0
മാച്ച് പ്രിവ്യു – എഫ് സി ബാഴ്സലോണ vs അത്ലറ്റിക് ബിൽബാവോ https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-athletic-bilbao/ https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-athletic-bilbao/#respond Tue, 23 Jun 2020 08:45:05 +0000 https://thejerseycollector.com/test/?p=3515 ലീഗ് കിരീടം കയ്യാലപ്പുറത്ത് ആയ അവസ്ഥയിൽ ബാഴ്സക്ക് ലഭിക്കാവുന്ന എറ്റവും കടുത്ത എതിരാളികളെ തന്നെ ഇന്നത്തെ മത്സരത്തിൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 4 മത്സരങ്ങളായി ബാഴ്സയോട് അടിയറവ് പറയാത്ത ബിൽബാവോയെ ഇന്ന് കീഴടക്കിയില്ലെങ്കിൽ സീസണിൽ ഇനിയൊരു തിരിച്ചു വരവിനുള്ള സാധ്യത കുറവാണ്. പരിക്ക് കാരണം ഡി യോങിനെ നഷ്ടമായതും മറ്റൊരു തിരിച്ചടിയാണ്.

കഴിഞ്ഞ മത്സരത്തിൽ വളരെ താഴ്ന്ന മനോഭാവത്തോടെ കളിച്ച ടീമിനെ എത്രത്തോളം ഇന്ന് സെറ്റിയെന് പ്രചോദിപ്പിക്കാൻ കഴിയും എന്നത് നിർണായകമാണ്. പീക്കെ അടക്കമുള്ള മുതിർന്ന താരങ്ങൾ ഡ്രസിങ് റൂമിനെ പരിശീലകന് പൂരകമാക്കി നിർത്താൻ ശ്രമിക്കണം. തളർന്ന ബൂട്ടുകൾക്ക് പകരമായി യുവാക്കളെ ആശ്രയിക്കണമെങ്കിൽ തന്റെ എല്ലാ താരങ്ങളിലും വിശ്വാസം അർപ്പിക്കാൻ അയാൾക്ക് കഴിയേണ്ടതുണ്ട്. വിങ്ങുകൾ അടച്ചിട്ടാൽ നിർവീര്യമാവുന്ന ഒരു ടീമിനെ ആശ്രയിച്ചു ലാ ലീഗയിൽ നമ്മൾ ഒരിടത്തും എത്തുകയില്ല. കളിയിലെ കുറവുകൾ കണ്ടെത്തി പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം.

മുന്നേറ്റത്തിൽ മെസ്സി അല്ലാതെ ആർക്കും സ്ഥാനം ഉറപ്പില്ല. സുവാരസ് കഴിഞ്ഞ കളിയിൽ നിരാശാജനകമായിരുന്നു എങ്കിലും മെസ്സിയോടുള്ള ചേർച്ച പരിഗണിച്ചു ടീമിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. അതായത് ബ്രെത്വൈറ്റ്, ഗ്രീസ്മാൻ, ഫാറ്റി എന്നിവർ ഇടത് വിങ്ങിലെ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ആവും.

മധ്യനിര ബുസ്‌ക്വറ്റ്സ്, റാക്കിറ്റിച്, ആര്തുർ എന്നിവരുടെ കയ്യിൽ തന്നെ ആയിരിക്കും. ഡി യോങിന്റെ അഭാവത്തിൽ വിശ്രമം ഇല്ലാതെ ഏറെ നാൾ ബുസിയെ നമുക്ക് ആശ്രയിക്കാൻ ആവില്ല. ഒരു കാർഡ് അകലെ സസ്പെന്ഷനില് നിൽക്കുന്ന വിദാൽ രണ്ടാം പകുതിയിൽ എങ്കിലും കളത്തിൽ ഇറങ്ങിയേക്കാം. കഴിഞ്ഞ നാല് മത്സരങ്ങളിലും നമുക്ക് ക്‌ളീൻ ഷീറ്റ് നേടാനായത് ഒരു ആശ്വാസമാണ്. പ്രതിരോധത്തിൽ റോബെർട്ടോ പരിക്കിന്റെ പിടിയിലാണ്. പീക്കെക്കു തുടർച്ചയായ മത്സരങ്ങൾക്കിടയിൽ വിശ്രമം ആവശ്യമാണ്. അതിനാൽ ഉംറ്റിറ്റിക്ക് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. അരൗഹോ ഒരു നല്ല പകരക്കാരൻ ആവാൻ കഴിയുമെന്ന് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും കടുത്ത പ്രെസ്സിങ് നടത്തുന്ന എതിരാളികളോടുള്ള മത്സരങ്ങളാണ് വരാനിരിക്കുന്നത്.

പുറത്തെ വെല്ലുവിളികളേക്കാൾ അകമേ ഉള്ള പ്രശ്നങ്ങളോടാണ് ഈ സീസണിൽ ബാർസ പൊരുതേണ്ടത് എന്നത് നമുക്ക് വ്യക്തമായ കാര്യമാണ്. പരാജിതരുടെ മനോഭാവത്തോടെ കഴിയുന്ന ടീമും കളിക്കളത്തിൽ അതെ മനോഭാവം വെച്ചു പുലർത്തുന്ന കളിയും ബാഴ്സയുടെ അസ്തിത്വത്തിന് തന്നെ അപവാദമാണ്. ആരാധകർ കാണാൻ ആഗ്രഹിക്കുന്നത് എല്ലാം നൽകാൻ ടീമിന് കഴിഞ്ഞു കൊള്ളണം എന്നില്ല. എങ്കിലും തങ്ങളുടെ ചേതനകൾക്കും സ്വപ്നങ്ങൾക്കും തീ പിടിപ്പിക്കുന്ന ഒരു ബാഴ്‌സയെ അവർ അർഹിക്കുന്നുണ്ട്. വിശ്വം ജയിച്ചില്ലെങ്കിലും ഒരു കിരീടവും നേടിയില്ലെങ്കിലും മനോവീര്യം അടിയറ വെക്കാത്ത ഒരു കാറ്റാലൻ പടക്ക് വേണ്ടിയുള്ളതാണ് ക്യാമ്പ് നൗവിന്റെ പുൽമൈതാനവും ഗാലറികളും.

മാച്ച് പ്രിവ്യു
എഫ് സി ബാഴ്സലോണ vs അത്ലറ്റിക് ബിൽബാവോ
ക്യാമ്പ് നൗ
ഇന്ത്യൻ സമയം 1:30AM

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-athletic-bilbao/feed/ 0
മാച്ച് പ്രിവ്യു – സെവിയ്യാ എഫ്.സി vs എഫ്.സി ബാഴ്സലോണ https://staging.penyadelbarcakerala.com/match_preview_sevilla-fc-vs-fc-barcelona/ https://staging.penyadelbarcakerala.com/match_preview_sevilla-fc-vs-fc-barcelona/#respond Fri, 19 Jun 2020 11:30:30 +0000 https://thejerseycollector.com/test/?p=3506 ഒരു പക്ഷേ ലാഘവത്തോടെ പൊരുതി കയറും എന്ന് വിചാരിച്ച അല്ലെങ്കിൽ കയറേണ്ടിയിരുന്ന ഒരു പോരാട്ടം, വളരെ ശ്രമകരമായ തന്നെ പിടിച്ചു കയറിയ ഒരു രാവ് ആയിരുന്നു കഴിഞ്ഞ ദിവസത്തേത്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങൾ മൂലം ടീമിൽ വന്ന മാറ്റവും ഒപ്പം ലെഗാനസിന്റെ മികച്ച ചങ്ങല പൂട്ടും കാര്യങ്ങൾ ബാഴ്സക്ക് വളരെ പ്രയാസപ്പെടുത്തി. കാര്യങ്ങൾ അങ്ങനെയൊക്കെയിരിക്കെ ഇന്ന് ബാഴ്സ തങ്ങളുടെ മൂന്നാം പോരാട്ടത്തിന് ഇറങ്ങുകയാണ്, വണ്ടി കയറുന്നത് ഒരുപക്ഷേ ലീഗിലെ തന്നെ ഏറ്റവും സുശക്തമായ ആയ ഒരു ടീമിന്റെ മടയിലേക്ക്. ‘ എസ്റ്റാഡിയോ റാമോൺ സാഞ്ചസ് പിസ്ജ്വാൻ ‘ , എന്ന് കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകളാണ് അവരുടെ പ്രശസ്തമായ ഹോസ്റ്റൈൽ ക്രൗഡും തീപാറുന്ന മത്സരങ്ങളും. ഇന്ന് അതൊന്നുമില്ലാതെ സെവിയ്യയുടെ മണ്ണിൽ എങ്ങനെയാവും പോരാട്ടം എന്നുള്ളത് വളരെ കൗതുകകരമായ കാര്യമാണ്.

ബാഴ്സ സംബന്ധിച്ച് വളരെ ദൗർഭാഗ്യകരമായ രണ്ടുമൂന്നു ദിവസങ്ങളാണ് കടന്നുപോയത്, ആദ്യ കളികളിൽ നിർണായകമായ മികവ് പ്രകടിപ്പിച്ച ഫ്രാങ്കിയും റോബോർട്ടോയും സോഫ്റ്റ് ഇഞ്ചുറികൾ മൂലം നിർണായക ദിവസത്തോട് അടുപ്പിച്ച് നഷ്ടമായിരിക്കുകയാണ് സെവിയ്യയുടെ മണ്ണിൽ പന്ത് തട്ടാൻ ഇന്നവർ ഉണ്ടാവില്ല. കൂടെ കഴിഞ്ഞ കളിയിൽ ലീഗിലെ തന്റെ അഞ്ചാമത്തെ യെല്ലോ കാർഡ് വാങ്ങിയ ഉംറ്റിറ്റിയും ഉണ്ടാവില്ല. സസ്പെൻഷൻ കഴിഞ്ഞ് ജോർഡി ആൽബ തിരിച്ചെത്തുന്നതോടെ കഴിഞ്ഞ കളിയിലെ ബാക്ക് ഫോറിൽ നിന്ന് മാറി ഫിർപ്പോ’ക്കു പകരം അദ്ദേഹം ആവും പുതുമുഖം. മധ്യനിരയിൽ പ്രതീക്ഷിച്ചത്ര മികവ് പുലർത്താൻ കഴിയാതിരുന്ന ആർതുർ ഒരുപക്ഷേ വിധാലിന് വേണ്ടി വഴി മാറേണ്ടി വരും. മുന്നേറ്റ നിരയിൽ മെസ്സിക്കൊപ്പം ആരൊക്കെ പങ്കുചേരും എന്നതാണ് ഏറ്റവും കുഴപ്പിക്കുന്ന ചോദ്യം. പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്ത സുവാരസ് സ്റ്റാർട്ട് ചെയ്യാൻ സാധ്യത ഇല്ല എന്നാണ് സെറ്റിയൻ പറഞ്ഞത്. കഴിഞ്ഞ കളിയിൽ വിശ്രമം ലഭിച്ച ബ്രാത്ത്വെറ്റ് എന്തായാലും തുടക്കം മുതലേ ഉണ്ടാവാൻ സാധ്യതയുള്ളതായി കാണുന്നു. അദ്ദേഹത്തിനൊപ്പം ഗ്രീസ്മാൻ ആണോ അൻസു ആണോ ഇറങ്ങുക എന്നതാണ് സംശയം. എതിരാളികളുടെ ബലവും ഇന്റൻസിറ്റിയും പരിഗണിക്കുമ്പോൾ ഗ്രീസ്മാൻ തന്നെയാവും ടീമിന് ഏറ്റവും ആവശ്യം.

ലാ ലിഗയിൽ തന്നെ ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് സെവിയ്യ മുൻ സ്പാനിഷ് കോച്ചും മാഡ്രിഡ് കോച്ചുമായിരുന്ന ജൂലിയൻ ലോപെടെഗ്വിയുടെ കീഴിൽ ഒരു യൂണിറ്റയാണ് അവർ കളിക്കുന്നത്. വളരെ മികച്ച ബോൾ പ്രെസ്സിങ്ങും ബോൾ പൊസിഷൻ എബിലിറ്റിയും ഏത് ടീമുകൾക്ക് എതിരെയും മികവ് പ്രകടിപ്പിക്കാൻ അവരെ ഉതകുന്നതാണ്. മുന്നേറ്റനിരയിലെ ചില കളിക്കാർക്ക് കുറച്ചുകൂടി കൃത്യത വന്നിരുന്നെങ്കിൽ ഇപ്പോഴുള്ളതിനേക്കാൾ ഒരുപാട് ദൂരം അവർ സഞ്ചരിച്ചേനേ. ജീസസ് നവാസും ഡീഗോ കാർലോസും റെഗ്വില്ലോണും അടങ്ങുന്ന അവരുടെ ഡിഫൻസ് അറ്റാക്ക്ലും പ്രതിരോധത്തിലും ഒരുപോലെ ശക്തരാണ്. കൂടെ അർജൻറീനയുടെ യുവ ചാലകശക്തിയായ ഒക്കാമ്പോസിന്റെ എണ്ണയിട്ട യന്ത്രം പോലെയുള്ള മികവും ദാഹവും അവരെ വളരെ ആക്രമണകാരിയായ ടീം ആക്കി മാറ്റുന്നു. 11 ഗോളുകളുമായി സെവിയ്യയുടെ ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായി തിളങ്ങുകയാണ് ഒക്കാമ്പോസ്. അദ്ദേഹത്തെ തടഞ്ഞു നിർത്തുന്നതിൽ എത്രത്തോളം ബാഴ്സലോണ ഡിഫൻസ് വിജയിക്കുമെന്ന് അനുസരിച്ചാവും ടീമിൻറെ ജയ-പരാജയ സാധ്യതകൾ നിൽക്കുന്നത്. ആ റോളിൽ ടീമിന് വളരെ നിർണായകമായേക്കാവുന്ന സംഭാവന നടത്താൻ കഴിയുന്ന പ്ലേയർ ആണ് ഗ്രീസ്മാൻ, അദ്ദേഹം ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ മികവ് ആയിരിക്കും ആ കാര്യത്തിൽ ടീമിന് ഇന്ന് നിർണായകമാകുന്നത്.

എന്തൊക്കെയായാലും കാണികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഇല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ , സെവിയ്യയുടെ മണ്ണിൽ എന്നത്തെയും പോലെ ഇന്ന് തീപാറും. ബാഴ്സക്ക് ഇത് വളരെ നിർണായകമായ രാത്രിയാണ്, എന്തൊക്കെ സംഭവിച്ചാലും മികച്ച രാത്രിയുമായി അവിടെ നിന്ന് കയറി വന്നേ പറ്റുള്ളൂ. നമുക്ക് കാത്തിരിക്കാം, ക്യാപ്റ്റന്റെയും സംഘത്തിന്റെയും പോരാട്ടത്തിനായി.

വിസ്കാ എൽ ബാർസ !

മാച്ച് പ്രിവ്യു
ലാ ലിഗ : മാച്ച് ഡേ – 30.
സെവിയ്യാ എഫ്.സി vs എഫ്.സി ബാഴ്സലോണ
എസ്റ്റാഡിയോ റാമോൺ സാഞ്ചസ് പിസ്ജ്വാൻ.
ഇന്ത്യൻ സമയം: 01.30am.
ലാ-ലിഗ ഒഫീഷ്യൽ പേജ്, FB.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/match_preview_sevilla-fc-vs-fc-barcelona/feed/ 0